(791) സിംഹവും കാളയും

ഒരിക്കൽ, ബോധിസത്വൻ വാരാണസിയിലെ രാജാവായി ജന്മമെടുത്ത കാലം. ആ നാട്ടിൽ നിന്നും കാട്ടിലേക്കു വഴി തെറ്റി ഒരു ഗർഭിണിപ്പശു കയറിപ്പോയി. പശു ഒരു കാളക്കുട്ടിയെ പ്രസവിച്ചു. അതേസമയം, അതിനടുത്തായി പെൺസിംഹം ഒരു സിംഹക്കുട്ടിക്കു ജന്മം കൊടുത്തു.

സിംഹക്കുട്ടിയും കാളക്കുട്ടിയും ചെറുപ്പം മുതൽ കൂട്ടുകാരായി വളർന്നു വലുതായി. ഈ അപൂർവ്വമായ സൗഹൃദം കണ്ടപ്പോൾ വേടന്മാർക്കു അതിശയമായി. അവർ രാജാവിനെ ചെന്നു മുഖം കാണിച്ചു കാര്യങ്ങൾ വിസ്തരിച്ചു.

അന്നേരം രാജാവ് പറഞ്ഞു - "അവർ രണ്ടാളും ഇപ്പോൾ കൂട്ടുകാരാണ്. പക്ഷേ, മൂന്നാമതായി ഒരാളും കൂടി അവരുടെ ഇടയിലേക്കു ചെന്നാൽ സംഭവങ്ങൾ വിപരീതമാകും"

ഞങ്ങൾ അതു നോക്കി അറിയിക്കുമെന്നു പറഞ്ഞ് അവർ തിരികെ കാട്ടിലേക്കു പോന്നു. സിംഹവും കാളയും ചങ്ങാതികളായി നടക്കുന്നത് ഒരു കുറുക്കൻ കണ്ടു. ഇവരെ തമ്മിൽ അടിപ്പിച്ച് രണ്ടിനെയും തിന്നണമെന്ന് അവനു തോന്നി. കുറുക്കൻ അവരുമായി ചങ്ങാത്തം കൂടി. ഈ വിവരം രാജാവിനെ അറിയിച്ചപ്പോൾ അദ്ദേഹവും കാട്ടിലേക്കു വന്നിട്ട് ഇവരെ നിരീക്ഷിക്കാൻ തുടങ്ങി.

ഒരു ദിവസം, കുറുക്കൻ കാളയോടു പറഞ്ഞു- "നിന്നെ ചതിയിൽ പെടുത്തി വൈകാതെ സിംഹം കൊന്നു തിന്നും. പണ്ടും ഇങ്ങനത്തെ സൗഹൃദങ്ങൾ അവസാനിച്ചത് അങ്ങനെയാണ്"

സിംഹത്തെ കണ്ടപ്പോൾ കുറുക്കൻ മറ്റൊരു രീതിയിൽ പറഞ്ഞു - "കാള നിന്നേക്കുറിച്ച് പറഞ്ഞു നടക്കുന്നത് നീ അറിഞ്ഞോ? ദുർബലനായതു കൊണ്ടാണ് ആ കാളയുമായി ചങ്ങാത്തം കൂടിയതെന്ന്!"

അടുത്ത ദിവസം, നേരം വെളുത്തപ്പോൾ രാജാവും വേടന്മാരും കണ്ടത് കൂറ്റനായ കാളയും സിംഹവും തമ്മിലടിച്ചു മരിച്ചു കിടക്കുന്നതാണ്! കുറുക്കൻ മൂക്കു മുട്ടെ അവറ്റകളെ തിന്നുകയാണ്!

അന്നേരം, ബോധിസത്വൻരാജാവ് പറഞ്ഞു - "സ്നേഹത്തിൽ കഴിയുന്നവരുടെ ഇടയിലേക്ക് മൂന്നാമത് ഒരാൾ കടന്നു വരുമ്പോൾ അതീവ ജാഗ്രത പുലർത്തണം"

Written by Binoy Thomas, Malayalam eBooks-791- Jataka story series - 57, PDF -https://drive.google.com/file/d/1YSvCwbleVc84YAP2kWf3WEO3J8nSGV-f/view?usp=drivesdk

Comments

MOST POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍