(772) ആനയെ തിന്ന കുറുക്കൻ!

 ഒരിക്കൽ, കാട്ടിലെ കുറുക്കനായി ബോധിസത്വൻ ജനിച്ചു. അവനൊരു അത്യാർത്തിക്കാരനായിരുന്നു. ഒരു ദിനം, വിശന്നുവലഞ്ഞ് നടക്കുമ്പോൾ ആന ചരിഞ്ഞതു കണ്ടു. വേറെ മൃഗങ്ങൾ ആരും കണ്ടില്ലാത്തതിനാൽ ഈ മുഴുവൻ ആനയെയും ഒറ്റയ്ക്ക് തിന്നു തീർക്കണമെന്ന അത്യാർത്തിയും ആഹ്ലാദവും അവനുണ്ടായി.

പക്ഷേ, ആനയുടെ ശക്തമായ തൊലിക്കട്ടി കാരണം, വാലിലും ചെവിയിലും തുമ്പിക്കയ്യിലും മറ്റും കടിച്ചിട്ടും ഒരു കഷണം മാംസം പോലും കിട്ടിയില്ല. ഒടുവിൽ, വയറിന്റെ കട്ടി കുറഞ്ഞ ഭാഗത്ത് അവൻ കടിച്ചു പറിച്ച് ഒരു ദ്വാരമുണ്ടാക്കി. ക്രമേണ, അതു വലുതാക്കി കുറുക്കൻ ആനയുടെ വയറിനുള്ളിലേക്ക് നുഴഞ്ഞുകയറി.

പരവേശത്തോടെ ചോരയും മാംസവും ഒരുപാടു തിന്നപ്പോൾ അവൻ മത്തുപിടിച്ച് ഒരു മാളത്തിൽ കിടന്നുറങ്ങുന്ന മാതിരി മയങ്ങിപ്പോയി. പക്ഷേ, ഗാഢനിദ്ര കഴിഞ്ഞ് അവൻ കണ്ണു തുറന്നപ്പോൾ ഒന്നും കാണാൻ പറ്റാത്ത കൂരിരുട്ട്!

കാരണം, വെയിലേറ്റ് മാംസം ചുരുങ്ങിയപ്പോൾ കുറുക്കൻ കയറിയ ദ്വാരം അടഞ്ഞിരുന്നു! അവൻ നിലവിളിച്ചെങ്കിലും ആരു കേൾക്കാൻ?

എന്നാൽ, അന്നു രാത്രി കാടെങ്ങും കനത്ത മഴ പെയ്തു. അന്നേരം, ആനയുടെ വയർ ചീർത്തു തുടങ്ങി. പകൽ വന്നപ്പോൾ മുറിഞ്ഞ ചെറിയ ദ്വാരത്തിലൂടെ പ്രകാശം വയറിനുള്ളിലേക്കു കയറി.

പെട്ടെന്ന്, കുറുക്കൻ വളരെ ബുദ്ധിമുട്ടി ആ ദ്വാരം വലുതാക്കി പുറത്തു കടന്നു! പിന്നീട്, ഒരിക്കലും അവൻ അത്യാർത്തി കാട്ടിയിട്ടില്ല.

Written by Binoy Thomas, Malayalam eBooks-772 - Jataka Stories - 42. PDF -https://drive.google.com/file/d/1LWp6VRp5OckiaDKTV0Z7eJq5oWN3kSp-/view?usp=drivesdk

Comments

POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

അറബിക്കഥകള്‍ -1

Opposite words in Malayalam

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1