കാട്ടിലെ സിംഹം ഒന്നാന്തരം വേട്ടക്കാരനായിരുന്നു. മിക്കവാറും വലിയ മൃഗങ്ങളെയാവും പിടിക്കുക. അതിനു ശേഷം, ധാരാളം ഇറച്ചി മിച്ചം വരികയും ചെയ്യും. ഇതെല്ലാം ഒരു കുറുക്കൻ ഒളിച്ചിരുന്ന് നിരീക്ഷിക്കുന്നുണ്ടായിരുന്നു.
അവൻ ചിന്തിച്ചു - ഈ സിംഹത്തിന്റെ കൂടെ കൂടിയാൽ ഈ ആയുസ്സു മുഴുവനും ശാപ്പാട് സുഖമാകും. അനന്തരം, കുറുക്കൻ സിംഹത്തിന്റെ മുന്നിലെത്തി താണുവണങ്ങി.
"രാജാവേ, അങ്ങയുടെ അടിമയായി ശിഷ്ടകാലം സേവിച്ച് കഴിയണമെന്ന് അടിയന്റെ ജീവിതാഭിലാഷമാണ്"
സിംഹം ഒരു വ്യവസ്ഥ വച്ചു - "കാട്ടിലെ ഉയരം കൂടിയ കുന്നിന്റെ മുകളിൽ നീ കയറി നിന്ന് മൃഗങ്ങളുടെ സഞ്ചാരം നിരീക്ഷിക്കണം. എന്നിട്ട്, സൂചന നൽകിയാൻ എനിക്ക് അതിനെ പിടിക്കാൻ എളുപ്പമാണ് "
കുറുക്കന് സന്തോഷമായി. അവൻ വീണ്ടും കൗശലം പ്രയോഗിച്ചു. തനിക്ക് തിന്നാൻ കൊതിയുള്ള ഇറച്ചിയുള്ള മൃഗങ്ങളെ ചൂണ്ടിക്കാട്ടും. മാത്രമോ? ഇറച്ചി മിച്ചം വരുന്ന രീതിയിലുള്ള വലിയ മൃഗങ്ങളെയും അറിയിക്കും.
കുറെ മാസങ്ങൾ കടന്നുപോയപ്പോൾ കുറുക്കൻ തിന്നു തടിച്ചു. ക്രമേണ, അഹങ്കാരവും വന്നു തുടങ്ങി. അവൻ ചിന്തിച്ചു - തന്റെ മിടുക്കു കാരണമാണ് സിംഹത്തിന് ഇത്രയും എളുപ്പത്തിൽ മൃഗങ്ങളെ കിട്ടുന്നത്. ഇനി കുന്നിൽ കയറി സിംഹം നിൽക്കട്ടെ. താൻ കൊന്നു തിന്നിട്ട് ബാക്കിയുള്ളത് സിംഹം തിന്നട്ടെ.
ഈ കാര്യം സിംഹത്തെ അറിയിച്ചപ്പോൾ കുറുക്കന്റെ ധിക്കാരമാണു കാര്യമെന്ന് സിംഹത്തിനു മനസ്സിലായി. എങ്കിലും, യാതൊരു മടിയും കൂടാതെ കുന്നിൻ മുകളിലെത്തി.
അന്നേരം, ഇരയായി ആന വരുന്ന കാര്യം കുറുക്കനെ അറിയിച്ചു. ആന വന്ന നേർക്ക് കുറുക്കൻ പറന്നു ചാടി. പക്ഷേ, ആന കുറുക്കനെ തുമ്പിക്കയ്യിൽ ചുരുട്ടി നിലത്തു ചവിട്ടി കാലപുരിയ്ക്കു വിട്ടു!
Written by Binoy Thomas, Malayalam eBooks- 768- ജാതക കഥകൾ - 40, PDF-https://drive.google.com/file/d/1aXgSDGcmOlLsLKlm9lQ22FKPQjnDze3Z/view?usp=drivesdk
Comments