(740) സിംഹത്തിന്റെ ചങ്ങാതി

 ബോധിസത്വൻ കാട്ടിലെ സിംഹമായി ജന്മമെടുത്തു. അവനു രണ്ടു കുട്ടികൾ പിറന്നു. അതിൽ ഒരു ആൺ സിംഹവും പെൺസിംഹവും ജനിച്ചു. കാലം കടന്നുപോകവേ, മകന് ഇരതേടാനുള്ള ശക്തിയായി. അച്ഛൻസിംഹം ക്ഷീണിച്ച് ഗുഹയിൽ മാത്രമായി ജീവിച്ചു തുടങ്ങി.

ഒരു ദിവസം, കരുത്തനായ സിംഹം വേട്ടയാടി പിടിച്ച പന്നിയെ തിന്നുന്നത് അകലെ നിന്ന് കുറുക്കൻ നോക്കി കൊതിയൂറി. പിന്നെ, കുറുക്കൻ സിംഹത്തിന്റെ ദാസനായി അഭിനയിച്ച് കൂടെ കൂടി. ഇര എവിടെയുണ്ടെന്ന് അറിയിക്കുന്ന പണിയായിരുന്നു കുറുക്കൻ ചെയ്തു കൊണ്ടിരുന്നത്. അതിനു പകരമായി സിംഹം ബാക്കി വയ്ക്കുന്ന ഇറച്ചി സുഖമായി തിന്നുകയും ചെയ്തുപോന്നു.

പക്ഷേ, കുറുക്കനുമായുള്ള മകന്റെ ചങ്ങാത്തം അറിഞ്ഞ നിമിഷം, അച്ഛൻ പറഞ്ഞു - "ഒരു കുറുക്കനുമായുള്ള സൗഹൃദം നിനക്ക് അപകടമാകും. കാരണം, ഈ കാട്ടിലെ ഏറ്റവും സൂത്രക്കാരും ചതിയന്മാരുമാണ് അവറ്റകൾ"

എന്നാൽ, മകൻ അതൊന്നും ചെവിക്കൊണ്ടില്ല. എല്ലാ ദിവസവും കാട്ടുപോത്തിന്റെ ഇറച്ചി തിന്ന് കുറുക്കൻ മടുത്തപ്പോൾ കുതിരയിറച്ചി തിന്നാൻ അവനു മോഹം തോന്നി. സിംഹത്തോടു പറഞ്ഞപ്പോൾ അടുത്തെങ്ങും കുതിരകളുടെ സഞ്ചാരമില്ലെന്ന് സിംഹം പറഞ്ഞു. എന്നാലോ? അതിനു പരിഹാരമായി കുറുക്കൻ പറഞ്ഞു - "പ്രഭോ, കൊട്ടാരത്തിലെ ഭടന്മാർ കുതിരകളെ കുളിപ്പിക്കാനായി പുഴക്കരയിൽ കൊണ്ടുവരുന്നുണ്ട്"

അടുത്ത ദിവസം, സിംഹം അക്കൂട്ടത്തിലെ കുതിരയെ തട്ടിയെടുത്തു. ഭടന്മാർ ഈ വിവരം രാജാവിനെ അറിയിച്ചപ്പോൾ രാജാവ് പറഞ്ഞു - "ഇനി മേലിൽ, പുഴക്കരയിലേക്കു കുതിരകളെ കൊണ്ടുപോകേണ്ട"

അടുത്ത ദിവസം കുതിരകളെ കാണാതെ വന്നപ്പോൾ കുറുക്കനു കാര്യം പിടികിട്ടി.

"പ്രഭോ, അങ്ങയെ പേടിച്ച് ഇനി കുതിരകളെ ഇവിടെ കൊണ്ടു വരില്ല. പകരം, ഇന്നു രാത്രിയിൽ കുതിരകളെ കെട്ടുന്ന ലായത്തിൽ നിന്ന് ഒന്നിനെ പിടിക്കണം"

അങ്ങനെ, രാത്രിയിൽ അവർ  അങ്ങോട്ടു നീങ്ങി. കുറുക്കൻ ഓടാൻ പാകത്തിലുള്ള സ്ഥലത്ത് ഒളിച്ചു നിന്നു. സിംഹം കുതിരയെ തേടി ലായത്തിൽ എത്തുമെന്ന് മനസ്സിലാക്കിയ രാജാവ് കുറച്ചു വില്ലാളിവീരന്മാരെ ഗോപുരത്തിൽ നിർത്തിയിട്ടുണ്ടായിരുന്നു.

ലായത്തിലേക്കു  സിംഹം വരുന്നത് മുഖ്യഭടൻ കണ്ടു. അവൻ പറഞ്ഞു - "സിംഹം ഒരു കുതിരയെ കടിച്ചു വലിക്കട്ടെ. അപ്പോൾ അവനെ അമ്പെയ്തു കൊല്ലാൻ എളുപ്പമാണ് "

സിംഹം കുതിരയുടെ കഴുത്തിൽ കടിച്ചു വലിച്ച് കാട്ടിലേക്കു നടന്നപ്പോൾ ഗോപുരത്തിൽ നിന്നും അനേകം അമ്പുകൾ സിംഹത്തിന്റെ ദേഹം മുഴുവൻ കയറി. സിംഹ ഗർജ്ജനം കേട്ട കുറുക്കൻ അതിവേഗം  കാടിനുള്ളിൽ മറഞ്ഞു.

പക്ഷേ, കുതിരയുടെ കഴുത്തിലെ കടി വിടാതെ ഗുഹയിലെത്തിയപ്പോൾ സിംഹം കുഴഞ്ഞുവീണു മരിച്ചു. അന്നേരം, വയസ്സൻസിംഹം പറഞ്ഞു - 

"എത്ര നല്ലവൻ ആണെങ്കിലും നീചന്മാരുടെ വാക്കു കേട്ടാൽ ഇതാണു ഫലം"

Written by Binoy Thomas, Malayalam eBooks-740- Jataka tales - 15, PDF -https://drive.google.com/file/d/19qeCOBYWzLKhHrKu-8T0rnIfM8FnxcIk/view?usp=drivesdk

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam