(719) കലമാനും കാട്ടാടും

 ഒരു ദിവസം, കലമാൻ ദാഹിച്ചു പരവശനായി അടുത്തുള്ള ഇടുങ്ങിയ നീരുറവയുടെ അടുത്തെത്തി. എന്നാൽ, അതേസമയത്തു തന്നെ ഒരു കാട്ടാടും വെള്ളം കുടിക്കാനെത്തി. ഒരു സമയം, ഏതെങ്കിലും ഒരു മൃഗത്തിനു തല നീട്ടി കുടിക്കാനുള്ള ഇടം മാത്രമേ നീരുറവ വരുന്നിടത്ത് ഉണ്ടായിരുന്നുള്ളൂ.

കലമാൻ പറഞ്ഞു - "നീ മാറി നിൽക്ക്. ഞാൻ കുടിച്ചിട്ടു നീ വന്നാൽ മതി"

കാട്ടാടും വിട്ടു കൊടുത്തില്ല - "എനിക്ക് പോയിട്ട് കുറച്ചു തിരക്കുണ്ട്. നീ സാവധാനം രണ്ടാമത് കുടിച്ചോളൂ"

തുടർന്ന്, രണ്ടു പേരും ഉന്തും തള്ളും തുടങ്ങി. പിന്നെ രണ്ടാളും കൊമ്പുകോർത്തു. പൊരിഞ്ഞ പോരാട്ടം നടക്കുന്നതിനിടയിൽ ഏതാനും കഴുകന്മാർ അടുത്തുള്ള മരത്തിന്റെ കൊമ്പിൽ ക്ഷമയോടെ കാത്തിരുന്നു.

പോരിനിടയിൽ കാട്ടാട് ഈ കാഴ്ച കണ്ട് വിറയലോടെ പറഞ്ഞു - "നീ മുകളിലേക്ക് നോക്കൂ. കഴുകന്മാർ നമ്മളെ തിന്നാനായി നമ്മുടെ മരണം കാത്തിരിക്കുന്നു. ഇവിടെ നേട്ടം കഴുകന്മാർക്കാണ്. നമ്മൾ വെള്ളം കുടിക്കാതെ മരിച്ചു വീഴാം!"

ഇടൻ, ഞെട്ടലോടെ ആ യാഥാർഥ്യം മനസ്സിലാക്കി രണ്ടു പേരും മാറി മാറി വെള്ളം കുടിച്ചു. കഴുകന്മാർ നിരാശരായി എങ്ങോട്ടോ പറന്നു പോയി.

ഗുണപാഠം - ജീവിതത്തിൽ വിട്ടുവീഴ്ചയില്ലാതെ ജീവിക്കാൻ പറ്റില്ല. കിട മൽസരങ്ങളും ദുർവാശിയും നാശത്തിലേ കലാശിക്കൂ.

Written by Binoy Thomas, Malayalam eBooks-719 - Aesop - 114, PDF -https://drive.google.com/file/d/19rJ2qcKsWBbWTmahgRS3GwGwBBPPGiF2/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories