ആട്ടിടയനായ ബാലൻ എല്ലാ ദിവസവും ഒരു പറ്റം ആടുകളുമായി കുന്നുകയറി പുൽമേട്ടിലേക്കു പോകും. എല്ലാ ദിവസവും കൃത്യമായി ഈ കാര്യങ്ങൾ നടന്നു പോന്നെങ്കിലും അവന് വല്ലാതെ മുഷിപ്പ് അനുഭവപ്പെട്ടു.
ഒരു ദിവസം, ആടുകൾ മേഞ്ഞിരുന്ന സമയത്ത് അവന് ഒരു വികൃതി തോന്നി.
"അയ്യോ! എല്ലാവരും ഓടി വരണേ. ചെന്നായ ആടിനെ പിടിക്കുന്നേ!"
ഈ കരച്ചിൽ കേട്ട്, താഴ്‌വരയിൽ പണിയെടുത്തു കൊണ്ടിരുന്ന ആളുകൾ വടികളുമായി രക്ഷിക്കാൻ പാഞ്ഞെത്തി.
"ഹായ്.. ഹായ്... ഞാൻ എല്ലാവരെയും പറ്റിച്ചേ!"
അവൻ പൊട്ടിച്ചിരിച്ചു. നാട്ടുകാർ ദേഷ്യപ്പെട്ട് തിരികെ പോയി.
കുറച്ചു ദിവസം കഴിഞ്ഞ് ഇതേ കബളിക്കൽ, അവൻ രണ്ടു പ്രാവശ്യം കൂടി നടത്തി. നാട്ടുകാർ കോപിച്ചും ശകാരിച്ചും തിരിച്ചുമടങ്ങുകയും ചെയ്തു.
അടുത്ത ആഴ്ചയിൽ ഒരു ദിനം -ആടുകൾ വിരണ്ട് ഓടുന്നതു കണ്ട് ആട്ടിടയൻ നോക്കിയപ്പോൾ ഒരു ചെന്നായ!
അവൻ സർവ്വ ശക്തിയും എടുത്ത് യഥാർഥത്തിൽ നിലവിളിച്ചു, അതുകേട്ട്, താഴെയുള്ള കൃഷിക്കാർ പറഞ്ഞു - "ആരും കുന്നുകയറി ഓടിച്ചെല്ലരുത്. ഇത് അവൻ്റെ കള്ളക്കരച്ചിലാണ്"
അവൻ ഒരുപാടു നേരം കരഞ്ഞെങ്കിലും ഇതിനോടകം, ഏറ്റവും വലിയ ആടിനെ ചെന്നായ തിന്നു. മറ്റുള്ള ആടുകൾ ചിതറിയോടി കാട്ടിൽ എവിടെയോ ഒളിച്ചു.
ഗുണപാഠം - എല്ലാക്കാലത്തും എല്ലാവരെയും പറ്റിക്കാമെന്ന് വ്യാമോഹിക്കരുത്.
Malayalam eBooks -619-Aesop-40 PDF file -https://drive.google.com/file/d/1baq39tSDQqDggxYZUYBzcEljX9sh7bTh/view?usp=drivesdk
No comments:
Post a Comment