(562) കോപം ആവശ്യമാണ്!
ബിനീഷ് ഒരിക്കൽ എയർപോർട്ടിലേക്ക് മമ്മിയെ യാത്രയാക്കാൻ പോയ അവസരം. അടുത്ത പ്രദേശത്തുള്ള ടൊയോട്ട എറ്റിയോസ് കാർ ഓടിക്കുന്ന അങ്കിളിനാണ് സാധാരണയായി രാത്രിയോട്ടം കൊടുക്കാറ്. കാരണം, സ്വന്തം കാറ് പാതിരാത്രിയിൽ ഓടിച്ചാൽ ഉറങ്ങുമോ എന്നൊരു പേടി ബിനീഷിന് ഉണ്ടുതാനും. കുറച്ചു രൂപ ലാഭം നോക്കി റിസ്ക് എടുക്കാൻ വയ്യെന്ന് അവന്റെ മനസ്സു പറഞ്ഞു.
ബിനീഷ് യാത്രയ്ക്കിടയിൽ ഫോണിൽ ചില ഓൺലൈൻ വർക്കുകളുടെ റഫറൻസ് നടത്താൻ ആ യാത്രാ സമയം ഉപയോഗിച്ചു. പക്ഷേ, തിരികെ പോന്നപ്പോൾ പുലർച്ചെ ഒന്നര കഴിഞ്ഞു കാണും. ആ സമയത്ത് ആ ഡ്രൈവറോട് എന്തെങ്കിലും വർത്തമാനം പറഞ്ഞുകൊണ്ടിരുന്നില്ലെങ്കിൽ അയാൾ ഉറങ്ങിപ്പോയാലോ?
അതിനാൽ, ഫോൺ ജീൻസ് പോക്കറ്റിൽ തിരുകി വർത്തമാനം പറഞ്ഞിരുന്നു. അതിനിടയിലാണ് ആ കാര്യം ബിനീഷ് ശ്രദ്ധിച്ചത് - ആ കാർ റോഡിന്റെ ഇടതു വശത്തേക്ക് സാധാരണ നിലയിൽ നിന്നും കുറച്ചു കൂടി റോഡ് അരികിലേക്കു നീങ്ങിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഉടൻ അവൻ ആ കാര്യം ഡ്രൈവറുടെ ശ്രദ്ധയിൽ പെടുത്തി.
അയാൾ മറുപടി പറഞ്ഞത് ഇങ്ങനെ - "ഞാൻ നോക്കുമ്പോൾ സൈഡ് കറക്റ്റാണല്ലോ"
അയാൾ ചുമ്മാ പൊട്ടൻകളിച്ചു.
ബിനീഷ് പറഞ്ഞു - "അല്ലാ അങ്കിളേ, ലെഫ്റ്റിലേക്ക് കുറച്ചു കയറിയാണ് പോകുന്നത് "
ഉടൻ, അയാൾ സത്യാവസ്ഥ പറഞ്ഞു - "അതു പിന്നെ, ഞാൻ വച്ചിരിക്കുന്ന കണ്ണടയുടെ കുഴപ്പമാ, പക്ഷേ പകൽ കുഴപ്പമില്ല"
ബിനീഷ് തുടർന്നു - "ഇത് എത്ര രൂപയായി?"
"ഓ, ഇത് 150 ആയൊള്ളൂ"
"ങാ, അതു തന്നെയാണു പ്രശ്നം. കുറഞ്ഞ ലെൻസ് വച്ചാൽ സൈഡിലേക്കുള്ള കാഴ്ച കോടിപ്പോകും, ഞാനും കഴിഞ്ഞ പത്തു വർഷമായി സ്പെക്സ് ഉപയോഗിക്കുന്നതാ"
അയാൾ മറുപടിയൊന്നും പറയാതെ ഊറിച്ചിരിച്ചു.
മൂന്നു മാസം വിസിറ്റ് വിസയിൽ യു എസിൽ മൂത്ത മകളുടെ കൂടെ താമസിച്ച ശേഷം മമ്മി തിരികെ വരുന്ന ദിവസമായി.
ഫ്ലൈറ്റ് വന്നത് വൈകുന്നേരം ആറിന്. പകൽ യാത്രയിൽ ആ അങ്കിളിന്റെ ഡ്രൈവിങ്ങ് കുഴപ്പമില്ലായിരുന്നു. എന്നാൽ, തിരികെ പോന്നപ്പോൾ ഇരുട്ടു വീണിരുന്നു. ടൗണിലൊക്കെ ആ സമയത്ത് നല്ല തിരക്കായതിനാൽ കാർ പതിയെ പോന്നു. എം.സി റോഡിലെ തിരക്ക് പിന്നെ ടൗൺ വിട്ടപ്പോൾ കുറഞ്ഞു. കാറിന് വേഗം കൂടി. പഴയ കഥ പിന്നെയും ആവർത്തിച്ചു. അല്പം ഇടത്തേക്കു നീങ്ങിയാണ് കാർ പോകുന്നത്. ഇത്തവണ ബിനീഷ് യാതൊന്നും പറഞ്ഞില്ല.
ഇനി മേലിൽ ഇയാളെ യാതൊരു ഓട്ടത്തിനും വിളിക്കരുത് എന്നു മനസ്സിൽ പല്ലിറുമ്മി.
കൂത്താട്ടുകുളം കഴിഞ്ഞു കാണണം, ഒരു വളവു വീശിയെടുക്കവേ, നീണ്ടു നിന്ന കലുങ്കിന്റെ അരികിൽ കാറിന്റെ പിറകുവശം ഒറ്റയടി! പടക്കം പൊട്ടുന്ന ശബ്ദം.
പക്ഷേ, ഭാഗ്യത്തിനു കാർ പാളിയില്ല. പെട്ടെന്നു ബ്രേക്കിട്ട് ഞങ്ങൾ വെളിയിലിറങ്ങി. പിറകിലുള്ള ഇടതു ടയറിനു ചേർന്നുള്ള ഷാസിയാണ് അടിച്ചത്. പുറത്തോട്ട് ചളുക്കമൊന്നും കാണാനില്ല.
അന്നേരം, ആ വേട്ടാവളിയന്റെ മറുപടി കേട്ട് ബിനീഷിന്റെ ദേഷ്യം ഇരട്ടിച്ചു -
"ഉം. കാറിനൊന്നും പറ്റിയില്ലാ"
ബിനീഷ് ഉറക്കെ ദേഷ്യത്തിൽപറഞ്ഞു - " ഞാൻ അന്നു പറഞ്ഞതല്ലേ കണ്ണട മാറാൻ. കാർ മറിയാതിരുന്നതു ഭാഗ്യം"
പിന്നെ വീട് എത്തുന്നതുവരെ അയാൾ തീരെ പതുക്കെയാണു പോയത്. പിന്നീട് ഒരിക്കലും അയാളെ ഓട്ടത്തിനു വിളിച്ചിട്ടില്ല.
ചിന്താവിഷയം - ചിലരോടു സൗമ്യമായി കാര്യം പറഞ്ഞാൽ വേണ്ടത്ര ഗൗരവത്തിൽ എടുക്കാറില്ല. അത്ര രസിക്കാത്ത രീതിയിൽത്തന്നെ പറയണം. അവിടെ സൗഹൃദം നോക്കിയിട്ടു കാര്യമില്ല ! കോപത്തിൽ പറഞ്ഞാൽ പിന്നീട് പഴയ തെറ്റ് ആവർത്തിക്കാനുള്ള സാധ്യത കുറയും !
Comments