(542) ഗുരുവും പൂക്കളും

ഒരിക്കൽ സിൽബാരിപുരംദേശത്തെ അമ്പലപ്പറമ്പിൽ വലിയൊരു മരത്തിനു ചുറ്റും ധാരാളം പൂക്കൾ വീണു കിടപ്പുണ്ടായിരുന്നു. ആ ദേശത്തെ ഗുരു താഴെ കിടന്നിരുന്ന പൂക്കൾ പെറുക്കി പൂക്കൊട്ടയിലാക്കുന്ന പ്രവൃത്തിയിലായിരുന്നു.

അതേസമയം, മറ്റൊരു മനുഷ്യൻ താഴ്ന്നു കിടന്ന ശിഖരത്തിൽ ഉണ്ടായിരുന്ന പൂമൊട്ടുകൾ പറിച്ചു പൂക്കൊട്ടയിലാക്കി. വേറൊരുവൻ ലക്ഷണമൊത്ത വിടർന്ന പൂക്കൾ മാത്രമായി ശേഖരിച്ചു കൊണ്ടിരുന്നു. എന്നാൽ, തൊട്ടടുത്ത ആൽത്തറയിൽ ഏതാനും ചെറുപ്പക്കാർ തൊഴിൽ ഒന്നും ചെയ്യാതെ ഏഷണിയും പരദൂഷണവുമൊക്കെ വിളമ്പി രസിച്ചിരിപ്പുണ്ട്.

അന്നേരം, അതുവഴി കൊട്ടാരത്തിലെ ശില്പി നടന്നു വരുന്നുണ്ടായിരുന്നു. അയാൾ ഗുരുവിനോടു ചോദിച്ചു - " ഗുരുവേ, അങ്ങ് എന്തിനാണ് നിലത്തു കിടക്കുന്ന വാടിയ പൂക്കൾ ഭഗവാനു സമർപ്പിക്കാൻ അമ്പലത്തിലേക്കു കൊണ്ടുപോകുന്നത് ?"

ഗുരു പ്രതിവചിച്ചു - " ഭഗവാൻ പൂക്കൾക്കു കൊടുത്തിരിക്കുന്ന നിയോഗമാണ് മനുഷ്യനെ സന്തോഷിപ്പിക്കുന്നതും വണ്ടുകൾക്കും തേനീച്ചകൾക്കും പറവകൾക്കുമെല്ലാം തേനും പൂമ്പൊടിയുമെല്ലാം കൊടുക്കുന്നതും. ആ സത്കർമ്മം കഴിഞ്ഞ് പൊഴിഞ്ഞു വീഴുന്നവ പിന്നെ ഭഗവാനു മുന്നിൽ അർപ്പിക്കുന്നതാണ് ഉചിതം"

ആ സമയത്ത് പൂമൊട്ടും പൂക്കളും പറിക്കുന്നവരെ നോക്കി ശില്പി ഗുരുവിനോടു സംശയം ചോദിച്ചു - "അങ്ങനെയെങ്കിൽ ആ രണ്ടു പേരോടും ഗുരു ഈ കാര്യം പറഞ്ഞു കൊടുക്കാത്തത് എന്താണ് ?"

ഗുരു: "മൊട്ടും പൂവും പറിക്കുന്ന അവർ ചെയ്യുന്നത് തെറ്റാണ് എന്നു പറയാൻ ഞാൻ ആളല്ല. കൂടുതൽ ശ്രേഷ്ഠമായത് എന്നു തോന്നുന്ന കാര്യം ഞാൻ ചെയ്യുന്നു, അത്രമാത്രം! എന്നാലും, പ്രയോജനപ്പെടുന്ന ഒന്നും ചെയ്യാതെ ഇവിടെ യുവാക്കൾ ഇരിപ്പുണ്ടല്ലോ."

ചിന്താവിഷയം - നമ്മുടെ ജീവിതം എങ്ങനെ ജീവിച്ചു തീർക്കണം എന്നുള്ളത് നാം സ്വയം തീരുമാനിക്കേണ്ട ഒന്നാണ്. ഒരു ദിവസത്തിലെ 24 മണിക്കൂറും തെറ്റും ശരിയും ചൂണ്ടിക്കാട്ടാനായി ആരും നമ്മുടെ പിറകേ വരില്ലല്ലോ. കൂടുതൽ  ശ്രേഷ്ഠമായത് ചെയ്യാൻ നാം ശ്രമിക്കണം!

Malayalam eBooks-542 folk tales in Malayalam language as PDF file- https://drive.google.com/file/d/1-l7HhOjB2KjUj4KKnvHur96oG_M21N5D/view?usp=sharing

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

പഞ്ചതന്ത്രം കഥകള്‍ -1

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1