(541) കുയിലും കഴുതയും

സിൽബാരിപുരംദേശത്തിലെ ഗുരുജിയുടെ ആശ്രമം സ്ഥിതി ചെയ്തിരുന്നത് പ്രകൃതി രമണീയമായ സ്ഥലത്തായിരുന്നു. പലതരം കിളികൾ പ്രഭാതത്തിൽ അവിടമാകെ ശുദ്ധ സംഗീതം വിളമ്പും. അതിൽ ഏറ്റവും മനോഹരമായ ശബ്ദം കുയിലിന്റെയും ഉപ്പന്റെയും ആയിരുന്നു.

ഒരു ദിനം - "കൂ..."

അതൊരു കുയിൽനാദമായിരുന്നു. പ്രധാന ശിഷ്യൻ രാവിലെ ഉണർന്ന് അതു കേട്ടപ്പോൾ അവന്റെ മുഖം വിടർന്നു.  അല്പം കഴിഞ്ഞപ്പോൾ ഒരു കഴുത "ബ്രേ ..." എന്നു കരയുന്നത് അവന് അരോചകമായി തോന്നിയതിനാൽ മുഖം ചുളിച്ചു.  ഇതു ശ്രദ്ധിച്ച ഗുരുജി അവനെ നോക്കി ഒന്നു പുഞ്ചിരിച്ചതല്ലാതെ യാതൊന്നും പറഞ്ഞില്ല.

അന്നു വൈകുന്നേരമായി. ഒരു പക്ഷിയുടെ കരച്ചിൽ കേട്ട് അവൻ ഗുരുജിയോടു ചോദിച്ചു - "ഗുരുജീ, ആ പക്ഷിയെന്തിനാണ് കരയുന്നത്?"

അദ്ദേഹം മറുപടി പറഞ്ഞു - " നീ രാവിലെ മനോഹരമായി ആസ്വദിച്ച ശബ്ദത്തിന്റെ ഉടമയായ കുയിൽ ആണത്. കാക്കയുടെ കൂട്ടിൽ മുട്ടയിടാൻ ചെന്നപ്പോൾ അവറ്റകൾ കൊത്തി ഓടിക്കുന്നതാണ് "

ശിഷ്യൻ: "കുയിലിന് സ്വന്തം കൂട്ടിൽ മുട്ടയിടാൻ വയ്യേ?"

ഗുരു: "മുട്ടയിട്ടാൽ അതു വിരിയുന്നിടം വരെ ആഹാരം കഴിക്കാതെ അതിനു മുകളിൽ അടയിരിക്കാൻ അതിനു മനസ്സില്ല"

അതേസമയം, അവരുടെ വഴിയിലൂടെ ഒരു കഴുത ചുമടും ചുമന്ന് ശാന്തനായി യജമാനനോടൊപ്പം നടന്നു നീങ്ങുന്നുണ്ടായിരുന്നു.

ഗുരുജി തുടർന്നു: "രാവിലെ അരോചകമായ ശബ്ദം ഉണ്ടാക്കിയ കഴുത ഇപ്പോൾ എത്ര നല്ല സേവനമാണു ചെയ്യുന്നതെന്നു നോക്കുക "

ചിന്താവിഷയം - മനോഹരമായ ശബ്ദം കൊണ്ടും സൗന്ദര്യം കൊണ്ടും ലോകം മഹത്തരമെന്നു വിധിയെഴുതുന്ന പലരും ഇതുപോലെ കള്ളം ഉള്ളിൽ ഒളിപ്പിച്ചിട്ടുണ്ടാവാം. കഴുതയേ പോലെ നിശബ്ദമായി പകലന്തിയോളം ഭാരപ്പെട്ട ജോലിയെടുക്കുന്നവരെ സമൂഹം പുഛിക്കുകയും ചെയ്യുന്നു!

Malayalam digital books-541-folk tales-29 as pdf file online reading-

https://drive.google.com/file/d/1-iVuV_n5QU1Xj287QZcwAR1eYXPZSAKr/view?usp=sharing

Comments