(538) ബുദ്ധിമാനായ മൽസ്യം

സിൽബാരിപുരം ദേശത്ത്, ദാമു വിറകുവെട്ടിയായിരുന്നു ജീവിച്ചിരുന്നത്. ഒരിക്കൽ, കാലിനു പരിക്കുപറ്റി പണിയില്ലാതിരുന്ന സമയത്ത് അയൽവാസിയുടെ ചെറുമീൻവലയുമായി കുളത്തിൽ വലയെറിഞ്ഞു. അന്നേ ദിവസം, അതിരാവിലെ ഏതോ ഒരുവൻ വലവീശി മീനുകളുമായി പോയതിനാൽ ദാമുവിന് ഒന്നും കിട്ടിയില്ല. പിന്നീട് ദാമു കാട്ടുപ്രദേശത്തേക്കു നടന്നു. അവിടെ ഒരു ഓലി ഉണ്ടെന്ന് അറിയാം. അതിൽ വലയെറിഞ്ഞപ്പോൾ ഒരു ചെറിയ ചേറുമീൻ മാത്രം കിട്ടി.

അതിനെ കുട്ടയിലേക്ക് ഇടാൻ നേരം അത് ഇങ്ങനെ പറഞ്ഞു -

"ദയവായി അങ്ങ് എനിക്ക് ജീവിക്കാൻ ഒരു വർഷം കൂടി അനുവദിക്കണം. അതുവരെ എനിക്ക് ഈ കുളത്തിൽ സന്തോഷത്തോടെ ജീവിക്കാമല്ലോ. അന്നേരം വന്ന് എന്നെ പിടിച്ചു കൊള്ളൂ. അങ്ങേയ്ക്ക് ഒരു വലിയ മീനായിരിക്കും കിട്ടുക"

ഉടൻ, ദാമു സംശയം പറഞ്ഞു - " നീ പറഞ്ഞ സമയത്തിനുള്ളിൽ ആരെങ്കിലും നിന്നെ പിടിച്ചു കൊണ്ടു പോയാലോ ?"

"ഒരിക്കലും ഇല്ല. ഈ പ്രദേശത്ത് മീൻ പിടിക്കാൻ ആരും വരാറില്ല "

മീൻ ഇങ്ങനെ ഉറപ്പോടെ പറഞ്ഞപ്പോൾ അതിനെ വെള്ളത്തിലേക്ക് എറിഞ്ഞ് ദാമു വീട്ടിലേക്കു നടന്നു.

ആ വേനൽക്കാലം കഴിഞ്ഞ് മഴക്കാലത്ത് ഓലി നിറഞ്ഞു കവിഞ്ഞു. ബുദ്ധിമാനായ ചെറുമീൻ അരുവിയിലേക്ക് അതിവേഗം ഒഴുകി സിൽബാരിപ്പുഴയിലെത്തി നീന്തിക്കളിച്ചു ശിഷ്ടകാലം സുഖമായി ജീവിച്ചു.

ചിന്താവിഷയം - അനീതി, ധൂർത്ത്, ദുർന്നടപ്പ്, ദുശ്ശീലങ്ങൾ എന്നിങ്ങനെ അനേകം വലകളുമായി നിരവധി മനുഷ്യ പിടിത്തക്കാർ നിങ്ങളുടെ ചുറ്റും ഉണ്ടാവും. അവരുടെ മുന്നിൽ നിന്ന് സൂത്രത്തിൽ കടന്നു കളയുക!

Malayalam eBooks-538 as pdf file for online reading-https://drive.google.com/file/d/1-Sz8pvN8quZr-OdwQPb0rHzeazWQ5Cck/view?usp=sharing

Comments

MOST VIEWED EBOOKS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1