(528) ആരാണ് ശക്തൻ?

പണ്ടുപണ്ട്, സിൽബാരിപുരം രാജ്യം വീരഭദ്രൻ എന്ന രാജാവ് ഭരിച്ചിരുന്ന കാലം. മാസത്തിലൊരിക്കൽ പണ്ഡിത സദസ്സ് ഒത്തുകൂടിയിരുന്നു. അയൽരാജ്യങ്ങളിലെ പണ്ഡിതന്മാരും അവിടെ സന്നിഹിതരാകും.

ഒരിക്കൽ, സഭ കൂടിയപ്പോൾ അന്നത്തെ പ്രധാന വിഷയം ഇതായിരുന്നു -

"ആരാണ് ഈ ലോകത്തിലെ ശക്തിമാൻ?"

ഉടൻ, കേശവപുരം പണ്ഡിതന്റെ ഉത്തരം വന്നു-

"വജ്രം ആണു മഹാരാജൻ. അതിനെ മുറിക്കാൻ വജ്രം തന്നെ വേണമല്ലോ "

രാജപുരം പണ്ഡിതൻ പറഞ്ഞു: "അല്ല. വജ്രം തീയിലിട്ടാൽ കരിക്കട്ടയായി മാറും !"

ആറ്റുപുരം പണ്ഡിതൻ: " തീയുടെ ശക്തി വെള്ളം കണ്ടാൽ കെട്ടുപോകില്ലേ?"

ഉദ്യാനപുരം പണ്ഡിതൻ പറഞ്ഞു - "സൂര്യനെ കാണുമ്പോൾ വെള്ളം നീരാവിയായിപ്പോകും!"

കോസലപുരത്തെ പണ്ഡിതൻ: " വെള്ളം ആവിയാക്കാൻ ശ്രമിക്കുന്ന സൂര്യനെ പരാജയപ്പെടുത്തുന്ന മേഘത്തിന്റെ കഴിവ് നോക്കുക. സൂര്യപ്രകാശത്തെ മുഴുവൻ തടയാൻ തക്ക ശക്തിയുണ്ട് !"

ചിത്തിരപുരത്തെ പണ്ഡിതൻ: " ഹേയ്, അങ്ങനെയല്ല. കാറ്റടിച്ചാൽ പറന്നു പോകുന്ന മേഘം വെറും പേടിത്തൊണ്ടനാണ്. സ്വന്തമായി സ്ഥിരം രൂപം പോലുമില്ല. കൊടുങ്കാറ്റിന്റെയും ചുഴലിക്കാറ്റിന്റെയും ശക്തി നമുക്ക് അറിവുള്ളതല്ലേ?"

കാർത്തികപുരത്തെ പണ്ഡിതൻ ഉടൻ പറഞ്ഞു-

" കാറ്റിനു ശക്തിയുണ്ട്. പക്ഷേ, പർവതങ്ങളിൽ ചെന്നു പതിച്ചാൽ അതു ചിതറി ദുർബലമാകും "

കുശാനപുരത്തെ പണ്ഡിതൻ ഇടപെട്ടു - "പണ്ട്, ഞങ്ങളുടെ ദേശത്തെ കോടിക്കണക്കിനു പ്രായമായ പർവതം ഇന്നില്ല. കഴിഞ്ഞ നൂറു വർഷത്തിനിടയിൽ അതിന്റെ പാറ മുഴുവൻ മനുഷ്യർ പൊട്ടിച്ചെടുത്തു. കൊട്ടാരവും ചുറ്റുമുള്ള വലിയ കോട്ടയും അനേകം പ്രഭുക്കന്മാരുടെ മാളികകളും ദേശത്തിന്റെ ചുറ്റുമതിലും എല്ലാം പണിതു. ഇവിടെ മനുഷ്യനാണ് ഏറ്റവും ശക്തിമാനെന്നു മനസ്സിലായല്ലോ "

ഉടൻ, ഉദയപുരം പണ്ഡിതൻ ഇടപെട്ടു - "മനുഷ്യൻ ശക്തിമാനെങ്കിൽ നൂറു വർഷം പോലും ജീവിക്കാതെ മരണമടയുന്നു. മരങ്ങൾ പോലും നൂറുകണക്കിനു വർഷങ്ങൾ ജീവിക്കുന്നല്ലോ "

കീർത്തനപുരം പണ്ഡിതൻ പറഞ്ഞു - മനുഷ്യരായാലും മരമായാലും പ്രപഞ്ചത്തിന്റെ പ്രായം നോക്കുമ്പോൾ ആയുസ്സ് എത്രയോ നിസ്സാരമാണ്. അതിനാൽ, പ്രപഞ്ച സ്രഷ്ടാവായ ദൈവമാണ് ഏറ്റവും ശക്തിമാൻ "

ഉടൻ, അവിടെ ശക്തമായ കരഘോഷവും ആർപ്പുവിളികളും മുഴങ്ങി. കാരണം, അവിടെ കൂടിയ നൂറു പേരിൽ 99 പേരും ദൈവ വിശ്വാസികളായിരുന്നു.

അതിനിടയിൽ നിരീശ്വരവാദിയായ വീരമണിപുരം പണ്ഡിതൻ പറഞ്ഞത് ആരും കേട്ടില്ല - " ഹും. ഇല്ലാത്ത ദൈവം എങ്ങനെ ശക്തിമാനാകും?"

ചിന്തിക്കുക -

ഈ വിധത്തിൽ അനേകം അഭിപ്രായങ്ങളും ചിന്തകളും നമുക്കിടയിൽ വന്നേക്കാം. ഒരാളുടെ ബുദ്ധി, ന്യായം, ധർമം, അനുഭവം, യുക്തി , വിവേകം എന്നിങ്ങനെയുള്ള ഘടകങ്ങൾ പ്രയോഗിച്ച് തങ്ങളുടെ നിലപാടിനെ സാധൂകരിക്കുക. എന്തുകാര്യം പറഞ്ഞാലും കേട്ടാലും കണ്ടാലും അതിൽ നമുക്കു വേണ്ടിയത് ഉണ്ടോ എന്നു പരിശോധിക്കണം.

Malayalam eBooks- 528- free PDF file for online reading-https://drive.google.com/file/d/1JUbfzF-4q2VNOsKMUF5iV8xmQT7F4-sC/view?usp=sharing

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam