ശിഷ്യന്മാരുടെ കിടമൽസരം (Malayalam eBooks-521)
സിൽബാരിപുരം രാജ്യത്ത് അനേകം ചെറു ഗ്രാമങ്ങൾ ഉണ്ടായിരുന്നു. അതിനെല്ലാം ഓരോ നാടുവാഴിയെയും അധികാരപ്പെടുത്തിയിരുന്നു. ഇവരുടെയെല്ലാം മക്കൾക്കു വിദ്യാഭ്യാസം കൊടുക്കാൻ വേണ്ടി മാത്രമായി വീരമണി ഗുരുജിയുടെ ഗുരുകുലമായിരുന്നു ഏർപ്പെടുത്തിയിരുന്നത്.
ഒരിക്കൽ, ഇരുപതോളം കുട്ടികൾ പഠനത്തിനിടയിൽ അനാവശ്യമായ മൽസര ബുദ്ധി പ്രകടിപ്പിച്ചു തുടങ്ങി. ഏതു കാര്യത്തിലും ഞാനാണ് കേമൻ എന്നു ഗുരുജിയെയും കൂട്ടുകാരെയും ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഗുരുജിക്ക് അത് അസഹ്യമായി അനുഭവപ്പെട്ടു. ഇതിനെന്താണ് ഒരു പോംവഴി?
ഒന്നു ശ്രമിച്ചു നോക്കാമെന്ന് അദ്ദേഹം തീരുമാനിച്ചു. ഒരു ദിവസം തന്റെ ശിഷ്യഗണങ്ങളുമായി വൈകുന്നേരം കടൽത്തീരത്തു വന്നു. ചിലർ ഓടിക്കളിച്ചു. ചിലർ മണ്ണു ശിൽപങ്ങൾ ഉണ്ടാക്കി. മറ്റുള്ള ചിലരാകട്ടെ, തിരയടിക്കുമ്പോൾ വെള്ളത്തിൽ മുങ്ങിക്കുളിച്ചു.
അടുത്ത ദിവസം അവർ പോയത് ഒരു പുഴയോരത്താണ്. അവിടെ പുഴവക്കത്ത് അനേകം മരങ്ങൾ നിൽപ്പുണ്ടായിരുന്നു.
ഗുരുജി എല്ലാവരോടുമായി പറഞ്ഞു - "നിങ്ങൾ ഇവിടെ എത്ര തരം മരങ്ങൾ ഉണ്ടെന്ന് ഓർത്തിരിക്കണം "
അവർ തിരികെ ആശ്രമത്തിലെത്തി. അദ്ദേഹം അവരോടു ചോദിച്ചു -
"കടൽത്തീരത്ത് ഓരോ ശിഷ്യനും കണ്ടതായ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം പറയുക "
അവരുടെ മറുപടികൾ വ്യത്യസ്തമായിരുന്നു. തിരമാല , ഞണ്ടുകൾ, ചക്രവാളം, കടൽ പക്ഷികൾ, മൺശില്പങ്ങൾ, നീലാകാശം, കടൽ വെള്ളം, വള്ളങ്ങൾ, മുക്കുവർ, മീൻ , ചീനവല , കളികൾ, മുങ്ങിക്കുളിച്ചത് എന്നിങ്ങനെ പലർക്കും പലതായിരുന്നു.
ഉടൻ ഗുരുജി പറഞ്ഞു -
" നിങ്ങൾ ഗൗരവമായി മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട്. നിങ്ങൾ ഓരോ കുട്ടിയ്ക്കും കഴിവുകളും ഇഷ്ടങ്ങളുമെല്ലാം വേറിട്ടു നിൽക്കുന്നവയാണ്. അതിനാൽ പരസ്പരം മൽസരിക്കാൻ പോകരുത്!"
പിന്നീട്, പുഴവക്കിലെ മരങ്ങളേക്കുറിച്ച് ഗുരുജി ചോദിച്ചു -
തെങ്ങ്, മാവ്, പുളിമരം, വാഴ, കരിമ്പ്, കാഞ്ഞിരം, പ്ലാവ്, ആഞ്ഞിലി എന്നിങ്ങനെ പല മരങ്ങളും അവിടെ കണ്ടതായി ശിഷ്യർ അഭിപ്രായപ്പെട്ടു.
അന്നേരം, ഗുരുജി പറഞ്ഞു -
"നിങ്ങൾ കണ്ട എല്ലാ മരങ്ങളും ഒരേ പുഴയിലെ ഒരേ വെള്ളമാണ് വലിക്കുന്നത്. എന്നാൽ, ആ മരങ്ങളുടെ ഫലങ്ങൾ എന്തു മാത്രം വ്യത്യസ്തമാണെന്ന് നോക്കുക. പുളിയും മധുരവും കയ്പും ഒക്കെ വരുന്നു. ആ വെള്ളം ഉപയോഗിച്ച് നമുക്ക് കഴിക്കാവുന്നതും വിഷകരമായതുമെല്ലാം പല മരങ്ങളും ഉണ്ടാക്കുന്നുണ്ട്. നിങ്ങൾക്കെല്ലാം ഇവിടെ ഒരേ തരം ശിക്ഷണമാണ് കിട്ടുന്നത്. പക്ഷേ, എന്തുതരം ഫലം പുറപ്പെടുവിക്കണം എന്നുള്ളത് നിങ്ങൾ തന്നെ വിചാരിക്കണം !"
കുട്ടികളുടെ മൽസര ബുദ്ധിയും അസൂയയും കുറയാൻ ഈ സംഭവം കാരണമായി.
Malayalam eBooks-521 pdf file - https://drive.google.com/file/d/1n6lkAWIBaPFdCfjxOrJqRjI4cKx3T37Z/view?usp=sharing
Comments