How do you overcome career challenges?
കരിയറിലെ നിരാശ മാറ്റാനുള്ള കഥ. മണിക്കുട്ടന്‍ ഒരു ഉദ്യോഗാര്‍ഥിയാണ്. അന്നത്തെ സര്‍ക്കാര്‍ ജോലിയില്‍ കയറാനുള്ള പരീക്ഷ കഠിനമായിരുന്നു. തിരികെ വീട്ടിലെത്തി ബാഗില്‍ നിന്നു മേശപ്പുറത്തേക്ക് ഗൈഡുകള്‍ കുടഞ്ഞിട്ടു. ജീവിതം യാതൊരു എത്തും പിടിയുമില്ലാതെ മുന്നോട്ടു പോകുകയാണ്. പ്രായം മുപ്പതിനോട് അടുക്കുന്നു! എങ്ങനെ പെണ്ണുകെട്ടും എന്നോര്‍ത്ത് അവനു വെപ്രാളമായി. ആകെ നിരാശ മൂടിയ അന്തരീക്ഷം.
അവന്‍ ഭിത്തിയില്‍ തൂക്കിയിരുന്ന ദൈവത്തിന്റെ ചിത്രത്തില്‍ നോക്കി. ദൈവവും തന്നെ പരിഹസിക്കുന്നതായി തോന്നി. മെല്ലെ കട്ടിലിലേക്ക് കയറിക്കിടന്നു. ഉടന്‍, ഉറക്കത്തിലേക്ക് തെന്നി വീണു.
അപ്പോള്‍, ദൈവം സ്വപ്നത്തില്‍ അവനോടു പറഞ്ഞു: “നീ കിഴക്കു വശത്തെ ജനാല തുറക്കുക"
അവന്‍ അപ്രകാരം ചെയ്തു. ആകാശം മഴക്കാറു കയറി ഇരുണ്ടിരിക്കുന്നു. മണിക്കുട്ടനു ദേഷ്യം വന്നു.
“നീ പടിഞ്ഞാറെ ജനാല തുറന്നിടുക"
അപ്പോള്‍, അസ്തമയ സൂര്യന്റെ മനോഹര ദൃശ്യം മനം കവര്‍ന്നു. ദൈവം പറഞ്ഞു: “ജീവിതം ഇതുപോലെയാകുന്നു. ഇരുട്ടും പ്രകാശവും ഓരോ വശങ്ങളില്‍ കാണാനാകും. ഇപ്പോഴും, പല ജനതകളും- കാടുകളിലും ഗുഹകളിലും ജീവിതകാലം മുഴുവനും ഇരുട്ടില്‍ കഴിയുന്നുണ്ട്. നീ എത്രയോ ഭേദം? ഏതാണ് നോക്കേണ്ടത് എന്നു നീ സ്വയം തീരുമാനിക്കുക"
“ദൈവമേ, ഞാന്‍ ഓരോന്നു ചിന്തിച്ച് തല ചൂടാവുന്നു"
“നിന്നെ തണുപ്പിക്കാന്‍ ഫാന്‍ കറങ്ങുന്നുണ്ട്. എന്നാല്‍, തെക്കേതിലെ രമേശന്‍ ഇപ്പോള്‍ സൗദിയിലെ കൊടും ചൂടില്‍ കെട്ടിടത്തിനു മുകളില്‍ നിന്നു കമ്പി വളയ്ക്കുകയാണ്"
“ദൈവമേ, എന്റെ സമയം എങ്ങനെയോ കൈമോശം വരികയാണ്"
“മണിക്കുട്ടാ, നിന്റെ മുറിയിലെ ക്ലോക്കിലേക്ക് നോക്കുക. അതിന്റെ സൂചികള്‍ മുന്നോട്ടു മാത്രം പോകുന്നു. നീ സമയത്തിനു വില കൊടുക്കുന്നില്ല. ഇപ്പോള്‍, പുതുപ്പറമ്പിലെ റഷീദ് ബ്രസീലിലെ കല്‍ക്കരി ഖനിയില്‍ ഇറങ്ങിയിരിക്കുന്നു. ഒരു മാസം കഴിഞ്ഞേ തിരികെ കയറൂ. അവന്‍ കരയിലെ വെളിച്ചം കാണാന്‍ ഓരോ നിമിഷവും വിഷമിച്ച് എണ്ണിത്തീര്‍ക്കുകയാണ്"
“ദൈവമേ, എനിക്ക് യാതൊരു ഉയര്‍ച്ചയും കിട്ടുന്നില്ല"
“നീ പടിഞ്ഞാറ് ഉയര്‍ന്നു നില്‍ക്കുന്ന ഗോപുരത്തിന്‍റെ മുകളില്‍ നോക്കുക. അതില്‍ സൂചിപോലെ കാന്തം പിടിപ്പിച്ചിരിക്കുന്നു. കാരണം, ഉയര്‍ന്നു നില്‍ക്കുന്ന അത് ഇടിമിന്നലിന്റെ ഊര്‍ജം പിടിച്ചെടുക്കും. ഉയര്‍ന്നു ചിന്തിക്കുക"
“ദൈവമേ, എന്റെ 29 വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീണിരിക്കുന്നു" ദൈവം- “നിന്റെ ഭിത്തിയിലെ കലണ്ടര്‍ പഴയതല്ല. പുതിയതാണ്. അതിന്റെ അടുത്ത ആറുമാസം കഠിനമായി പഠിക്കുക"
മെലിഞ്ഞുണങ്ങിയ പഴ്സ് നിലത്തു കിടക്കുന്നതു കണ്ട്, ദൈവം പറഞ്ഞു-
“നീ ആ പഴ്സ് മേശവലിപ്പില്‍ ഭദ്രമായി സൂക്ഷിക്കുക"
മണിക്കുട്ടന്‍ ചിരിച്ചു- “ദൈവമേ, അതില്‍ ഒരു ചായയ്ക്കുള്ള പൈസപോലുമില്ല"
“മിസ്റ്റര്‍ മണിയന്‍, നിനക്കു ജോലി കിട്ടി ശമ്പളം അതില്‍ കുത്തിനിറയ്ക്കുമ്പോള്‍ അതിനു വില വരുമെന്ന് വിശ്വസിക്കുക" അപ്പോള്‍, മേശയുടെ പിറകിലെ കണ്ണാടിയില്‍ തന്റെ രൂപം കണ്ട് അവന്‍ പരാതിപ്പെട്ടു- “ദൈവമേ, എനിക്കു സൗന്ദര്യം കുറവാണല്ലോ. ഏതെങ്കിലും പെണ്ണ് എന്നെ ഇഷ്ടപ്പെടുമോ?”
“മുറിയിലെ ഈ കണ്ണാടി നോക്കി നിന്റെ കഴിവും കഴിവുകേടും പ്രതിഫലിക്കുന്നതു മനസ്സിലാക്കി നന്നായി പഠിക്കുക. സ്ഥിരതയുള്ള ജോലിയും ശമ്പളവും നിന്റെ ഏറ്റവും വലിയ അഴകായി പെണ്ണുങ്ങള്‍ കരുതും"
പെട്ടെന്ന്, മുറിയിലെ വൈദ്യുതി നിലച്ചു. മണിക്കുട്ടന്‍ മേശപ്പുറത്തു വിളക്കു കത്തിച്ചു വച്ചു. ദൈവം പിന്നെയും പറഞ്ഞു: “നീ വിളക്കിനു തൊട്ടു താഴെ ചുറ്റിനും നോക്കുക. അവിടെ ഒരു വൃത്തത്തില്‍ വെളിച്ചമില്ല. വിളക്കിനു തന്റെ കാല്‍ച്ചുവട്ടില്‍ വെട്ടം കിട്ടുന്നില്ലെങ്കിലും മുറി മുഴുവന്‍ പ്രകാശം എത്തിക്കാന്‍ കഴിയുന്നു. മാത്രമല്ല, വിളക്കാകെ ചുട്ടു പഴുത്തിരിക്കുന്നു. ഇതില്‍നിന്ന് നിനക്കു പഠിക്കാനുണ്ട്. കഠിനാധ്വാനവും സമര്‍പ്പണവും ഇല്ലാതെ നിന്റെ ജീവിതത്തില്‍ പ്രകാശം പരത്താന്‍ പറ്റുമോ?”
“ദൈവമേ, അതിനുള്ള ശക്തി എനിക്കുണ്ടോ?”
“തീര്‍ച്ചയായും. നിന്റെ വീടിന്റെ ശക്തമായ അടിത്തറ നോക്കുക. ഭിത്തികളുടെയും മേല്‍ക്കൂരയുടെയും ഭാരം താങ്ങാന്‍ കഴിയും വിധമാണ് അത് നിര്‍മ്മിച്ചിരിക്കുന്നത്. അതുപോലെ, ഓരോ പഠന വിഷയത്തിലും ശക്തമായ അടിത്തറ ഉണ്ടാക്കുക"
“ദൈവമേ, അതിന് അനേകം വര്‍ഷങ്ങള്‍ പഠിക്കണ്ടേ?”
“നിന്റെ വീടിന്റെ നടകള്‍ നോക്കുക. ഒന്നാമത്തെ നടയില്‍ കാലുവച്ചിട്ട് ഇരുപതാമത്തെ നടയിലേക്ക് കാലെത്തിക്കാന്‍ നോക്കിയാല്‍ ചുവടു പിഴയ്ക്കും. ക്രമമായി ഓരോ നടയും കയറുന്നപോലെ അറിവിന്റെ ഓരോ പടവുകളും സാവധാനം കയറുക"
സ്വപ്നത്തിലെ ദൈവം മാഞ്ഞുപോയപ്പോള്‍ മണിക്കുട്ടന്‍ ഞെട്ടിയെണീറ്റു. വീണ്ടും അങ്കം കുറിക്കാന്‍ വാശിയോടെ ഗൈഡുകള്‍ മേശപ്പുറത്ത് അടുക്കിവച്ചു.
Comments