രസകരമായ മലയാളം കഥകളും ചിന്താവിഷയവും

മലയാളം ഡിജിറ്റൽ ഇ പുസ്തകം കഥകൾ

1. അകലെയുള്ള ആഗ്രഹം

തിരക്കേറിയ തീവണ്ടിത്തിണ്ണകൾ. അതിലൂടെ പരസ്പരം അറിയാത്ത ആളുകൾ ഏതൊക്കയോ തീവണ്ടികളിൽ എങ്ങോട്ടൊക്കയോ പാഞ്ഞുകൊണ്ടിരുന്നു.

അതിനിടയിൽ, ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു കൂട്ടം പക്ഷികൾ വൈദ്യുതകമ്പിയിൽ വരിവരിയായി ഇരിപ്പുണ്ടായിരുന്നു. വെറും ഇരിപ്പായിരുന്നില്ല.

അതൊരു കാത്തിരിപ്പാണ്- അരിയും ഗോതമ്പും നിറച്ച ചരക്കു തീവണ്ടി എത്തുന്നതും കാത്ത്. ആ കാത്തിരിപ്പിനും ഒരു സുഖമുണ്ട്. മറ്റുള്ള പക്ഷികൾ തീറ്റ തേടി അലയുമ്പോൾ ഇവർക്ക് എക്കാലവും ധാന്യത്തിന് ഒരു പഞ്ഞവുമില്ല. നൂറു കണക്കിനു ചാക്കുകൾ ചുമട്ടുതൊഴിലാളികൾ ലോറിയിലേക്ക് കയറ്റി വിടുമ്പോൾ പൊട്ടിയ ചാക്കുകളും അനേകമായിരുന്നു. അങ്ങനെ, അതും കഴിച്ച് പക്ഷികളെല്ലാം തടിച്ചുകൊഴുത്തു. ഇനി, നമ്മുടെ കഥാപാത്രത്തിലേക്കു വരാം- ചിന്നൻകാക്കയായിരുന്നു അത്.

അവൻ ജനിച്ചു വീണതേ തീവണ്ടിപ്പാളയത്തിന്റെ പുറമ്പോക്കിലെ പാഴ്മരത്തിലാണ്. അന്നുമുതൽ ഇന്നുവരെ അരിയും ഗോതമ്പും മാത്രമായിരുന്നു ഭക്ഷണം!

ഒരു ദിവസം - ചിന്നൻകാക്ക വൈദ്യുതകമ്പിയിലിരുന്ന് ചിന്തിച്ചപ്പോൾ ഒരാശയം മനസ്സിൽ മിന്നി. എന്തായാലും തനിക്കിനി ഇവിടെ വയ്യ. അരിയും ഗോതമ്പും തിന്നു മടുത്തു. പല തരം രുചിയുള്ള തീറ്റിയെടുക്കാൻ പറ്റുന്ന യാതൊരു ശല്യങ്ങളുമില്ലാത്ത ഏതെങ്കിലും കാട്ടിലേക്കു പറക്കണം. തനിക്കു കൂട്ടു പോരാൻ അവൻ മറ്റു കാക്കകളെ വിളിച്ചെങ്കിലും ആരും തയ്യാറായില്ല. എങ്കിലും, ചിന്നൻ ഒറ്റയ്ക്ക് കാട്ടിലേക്കു പറന്നു. അതേസമയം, കാട്ടിലും ഇതേ പോലുള്ള സംഭവമുണ്ടായി. അവിടെ ഒരു സംഘം പ്രാവുകൾ ഒന്നിച്ചു വസിച്ചിരുന്നു. അവരിൽ ഒരു വെള്ളരിപ്രാവിന് കാടു മടുത്തു തുടങ്ങി. മറ്റുള്ള ജന്തുക്കളുടെ ആക്രമണമായിരുന്നു അവനെ ഏറ്റവും അലട്ടിയത്. വെള്ളരിപ്രാവ് കാട്ടിലൂടെ നാടു പിടിക്കാനുള്ള പറക്കൽ തുടങ്ങി.

അങ്ങനെ, പറന്നു ക്ഷീണിച്ച് കാടിന്റെ അതിർത്തിയിലുള്ള ഒരു വലിയ മരത്തിൽ വെള്ളരിപ്രാവ് ചെന്ന് ഇരിപ്പായി. തൊട്ടടുത്ത കൊമ്പിൽ പറന്ന് അവശനായി ചിന്നൻകാക്കയും!

"എന്താ, കാക്കേ നീയെന്താ പകച്ചിരിക്കുന്നത്? കണ്ടിട്ട് നാട്ടീന്നാണു തോന്നുന്നല്ലോ"

"അതെ. ഇവിടുന്നു നേരേ പടിഞ്ഞാറു പറന്നാൽ വൈകുന്നേരം ചരക്കുതീവണ്ടി കിടക്കുന്ന സ്ഥലത്തെത്താം. അവിടെ നിറയെ അരിയും ഗോതമ്പും വീണു കിടപ്പുണ്ട്, പക്ഷേ, എനിക്ക് അവിടം മടുത്തിരിക്കുന്നു"

അരിയും ഗോതമ്പും എന്നു കേട്ട്, വെള്ളരിപ്രാവിന്റെ വായിൽ വെള്ളമൂറി!

അപ്പോൾ, വെള്ളരിപ്രാവ് തിരികെ നന്ദി പ്രകാശിപ്പിച്ചു-

"കാട്ടിൽ നേരേ കിഴക്കോട്ടു പോയാൽ പലതരം പഴങ്ങളും കായ്കളും ഉള്ള പ്രദേശമുണ്ട്. എന്റെ കൂട്ടരും ഒരുപാടു പേരുണ്ട്. പലതരം തീറ്റി ഉണ്ടെങ്കിലും എനിക്കു ചില ജന്തുക്കളെ പേടിയാണ് ''

വീണ്ടും അവർ രണ്ടു ദിശയിലേക്ക് പറന്നകന്നു.

പ്രാവ് തീവണ്ടിപ്പാളയത്തിൽ എത്തിച്ചേർന്നു. അവിടത്തെ പ്രപഞ്ചം കണ്ട് അവൻ അത്ഭുതപ്പെട്ടു!

ആരോടും ഒന്നു പരിചയപ്പെടാൻ പോലും നിൽക്കാതെ നിലത്തു വീണു കിടക്കുന്ന ധാന്യമണികൾ അവൻ തിന്നു തുടങ്ങി. കുറച്ചു കൂടി മുന്നോട്ടു നീങ്ങി ബോഗിയുടെ അടുത്തെത്തി. ചവിട്ടുപടിയിൽ കുറച്ചധികമായി തീറ്റ കണ്ടു. പിന്നെ, അവൻ കഴുത്ത് ഉയർത്തി നോക്കിയപ്പോൾ അതിനുള്ളിൽ വിശാലമായി ഗോതമ്പുമണികൾ ചിതറിക്കിടക്കുന്നു. പിന്നെ ആവേശത്തോടെ ഒരു തീറ്റി മൽസരമായിരുന്നു. പക്ഷേ, അതിനിടയിൽ മറ്റൊരു തീവണ്ടി കടന്നു പോയപ്പോൾ ആ നടുക്കത്തില്‍ ബോഗിയുടെ വാതിൽ തനിയെ അടഞ്ഞു!

വെള്ളരിപ്രാവ് ഞെട്ടി!

കറുത്ത കട്ടപിടിച്ച ഇരുട്ടിൽ അവനൊന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. അത് പറക്കാൻ ശ്രമിച്ചപ്പോൾ ബോഗിയുടെ വശങ്ങളിൽ തട്ടിവീണു.

തന്റെ കഥ ഇതിനുള്ളിൽ തീർന്നെന്നു കരുതി അവൻ തളർന്നു കിടന്നു.

രണ്ടു ദിനം കഴിഞ്ഞപ്പോൾ ഒരു തീവണ്ടി ജോലിക്കാരൻ ആ ബോഗിയുടെ വാതിൽ തുറന്ന് ചരക്കുകൾ മുഴുവൻ ഇറക്കിയെന്ന് നോക്കി ഉറപ്പാക്കി ബുക്കിൽ കുറിച്ചു വച്ചു നടന്നു നീങ്ങി.

വെയിൽ മുഖത്തേക്ക് അടിച്ചപ്പോൾ പ്രാവ് കണ്ണു തുറന്നു. പിന്നെ സർവ ക്ഷീണവും അവഗണിച്ചു പറന്ന് വീണ്ടും കാടിന്റെ അതിർത്തിയിലെ വൻമരത്തിൽ ചെന്നിരുന്നു.

തൊട്ടടുത്ത കൊമ്പിൽ തൂവൽ കൊഴിഞ്ഞ ചിന്നൻകാക്ക ഇരിക്കുന്നതു കണ്ട് വെളളരിപ്രാവ് ഞെട്ടി!

"കാക്കേ, നിനക്കെന്തു പറ്റി? ഞാൻ പറഞ്ഞ സ്ഥലത്ത് നീ എത്തിയില്ലേ?"

"ഉം. ചെന്നു. പക്ഷേ, ഞാൻ വരത്തൻനാട്ടുകാക്കയാണെന്നു പറഞ്ഞ് കാട്ടു കാക്കകൾ കൊത്തിപ്പറിച്ചു! നീയെന്താ നാട്ടിലേക്കു പോയില്ലേ?"

"എനിക്കു മതിയായി. വാതിലടഞ്ഞ് തീവണ്ടിക്കുള്ളിൽ ഞാൻ ചത്തേനെ. ഭാഗ്യം കൊണ്ട് എങ്ങനയോ അതു തുറന്നപ്പോൾ രക്ഷപ്പെട്ടു. ഹൊ! ഈ കാട് എത്രയോ നല്ലതാണ്"

"ഹും.. ശരിയാണ്. ഞാനും തിരികെ തീവണ്ടിപ്പാളയത്തിലേക്ക് പോകുകയാണ്. അവിടെ എന്നെ ഇതുവരെ ആരും ഇതുപോലെ ഉപദ്രവിച്ചിട്ടില്ല"

വീണ്ടും അവർ എതിർദിശയിൽ സ്വദേശത്തേക്കു പറന്നു.

ചിന്തിക്കുക..മനുഷ്യരിലും ഇത്തരം അക്കരപ്പച്ചകൾ വച്ചു പുലർത്തുന്നവരുണ്ട്. അയൽപക്കത്തേക്കു നോക്കി അസൂയപ്പെടുന്നവർ, മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി അപകർഷബോധം തോന്നുന്നവർ, ആവശ്യമില്ലാത്ത കാര്യങ്ങളിൽ തല പുണ്ണാക്കുന്നവർ...

ഉള്ളത് അറിയാൻ ഉള്ളത്തെ അറിയണം. സ്വന്തമായി ഇപ്പോള്‍ കയ്യിലുള്ളതിനെ കാണാന്‍ ശ്രമിക്കണം, കേള്‍ക്കാന്‍ ശ്രമിക്കണം, ഉള്ളതില്‍ സന്തോഷിക്കാന്‍ പരിശീലിക്കണം!

2. ഗുരുവിനെയും തിരുത്താം

ഗുരുജി പത്തോളം ശിഷ്യന്മാർക്കു പാഠങ്ങൾ പറഞ്ഞു കൊടുത്തിരുന്നത് ഒരു വലിയ മരത്തിന്റെ ചുവട്ടിലായിരുന്നു.

അദ്ദേഹം പലപ്പോഴായി ആ മരത്തിന്റെ ഗുണങ്ങൾ അവരോടു പറഞ്ഞു കൊടുത്തിരുന്നു-

ഈ വൻമരം അനേകർക്കു തണലാകുന്നു!

അനേകം പക്ഷികളും പുഴുക്കളും എലികളും ഇഴജന്തുക്കളും തങ്ങളുടെ വാസസ്ഥലമാക്കുന്നു.

മരം പ്രകൃതിയിലേക്ക് പ്രാണവായുവിനെ വിട്ട് അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നു.

വഴിപോക്കർക്കു തലചായ്ക്കാൻ ഇടം നൽകുന്നു,

നമുക്കിവിടെ തണലിൽ പഠിക്കാൻ അവസരം തരുന്നു..

പക്ഷേ, ഒരു ദിവസം - ഒരു ശിഷ്യൻ പഠനത്തിനിടെ മുകളിലേക്കു നോക്കിയിട്ട് പറഞ്ഞു -

" ഇനി ഈ മരത്തിൻ കീഴിൽ ഇരിക്കുന്നത് ആപത്താണ്. അതിന്റെ ഒരു കമ്പ് ഏറ്റവും ഉയരത്തിലായി ഉണങ്ങി നിൽപ്പുണ്ട്"

അപ്പോൾ, മറ്റുള്ളവർ പറഞ്ഞു -

"നീ നന്ദികേടു പറയരുത്. ഗുരുജി പറയുന്നത് നീ ശ്രദ്ധിച്ചില്ലേ? എന്തുമാത്രം ഗുണങ്ങൾ ഉള്ള മരമാണ്, അതിന്റെ കുറ്റം കണ്ടു പിടിക്കാൻ നിനക്ക് വലിയ ശുഷ്കാന്തിയാണ്"

വേറെ ഒരുവൻ - "അതെ. ഫലമുള്ള മാവിനെ മാത്രം ആളുകൾ എറിയുകയുള്ളൂ എന്നും ഗുരുജി പറഞ്ഞല്ലോ "

അവരുടെ സംസാരം ശ്രദ്ധിച്ച് ഗുരുജി മരത്തിന്റെ മുകളിലേക്ക് നോക്കിയ ശേഷം പറഞ്ഞു-

"കുട്ടികളെ, ഈ ശിഷ്യൻ പറഞ്ഞതു സത്യമാണ്. അതിൽ നന്ദികേടില്ല. പരിഹാസമില്ല. മുറിവേല്പിക്കലല്ലല്ലോ ലക്ഷ്യം. ഈ മരത്തിന് ഒട്ടേറെ ഗുണങ്ങൾ ഉണ്ടെങ്കിലും ആ വലിയ ഉണക്ക ശിഖരം വീണാൽ നമുക്കു നാശമാണ്. ഈ ശിഷ്യൻ വെറുതെ മരത്തിനു സ്തുതി പാടാതെ കാര്യങ്ങളെ നമ്മുടെയെല്ലാം നന്മയ്ക്കായി പറഞ്ഞു. കടപ്പാടിന്റെയും നന്ദിയുടെയും നമുക്കു കിട്ടിയ ഗുണങ്ങൾക്കുമൊപ്പം ദോഷമുണ്ടെങ്കിലും ചൂണ്ടിക്കാണിക്കാനാണ് ഈശ്വരൻ ബുദ്ധിശക്തിയും വിവേകവും തന്നിരിക്കുന്നത്. എന്തായാലും, ആ കമ്പ് താഴെ വീണിട്ടു മാത്രം ഇനി ഇവിടിരുന്നാൽ മതി"

അവർ ഗുരുവിന്റെ ആശ്രമത്തിലേക്കു പോയി.

ശ്രദ്ധിക്കുക.. ഉപകാരങ്ങള്‍ കിട്ടിയ ഇടങ്ങളില്‍ പിന്നീട്, കുറ്റങ്ങളും കുറവുകളും കണ്ടാല്‍ അത് കടപ്പാടും നന്ദിയും മറക്കുന്ന കൃത്യമായി വിധിച്ചുകൊണ്ട് കണ്ണടച്ചു കളയുന്ന രീതി നല്ലതല്ല.

3. ആശുപത്രിയിലെ അക്ഷയതൃതീയ

ബിജേഷും ഗര്‍ഭിണിയായ ഭാര്യയും ഒരു വൻകിട ആശുപത്രിയുടെ ഗൈനക്കോളജി ഒ.പി.യുടെ മുന്നിൽ ഇരിക്കുകയാണ്.

അവിടെ നൂറുപേരെങ്കിലും ഇരിപ്പുണ്ടാവും. ഇടയ്ക്ക് ടോക്കൺ നമ്പർ മിന്നിത്തെളിയുന്ന സംവിധാനവുമുണ്ട്.

ആവശ്യക്കാർ പലതരമുണ്ട് -

നിറവയറുമായി ഇരിക്കാനും നിൽക്കാനും പാടുപെടുന്നവർ...

സാദാ ഗർഭിണികൾ...

ഗർഭിണിയാണോ എന്നു സംശയമുള്ളവർ...

കുഞ്ഞിനെ വേണ്ടെന്ന് ആലോചിക്കുന്നവർ...

കുട്ടികളില്ലാതെ ദീർഘകാല ചികിൽസ ചെയ്യുന്നവർ...

ബിജേഷിന്റെ മുന്നിലുള്ള സീറ്റിൽ അരമണിക്കൂറോളം ഉണ്ടായിരുന്ന സ്വർണത്തിളക്കമുള്ള ദമ്പതികൾ ഡോക്ടറെ കാണാൻ കയറി. ഒഴിവു സീറ്റ് വന്നതു നോക്കി ഒരു സാധാരണ സ്ത്രീയും ഗർഭിണിമോളും പകരം ആ സീറ്റിൽ മൂടുറപ്പിച്ചു.

പെട്ടെന്ന്, ആ സ്ത്രീ കുനിഞ്ഞ് എന്തോ എടുക്കുന്നതു കണ്ടു. ബിജേഷും ഭാര്യയും അതു കണ്ടു ഞെട്ടി!

സ്ത്രീ ഒരു വിറയലോടെ പട്ടിത്തൊടലു പോലത്തെ സ്വർണ പാദസരം ഒതുക്കത്തിൽ പിടിച്ചു കൊണ്ട് പിറകോട്ടു നോക്കിയപ്പോൾ ഭൂരിഭാഗവും ഫോണിൽ. മിച്ചമുള്ളവർ മുകളിലുള്ള ടി.വിയിൽ കണ്ണു തള്ളിയിരിക്കുന്നു.

ഈ ദമ്പതികൾ കണ്ടെന്ന് മനസിലായപ്പോൾ ബിജേഷിനെ നോക്കി പതിയെ വിറയലോടെ പറഞ്ഞു -

"ആരുടെയാ ഇത്.. എന്തായാലും താഴെ ആശുപത്രി കൗണ്ടറിൽ കൊടുത്തേക്കാം. വാടീ..കൊച്ചേ.."

ഗർഭിണിമോൾ ഫുട്ബോൾ കളിച്ചു പോകുന്ന പോലെ വേഗത്തിൽ സ്ത്രീയോടൊപ്പം സ്ഥലം വിട്ടു!

ഉടൻ, ബിജേഷിന്റെ ഭാര്യ പറഞ്ഞു -

"വേഗം അവരുടെ കൂടെ ചെന്നാലോ? അല്ലെങ്കിൽ രണ്ടു മൂന്നു പവന്റെ സാധനം അവരു കൊണ്ടു പോകും. ബിജേഷ് ചെന്നാൽ അവർക്കു കൗണ്ടറിൽ കൊടുക്കാതെ പറ്റില്ലാ ''

"ഓ... പിന്നെ.. അവരു പാവപ്പെട്ടവരാടീ.. കൊണ്ടുപോട്ടെന്നേ"

"ഓഹോ.. അവര് കഷ്ടപ്പെട്ട് ഉണ്ടാക്കിയത് വല്ലവരും കൊണ്ടുപോകാനോ?"

"എടീ.. റൂമിൽ കയറിയവര് ആവശ്യത്തിൽ കൂടുതൽ സ്വർണമുള്ളവരാ. അതല്ലേ ദേഹത്തു മുഴുവൻ ഇട്ടതു പോരാഞ്ഞിട്ട് കാലിലും കൂടി ഇട്ടിരിക്കുന്നത്?"

"അവരുടെ ക്യാഷ് കൊടുത്ത് മേടിച്ചിരിക്കുന്നത് അവർക്ക് ഇഷ്ടമുള്ളതു ചെയ്യാനാ. വെറുതെ മോഷണത്തെ ന്യായീകരിക്കരുത് "

കെട്ട്യോന്റെയും കെട്ട്യോളുടെയും ലോജിക്കുകൾ തമ്മിൽ ഉരസി.

"എടീ.. നീയൊരു കാര്യം മനസ്സിലാക്കണം. തിയറിറ്റിക്കലി നീ പറഞ്ഞതു ശരിയാണ്. സംഗതി മോഷണം തന്നെയാണ്. പക്ഷേ, പ്രാക്ടിക്കലായി നോക്കിയാലോ? വെറും കറുത്ത ചരടിൽ താലി മാത്രം കഴുത്തിലണിയുന്ന നാടാ ഇത്. അന്നേരം, മാലയും വളയും കമ്മലും മൂക്കൂത്തിയും മോതിരവും അരഞ്ഞാണവും സ്വർണത്തിൽ ഇട്ട് പിന്നെ മിച്ചം വരുന്ന സ്വർണാ കാലിലെ പാദസരം! അതുകൊണ്ട്, അവര് ഇവർക്കൊരു അക്ഷയ തൃതീയ ഗിഫ്റ്റ് കൊടുത്തതാ"

ഭാര്യയ്ക്കു ചിരി വന്നു.

"ഹ..ഹ.. അതു ശരിയാ. വല്ലവന്റെയും സ്വർണം വല്ലവരും കൊണ്ടോട്ടെ. നമ്മളെന്തിനാ അതും പറഞ്ഞു സമയം കളയുന്നത്"

ചിന്തിക്കുക..ലോജിക്കുകൾ അങ്ങനെയാണ്. അവരവരുടെ ഇഷ്ടപ്രകാരം റൂൾസ് ആന്റ് റെഗുലേഷൻസ് ഇല്ലാതെ ലോജിക്കുകൾ രൂപം കൊള്ളുന്നു. അതെല്ലാം ശരിയാവണമെന്നില്ല, തെറ്റാവണമെന്നുമില്ല. പറയുന്നതും കേൾക്കുന്നതും കാണുന്നതുമൊക്കെ പൂർണമായും സത്യമാവണമെന്നില്ല!

4. കടലയുടെ അരുചി

ബിനീഷ് ജോലി കഴിഞ്ഞു മടങ്ങുമ്പോൾ സന്ധ്യമയങ്ങിയിരിക്കും. നല്ല വിശപ്പുമുണ്ടായിരിക്കും. അപ്പോൾ, കോട്ടയം ചന്തയിലുള്ള കോഫീ ഹൗസിലേക്ക് കയറിയാൽ വിശപ്പു മാറുന്നതിനൊപ്പം അതൊരു ശീലമാക്കിയാല്‍ കുറച്ചു പണവും മാറിക്കിട്ടും. മാത്രമല്ല, അത്താഴം വിരസമായി തോന്നുകയും ചെയ്യും.

വീടു വരെ പിടിച്ചു നിൽക്കാനുള്ള ഇന്ധനം എന്താണെന്ന് നോക്കിയപ്പോഴാണ് അടുത്തുള്ള കവലയിൽ നിന്നും പ്രായമുള്ള ഒരു കടലക്കാരൻ പാത്രത്തിൽ താളത്തിൽ അടിക്കുന്നതു കേട്ടത്. അങ്ങനെ പത്തു രൂപയ്ക്ക് കടല വാങ്ങുന്ന ശീലം തുടങ്ങി.

മാത്രമോ? കടല ഓരോന്നായി തൊലി കളഞ്ഞ് കൊറിച്ചുകൊണ്ടിരുന്നാൽ മറ്റുള്ള ദുശ്ശീലങ്ങൾ ഒഴിഞ്ഞു പോകുമത്രെ. പുകവലി, മുറുക്ക്, പൊടിവലി, മദ്യപാനം എന്നിവയ്ക്ക് ഒരു പരിധി വരെ പരിഹാരവുമാണ്. കടലയുടെ നീണ്ട തീറ്റി സമയവും സുഗന്ധവും ഇതിനു സഹായിക്കുന്നു. കടല പോഷക സമൃദ്ധമാണ്. മേന്മയുള്ള പ്രോട്ടീൻ ഇതിൽ അടങ്ങിയിട്ടുണ്ട്.

പത്തു രൂപയുടെ കടല മേടിച്ചാൽ അതും കൊറിച്ചു കൊണ്ട് നടക്കാൻ ഒരു സുഖമുണ്ട്. ഏകദേശം പകുതി വീട്ടിൽ ഭാര്യക്കും കൊച്ചിനും കൊടുക്കയുമാകാം.

ഇങ്ങനെ ഒരു വർഷം കടന്നു പോയി.

ഒരു ദിവസം -

കടല വാങ്ങാന്‍ വേണ്ടി ബാഗിൽ സാധാരണയായി വയ്ക്കാറുള്ള പത്തുരൂപ കയ്യിട്ടപ്പോൾ ഇല്ല. എവിടെയോ ചെലവായി പോയിരിക്കുന്നു.

പകരം, അഞ്ചു രൂപയുടെ നാണയത്തുട്ടാണ് കിട്ടിയത്. അത് ബിനീഷ് കടലക്കാരനു നേരേ നീട്ടി.

ഉടൻ അതു വാങ്ങി നോക്കിയിട്ട് അത്ര സുഖമില്ലാത്ത ഒരു ഡയലോഗും അയാൾ കാച്ചി-

"അഞ്ചു രൂപയ്ക്ക് ഇവിടെ കടലയില്ല!"

ചിലപ്പോള്‍, പത്തുരൂപ നാണയമാണെന്നു കരുതിയാവും അയാള്‍ വാങ്ങി നോക്കിയത്. തിരികെ തന്ന നാണയവുമായി ബിനീഷ് വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നപ്പോൾ ഇപ്രകാരം ചിന്തിച്ചു -

അയാൾ എന്തു നന്ദികേടാണ് കാട്ടിയത്. ഒരു വർഷം വാങ്ങിയ കടലയുടെ കടപ്പാട് അയാൾ മറന്നു. മാത്രമല്ല, അഞ്ചു രൂപയ്ക്ക് കുറച്ചു കഴിക്കാൻ കിട്ടുകയും ചെയ്യുമല്ലോ. കച്ചവടക്കാരന്റെ കടമയും മറന്ന മനുഷ്യൻ!

ഒരു നായയ്ക്ക് ഒരു ഉരുള ചോറു നാം കൊടുത്താൽ അത് ഒരു വർഷം നമ്മെ നന്ദിയോടെ ഓർത്തിരിക്കുമെന്ന് ശാസ്ത്രം!

എന്നാല്‍, ഒരു മനുഷ്യന് ഒരു വര്‍ഷം കൊടുത്താലും ഒരു നേരം പോലും ഓര്‍ത്തിരിക്കില്ല!

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam