Personality development stories in Malayalam

1988-ലെ SSLC പരീക്ഷ അടുത്ത സമയം. പക്ഷേ, ബിജേഷ് ഇതൊന്നും വകവയ്ക്കാതെ ക്രിക്കറ്റുകളി പ്രധാന കാര്യമായി കണ്ടു നീങ്ങാൻ തുടങ്ങി. ട്യൂഷൻ ഉണ്ടെങ്കിലും കൂട്ടുകാരുടെ കൂടെ കളിച്ചു നടന്നാൽ പ്രീഡിഗ്രിക്ക് നല്ല കോളേജിലൊന്നും പ്രവേശനം കിട്ടില്ലെന്നു വീട്ടുകാർ മനസ്സിലാക്കി. അവർ കൂടിയാലോചിച്ചു. ബിജേഷിനെ ഒന്നു വീഴ്ത്താൻ എന്താ വഴി? അവന് ഒരു ഓഫർ കൊടുക്കാമെന്ന് അവസാനം അവർ തീരുമാനിച്ചു.

"എടാ, ബിജേഷേ, നീയിങ്ങ് വന്നേ. ഇത്തവണ പത്താം ക്ലാസിൽ ഫസ്റ്റ് ക്ലാസ് വാങ്ങിയാൽ പുത്തൻ കളർ ടിവി നമ്മുടെ വീട്ടിൽ മേടിക്കും. അന്നേരം, നിനക്ക് ക്രിക്കറ്റ് കളി കാണാൻ ദൂരെ പോകേണ്ടല്ലോ"

ആ ക്രിക്കറ്റ് പ്രേമിയുടെ മനസ്സിൽ ലഡു പൊട്ടി. ഫലമോ, റിസൽറ്റ് വന്നപ്പോൾ ആ പ്രദേശത്തു നിന്ന് അവനു മാത്രം ഫസ്റ്റ് ക്ലാസ്! 

വീട്ടുകാരും വാക്കു പാലിച്ചു. ടി.വി അടുത്തെങ്ങും ഇല്ലാത്തതിനാൽ അയൽപക്കത്തുള്ള വീട്ടുകാരും വീട്ടിൽ നിറഞ്ഞു. അക്കാലത്ത്, ദൂരദർശൻ മലയാളം ചാനൽ എപ്പോഴും കിട്ടില്ല. ഡൽഹി ദൂരദർശൻ അനുവദിക്കുന്ന കുറച്ചു സമയം മാത്രം. എങ്കിലും എന്തെങ്കിലും കണ്ടാൽ മതിയെന്ന സംതൃപ്തിയിൽ വൈകുന്നേരം ഏഴുമണി മുതൽ നിറയെ ആളാണ്. അവർ ചാരിയിരുന്ന് ഭിത്തിയുടെ ചായമടിച്ചത് വിയർപ്പിൽ ലയിച്ചു സിമന്റ് തെളിഞ്ഞു. ചില പ്രായോഗിക ബുദ്ധിമുട്ടുകളും വീട്ടുകാർക്ക് അനുഭവിക്കേണ്ടി വന്നു.

ഒന്ന്- കാഴ്ചക്കാരുടെ അഭ്യർഥന പ്രകാരം പുണ്യപുരാണ സീരിയലുകൾ വയ്ക്കണം.

രണ്ട്- പരീക്ഷക്കാലമാണെങ്കിലും ടി.വി. വയ്ക്കാതിരിക്കാൻ പറ്റില്ല.

മൂന്ന് - വീട്ടിൽ ഒരു രഹസ്യവും പറയാൻ പറ്റില്ല. കാരണം, പരിപാടികൾക്ക് ഏറെ മുന്നേ തന്നെ വീടിനു ചുറ്റും ആളുകൾ കാണും.

നാല് - രാത്രിയാകുമ്പോൾ, ബിജേഷ് ട്യൂഷൻ കഴിഞ്ഞു വരുമ്പോൾ വീടിനുള്ളിൽ കയറണമെങ്കിൽ അടുക്കളവശത്തുകൂടി വരണം. അത്രയ്ക്കു തിരക്കാണ്.

അങ്ങനെയിരിക്കെ- ബിജേഷിന്റെ ചേട്ടന്റെ കല്യാണമായി. അന്ന്, ഫോട്ടോ-വീഡിയോ റിക്കോർഡിങ്ങ് ആ ഗ്രാമത്തില്‍ വലിയ സംഭവമാണ്. അതുകൊണ്ട്, വീട് പെയിന്റ് ചെയ്ത് കഴിഞ്ഞപ്പോൾ കാണികളോട് വീട്ടുകാർ പറഞ്ഞു-

"കല്യാണം പ്രമാണിച്ച്‌ പെയിന്റടിച്ചതാണ്. ഫോട്ടോയിലും വീഡിയോയിലും ഒക്കെ വരുന്നതല്ലേ. അതു കഴിയുന്നിടം വരെ ഭിത്തിയിലും ജനലിലുമൊക്കെ ചാരാതെ നോക്കണം. ചെളിയാക്കരുത്"

ആളുകൾ ഒന്നും മിണ്ടിയില്ല. തിരക്ക് അല്പം കുറഞ്ഞു. ഒരു ദിവസം ആരും തന്നെ അങ്ങോട്ടു വന്നില്ല. എന്തു പറ്റിയെന്ന് നോക്കിയപ്പോൾ അടുത്ത വീട്ടിൽ പെരുന്നാളിന്റെ ആൾക്കൂട്ടം! അവിടെ പഴയ ഒരു കളർ ടിവി വാങ്ങിയിരിക്കുന്നു.

അപ്പോൾ വീട്ടുകാർ പറഞ്ഞു -

"ഓ.. നമ്മൾ രക്ഷപ്പെട്ടു. കുറച്ചു പേർ അങ്ങോട്ടു പോകട്ടെ"

അങ്ങനെ കല്യാണം കഴിഞ്ഞും ആളുകൾ ടി.വി കാണാൻ അങ്ങോട്ടു വരാതായി.

ഒരു ദിവസം - ബിജേഷിന്റെ ചേട്ടൻ ബസ് സ്റ്റോപ്പിൽ കാത്തു നിൽക്കുമ്പോൾ അവിടെ കടയിൽ രണ്ടു പേർ ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു. ഒരുവൻ സ്ഥിരം ടിവി കാണിയായി വന്നിരുന്നവനായിരുന്നു -

"ഇവന്റെയൊക്കെ വിചാരം ഈ ലോകത്ത് ആ പൂമക്കൾക്കു മാത്രമേ ടീവിയൊള്ളെന്നാ. ത്ഫൂ.."

ആശയം - നൂറു ദിവസം ദാനം ചെയ്യാൻ നിശ്ചയിച്ചാൽ 99 ദിനം കൊടുത്തിട്ട് നൂറാം ദിനം കൊടുത്തില്ലെങ്കിൽ മനുഷ്യൻ പഴയതു മറക്കും. അവസാന ദിനത്തെ ഓർത്ത് മുറുമുറുക്കുകയും ചെയ്യും.

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam