Featured Post

Best 10 Malayalam Motivational stories

Malayalam eBooks of best 10 inspiring stories are now available for 1 hour online reading. 1. നല്ല ശിഷ്യൻ സിൽബാരിപുരം രാജ്യം വീരവർമ്മൻ ഭരിച്ചിരുന്ന കാലം. ഒരിക്കൽ, മന്ത്രിയുടെ മാളികയിൽ മോഷണം നടന്നു. കള്ളന്മാർ സ്വർണ്ണ സൂക്ഷിപ്പ് മുഴുവനും കൊള്ളയടിച്ചു. ഈ സംഭവത്തിൽ, രാജാവ് അങ്ങേയറ്റം ആശങ്കയിലായി. രാജ്യം മുഴുവൻ അരിച്ചുപെറുക്കിയപ്പോൾ രണ്ടുകള്ളന്മാർ കുടുങ്ങി. സ്വർണവും വീണ്ടെടുത്തു. അവർക്കു ജീവപര്യന്തം ഇരുണ്ട തടവറ വാസം വിധിക്കുകയും ചെയ്തു. പക്ഷേ, രാജാവിനെ കൂടുതൽ കോപാകുലനാക്കിയ കാര്യം മറ്റൊന്നായിരുന്നു - രാജ്യത്തെ പ്രധാന ഗുരുകുലത്തിൽ പഠിച്ച ശിഷ്യന്മാരായിരുന്നു ഈ രണ്ടു കള്ളന്മാരും. രാജാവ് ഉടന്‍തന്നെ, വീരമണി എന്നു പേരായ ഗുരുവിനെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി- "കള്ളന്മാരാക്കുന്ന വിദ്യയാണോ ഇത്രയും പ്രശസ്തമായ ഗുരുകുലത്തിൽ താങ്കൾ കൊടുക്കുന്നത്?" രാജാവിനു മുന്നിൽ വീരമണി ക്ഷമാപണം നടത്തി. അദ്ദേഹം ആശ്രമത്തിൽ വന്ന് വ്യസനിച്ചു. അന്ന്, ഒരു സുപ്രധാന തീരുമാനമെടുത്തു- ശിഷ്യന്മാരുടെ എണ്ണം കുറയ്ക്കുക അല്ലെങ്കിൽ ആശ്രമം പൂട്ടി കോസലപുരത്തേക്കു പോകുക. വീരമണിയുടെ ഭാര്യ അപ്പോൾ പറഞ്ഞു -"നമ്മളെന്തിന് ഈ രാ

പീച്ചിഡാമിലെ കൊച്ചുകിളികൾ!

ബിനീഷ് കോളജിൽ പഠിക്കുന്ന കാലം. കോളേജ് സ്ഥിതി ചെയ്യുന്നിടം പട്ടണമൊന്നുമല്ല- അതൊരു വികസിത പഞ്ചായത്ത് ആയിരുന്നു. കുട്ടികളിൽ ഏറെയും ഗ്രാമങ്ങളിൽ നിന്നുള്ളവരും. ഈ രണ്ടു കാര്യങ്ങളാൽ വിദ്യാർഥികൾ പൊതുവേ ശാന്ത പ്രകൃതരും ആയിരുന്നു. അതുകൊണ്ട്, കലാലയത്തിൽ സംഘട്ടനങ്ങളും മറ്റും ഉണ്ടായിരുന്നില്ല.

വര്‍ഷാവസാനം, കോളജ് വിദ്യാർഥികൾക്ക് ഏറ്റവും ആനന്ദം പകരുന്ന വിനോദയാത്രക്കുള്ള സമയമായി.

യാത്രയിൽ പല സ്ഥലങ്ങളും കറങ്ങി ബിനീഷും കൂട്ടുകാരും പീച്ചി ഡാമിലെത്തി. അവിടെ കുറച്ചു നേരം ചെലവിട്ട ശേഷം ആ പരിസരം മുഴുവനും കാണാൻ പറ്റുന്ന അനേകം ചവിട്ടുപടികളുള്ള ഗോപുരത്തിൽ (വാച്ച് ടവര്‍) മിക്കവാറും കുട്ടികളും അധ്യാപകരും കയറി. കളിച്ചു ചിരിച്ച് വാതോരാതെ വർത്തമാനം പറഞ്ഞു കൊണ്ടിരുന്ന പെൺകുട്ടികൾ അതിന്റെ മുകളിൽ ചെന്നപ്പോൾ ഒന്നു ബ്ലിങ്കി! ബഹളമൊക്കെ പമ്പ കടന്നു! പലർക്കും താഴേക്കു നോക്കാൻ പേടി!

ചിലർക്കു തലകറക്കം!

അപ്പോൾ ചെറു കുരുവികൾ ഗോപുരമുകളിൽ പറന്നു കളിക്കുന്നുണ്ടായിരുന്നു. അതു ശ്രദ്ധിച്ച്, അധ്യാപകൻ പറഞ്ഞു -

"നിങ്ങൾ ആ കുരുവികൾ കളിക്കുന്നതു കണ്ടോ?"

ഏതാനും ചില കുട്ടികൾ മൂളി. ഒട്ടും വൈകാതെ അവരെല്ലാം താഴെയിറങ്ങി. അന്നേരം, ഒരു പെൺകുട്ടി സാറിനോടു ചോദിച്ചു -

"സാർ, ആ കുരുവിക്ക് എന്താണു പ്രത്യേകത ?"

അദ്ദേഹം മന്ദഹാസത്തോടെ പറഞ്ഞു -

"ഈ കുരുവികൾ നമ്മുടെ വീട്ടുമുറ്റത്തൊക്കെ വരുന്ന ഇനം തന്നെ.

ഞാൻ നിങ്ങളോടു നോക്കാൻ പറഞ്ഞത് മറ്റൊരു കാര്യം ശ്രദ്ധിക്കാൻ വേണ്ടിയാണ്"

അപ്പോൾ ഒരു പാലാക്കാരി ഇടയ്ക്കു കയറി -

"എന്നാത്തിനാ സാറേ?"

അദ്ദേഹം തുടർന്നു -

"നമ്മൾ മനുഷ്യർ എത്രയധികം ബുദ്ധിസാമർഥ്യവും കരുത്തും കഴിവുമൊക്കെ ഉള്ളവരാണ്. എന്നിട്ട്, ഈ ടവറിന്റെ മുകളിൽ സുരക്ഷിതമായി പിടിച്ചു നിന്നിട്ടു പോലും തലകറക്കവും പേടിയും. ഒരു അടയ്ക്കയുടെ വലിപ്പമുള്ള കുരുവികൾ യാതൊരു പേടിയുമില്ലാതെ അതിനു മുകളിൽ കളിച്ചു നടക്കുന്നു !"

അന്നേരം, മറ്റു കുട്ടികൾക്കിടയിൽ ഷൈൻ ചെയ്തു നടക്കുന്ന ഒരുവൻ സിദ്ധാന്തം എഴുന്നെള്ളിച്ചു -

"സാറേ, അത്... പക്ഷികൾക്ക് ചിറകുള്ളതുകൊണ്ട് താഴെ വീഴുമെന്ന് പേടിക്കേണ്ടല്ലോ? നമ്മൾ മനുഷ്യർ പണിത ഡാമിലും ടവറിലുമാണ് കുരുവികൾ കളിക്കുന്നത്. അവറ്റകൾ നമ്മുടെ കഴിവില്ലാത്ത നിസ്സാരജീവികളല്ലേ?"

സാർ ഒട്ടും വിട്ടുകൊടുത്തില്ല -

" ഞാൻ ആ പോയിന്റിലേക്കാണ് വന്നുകൊണ്ടിരുന്നത്. ഈ നിസ്സാര ജീവികൾക്ക് ഉയരത്തെ പേടിയില്ലാതെ യഥേഷ്ടം പറന്നു നടക്കാനുള്ള കഴിവുണ്ട്. നമുക്കില്ല. പക്ഷേ, ചില മനുഷ്യരുടെ ഭാവമെന്താ? അവരിൽ കവിഞ്ഞ് ഈ ഭൂലോകത്ത് ആരുമില്ലെന്ന്! അതായത്, അഹങ്കാരികൾ എന്നു ചുരുക്കം''

ഈ സംസാരം ബിനീഷിനു നന്നേ ബോധിച്ചു.

അന്നുതന്നെ, പുലര്‍ച്ചയോടെ ടൂര്‍ കഴിഞ്ഞ ക്ഷീണത്തില്‍ അവൻ വീട്ടിൽ വന്നു. ഒന്നു കുളിച്ചു,  പിന്നെ കഴിപ്പ്‌. അതും കഴിഞ്ഞ് ഉറക്കം പിടിച്ചു. ഊണുകഴിഞ്ഞു പിന്നെയും കിടന്നു. ഉച്ചയുറക്കത്തിനിടെ കറൻറ് പോയി ഫാൻ നിന്നപ്പോൾ വിയർക്കാൻ തുടങ്ങി. വാർക്ക ചൂടുപിടിച്ചു തുടങ്ങിയിരിക്കുന്നു. മുകളിലേക്ക് നോക്കിയപ്പോൾ ചെറു ചിലന്തികൾ തലയ്ക്കു മീതെ ഡിസ്കോ ഡാൻസു കളിച്ച് ഇരുപ്പുണ്ട്. അതിനെ കളയണമെങ്കിൽ വീടിനു പുറത്തുള്ള ചൂലെടുക്കണം. മടി കാരണം മേശപ്പുറത്തു കിടന്ന മാസിക വലിച്ചു കീറിച്ചുരുട്ടി ജനലിൽ ചവിട്ടിക്കയറി ചുക്കിലി ചുരുട്ടിയെടുത്തു. വാർക്കയിൽ കൈ തൊട്ടു നോക്കിയപ്പോൾ പൊള്ളുന്ന ചൂട്!

ഈ ചൂടുള്ള വാർക്കയിൽ പറ്റിപ്പിടിച്ച് സ്ഥിരമായി ഇരിക്കുന്ന ദുർബലനായ ചിലന്തിക്ക് ഇതൊക്കെ നിസ്സാരം!

ആശയം -

പ്രകൃതിയിലെ വിവിധ ജീവജാലങ്ങൾ പലതരം കഴിവുമായിട്ടാണ് ജീവിക്കുന്നത്. എന്നാൽ, സൃഷ്ടികർമത്തിലെ എറ്റവും മുകളിൽ നിൽക്കുന്ന മനുഷ്യൻ എല്ലാം ഞങ്ങളുടെ നിയന്ത്രണത്തിലെന്ന് ധരിച്ച് അഹങ്കാരിയായി മാറുന്ന അവസ്ഥകൾ നമുക്കു ചുറ്റുമുണ്ട്. ഇതിനൊക്കെ ഇരയാകേണ്ടി വരുന്നത് പാവപ്പെട്ടവരും മധ്യവർഗ്ഗവുമായിരിക്കും. പണക്കാർക്ക് എവിടെയും ചുരുങ്ങേണ്ടി വരാറില്ല. അവർ അഹങ്കാരം ഉൽപാദിപ്പിക്കുന്ന ഫാക്ടറികളായി തുടരുന്നു! അതായത്, ഭൂരിഭാഗം അഹങ്കാരത്തിന്റെ പേറ്റന്റും കോപ്പിറൈറ്റും അവർ കയ്യടക്കിയിരിക്കുന്നു. വായനക്കാർ ആത്മശോധന ചെയ്യുമല്ലോ.

Comments