ശ്വാസതടസ്സം മാറിയപ്പോൾ!

മേഘമോൾ വീട്ടിൽ വന്നാലുടൻ മമ്മിയോട് (റീന) സ്കൂളിലെ വിശേഷങ്ങൾ വിളമ്പിത്തുടങ്ങും. അത്തരമൊരു വിശേഷത്തിലേക്ക്..

"മമ്മീ..എന്റെ ക്ലാസിലെ മിയയ്ക്ക് ശ്വാസം മുട്ടലാണ്. അവളുടെ കയ്യിലൊരു ചെറിയ മരുന്നുണ്ട്. അതു വായിൽവച്ച് ഞെക്കിയാൽ അവൾക്കു കുറയും"

"നിന്റെടുത്താണോ ആ കൊച്ചിരിക്കുന്നത്?"

"ങാ.. ഇന്നു മുതൽ ടീച്ചർ ഇരുത്തി. മമ്മീ.. അവളുടെ കൂടെ ഇരിക്കാൻ ആർക്കും ഇഷ്ടമല്ല "

"അതെന്താ?"

" അവള് പേഷ്യന്റാണെന്ന് ചില പിള്ളേര് പറയുന്നതു കേട്ടു . അതു കൊണ്ട് ആരും കൂട്ടില്ല. ക്ലാസ്സില്‍ മേലായ്കയുള്ളവരെ ഒറ്റപ്പെടുത്തും. ആരും കാണാതിരിക്കാൻ വേണ്ടി മരുന്നടിക്കാൻ വാഷ് റൂമിൽ പോകും"

"മോളേ, ആസ്ത്മയ്ക്ക് ഇൻഹേലർ വച്ച് പഫ് എടുക്കുന്നതാണ്. വയ്യാത്തവരെ ഒറ്റപ്പെടുത്തുന്നത് ദൈവത്തിനു നിരക്കാത്ത പണിയാണ്. എന്റെ കൊച്ച് അങ്ങനൊന്നും കാണിക്കരുത് "

മമ്മിയാകട്ടെ, പപ്പ (ബിജേഷ്) വന്നപ്പോഴേ ഇക്കാര്യം പറഞ്ഞു. അന്നു മുതൽ അവർ കുടുംബപ്രാർഥനയിൽ മിയയുടെ രോഗശമനവും ദൈവത്തോട് ആവശ്യപ്പെട്ടു തുടങ്ങി.

അതിനിടയിൽ, ബിജേഷ് ഒരു തത്വചിന്ത വിളമ്പി -

"നിങ്ങളു രണ്ടും ഒരു കാര്യം ഓർത്തോണം - ആ കൊച്ചിന്റെ മേലായ്ക മാറിയാൽ പിന്നെ ഇതൊക്കെ മറന്നു പോകും. എന്നിട്ട്, വിഷമിച്ചിട്ടു കാര്യമില്ല"

മമ്മി എതിര്‍ത്തു-

"ഓ... പിന്നേ.. എല്ലാവരും അങ്ങനെയല്ല. നമുക്ക് നോക്കാമല്ലോ. അല്ലെങ്കിലും പ്രാർഥിക്കാൻ ഇരിക്കുമ്പോൾ നെഗറ്റീവായി പറയേണ്ട. കഴിഞ്ഞ ഓപൺഡേയ്ക്ക് മിയേടെ മമ്മിയെ കണ്ടിട്ട് വെഷമം തോന്നി. മെലിഞ്ഞ് കണ്ണൊക്കെ കുഴിഞ്ഞ് പാവം! മുടിയൊക്കെ പാറിപ്പറന്നു കിടക്കുന്നു. കൊച്ചിനെയുംകൊണ്ട് ഒരാഴ്ചയൊക്കെ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയിരിക്കും"

മാസങ്ങൾ പിന്നെയും കടന്നു പോയി. കുട്ടികൾ രണ്ടും നല്ല കൂട്ടായി. ചില ദിവസങ്ങളിൽ മിയ സ്കൂളിൽ വരാറില്ല. ആ കുട്ടിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത് ഇൻജക്ഷൻ എടുക്കും. അതിനാൽ, മേഘയുടെ ഫാമിലി പള്ളിയിൽ പോകുമ്പോഴും മിയയുടെ രോഗം ഭേദമാകാൻ ശക്തമായി പ്രാർഥിച്ചു കൊണ്ടിരുന്നു.

കുറച്ചു മാസങ്ങൾ കടന്നു പോയപ്പോൾ രോഗശമനം കണ്ടുതുടങ്ങി. മിയയും കുടുംബവും രോഗപീഡകൾ മറന്നു. മിയയ്ക്ക് ഇൻഹേലർ വല്ലപ്പോഴും മാത്രമേ വേണ്ടി വന്നുള്ളൂ. അതോടെ മിയ ക്ലാസിന്റെ മുഖ്യധാരയിലേക്കു വന്നു തുടങ്ങി. പുതിയ കൂട്ടുകൾ കിട്ടി. അവരിൽ അഞ്ജന എന്നൊരു കുട്ടിയെ പുതിയ സുഹൃത്തായി മിയയ്ക്ക് ബോധിച്ചു.

ഒരു ദിവസം, മേഘ പറഞ്ഞു-

"മമ്മീ, അവൾ ഞാനുമായി ഫ്രണ്ട്ഷിപ് വിട്ടു. അവളുടെ പുതിയ ഫ്രണ്ട് അഞ്ജന വലിയ ഏഷണിക്കാരിയാണ്"

"മോളേ, പഠിക്കുന്ന കാലത്ത് എപ്പോൾ വേണമെങ്കിലും കൂട്ടൊക്കെ വന്നും പോയുമിരിക്കും. കൊച്ച് അത് കാര്യമാക്കണ്ട"

അഞ്ജനയും മിയയും ഒത്തുചേർന്ന് മറ്റുള്ളവരെ കളിയാക്കാനും അപവാദം പ്രചരിപ്പിക്കാനും തുടങ്ങി. ടീച്ചർമാരുടെ അടുത്തു പോയി വിശ്വാസം പിടിച്ചുപറ്റി. ഒരിക്കൽ, മേഘക്കെതിരെ അഞ്ജന തിരിഞ്ഞ് കുപ്രചരണം തുടങ്ങി. അപ്പോൾ സാക്ഷിയാകാൻ പോയത് മിയ!

അതോടെ, മേഘ എന്നന്നേക്കുമായി മിയയുമായി സൗഹൃദം വിട്ടു!

ഒടുവിൽ, സ്കൂൾ ടൂർ പോയപ്പോൾ യാത്രയാക്കാൻ ചെന്നപ്പോഴാണ് മേഘയുടെ പാരന്റ്സ് മിയയെ കണ്ടത്. ആ കുട്ടി ബസിൽ വളരെ ആക്ടീവ്! ഒരിക്കൽ, എല്ലും തോലുമായിരുന്ന മിയയുടെ അമ്മയും തിരിച്ചറിയാൻ വയ്യാത്ത തരത്തിൽ മാറിപ്പോയിരിക്കുന്നു. വണ്ണംവച്ച് മുടിയൊക്കെ നല്ല ഫാഷനിൽ! അതൊക്കെ നല്ല കാര്യങ്ങളായി ബിജേഷിനും റീനയ്ക്കും തോന്നി. 

പക്ഷേ, മിയയുടെ മമ്മി ഇവരുടെ അടുത്തേക്ക് വരാതെ ഒഴിഞ്ഞുമാറി നിന്ന് ഒരു മുന്തിയ ഫാമിലി ഫ്രണ്ടിനൊപ്പം നിൽക്കുന്നതു കണ്ടപ്പോള്‍ നീരസം തോന്നി. ടൂര്‍ ബസും ആ സുഹൃത്തും പോയിക്കഴിഞ്ഞപ്പോള്‍ നാമമാത്രമായി ഏതാനും വാക്കുകള്‍ റീനയോടു മിണ്ടി.

തിരികെ പോരുമ്പോൾ ബിജേഷ് റീനയോടു പറഞ്ഞു -

"മനുഷ്യരുടെ കാര്യം ഇത്രയേ ഉള്ളൂ. വിഷമകാലത്ത് എല്ലാരും സാധുക്കളാണ്. പഞ്ചപാവങ്ങൾ. പിന്നെ നല്ല കാലം വരുമ്പോൾ തനിയെ വിഷപ്പല്ലു മുളയ്ക്കും. വിഷസഞ്ചിയിൽ വിഷം നിറച്ച് ആഞ്ഞു കൊത്തുകയും ചെയ്യും"

കുറച്ചു നേരം റീന ഒന്നും മിണ്ടിയില്ല. പിന്നീട്, അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു -

"ഇപ്പോൾ എന്റെ കൊച്ചാണ് ഒറ്റപ്പെട്ടത്. മിയയുടെ കൂടെ രണ്ടു വര്‍ഷം നടന്നപ്പോള്‍ മറ്റു ഫ്രണ്ട്ഷിപ്പെല്ലാം പോയില്ലേ? കൂട്ടില്ലെങ്കിലും പ്രശ്നമില്ലായിരുന്നു. പക്ഷേ, അവൾ എന്താ ചെയ്തത്? ഒരിക്കലും നമ്മുടെ കൊച്ചിനെതിരെ പ്രവർത്തിക്കരുതായിരുന്നു. നന്ദിയില്ലാത്തവള്‍!"

റീനയുടെ ഉള്ളിൽ വിഷമം ഉണ്ടെന്നു തോന്നിയതിനാൽ അയാൾ കിടക്കാൻ നേരം ചില സമാധാന വാചകങ്ങൾ ഉരുവിട്ടു -

"എടീ, ഈ മനുഷ്യര് ആരാണെന്നാ നിന്റെ വിചാരം? പ്രത്യേകിച്ച് മലയാളികൾ. അവന്മാര് ചെയ്ത ഉപകാരത്തിനു പകരം ഉപദ്രവം ചെയ്തിട്ടേ പോകൂ. അതു കൊണ്ട്, നമ്മൾ പുണ്യം ചെയ്താൽ ദൈവം നമ്മളെ ഓർത്തുവച്ച് എപ്പോഴെങ്കിലും പകരം ചെയ്യുമെന്നു വിചാരിച്ച്‌ സമാധാനിക്ക്.. "

ആശയം - moral of the story for children

ഒരാളുടെ നിവൃത്തികേടില്‍ അയാള്‍ സാധുവാണെന്നു നാം തെറ്റിദ്ധരിക്കും. പക്ഷേ, ദുര്‍ഘട കാലാവസ്ഥ മാറുമ്പോള്‍ അയാള്‍തന്നെ നമുക്കു ശത്രുവായെന്നും വരാം. ഉദാഹരണത്തിന്, ബാങ്ക് ലോണിന്റെ ജാമ്യം നിന്നതിന്റെ കോടാലി കൂട്ടുകാര്‍ക്ക് സമ്മാനിക്കുന്ന പ്രവണത നോക്കുക- ഒരു കാലത്ത് ചങ്ക് , ബ്രോ, മുത്ത് എന്നൊക്കെ വിളിച്ചു നടന്നവര്‍ ഉഗ്ര വൈരികളാവുന്ന കാഴ്ച! എങ്കിലും, വീണ്ടും വീണ്ടും ഉപകാരങ്ങള്‍ നിങ്ങളില്‍നിന്നും ഒരാള്‍ക്കു കിട്ടാനുണ്ടെങ്കില്‍ (നല്ലൊരു കറവപ്പശു) അത്തരം സൗഹൃദങ്ങള്‍ തുടരുന്നത് സ്വാഭാവികം.

അതിനാല്‍, ഭൂരിഭാഗം ഉപകാരങ്ങളിലും നിര്‍ഗുണമോ തിരിച്ചടിയോ പ്രതീക്ഷിക്കണം! പെട്ടെന്ന്, അടികിട്ടുമ്പോള്‍ തളര്‍ന്നുപോകരുത്!

Comments

POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

അറബിക്കഥകള്‍ -1

Opposite words in Malayalam

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1