അലക്സാണ്ടർചക്രവർത്തി തന്റെ സാമ്രാജ്യം വിപുലീകരിച്ചുകൊണ്ടിരുന്നു. ഒട്ടേറെ രാജ്യങ്ങൾ പിടിച്ചടക്കി. എതിർത്തവരെയെല്ലാം വെട്ടിനിരത്തി. ആ രാജ്യങ്ങളിലെ വിലപിടിച്ചതെല്ലാം സ്വന്തമാക്കി ജൈത്രയാത്ര തുടർന്നു. അങ്ങനെ, അലക്സാണ്ടറുടെ പോരാട്ടവീര്യവും അസാമാന്യധൈര്യവും യുദ്ധം ആസൂത്രണം ചെയ്യുന്ന മികവുമെല്ലാം ലോകമെങ്ങും അറിയപ്പെട്ടു. 'മഹാനായ അലക്സാണ്ടർ' എന്ന പേരിൽ ചക്രവർത്തി പ്രശസ്തനായി.
അദ്ദേഹം തിരികെ ഗ്രീസിൽ എത്തിയപ്പോൾ വലിയ വരവേല്പാണു ലഭിച്ചത്. ആളുകൾ അദ്ദേഹത്തെ അഭിനന്ദിക്കുകയും മുഖസ്തുതി പാടുകയും ചെയ്തു കൊണ്ടിരുന്നു.
എന്നാൽ, ഗ്രീസിലെ തത്വചിന്തകനായിരുന്ന ഡയോജനീസ് മാത്രം അലക്സാണ്ടറിന്റെ നയങ്ങളോടും പ്രവൃത്തികളോടും പരസ്യമായി എതിർപ്പു കാട്ടിയിരുന്ന മഹാനായിരുന്നു-
"എന്തിനാണ് മറ്റുള്ള രാജ്യങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തി സാമ്രാജ്യം സൃഷ്ടിക്കുന്നത്?"
"അവരെ കൊള്ളയടിച്ച് അളവില്ലാത്ത ധനസമ്പാദനം എന്തിന്?"
“യുദ്ധങ്ങള്‍ ഉണ്ടാക്കുന്ന വേദനകള്‍ എത്ര ഘോരമാണ്?”
ഇത്യാദി ചോദ്യങ്ങൾ ധൈര്യസമേതം അദ്ദേഹം ഉന്നയിച്ചിരുന്നു.
ഇങ്ങനെയെങ്കിലും, തന്നെ വന്നു കാണാൻ കൂട്ടാക്കാത്ത ഡയോജനീസിനെ നേരിട്ടു കണ്ടു കളയാമെന്ന് അലക്സാണ്ടർ തീരുമാനിച്ചു. അദ്ദേഹം സർവ്വ സന്നാഹങ്ങളോടും പ്രൗഢിയോടും കൂടി ഡയോജനീസിന്റെ മുന്നിൽ ചെന്നു നിന്നു ചോദിച്ചു -
"ഞാൻ താങ്കൾക്ക് എന്താണു ചെയ്തു തരേണ്ടത് ?"
ഒട്ടും കൂസാതെ ഡയോജനീസ് ഉത്തരമേകി -
"താങ്കളുടെ നിഴൽ കാരണം എനിക്കുള്ള വെളിച്ചം നഷ്ടപ്പെടുന്നു. ഇവിടെ നിന്നും മാറി നിൽക്കുക !"
പിന്നീട്, അലക്സാണ്ടർ ചക്രവർത്തി ഇങ്ങനെ എഴുതി-
"ഞാൻ അലക്സാണ്ടർചക്രവർത്തി അല്ലായിരുന്നെങ്കിൽ ഡയോജനീസ് ആകാനായിരുന്നു ആഗ്രഹം!"
ആശയം -
സമൂഹത്തെ കുറച്ചെങ്കിലും നേർദിശയിൽ കൈ പിടിച്ചു നടത്താൻ ഡയോജനീസ് പതിപ്പുകൾക്ക് കഴിഞ്ഞിട്ടുണ്ട്. അവർ പല കാലങ്ങളിലും അവതരിച്ചിട്ടുണ്ട്. ഇനിയും അവതരിക്കുകയും ചെയ്യും. പരമ്പരാഗത മുഖസ്തുതികളുടെയും കൊടുക്കൽ-വാങ്ങൽ സമവായത്തിനും അവരെ കിട്ടില്ല. എന്തു കാപട്യത്തിലൂടെയും പണമുണ്ടാക്കി വരും തലമുറയ്ക്ക് രാജവാഴ്ച സമ്മാനിക്കുകയുമില്ല. അതിനാൽത്തന്നെ എതിർപ്പുകളുടെ കുന്തമുന നേരിടുകയും ചെയ്തേക്കാം.
Comments