ശിഷ്യന്മാരുടെ തര്‍ക്കം

പണ്ടുപണ്ട്, സിൽബാരിപുരംരാജ്യത്ത് തീർഥപാദൻ എന്നൊരു സന്യാസിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആശ്രമത്തിലെ പത്തു ശിഷ്യന്മാരും ഏതാണ്ട് ഒരു പോലെ മിടുക്കരായിരുന്നു. എങ്കിലും, ചന്തുവായിരുന്നു സന്യാസിയുടെ ഇഷ്ട ശിഷ്യൻ. അതിനാൽ, ചന്തുവിനോട് മറ്റുള്ള ശിഷ്യന്മാർക്ക് അസൂയ മൂത്തു. ഈ കാര്യം കൂടുതൽ വഷളാകുമെന്ന് സന്യാസിക്കു തോന്നിത്തുടങ്ങി.

ഒരു ദിവസം-

സന്യാസി അതിരാവിലെ എണീറ്റു. ആശ്രമത്തിന്റെ മുറ്റത്ത് പഴയ ഒരു പുസ്തകത്തിന്റെ കെട്ടുനൂല്‍ അഴിച്ച്, ഓരോ താളും വിടുവിച്ചു. പിന്നെ, മുറ്റത്തു നിരത്തിവച്ചു.

പിന്നെ, ഉച്ചയായപ്പോള്‍ സന്യാസി ശിഷ്യരോടു പറഞ്ഞു -

"എന്റെ പഴയ ഒരു ഗ്രന്ഥം നനഞ്ഞു കീറിയത് ഞാൻ മുറ്റത്തെ വെയിലത്ത് ഉണക്കാൻ വച്ചിട്ടുണ്ട്. അത് നിങ്ങൾ താളിന്റെ ക്രമം അനുസരിച്ച് അടുക്കിത്തരണം"

അവർ പത്തുപേരും കൂടി അവയെല്ലാം പെറുക്കിയെടുത്തു. അതിനു ശേഷം അടുക്കിവച്ച് നൂലുകൊണ്ട് തുന്നിക്കെട്ടി. അവസാനം, ഗ്രന്ഥം പൊതിഞ്ഞ് വൃത്തിയാക്കി ഗുരുവിനെ ഏൽപ്പിച്ചു.

ആ സമയത്ത്, ഗുരു പത്തുപേരെയും ഒരുമിച്ചുനിർത്തി. അദ്ദേഹം ചോദിച്ചു -

"നിങ്ങൾ പത്തുപേരും നന്നായി പ്രവർത്തിച്ച് ആ ഗ്രന്ഥം പഴയതുപോലെ ഭംഗിയായി തിരികെ തന്നിരിക്കുന്നു. എന്നാൽ, ആ പുസ്തകത്തിൽ എന്തിനെക്കുറിച്ചാണു പ്രധാനമായും പറഞ്ഞിരിക്കുന്നത്?"

എല്ലാവരും പരസ്പരം മുഖത്തോടു മുഖം നോക്കി നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല. കാരണം, അവർ അതു ശ്രദ്ധിച്ചിരുന്നില്ല.

എന്നാല്‍, അല്പനേരത്തെ ആലോചനയ്ക്കു ശേഷം ചന്തു പറഞ്ഞു -

"ഗുരുജീ, ആ ഗ്രന്ഥത്തിൽ പറയുന്നത് ശ്രീബുദ്ധന്റെ പൂർവജന്മ കഥകളേക്കുറിച്ചാണ്"

സന്യാസി മറ്റുള്ള ഒന്‍പതുപേരോടായി പറഞ്ഞു-

"ചന്തുവിനെ പ്രധാന ശിഷ്യനാക്കിയതിൽ ഇനി നിങ്ങൾക്ക് എന്തെങ്കിലും പരാതിയുണ്ടോ?"

അവർ ലജ്ജിച്ച് തല താഴ്ത്തി.

ആശയം -

ചിലർക്ക് പ്രതിഭകളെ അംഗീകരിക്കാൻ വല്ലാത്ത ബുദ്ധിമുട്ടായിരിക്കും. അസൂയയോ അപകർഷമോ ആയിരിക്കാം കാരണം. എന്നാൽ, വസ്തുതകളുടെ മുന്നിൽ കൊഞ്ഞനംകുത്തി കാട്ടിയിട്ടോ, പുറംതിരിഞ്ഞു നിന്നിട്ടോ എന്തു പ്രയോജനം? കാര്യങ്ങളെ സങ്കുചിത മനസ്സിന്റെ പുറംതോട് പൊട്ടിച്ച് വിശാല മനസ്സോടെ കാണാൻ പരിശീലിക്കുമല്ലോ.

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam