അഹങ്കാരം എന്നൊരു ചിത്രം
ഒരിക്കൽ, ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസ് കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അപ്പോൾ, അവിടേക്ക് ഒരു ധനികൻ കടന്നു വന്നു. സോക്രട്ടീസിനെ കാണുകയായിരുന്നു ലക്ഷ്യം.
എന്നാൽ, അദ്ദേഹം തന്റെ അധ്യാപനം മുഴുവൻ കഴിഞ്ഞതിനു ശേഷം മാത്രമാണ് ധനികനെ കാണാൻ കൂട്ടാക്കിയത്. ഇത് ആ പ്രമാണിക്ക് തീരെ പിടിച്ചില്ല. അയാൾ സോക്രട്ടീസിനോടു രസിക്കാത്ത മട്ടിൽ ചോദിച്ചു -
"ഞാൻ ആരാണെന്നു താങ്കൾക്കു മനസ്സിലായില്ലേ?"
സോക്രട്ടീസ് അതിനു മറുപടി പറയാതെ അയാളെ ക്ലാസ് മുറിയിലേക്കു കൊണ്ടു പോയി ഒരു ഭൂപടം കാണിച്ചു ചോദിച്ചു -
"ഇതിൽ എവിടെയാണു ഗ്രീസ് ?"
അയാൾ ഉടൻ തന്നെ ഭൂപടത്തിൽ ചൂണ്ടിക്കാട്ടി.
സോക്രട്ടീസ് തുടർന്നു -
"ഗ്രീസിൽ എവിടെയാണ് ഏതൻസ് ?"
അതും പ്രമാണി കണ്ടു പിടിച്ചു പറഞ്ഞു.
സോക്രട്ടീസ് ചോദിച്ചു -
"ഇനി താങ്കൾ താമസിക്കുന്ന തെരുവ് എവിടെയാണ്?"
അയാൾ കുഴങ്ങി.
"താങ്കളുടെ വീട് എവിടെ?"
അതിനും ഉത്തരമില്ല.
"ശരി, വീട്ടിലെ താങ്കളുടെ കിടപ്പുമുറി എവിടെയാണ്?"
അപ്പോഴും ഭൂപടത്തിൽ നോക്കി പ്രമാണി അന്തം വിട്ടുനിന്നു.
അനന്തരം, സോക്രട്ടീസ് പറഞ്ഞു -
"ഈ ഭൂപടത്തിൽ പോലും ഇല്ലാത്ത താങ്കളെ ഞാൻ എങ്ങനെ അറിയും?"
ആ പ്രമാണി ലജ്ജിച്ചു തലതാഴ്ത്തി.
ആശയം -
ഒരു വ്യക്തിയുടെ ഈ ലോകത്തെ സ്ഥാനം മനസ്സിലാക്കി ജീവിച്ചാൽ കുടുംബ ജീവിതത്തിലെ പല പ്രശ്നങ്ങളും തീരാവുന്നതേയുള്ളൂ. മൂന്നരക്കോടി ആളുകൾ നാം മലയാളികളായി കേരളത്തിലുണ്ട്. ലക്ഷക്കണക്കിനു വരുന്ന ധനികരായ ഒരു വിഭാഗം ഉണ്ട്. പിന്നെ, അഞ്ചരലക്ഷത്തോളം വരുന്ന സർക്കാർ ജോലിക്കാർ. അതിൽത്തന്നെ വലിയ അധികാര സ്ഥാനത്തുള്ള ഒട്ടേറെ ഇദ്യോഗസ്ഥർ. പിന്നെ, സമ്പന്ന വിഭാഗങ്ങളിൽ പെടുന്ന വിദേശ മലയാളികൾ. ഇവർക്കെല്ലാം ഇടയിൽ ഒരാൾ അഹങ്കരിക്കാൻ ശ്രമിച്ചാൽ അതിൽ വലിയ കാര്യമില്ല. ആരു തിരിച്ചറിയാന്‍?
എന്നാൽ, ഓരോ വ്യക്തിക്കും ഒരു സ്ഥാനമുണ്ടെന്നും കരുതണം. മറ്റുള്ളവരെ താരതമ്യപ്പെടുത്തി അപകർഷബോധത്താൽ ഉരുകുന്ന മനസ്സുമായി നടക്കുന്നതും ശരിയല്ല. ഒരു കുടുംബത്തിൽ ആവശ്യമായ സ്ഥാനം മനസ്സിൽ കരുതി ജീവിക്കണം. ഈഗോ പുറപ്പെടുന്ന അനാവശ്യമായ സ്ഥാനം ത്യജിക്കുകയും വേണം.
കുടുംബത്തിൽ വിട്ടുവീഴ്ച, അഡ്ജസ്റ്റ്മെന്റ്, കോംപ്രമൈസ് എന്നിങ്ങനെയുള്ള പദങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.
ഒരേ സമയം, പല ദിശയിലേക്കുള്ള മെയ് വഴക്കം കുടുംബ ജീവിതത്തിൽ പരിശീലിക്കുക. മർക്കടമുഷ്ടി വേണ്ടല്ലോ.
Comments