1. പരിശുദ്ധ മറിയത്തിന്റെ അത്ഭുതങ്ങള്‍ (St. Mary)
ഇന്ന്, ലോകത്ത് ഏറ്റവുമധികം ആരാധിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും വണങ്ങപ്പെടുകയും ചെയ്യുന്ന സ്ത്രീ ആരാണ്? അത് മറ്റാരുമല്ല- നസ്രത്തില്‍ ജനിച്ച യേശുവിന്റെ അമ്മയായ മറിയം ആകുന്നു. ദൈവമാതാവ്, പരിശുദ്ധ അമ്മ, മുത്തിയമ്മ, കന്യാമറിയം, വിശുദ്ധ മേരി എന്നിങ്ങനെ പല നാമങ്ങളിലും മറിയം അറിയപ്പെടുന്നുണ്ട്.
നാം മലയാളികള്‍, ജോലി തേടിയും കുടിയേറ്റക്കാരായും സന്ദര്‍ശനത്തിനായും മറ്റും വിവിധ രാജ്യങ്ങളില്‍ സഞ്ചരിക്കുന്നു. അങ്ങനെ ലോകം അടുത്തടുത്ത് വരുന്ന കാലമാണിത്. പല കാലഘട്ടങ്ങളിലായി പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ട സ്ഥലങ്ങള്‍ അറിഞ്ഞിരിക്കുന്നത് മറിയത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അവരുടെ യാത്രകളില്‍ വലിയൊരു അനുഗ്രഹമായിരിക്കും.
ഈ സന്ദര്‍ശനവേളയില്‍ ഒന്നുരണ്ടു കാര്യം ശ്രദ്ധിക്കണം. മനമുരുകി പ്രാര്‍ത്ഥിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ പ്രഥമ പരിഗണന കൊടുക്കണം. അല്ലാതെ, സോഷ്യല്‍ മീഡിയയില്‍ 'പോസ്റ്റാന്‍' ഇരുന്നും കിടന്നും ചാടിയും മറ്റും, ഫോട്ടോയും വീഡിയോയും എടുത്തു ക്ഷീണിച്ച് ഒരു വഴിപാടു പോലെ അവസാനം പ്രാര്‍ത്ഥനയെ വെറും പ്രഹസനമാക്കരുത്. അവിടെ, സ്ഥലം കാണുന്നതും ഭക്ഷണം കഴിക്കുന്നതും ഫോട്ടോ എടുക്കുന്നതും ഷോപ്പിങ്ങും മറ്റും, പ്രാര്‍ത്ഥന കഴിഞ്ഞായിരിക്കും നല്ലത്!
അതുപോലെ, ഭക്തര്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയിലുള്ള വര്‍ത്തമാനങ്ങളും ഫോണ്‍ ഉപയോഗങ്ങളും പാടില്ല. മറ്റുള്ളവരെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള വസ്ത്രധാരണം ഒഴിവാക്കണം. തിരക്കുള്ള സ്ഥലമെങ്കില്‍ ക്യൂ നിന്ന് മാന്യത കാട്ടുക. കുട്ടികളുടെ കയ്യില്‍ നിന്നായാലും അലക്ഷ്യമായി യാതൊന്നും താഴെ വീഴാതെ വേസ്റ്റ് യഥാസ്ഥാനത്ത് നിക്ഷേപിക്കുമല്ലോ.
മാതാവ് പ്രത്യക്ഷപ്പെട്ട ഓരോ അത്ഭുതവും നടന്ന രാജ്യങ്ങള്‍, സ്ഥലങ്ങള്‍, ദര്‍ശനം കിട്ടിയവര്‍, വര്‍ഷം എന്നിവ ക്രമത്തില്‍ താഴെ കൊടുത്തിരിക്കുന്നു.
ഇന്ത്യ
കേരളത്തിലെ കുറവിലങ്ങാട് എന്ന സ്ഥലത്ത് ഏതാനും കുട്ടികള്‍ക്ക് മാതാവ് ദര്‍ശനം നല്‍കി. എ.ഡി. 335-ല്‍ ആയിരുന്നു അത്.
തമിഴ്നാട്ടിലെ വേളാങ്കണ്ണിയില്‍ 1580-ല്‍ രണ്ടു തമിഴ് ബാലന്മാരുടെ മുന്നില്‍ മാതാവ് പ്രത്യക്ഷപ്പെട്ടു.
ബ്രിട്ടന്‍
വാല്‍സിംഗ്ഹാമില്‍ വച്ച് റിച്ചല്‍ദിസ് ഫവര്‍ചെസിന് മുന്നില്‍ 1061-ല്‍.
കെന്റ്- വിശുദ്ധ സൈമണ്‍ സ്റ്റോക്ക് - 1251
ഫ്രാന്‍സ്
പ്രോവീല്‍ - വിശുദ്ധ ഡൊമിനിക് ഓഫ് ഗസ്മാന്‍ - 1208
ക്വെറിന്‍ - ജീന്‍ കോര്‍ടെല്‍ - 1652
ലാവോസ് - ബെനെഡിക്ട റെന്‍കാറല്‍ - 1664
ലെസ്ക്യൂര്‍ - ജീന്‍ പെയ്ല്‍ - 1717
പാരിസ് - വിശുദ്ധ കാതറീന്‍ ലബോര്‍ - 1830
ലാസലറ്റ് - മെലാനി, മക്സിമിന്‍ - 1846
ലൂര്‍ദ് - വിശുദ്ധ ബര്‍ണര്‍ദീത്ത - 1858
പോണ്ട്മെയിന്‍ - യൂജിന്‍, ഫ്രിട്ടോ, ജീന്‍മേരി, ഫ്രാന്‍സിസ് - 1871
സെന്റ്. ബേസില്‍ - അഗസേ ആര്‍നോഡ് - 1873
പെല്ലെവോസിന്‍ - എസ്റ്റ്ല്ലെ ഫഗ്വക് - 1876
ലില്‍ ബൌച്ചാര്‍ദ് - നിക്കോള്‍, ലോറ, ജീനറ്റ്, ജാക്വലിന്‍ - 1947
ഇറ്റലി
തൊളന്തിനോ - വിശുദ്ധ നിക്കോളാസ് - 1285
ഫോര്‍ളി - വിശുദ്ധ പെരിഗ്രിനോ ലാസിക്കേസി - 1335
മൊണ്ടാഗ് നാഗ - ഡൊമിനിക്ക ടാര്‍ഗ - 1729
റോം - മേരി അല്‍ഫോന്‍സ് - 1842
കാസ്റ്റ്ല്‍ പെട്രോസോ - ഫാബിയാന, സെറെഫീന - 1888
പിയന്ന റൊമാന - വിശുദ്ധ പദ്രെ പിയോ - 1910
ഗിയാ ഡി ബോനെറ്റ് - അഡലൈഡ് റോണ്‍കലി - 1944
ത്രെ ഒഫാന്താണോ - ബ്രൂണോ കോര്‍ണാച്ചിയോള - 1947
മോന്തിക്വേരി - പെരീന ഗില്ലി - 1947
ബാലസ്ത്രിനോ - കാതറീന റിച്ചറോ - 1949
സെഫല ഡയാന - നാലു കുട്ടികള്‍ - 1967
സാന്റോ ഡൊമിനിക്ക - ബ്രദര്‍ കോസിമോ ഫ്രാഗമേനി- 1968
സലെര്‍ന്നോ - ഒലിവേഞ്ഞോ നിത്രാ - 1985
ബെല്‍പാസോ - റോസാരിയോ ടോസ്കാനോ - 1986
മെക്സിക്കോ
ഗ്വാഡലുപ്പെ - വിശുദ്ധ ജുവാന്‍ ഡിയേഗോ - 1531
പോളണ്ട്
ലെസാസ്ക് - തോമസ് മൈക്കിള്‍ - 1578
ഗിറ്റ്സ്വാള്‍ഡ് - ജസ്ടീന ബാര്‍ബറ - 1877
സുഡന്‍സ്ക - വിശുദ്ധ മാക്സ്മില്യന്‍ കോള്‍ബെ - 1904
ക്രക്കൊവ് - വിശുദ്ധ ഫൌസ്തിന - 1936
ഇക്വഡോര്‍
ക്വിറ്റോ - മദര്‍ മരിയാന ടോറസ് - 1594
സുയെന്‍ക - പാട്രീഷ്യ ടാല്‍ബോട്ട് - 1988
ലിത്വാനിയ
സിലുവ - നാലു കുട്ടികള്‍ - 1608
ഓസ്ട്രിയ
മരിയ ഹില്‍ബെര്‍ഗ് - സെബാസ്റ്റ്യന്‍ സ്ലാഗര്‍ - 1661
വിയറ്റ്‌നാം
ലവാംഗ് - ക്രിസ്ത്യന്‍ അഭയാര്‍ഥികള്‍ - 1798
അമേരിക്ക
റോബിന്‍സണ്‍വില്ലെ - ഐയ്ഡല്‍ ബ്രിസ് - 1859
റോം സിറ്റി - മില്‍ഡ്റെഡ് എഫ്രേം - 1956
ന്യൂയോര്‍ക്ക് - വെറോനിക്ക - 1970
ചെക്ക് റിപ്പബ്ലിക്
ഫിലിപ്സ്ഡോര്‍ഫ് - മഗ്ദലീന കഡെ - 1866
അയര്‍ലണ്ട്
നോക്ക് - പതിനഞ്ചു പേരുടെ കൂട്ടായ്മയുടെ മുന്നില്‍ - 1879
ചൈന
ഡോങ്ങ്ലൂ - മുപ്പതിനായിരം തീര്‍ഥാടകരുടെ മുന്‍പാകെ - 1900
ബെല്‍ജിയം
ബ്രസല്‍സ് - ബെര്‍തെ പെറ്റിറ്റ് - 1911
ബൂറാഗ്- അഞ്ചു കുട്ടികള്‍ -1932
ബന്നക്സ് - മരിയറ്റ് ബെക്കോ -1933
പോര്‍ച്ചുഗല്‍
ഫാത്തിമാ - ജസീന്ത, ഫ്രാന്‍സിസ്, ലൂസി - 1917
ജര്‍മനി
ഹീഡ് - അന്ന, ഗ്രേറ്റ, സൂസന്ന, മാര്‍ഗരറ്റ് - 1937
മരിയന്‍ ഫ്രീഡ് - ബാര്‍ബറ റീസ് - 1946
നെതര്‍ലാന്‍ഡ്‌സ്
ആംസ്റ്റര്‍ഡാം - ഈഡ പേര്‍ദേമാന്‍ - 1945
സ്പെയിന്‍
ലാ കൊഡോസര - ആഫ്ര, മാര്‍സലീന - 1945
ഗാരബന്ദാള്‍ - മേരി ലോലി, കൊഞ്ചിത, ജസീന്ത, മേരി ക്രൂസ് - 1962
ഹംഗറി
ഹാസ്നോസ് - ക്ലാര ലാസ് ലോണ്‍ - 1947
ഫിലിപ്പൈന്‍സ്
ലിപാ - തെരെസിറ്റ കാസില്ലോ 1948
സൗത്ത് ആഫ്രിക്ക
ഇന്‍ഗോം - റെയ്നോള്‍ഡാ മേയ് -1955
ബ്രസീല്‍
നേറ്റിവിദാദ് - സെബാസ്റ്റ്യന്‍ ഫോസ്റ്റോ - 1967
ഇറ്റാപിരംഗ- എഡ്സന്‍ ഗ്ലോബര്‍ - 1994
ഈജിപ്റ്റ്
സൈറ്റൂണ്‍ - തീര്‍ഥാടക സമൂഹം - 1968
ജപ്പാന്‍
അക്കിത്ത - ആഗ്നസ് സാസഗാവ - 1973
വെനെസ്വേല
ബെത്താനിയ - മരിയ എസ്പരാന്‍സ - 1976
നിക്കരാഗ്വ
കുവാപ്പാ - ബര്‍നാഡോ മാര്‍ട്ടിനെസ് - 1980
ബോസ്നിയ
മെഡ്ജുഗോറി - മിര്‍ജാന ഇവാക്ക് - 1981
റുവാണ്ട
കിബഹോ - ഏഴ് യുവാക്കള്‍ - 1981
സിറിയാ
ദമാസ്കസ് - മിര്‍ന നസൂര്‍ -1982
അര്‍ജന്റീന
സാന്‍ നിക്കോളാസ് - ഗ്ലാഡിസ് ക്വിറോഗ -1983
സാള്‍ട്ട -മരിയ ലിവിയ -1990
സൗത്ത് കൊറിയ
നാജു -ജൂലിയ കിം -1985
നൈജീരിയ
ഒക്പേ -ക്രിസ്ത്യാനോ അഗ്ബോ-1992
ഒക്പേ -ക്രിസ്ത്യാനോ അഗ്ബോ-2004
2. ചാവറ കുര്യാക്കോസ് ഏലിയാസ്
1805-1871 സമയത്തായിരുന്നു ചാവറ കുര്യാക്കോസ് ഏലിയാസ് എന്ന ചാവറയച്ചൻ ജീവിച്ചിരുന്നത്. സാഹിത്യം, സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം, സാഹിത്യം, അച്ചടി, ദൈവഭക്തി എന്നിവയിലെല്ലാം സമൂഹത്തിന് കനത്ത സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തിത്വമായിരുന്നു അച്ചന്റെത്.
മലയാളം അച്ചടിയുടെ കാര്യം ഒന്നു പരിശോധിക്കാം. ബഞ്ചമിൻ ബെയ്ലി 1822-ൽ കോട്ടയത്ത് അച്ചടിശാല സ്ഥാപിച്ചു മലയാളം അച്ചടിച്ചു. കൂടാതെ, 1845-ൽ ഹെർമൻ ഗുണ്ടർട്ട് തലശ്ശേരിയിൽ മലയാളം അച്ചടിച്ചു. ഇവർ രണ്ടു പേരും വിദേശികളായിരുന്നു. അദ്ദേഹം സ്പെയിൻകാരനായിരുന്നു. ജീവിതകാലം 1506-1552 വരെ.
അക്കാലത്ത്, ഒരു ഏകീകൃത കുടുംബ പ്രാർഥന ക്രിസ്ത്യാനിവീടുകളിൽ ഉണ്ടായിരുന്നില്ല. കാരണം, മലയാളത്തിൽ പ്രാർഥന പുസ്തകം ഇറങ്ങിയിട്ടില്ലാത്തതിനാൽ ആരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ലല്ലോ. ഇക്കാര്യം പരിഹരിക്കണമെന്ന് ചാവറയച്ചൻ ആലോചിച്ചു. സന്ധ്യാപ്രാർഥന കുടുംബത്തിന്റെ ആത്മീയ വളർച്ചക്ക് നിർബന്ധമെന്ന് അച്ചന് അറിയാമായിരുന്നു. അങ്ങനെയാണ് ആദ്യമായി ഒരു മലയാളി, മലയാളംഅച്ചുകൂടം സ്ഥാപിച്ച് ആദ്യമായി മലയാളം അച്ചടിച്ചത്. ആ സംഭവം 1846-ൽ മാന്നാനം സെന്റ് ജോസഫ് പ്രസിലായിരുന്നു. ഇതിനായി 1843-ൽ കപ്പമാവുമൂട്ടിൽ മറിയത്തുമ്മ 12,000 ചക്രം സംഭാവനയായി നൽകിയത്രെ!
ആ സമയത്ത്, പ്രൊട്ടസ്റ്റന്റ് വിഭാഗവും കത്തോലിക്കാ വിഭാഗവും തമ്മിൽ നല്ല ബന്ധമായിരുന്നില്ല. രണ്ടു തവണ സി.എം.എസ് പ്രസിന്റെ കോട്ടയം ചുമതലക്കാരനെ ചാവറയച്ചൻ സന്ദർശിച്ചെങ്കിലും പ്രസ് കാണാൻ അദ്ദേഹം അനുവദിച്ചില്ല. അതിനാൽ, തിരുവനന്തപുരത്തെ സർക്കാർ പ്രസിൽ ചാവറയച്ചൻ എത്തിച്ചേർന്നു. അവിടെ നല്ല സ്വീകരണമാണ് അച്ചനു ലഭിച്ചത്. അതിന്റെ രൂപരേഖ മനസ്സിരുത്തി മാന്നാനത്ത് ആശാരിയെക്കൊണ്ട് അച്ചുകൂടം പണിതു. ആദ്യം അച്ചൻ വാഴപ്പിണ്ടിയിലാണ് മാതൃക (പ്രോട്ടോടൈപ്പ്) ഉണ്ടാക്കിയത്. അതിനുശേഷം, മലയാള അക്ഷരങ്ങളുടെ അച്ച് വാർത്തത് സി.എം.എസ് പ്രസിലെ ശിവരാമൻ എന്ന തമിഴ് വംശജനായ ആശാരിയായിരുന്നു. അയാളെ ഒളിവിൽ പാർപ്പിച്ച് രഹസ്യമായി ഇതു പൂർത്തിയാക്കിയെന്ന് പറയപ്പെടുന്നു.
അങ്ങനെ, 1847-ൽ ആദ്യത്തെ 'ജ്ഞാനപീയൂഷം' എന്ന പ്രാർഥനപുസ്തകം അച്ചടിച്ചു. ഇതേ പ്രസിൽ നിന്നുമാണ് ചാവറയച്ചന്റെ മരണശേഷം, നിലവിലുള്ള ആദ്യത്തെ മലയാള ദിനപത്രമായ ദീപിക 'നസ്രാണി ദീപിക' എന്ന പേരിൽ അച്ചടി ആരംഭിച്ചത്. അത്, 1887- April 15- നായിരുന്നു.
പിന്നീട്, ഇതിന്റെ അച്ചടി കോട്ടയം പട്ടണത്തിലേക്ക് മാറ്റിയെന്നു മാത്രം. അതു മാത്രമല്ല, മലയാളത്തിലെ ആദ്യ ക്രിസ്തീയ കുടുംബമാസികയായ 'കർമ്മല കുസുമം, 1903-ൽ മാന്നാനം സെന്റ് ജോസഫ് പ്രസിൽ നിന്നും പ്രസിദ്ധീകരിച്ചുതുടങ്ങി.
ചാവറയച്ചന്‍ രചിച്ച കൃതികള്‍
1. മാനാനം നാളാഗമം- ഒന്നാം വാല്യം
2. മാനാനം നാളാഗമം - രണ്ടാം വാല്യം
3. മാനനത്ത് സന്യാസ സമൂഹത്തിന്റെ ആരംഭം
4. അമ്പഴക്കാട്ട് കൊവേന്തയുടെ നാളാഗമം
5. കൂനമ്മാവ് മഠം നാളാഗമം
6. ആത്മാനുതാപം
7. മരണവീട്ടിൽ പാടുവാനുള്ള പാന
8. അനസ്താസ്യായുടെ രക്തസാക്ഷിത്വം
9. ധ്യാന സല്ലാപങ്ങൾ
10. ദൈവിളിമെൻ ധ്യാനം
11. ദൈമനോഗുണൾമേൽ ധ്യാനം
12. ചാവുദോഷത്തിന്മേൽ ധ്യാനം
13. രണ്ടച്ചന്മാരുടെ വെല എന്നതിൻമേൽ
14. ഭക്തിയില്ലാത്ത പട്ടസുഖക്കാരന്റെ മരണം
15. കാനോന നമസ്കാരം
16. സീറോ മലബാർ സഭയുടെ കലണ്ടർ
17. ശവസംസ്കാര ശുശ്രൂഷകൾ
18. നാൽപതു മണിയുടെ ക്രമം
19. ഒരു നല്ല അപ്പന്റെ ചാവരുൾ
20. മറ്റു പല പഴയ ചരിത്രങ്ങൾ
മലയാളത്തിലും സുറിയാനി ഭാഷയിലുമായി ചാവറയച്ചൻ, ഇത്തരം പുസ്തകങ്ങൾ എഴുതി അച്ചടിച്ച കാലഘട്ടം പ്രധാനമായി എടുത്തു പറയേണ്ട ഒന്നാണ്. മലയാള ഭാഷയ്ക്ക് വളര്‍ച്ചയുടെ പാത സമ്മാനിച്ച് ഈ വിശുദ്ധന്‍ സ്വജീവിതം ധന്യമാക്കി.
3. ചാവറയച്ചന്റെ ചാവരുള്‍
ചാവറയച്ചന്റെ (വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്) ഏറ്റവും ശ്രദ്ധേയമായ ജീവിത സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകമാണ് 'ഒരു നല്ല അപ്പന്റെ ചാവരുൾ' അച്ചന്റെ സ്വന്തം ഇടവകയായ കൈനകരിയിലെ കുടുംബങ്ങൾക്കായി 1868-ൽ രചിച്ചതാണ് ഈ ജീവിത സന്ദേശം. കുടുംബ ജീവിതം മെച്ചപ്പെടുത്തുന്ന ഒരു ചെറിയ കൃതിയായിരുന്നു അത്. കുട്ടികൾക്കും മാതാപിതാക്കൾക്കും ഏറെ പ്രയോജനം ഇതിൽ നിന്നും ലഭിക്കുന്നു.
അതിന്റെ കാതലായ ഭാഗം ചുവടെ ചേർക്കുന്നു -
1. വഴക്കുള്ള തറവാട് വേഗം നശിക്കും
2. ഉള്ളതുകൊണ്ട് സംതൃപ്തനാകുക
3. പ്രായത്തിനൊത്ത വസ്ത്രധാരണവും ആത്മവിശുദ്ധിയും കാത്തു സൂക്ഷിക്കുക
4 ധാരാളിയുടെ സന്തോഷം പുക പോലെ മാഞ്ഞു പോകും
5 ന്യായമായ അധ്വാനം കൊണ്ട് സമ്പത്ത് വർധിപ്പിക്കുക
6. സ്വന്തം സഹോദരങ്ങളെ വെറുക്കരുത്
7. രോഗികളെയും ദീനക്കാരെയും ചെന്നു കണ്ട് ശുശ്രൂഷിക്കുക
8. ധനം മനുഷ്യനന്മക്കു വേണ്ടി ചെലവാക്കണം. അല്ലെങ്കിൽ അത് ധാർമികത അല്ല
9. മറ്റുള്ളവരോട് ക്ഷമിക്കുന്നത് മനഃശക്തിയും വിവേകവുമുള്ള വ്യക്തിക്ക് മാത്രം കഴിയുന്നതാണ്.
10. നിങ്ങളുടെ കഴിവ് - ജീവിതക്രമത്തിലും ദൈവഭക്തിയിലും ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതിലും ആകട്ടെ
11. ഒരാളുടെ ജീവിതാന്തസ്സ് തെരഞ്ഞെടുക്കുന്നതിന് അധികം താമസം അരുത്
12. മടി സർവ ദുർഗുണങ്ങളുടെയും മാതാവാകുന്നു
13. മക്കൾക്ക് ജീവിതാന്തസ്സ് തെരഞ്ഞടുക്കുന്നതിൽ പൂർണസ്വാതന്ത്ര്യം നൽകണം
14. നിന്റെ അന്തസ്സിനു തക്കവണ്ണം വേലയെടുക്കണം
15 . ഉള്ളതിന്റെ ഭാവം മുഴുവൻ പുറമേ കാണിക്കുന്നവൻ അവസ്ഥയിൽ കുറഞ്ഞവനാകുന്നു
16. ആശ്രമങ്ങളുടെ മഹത്വം അതിന്റെ ഭിത്തികളുടെ കനമല്ല. അതിൽ വസിക്കുന്നവർ തമ്മിലുള്ള സ്നേഹമാണ്
17. കുർബാനകടവും ഉത്തരിപ്പുകടവും കുടുംബത്തിനുണ്ടായാൽ ദൈവശാപം വീഴുന്നതിനു കാരണമാകും
18. കുട്ടികളുടെ വഴക്കിൽ കാരണവൻമാർ ഇടപെടരുത്
19. വാർധക്യത്തിലെത്തിയ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെ കടമയാണ്.
20. മക്കളോട് അമിത ലാളനയും അമിത കാർക്കശ്യവും ഒരുപോലെ തിന്മയാകുന്നു
21. ഭിക്ഷക്കാർ വെറും കയ്യോടെ നിന്റെ വീട്ടിൽ നിന്നും പോകാൻ നീ ഇടയാക്കരുത്
22. എളിയഭാവം കാട്ടുന്നവർ ഏറ്റവും ഉന്നതർ
23. വായനയിൽ ഇഷ്ടമുണ്ടായാൽ ഏകാന്തതയിൽ സന്തോഷമുണ്ടാകും
24. അന്യർക്ക് വല്ല ഉപകാരവും ചെയ്യാത്ത ദിവസം നിന്റെ ആയുസ്സിന്റെ കണക്കിൽ പെടുകയില്ല.
25. ജീവിതം കുത്തഴിഞ്ഞ പുസ്തകം പോലെയാകരുത്
26. കുടുംബങ്ങളിൽ വെളിച്ചം നിലനിർത്താൻ സഹായിക്കുന്ന സിദ്ധൗഷധമാണ് വിശുദ്ധ കുർബാന
27. തെറ്റു കണ്ടാൽ കുട്ടികളെ ശാസിക്കുകയും കുറ്റപ്പെടുത്തുകയും വേണം
28. കുടുംബാംഗങ്ങൾ, കാരണവന്മാരുടെ നേരേ ആചാരവും കീഴ്‌വഴക്കവും പാലിക്കണം
29. സൂത്രം കൊണ്ടും കളവു കൊണ്ടും ഉണ്ടാക്കുന്ന ദ്രവ്യം മഞ്ഞുപോലെ വേഗം അലിഞ്ഞു പോകും
30. ലുബ്ധന്റെ വസ്തുക്കൾ പുഴു തിന്നും
31. മടി മദ്യപാനത്തിനു കാരണമാകുന്നു.
32.മറ്റുള്ളവർ നിന്നെ ഭയപ്പെടണം എന്നു കരുതുന്നതിനേക്കാൾ സ്നേഹിക്കണമെന്ന് ആഗ്രഹിക്കണം
33. പിഴയ്ക്കാത്ത മനുഷ്യരില്ല. പൊറുക്കാത്ത ദൈവവുമില്ല
34. ദൈവസ്നേഹവും ദൈവഭയവും ഉള്ള മക്കൾ മാതാപിതാക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും
35 ക്ഷമയ്ക്ക് അറുതി കൽപ്പിക്കരുത്. അതിന്റെ പ്രമാണം 'എന്നും എവിടെയും ഏവരോടും' എന്നാണ്
36. നീ ആരോടു സഹവസിക്കുന്നുവെന്ന് പറയുക. നീ ആരാകുന്നുവെന്ന് ഞാൻ പറയാം
37. മനുഷ്യൻ ചെയ്യുന്ന സഹായങ്ങളിൽ ഏറ്റവും വലുത് മരണ നേരത്ത് ചെയ്യുന്ന സഹായമാണ്
38 നല്ല കൂട്ടുകാർ നിങ്ങളെ നല്ലവരാക്കും
39. ഒരു പെണ്ണിന്റെ ആഭരണം എന്നത് ഭക്തിയും അടക്കവും മിണ്ടടക്കവും കണ്ണടക്കവും ആകുന്നു.
40. ക്രമവും ദൈവഭയവും നിത്യരക്ഷയിൽ വിചാരവുമില്ലാത്ത കുടുംബങ്ങൾ എത്രയോ സങ്കടങ്ങൾക്കും കണ്ണുനീരുകൾക്കും കാരണമാകുന്നു
4. വിശുദ്ധ ഫ്രാൻസിസ് സേവ്യർ
ഫ്രാൻസിസ് സേവ്യർ എന്ന വിശുദ്ധനെ അറിയാത്തവർക്കായി പരിചയപ്പെടുത്താം. ക്രിസ്തു ശിഷ്യനായ സെന്റ് തോമസ് ഭാരതത്തിലെത്തിയ ശേഷം പിന്നീട് ആദ്യമായി ഭാരത മണ്ണിലേക്ക് വന്ന വിശുദ്ധനാണ് ഫ്രാൻസിസ് സേവ്യർ. ഗോവയിലെ തെരുവുകളിൽ ഒരു ചെറിയ മണി കിലുക്കി ആളുകളുടെ ശ്രദ്ധ ആകർഷിച്ച് തന്റെ സുവിശേഷം അറിയിച്ചു നടക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. മലാക്കാ, ജപ്പാൻ, ചൈന എന്നിവിടങ്ങളിലെ ഭാഷ അദ്ദേഹത്തിന്റെ സുവിശേഷ വേലയ്ക്ക് വലിയ തടസ്സമായി. മാത്രമല്ല, അനേകം മാസങ്ങൾ നീളുന്ന ദുരിതപൂർണമായ കപ്പൽയാത്രകളും വിലപ്പെട്ട സമയം ഏറെ അപഹരിച്ചു. ചൈനയുടെ ഷാങ് ചുവാൻ ദ്വീപിൽ വച്ച് ജ്വരം ബാധിച്ച് മരണമടഞ്ഞു.
"കർത്താവേ, നിന്നിൽ ഞാൻ പ്രത്യാശ വച്ചു. എന്നെ, നിത്യനിരാശയിൽ വീഴ്ത്തരുതേ !"
ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ എന്നു കൂടെയുണ്ടായിരുന്ന അന്റോണിയോ പറയപ്പെടുന്നു.
അവിടെ കടൽത്തീരത്ത് ആദ്യം ഭൗതികശരീരം അടക്കം ചെയ്ത ശേഷം മലാക്കായിലെ സെന്റ്.പോൾസ് ചർച്ചിൽ അടക്കം ചെയ്തു. പിന്നീടാണ്, ഇന്ത്യയിലെത്തിയ പോർട്ടുഗീസുകാരുടെ കോളനിയായിരുന്ന ഗോവയിലേക്ക് ഭൗതിക ശരീരം കൊണ്ടുവന്ന് ബോം ജീസസ് ബസിലിക്കയിൽ അടക്കം ചെയ്തത്. ഇപ്പോഴും ആ ശരീരം അഴുകാതെയിരിക്കുന്നു. ഇപ്പോൾ, പത്തു വർഷങ്ങൾ കൂടുമ്പോൾ മാത്രം പൊതുദർശനത്തിനായി പള്ളിയിലേക്ക് ഇറക്കിവയ്ക്കും.
കോട്ടയം ജില്ലയിലെ കുറുപ്പന്തറ-മണ്ണാറപ്പാറ പള്ളിയിൽ ഈ വിശുദ്ധന്റെ രൂപം കാണാൻ സാധിക്കും. അവിടെ മാധ്യസ്ഥ പ്രാർഥനയും നേർച്ച കാഴ്ചകളുമുണ്ട്.
പണ്ടുപണ്ട്, ആ പ്രദേശവുമായി ബന്ധമുള്ള ഒരു കഥയിലേക്ക് -
അക്കാലത്ത്, വിദേശത്തേക്കു കപ്പൽമാർഗ്ഗം കയറ്റുമതിയുണ്ടായിരുന്ന സുഗന്ധദ്രവ്യമായിരുന്നു കുരുമുളക്. അതു കൊണ്ടുതന്നെ, കുരുമുളകിന് വളരെ വിലക്കൂടുതലുള്ള സമയം. മാത്രമല്ല, ഉയർന്ന ചുങ്കവും ചുമത്തിയിരുന്നതിനാൽ കളളക്കടത്തിനും പൂഴ്ത്തിവയ്പിനും കർഷകർ ശ്രമിച്ചിരുന്നു.
സ്വാഭാവികമായും കർഷകന് നിസ്സാര വില കൊടുത്തുകൊണ്ട് കുരുമുളക് വിൽപനയും വാങ്ങലും ഗതാഗതവുമെല്ലാം നിയന്ത്രിച്ചിരുന്നത് നാടുവാഴികളായിരുന്നു. കുറുപ്പന്തറയിലൂടെ ഒഴുകുന്ന തോട് കല്ലറ ദേശം കടന്ന് വൈക്കം കായലിൽ എത്തി പിന്നെ കൊച്ചിതുറമുഖത്തും ചരക്ക് എത്തിച്ചിരുന്ന കാലം.
ഒരു ദിവസം, കുറുപ്പന്തറ നിവാസികളായ ഏതാനും കർഷകർ രാത്രിയിൽ രഹസ്യമായി വള്ളം തുഴഞ്ഞ് കുരുമുളകുമായി പോകുകയായിരുന്നു. കുറച്ചങ്ങു ചെന്നപ്പോൾ പോലീസുകാർ അവരെ വളഞ്ഞു. ഭയങ്കരമായ ശിക്ഷയാണു തങ്ങൾക്കു കിട്ടാൻ പോകുന്നത്! യാതൊരു രക്ഷാമാർഗവും അവർക്കുണ്ടായിരുന്നില്ല.
ഉടൻ, പള്ളിയുടെ ദിക്കിലേക്കു നോക്കി അവരെല്ലാം നെഞ്ചുരുകി നിലവിളിച്ചു പ്രാർഥിച്ചു -
"ശൗരിയാരു പുണ്യാളാ... ഞങ്ങളെ രക്ഷിക്കോ!"
(ഫ്രാൻസീസ് സേവ്യറിനെ ശൗരിയാര് പുണ്യാളൻ എന്നാണു അവിടത്തുകാർ പറഞ്ഞു കൊണ്ടിരുന്നത്)
ഉടൻ, പോലീസുകാർ പന്തവുമായി വള്ളത്തിൽ കയറി. കുരുമുളകു മുഴുവൻ കൈയിലെടുത്ത് പരിശോധിച്ചു. അവർ പറഞ്ഞു-
"ഹും! നമുക്കു പോകാം. ഇതു മുഴുവൻ മുണ്ടകനെല്ലാണ്!"
തോണിയിലെ കർഷകർ പുണ്യാളന്റെ അത്ഭുത ശക്തിയിൽ വിസ്മയിച്ചു നന്ദിയർപ്പിച്ചു.
ഈ സംഭവത്തിനുശേഷം, മണ്ണാറപ്പാറ പള്ളിയിൽ പോകുന്ന വിശ്വാസികൾ ഇങ്ങനെ പ്രാർഥിച്ചു -
"കുരുമുളകു മുണ്ടകനെല്ലാക്കിയ ശൗരിയാര് പുണ്യാളാ, ഞങ്ങളിൽ കനിയണമേ!"
ഇക്കാലത്തും അങ്ങനെ പ്രാർഥിക്കുന്നവരുണ്ട്.
വിശുദ്ധരുടെ കഥകള്‍, saint stories in Malayalam, st. francis xavier, kunjachan, Ramapuram, Kottayam, Kerala, Indian, Mannanam, free online reading ebooks, digital books read online, Kuriakose Elias Chavara, st.Thomas, Malayattoor, Malayattur.
Comments