1. തൊഴിലാളി- മുതലാളി
തൊഴില്‍ ആളുന്നവന്‍ തൊഴിലാളിയും മുതല്‍ ആളുന്നവന്‍ മുതലാളിയും ആണെങ്കിലും ഇവര്‍ തമ്മില്‍ ചില ബന്ധങ്ങളൊക്കെ ഉണ്ട്. ഓരോ തൊഴിലാളിയും കൂടി ചേര്‍ന്ന് ഓരോ മുതലാളിക്ക് രൂപം കൊടുക്കുന്നു. എന്നാല്‍, പകരമായി തൊഴിലാളിക്ക് കിട്ടുന്നതോ? പട്ടിണി കിടന്ന് വയറ്റില്‍ അഗ്നി ആളുന്നു! കേരളത്തിലെ പൊതുമേഖല-സ്വകാര്യ മേഖലയുടെ കാര്യമാണ് ഞാന്‍ പറഞ്ഞുവച്ചത്. തൊഴിലാളിയെ പിഴിഞ്ഞ് പണിയെടുപ്പിച്ച് കൊള്ളലാഭം കൊയ്യുന്ന മുതലാളിമാര്‍ പണത്തിന്റെ മെത്തയില്‍ സുഖശയനം നടത്തുന്നു. തലമുറകളെ ഇട്ടുമൂടാന്‍ പണം കിട്ടിയാലും പിന്നെയും ആര്‍ത്തിയോടെ പരവേശം കൊണ്ട് നടക്കുകയാവും അക്കൂട്ടര്‍....
ഇവിടെ ഒരു ചോദ്യം ഉയര്‍ന്നുവരുന്നുണ്ട്- പണത്തിനു സന്തോഷം നല്‍കാനാവുമോ? തീര്‍ച്ചയായും. പക്ഷേ, എല്ലാ സന്തോഷവുമല്ല, ചില പരിധികളുണ്ട്. എന്നാലും ഭൂരിഭാഗം സന്തോഷങ്ങളും പണം കൊടുത്തു വാങ്ങാന്‍ കിട്ടുന്നതുകൊണ്ടാണല്ലോ അതിന്റെ പുറകേ മനുഷ്യര്‍ ഓടിനടക്കുന്നത്. അതുകൊണ്ടുതന്നെ, സാമ്പത്തിക സുരക്ഷിതത്വം ഇക്കാലത്ത് എല്ലാവരുടെയും മുഖ്യ ലക്ഷ്യമാണ‌്.
വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവര്‍ പാരമ്പര്യ സ്വത്തുള്ളതു കളയാതിരുന്നാല്‍ മതിയാകും. എന്നാല്‍, ഭൂരിപക്ഷത്തിനും നന്നായി ജീവിക്കണമെങ്കില്‍ പണം കൂടിയേ മതിയാകൂ. ഉന്നത പഠനത്തിന്റെ മുഖ്യ ലക്ഷ്യവും അതുതന്നെ. സേവനമൊക്കെ രണ്ടാമത്തെ കാര്യമാണ‌്. എന്നാല്‍, ജോലി ചെയ്യുന്ന ആളിന്റെ സംതൃപ്തി ഒരു സുപ്രധാന ഘടകമായിരിക്കും. ഉയര്‍ന്ന ശമ്പളമുള്ള ചില ജോലികള്‍ കളഞ്ഞിട്ടു പോകുന്നതിന്റെ കാരണവും മറ്റൊന്നല്ല. ജോലിയിടങ്ങളില്‍ പിരിമുറുക്കമുള്ള അന്തരീക്ഷമാണെങ്കില്‍ അവിടെ കൂടുതല്‍ ഉല്‍പാദനം നടക്കുന്നില്ല, മറിച്ച്, കുറച്ചു മയമുള്ള മേലുദ്യോഗസ്ഥരും ചിരിയും തമാശയും മറ്റുമുള്ള ഇടങ്ങളിലായിരിക്കും കൂടുതല്‍ ജോലി നടക്കുന്നത്. എന്നുവച്ചാല്‍, കൂടുതല്‍ ഉഴപ്പുമാകരുത്.
എല്ലാ സ്കൂളിലും- കുട്ടികളുടെ ഭാവി വിദ്യാഭ്യാസം, ജോലി സാധ്യത, തൊഴില്‍ മേഖലയുടെ ഗുണദോഷങ്ങള്‍, ശമ്പളം, അഭിരുചിനിര്‍ണ്ണയം എന്നുതുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാനും സ്റ്റാഫ് ഉണ്ടായിരിക്കണം. counselling പഠിച്ചവര്‍ ആയാല്‍ ഏറെ നന്ന്. എങ്ങോട്ടു തിരിയണം, എവിടെ, എങ്ങനെ, എപ്പോള്‍... എന്നൊക്കെ നന്നായി മനസ്സിലാക്കി ജോലി തിരഞ്ഞെടുക്കുന്ന ആള്‍ തീര്‍ച്ചയായും മനസ്സുഖം നേടും. പരസ്യങ്ങളും ഗ്ലാമറും നോക്കി ജോലി തിരഞ്ഞെടുക്കുന്നവര്‍ മനംമടുപ്പുണ്ടായി മറ്റു വഴികളിലേക്ക് തിരിയുന്നതു കാണാം.
പി.എച്ച്.ഡി നേടിയ ക്ലാര്‍ക്ക്, മെഡിസിന്‍ ബിരുദം നേടിയ ഗായകന്‍, എം.ബി.എ ഉള്ള ചിത്രകാരന്‍, എം.ടെക് കഴിഞ്ഞ തിരക്കഥാകൃത്ത്, ഐ.എ.എസ് ഉപേക്ഷിച്ചു പോയ രാഷ്ട്രീയക്കാരന്‍, എം.സി.എ കയ്യിലുള്ള പൊലീസുകാരന്‍.... അങ്ങനെ പലരേയും നമുക്കു ചുറ്റും കണ്ടുമുട്ടാവുന്നതാണ‌്. കയ്യിലെ ഉന്നത ബിരുദങ്ങളുമായി ബന്ധമില്ലാത്ത ജോലി!
മനുഷ്യ സേവനം ഇല്ലാത്ത ജോലികളായിരിക്കും സാധാരണ മടുപ്പുളവാക്കുന്നത്. മതിയായ ശമ്പളവും ഇല്ലെങ്കില്‍ പ്രശ്നമാണ‌്. അപകടം നിറഞ്ഞ ജോലികള്‍ സന്തോഷത്തോടെ ചെയ്യണമെന്ന് ആരും വിചാരിക്കില്ല. ആഫ്രിക്കന്‍ കല്‍ക്കരി ഖനിയില്‍ വര്‍ഷങ്ങളായി ജോലിയെടുക്കുന്ന ഹാരിസ് തന്റെ സാഹസിക ജീവിതത്തെക്കുറിച്ച് ടി.വിയിലൂടെ പങ്കുവച്ചത് ലോക തൊഴിലാളിദിനത്തിലായിരുന്നു:
“ഖനി ഇടിഞ്ഞും വെള്ളം കയറിയും തീ പിടിച്ചും സ്ഫോടനങ്ങള്‍ മൂലവും ലോകത്ത് എവിടെയെങ്കിലും അപകടം നടന്നത് ഞാന്‍ അവധിക്കു വീട്ടില്‍ ചെല്ലുമ്പോള്‍ ഭാര്യയും കുട്ടികളും എനിക്കു മുന്നില്‍ നിരത്തും. ചൈനയിലെ ഖനി ദുരന്തം നടന്ന സമയത്ത് ഈ ജോലി നിര്‍ത്താന്‍ വളരെ ബലം പിടിച്ചതാണ‌്. അപകടം പിടിച്ച പണിയായതിനാല്‍ കമ്പനി ഉയര്‍ന്ന ശമ്പളവും മറ്റുമാണു തരുന്നത്. ഖനിയില്‍ ഇറങ്ങിയാല്‍ പിന്നെ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞായിരിക്കും മുകളിലെത്തുന്നത്. മനസ്സു നേരെയാക്കാന്‍ രണ്ടുമാസം കൂടുമ്പോള്‍ ഒരുമാസം അവധി തരും. ജോലി ഓരോ വര്‍ഷവും നിര്‍ത്തണമെന്ന് വിചാരിക്കും, അതങ്ങനെ നീണ്ടുപോകും. വലിയ അപകട ഇന്‍ഷുറന്‍സ് ഉള്ളതുകൊണ്ട് വീട്ടുകാരു രക്ഷപെടുമെന്ന് ഞങ്ങള്‍ ജോലിക്കാരു തമാശയായി പറയാറുണ്ട്”
അപകടം നിറഞ്ഞ തൊഴിലായാലും പ്രതിഫലം അയാളെ സന്തോഷിപ്പിക്കുന്നു; കുടുംബസ്നേഹവും.
മാനവ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ തൊഴിലിനു വിധേയരായവര്‍ അടിമകളായിരുന്നു. ഒരു ചരിത്ര ഗവേഷകന്‍ കൂടിയായ വിനോദ സഞ്ചാരി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ചില സ്മാരകങ്ങളും നിര്‍മ്മിതികളും ഒഴിവാക്കി. ടൂര്‍ഗൈഡ് ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതായിരുന്നു:
“ഞാന്‍ പ്രകൃതിയുടെ കരവിരുത് ആസ്വദിക്കാനാണു ലോക സഞ്ചാരം നടത്തുന്നത്. ലോകത്തിലെ ഭൂരിഭാഗം മനുഷ്യ അത്ഭുത നിര്‍മ്മിതികളിലും പണിയെടുത്തത് അടിമകളായിരുന്നു. ചങ്ങലകൊണ്ടു ബന്ധിച്ച നിലയില്‍ പണിയെടുത്തവര്‍...മര്‍ദ്ദനമേറ്റു മരിച്ചവര്‍... ആരോഗ്യമില്ലാത്തവരെയും പരിക്കുപറ്റിയവരെയും പണിക്കിടയില്‍ കൊന്നുതള്ളി! ഒരു മനുഷ്യസ്നേഹിയെന്ന നിലയില്‍ ആ ചോരയും കണ്ണീരിന്റെ ഉപ്പുരസവുമുള്ള ഇടങ്ങള്‍ എനിക്കു കാണേണ്ട. എങ്ങനെ എനിക്കതൊരു വിനോദ സഞ്ചാരമാകും?”
ഇന്നും അടിമപ്പണികള്‍ ലോകമെങ്ങുമുണ്ട്. കാലില്‍ ചങ്ങല കാണില്ലായിരിക്കാം, പക്ഷേ, അവരുടെ മനസ്സുകളെയും സന്തോഷങ്ങളെയും ചങ്ങലക്കിട്ടിരിക്കുന്നു. തൊഴില്‍ നിയമങ്ങളെല്ലാം വളരെ ഭംഗിയായി ഫയലിലെ കടലാസ്സുകളില്‍ ഉറങ്ങുന്നു. സര്‍ക്കാരു ജോലിയുള്ളവര്‍ മികച്ച ശമ്പളം വാങ്ങുമ്പോള്‍ സ്വകാര്യമേഖലയുടെ അവസ്ഥ ദയനീയമാണ‌്.
2. തൊഴില്‍ ചൂഷണം (moral stories Malayalam)
എല്ലാ മാസവും ഒന്നാം തീയതി ശമ്പളം കിട്ടുമ്പോള്‍ പലചരക്കുകടയിലെ പറ്റുതീര്‍ക്കുന്ന സോമന്‍ പതിവുതെറ്റിച്ചു പത്താം തീയതി കുറച്ചു രൂപയുമായി കടയുടമയുടെ അടുക്കലെത്തി.
“എന്തുപറ്റി സോമാ, കുറച്ചുദിവസായല്ലോ കണ്ടിട്ട്?”
അപ്പോള്‍ സോമന്റെ കണ്ണുനിറഞ്ഞു.
“എന്റെ ജോലി പോയി ചേട്ടാ, അഞ്ചാറുവര്‍ഷായി നിന്ന കടയാ. ഞാനെന്തെങ്കിലും കൊള്ളരുതാത്തതു കാണിച്ചിട്ടാണേല്‍ സാരമില്ലായിരുന്നു. ചിക്കങ്കുനിയാവന്ന് ഒരാഴ്ച കിടപ്പിലായി. കാലൊന്നു നൂര്‍ത്തി ഒന്നുനേരെ നില്‍ക്കാന്‍പറ്റിയാ പണിക്കു വരാമെന്നു ഞാന്‍ കെഞ്ചിപ്പറഞ്ഞിട്ടും അവരു വേറെ ആളേ എടുത്തു”
ഇങ്ങനെ ചിക്കുന്‍ഗുനിയ പടര്‍ന്നു പിടിച്ചപ്പോള്‍ ആശുപത്രിക്കാരും അനുബന്ധ വ്യവസായങ്ങളും കൊഴുത്തുതടിച്ചപ്പോള്‍ പാവപ്പെട്ടവര്‍ മെലിഞ്ഞ കാഴ്ച നാം കണ്ടതാണ‌്.
കൊല്ലത്ത് ഒരു സ്ഥാപനത്തിന്റെ മുന്നില്‍ പന്തലുകെട്ടി സമരം നടത്തുന്നു. ആ കൂട്ടത്തില്‍ ചിന്നം വിളിക്കുന്ന പരിചയക്കാരനെ കണ്ടപ്പോള്‍ ജിതേഷ് അയാളോട് വിവരം തിരക്കി. ശമ്പള വര്‍ധനയാണ‌് അവരുടെ ആവശ്യം.
“നിങ്ങളുടെ സ്ഥാപനത്തില്‍ കരാര്‍ തൊഴിലാളികള്‍ ഉണ്ടോ?”
“കുറച്ചുപേരുണ്ട്”
“അവരുടെ ശമ്പളമൊക്കെ എങ്ങനെ?”
“ഞങ്ങളുടെ പകുതിപോലുമില്ല”
“എങ്കില്‍ പണിയും അവര്‍ക്കു കുറവായിരിക്കും അല്ലെ?”
“അല്ല ജിതേഷ്, അവരെല്ലാം നന്നായി പണിയുന്നവരാ. അല്ലെങ്കില്‍ വര്‍ഷംതോറുമുള്ള കരാറു പുതുക്കില്ല. അതുകൊണ്ട് സമരത്തിനുമില്ല”
“അപ്പോള്‍ കാര്യമങ്ങനെയാണ‌്. ഒന്നു ചോദിക്കട്ടെ, താനും ബ്രദറും ഒരു കല്യാണത്തിനു പോയെന്നു കരുതുക. സല്‍ക്കാരത്തിനിടയില്‍ ഇയാള്‍ക്കു ബിരിയാണിയും അവനു ദോശയും കൊടുത്തെന്നു കരുതുക. എന്തുചെയ്യും?”
“ജിതേഷ് എന്തു മണ്ടത്തരമാ ഈ പറയുന്നെ? നടക്കുന്ന കാര്യം വല്ലതുമുണ്ടെങ്കില്‍ പറയ‌്, പിന്നെ, ചോദിച്ചതുകൊണ്ട് പറയാം, ഞങ്ങള്‍ ഇറങ്ങിപ്പോരും”
സഹപ്രവര്‍ത്തകരെ സഹോദരങ്ങളായി കാണുന്നിടത്ത് അസമത്വം ഒരിക്കലും തലപൊക്കില്ല. കാരണം, എല്ലാവരും കുടുംബം പുലര്‍ത്താന്‍ ജോലിക്കു വരുന്നതാണല്ലോ. ‘ഞാന്‍ മാത്രം വളരണം, മറ്റുള്ളവര്‍ തളരണം’ എന്നുള്ള മനോഭാവം മലയാളികളില്‍ കൂടുതലായി കണ്ടുവരുന്നു.
ഗുജറാത്തിലെ ഒരു സോപ് ഫാക്ടറിയിലെ ജോലിയില്‍ സോനു ചേര്‍ന്നിട്ട് ഒരു വര്‍ഷമാകുന്നു. ഇരുപതു ലക്ഷം സോപ് എന്ന വില്‍പന നേട്ടം വന്നപ്പോള്‍ ഫാക്ടറി സമ്മാനം പ്രഖ്യാപിച്ചു. പതിനായിരം രൂപ വിലയുള്ള മ്യൂസിക് സിസ്റ്റം എല്ലാ ജോലിക്കാര്‍ക്കും. പൊതുവേ സംഗീത പ്രേമിയായ സോനുവിന്റെ വീട്ടിലെ കൊച്ചുപോലും സമ്മാനം കിട്ടുന്ന ദിവസത്തിനായി കാത്തിരുന്നു. ഒടുവില്‍ ആ സുദിനം വന്നെത്തി. ക്യൂവില്‍ നിന്ന സോനുവിന്റെ ഊഴമായി.
“താങ്കളുടെ പേരു ലിസ്റ്റില്‍ ഇല്ല”
സോനു ഞെട്ടി!
കാരണം, ഒരുവര്‍ഷം തികച്ച ജോലിക്കാര്‍ക്കു മാത്രമേ കൊടുക്കുന്നുള്ളൂ എന്ന് അവിടെ അലിഖിത നിയമം ഉണ്ടത്രേ. സോനുവിനു രണ്ടുദിവസം കൂടിയുണ്ടെങ്കില്‍ ഒരുവര്‍ഷസേവനം തികയും. എങ്കില്‍ ആ കാര്യം നോട്ടീസ് ബോര്‍ഡില്‍ കൊടുക്കാമായിരുന്നല്ലോ. ആന കൊടുത്താലും ആശ കൊടുക്കരുത് എന്ന ചൊല്ല് മുതലാളിക്ക് അറിയാഞ്ഞിട്ടല്ല. മറിച്ച്, ആനപ്പുറത്തിരിക്കുന്ന മുതലാളി പട്ടിയെ എന്തിനു പേടിക്കണം?
അടുത്ത ദിവസം, കുടിയന്മാരായ ജോലിക്കാര്‍ പതിനായിരം രൂപയുടെ പാട്ടുപെട്ടി മൂവായിരം രൂപയ‌്ക്കു വരെ ലേലം വിളിച്ചുകൊണ്ടു നടന്നു. പക്ഷേ, സോനു വേണ്ടെന്നു പറഞ്ഞു. മറ്റു ചില വിദ്വാന്മാരാകട്ടെ, വിതരണം നടത്തിയ കടയില്‍ത്തന്നെ തിരികെ കൊടുത്ത് മൂവായിരംരൂപ വാങ്ങി.
കിട്ടുന്ന പണം ധൂര്‍ത്തടിക്കാതെ ജീവിക്കുക എന്നതും ചെറിയ കാര്യമല്ല. പൊങ്ങച്ച സംസ്കാരം കേരളത്തിന്റെ മുഖമുദ്രയാണ‌്. അരക്കോടിയുടെ വീടു പണിയാനായി ഇരിക്കുമ്പോള്‍ അപ്പുറത്തൊരു വീട് ആ നിരക്കില്‍ വന്നാല്‍ പിന്നെ ഒരു കോടിയുടെ ലക്ഷ്യമായി. അതിനു ബാങ്കില്‍നിന്ന് കടവും വാങ്ങി ജീവിതം പിരിമുറുക്കത്തിലാക്കുന്ന മലയാളി! അയല്‍പക്കത്തെ കാറു നോക്കിയിട്ടുവേണം അതിനുമുകളില്‍ വച്ചുപിടിക്കാന്‍! എന്തിനധികം, ഒരു സാരി/ചുരീദാര്‍ ഒരു ചടങ്ങിന‌് എന്ന രീതിവരെ നിലവിലുണ്ട്. പൊതുവേ, സ്ത്രീകളാണു പൊങ്ങച്ചത്തിന്റെയും അസൂയയുടെയും ബ്രാന്‍ഡ് അംബാസഡര്‍മാര്‍. കോണ്‍ക്രീറ്റ് വീടുകള്‍ 25-35 വര്‍ഷങ്ങള്‍ക്കിടയില്‍ നശിക്കുന്നു. എങ്കിലും, പടുകൂറ്റന്‍ സൗധങ്ങള്‍ മലയാളിയുടെ ഹരം തന്നെ.
മഹത്തായ വചനങ്ങള്‍:
“മനുഷ്യവംശത്തിന‌് ഉപകാരം ചെയ്യാന്‍ ഉദ്ദേശിക്കുന്നവന്‍ ജോലി ചെയ്യുന്നു” (ഹെന്‍റി ഫോര്‍ഡ്)
“സമ്പത്ത് സല്‍പ്രവൃത്തികളായി മാറ്റിയവനാണ‌് ഏറ്റവും സമ്പന്നന്‍” (കോള്‍ട്ടന്‍)
“പണമെന്നതു കയ്യില്‍ വരുമ്പോള്‍ ഗുണമെന്നുള്ളതു ദൂരത്താകും” (കുഞ്ചന്‍നമ്പ്യാര്‍)
പ്രവര്‍ത്തിക്കാന്‍:
സേവനവും പ്രതിഫലവും ഒത്തിണങ്ങിയ ജോലി സ്വീകരിക്കുക. നിങ്ങള്‍ ഒരു തൊഴിലുടമയെങ്കില്‍, ഒരു ജോലിക്കാരനോ ഒരുനൂറു ജോലിക്കാരോ ഉണ്ടെങ്കിലും ന്യായമായ ശമ്പളം കൊടുക്കുക. പിരിമുറുക്കമുള്ള ജോലി ആരോഗ്യം കളയും. പണം കൊണ്ടുള്ള ധൂര്‍ത്തും പൊങ്ങച്ചവും ആപത്തുകള്‍ സമ്മാനിക്കാനിടയുള്ളതിനാല്‍ ലളിതവും എന്നാല്‍ സുന്ദരവും ആയ ശൈലി പുലര്‍ത്തുക.
3. അഹങ്കാരം
അഹങ്കാരം കാട്ടുന്നവര്‍ക്ക് പൊതുവേ നല്ല സുഖം തോന്നുമെങ്കിലും അതിന് ഇരയാവുന്നവരുടെ അനുഭവം എന്തായിരിക്കും? അവരുടെ മനസ്സിന് മുറിവേല്‍ക്കുകയും ഒരുപാട് സമയം നീറ്റലുണ്ടാക്കുകയും ചെയ്തേക്കാം. അഹങ്കാരിയെന്നു സ്വയം അഭിമാനിക്കുന്നവരും അത് തിരിച്ചറിയാത്തവരും നമ്മുടെ ഇടയില്‍ ഉണ്ടാവാം. അഹങ്കാരം ഉയര്‍ച്ചയുടെ ശത്രുവായിരിക്കും. പൊതുവേ, മറ്റു രാജ്യക്കാരെ അപേക്ഷിച്ചു നോക്കുമ്പോള്‍ മലയാളികള്‍ കൂടുതല്‍ അഹങ്കാരവും പൊങ്ങച്ചവും കാണിക്കുന്നു. അതൊക്കെ പ്രകടിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും അവര്‍ പാഴാക്കാറില്ല.
കോളേജ് പഠനകാലത്തെ കൊച്ചുകാര്യം പറയാം. ബിജോയും ജീസണും കെമിസ്ട്രിസാറുണ്ടൊയെന്നു ഡിപ്പാര്‍ട്ട്മെന്റിലേക്ക് എത്തിനോക്കി.
ബിജോ പറഞ്ഞു- “എടാ, സാര്‍ ഇന്നില്ലെന്നു തോന്നുന്നു"
“എടാ' എന്നോ?”
ജീസണിന്റെ അഹങ്കാരം കേട്ട് ബിജോ അന്തിച്ചു. ക്ലാസ്സിലെ ഏറ്റവും നന്നായി പഠിക്കുന്ന വിദ്യാര്‍ഥിയാണ്. പക്ഷേ, കൂട്ടുകാരന് 'എടാ' എന്നു വിളിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലേ?
ഒരു വലിയ കമ്പനിയില്‍- ബിജോ പുതുതായി കരാര്‍ജോലിക്ക് കയറുന്നു. ഒരിക്കല്‍ തന്റെ ക്ലാസ്മേറ്റ് ആയിരുന്ന വര്‍ക്കി അവിടെ സ്ഥിരം ജോലിയില്‍ നല്ല പോസ്റ്റില്‍. ബിജോയെ കണ്ടയുടന്‍ അയാള്‍ പറഞ്ഞു:
“എന്നെ സര്‍ എന്നെ വിളിക്കാവൂ...രണ്ടു പിള്ളേരുടെ അപ്പനാണേ...”
പഴയ സഹപാഠി പരിചയം മുതലെടുക്കുമോ, ബഹുമാനിക്കാതിരിക്കുമോ എന്നു ഭയന്ന് തമാശരൂപത്തില്‍ അയാളുടെ അഹങ്കാരം അവതരിപ്പിച്ചു!
ഒരാള്‍ അഹങ്കാരിയോ എന്നു സ്വയമായും-മറ്റുള്ളവരെയും, മനസ്സിലാക്കാന്‍ സാധിക്കുന്ന സൂചനകള്‍ ശ്രദ്ധിക്കുക-
ഞാന്‍, എന്റെ, എനിക്ക്, എന്നുള്ള പദങ്ങള്‍ ആവര്‍ത്തിച്ചു പറയും
മുഖസ്തുതിയില്‍ സ്വയം മയങ്ങുന്നു
വിമര്‍ശനത്തെ അംഗീകരിക്കില്ല
ഇഷ്ടപ്പെടാത്തത് കണ്ടാല്‍ പെട്ടെന്ന് കോപിക്കും
മറ്റുള്ളവര്‍ക്ക് പറയാന്‍ അവസരം കൊടുക്കില്ല
ഏതൊരു അറിവിനെയും ഒട്ടും സംശയമില്ലാതെ അന്തിമവിധിപോലെ പ്രസ്താവിക്കും
താന്‍ എന്തൊക്കെയോ കൂടുതല്‍ ആണെന്ന് ചിന്തിക്കും
മറ്റുള്ളവരോട് സ്വന്തം നേട്ടവും കഴിവും ഇടിച്ചുകയറി പറയും
തോറ്റുകൊടുക്കാന്‍ മനസ്സില്ല
നിസ്സാരകാര്യത്തിലും ജയിക്കാനായി തര്‍ക്കിച്ചുകൊണ്ടിരിക്കും
സോറി, താങ്ക്സ്, എന്നീ വാക്കുകള്‍ പരമാവധി ഒഴിവാക്കും
ആശയങ്ങള്‍, ഉപകാരങ്ങള്‍ എന്നിവ സ്വീകരിക്കാന്‍ മടിക്കുന്നു
ആരോടും സംശയം ചോദിക്കാതെ പുസ്തകത്തിലോ ഇന്റര്‍നെറ്റിലോ തിരയുന്നു
തനിക്കു പറ്റാത്തതില്‍ അസംതൃപ്തിയും പരാതിയും
ചെറിയവ ജയിക്കാനായി മറ്റുള്ള വലിയ നാശനഷ്ടങ്ങളെ സഹിക്കുന്നു
ദൈവത്തില്‍ ആശ്രയിക്കാതെ സ്വന്തം നേട്ടങ്ങളില്‍ ഊറ്റം കൊള്ളുന്നു
സ്വന്തം തെറ്റുകളെ ആരെങ്കിലും ചൂണ്ടിക്കാട്ടിയാലും തിരുത്തില്ല
എല്ലാത്തിനോടും പുച്ഛവും വിമര്‍ശവും
മറ്റുള്ളവരെ ചെറുതാക്കാന്‍ കിട്ടുന്ന അവസരം കളയില്ല
പന്തയവും വീരവാദവും ഉന്നയിക്കും
പഠിച്ച ഉന്നത വിദ്യാഭ്യാസം എടുത്തു പറയും
ഉദാഹരണത്തിനായി മഹാന്മാരുടെ വാക്കുകള്‍ പറയും, ചുറ്റുപാടും ഉള്ളത് പറയില്ല
കടപ്പാടും നന്ദിയും മറച്ചുവയ്ക്കുന്നു
തുടര്‍ച്ചയായി വിദേശികളുടെ ഗവേഷണ അറിവുകള്‍മാത്രം സോഷ്യല്‍ മീഡിയ വഴി തള്ളുന്നു
സംഭാഷണത്തില്‍ ഇംഗ്ലീഷ് പദങ്ങള്‍ കുത്തിത്തിരുകുന്നു
നിലയും വിലയും നേടിയ സുഹൃത്തുക്കളെ മാത്രം പരാമര്‍ശിക്കുന്നു
അഹങ്കാരികളുടെ ചില സംസാരശൈലികള്‍ ഇങ്ങനെ-
"എന്റെ അടുത്താ അവന്റെ കളി"
"ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ അത് നടക്കില്ല"
"എനിക്കു മാത്രം പറ്റുന്ന കാര്യമാണ് അത്"
"എന്റെ അനുവാദം അവന്‍ വാങ്ങിയില്ല"
"അവന്റെ പതനം ഞാന്‍ കാണും"
"എന്നെ ആരും അറിയിച്ചില്ല"
"എന്നോട് അഭിപ്രായം ചോദിക്കണം"
"ഞാന്‍ അതിലും നന്നായി ചെയ്യും"
"എന്നെ അവന് ശരിക്കറിയില്ല"
"ഞാന്‍ ആരാണെന്ന് കാണിച്ചുകൊടുക്കാം"
"എന്റെ കാര്യം ഒരുത്തനും അന്വേഷിക്കാന്‍ വരേണ്ട"
"ഒരുവന്റെയും സഹായമില്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റും"
"അടുത്ത ജന്മത്തിലേ എന്റടുത്ത് ജയിക്കാന്‍ പറ്റൂ"
"ഞാന്‍ കളി തുടങ്ങിയിട്ടേ ഉള്ളൂ"
"ഞാന്‍ ഉള്ളത് നിങ്ങളുടെ രക്ഷയായി, ഭാഗ്യം!”
4. സ്വാര്‍ത്ഥത
'മനുഷ്യര്‍ അടിസ്ഥാനപരമായി ക്രൂരന്മാര്‍ ആകുന്നു'
ഈ വാചകത്തോട് നിങ്ങളില്‍ എത്ര പേര്‍ യോജിക്കും? മിക്കവരും യോജിക്കില്ല. ഏയ്, ഞങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് സിദ്ധാന്തങ്ങള്‍ എഴുന്നെള്ളിക്കുന്നവരല്ലേ? വായ തുറന്നാല്‍ ഒരുപാട് മൂല്യങ്ങളും ആദര്‍ശങ്ങളും ചവച്ചുതുപ്പുന്നവര്‍... എന്നൊക്കെയാവും പലരുടെയും ധാരണ. തിന്മകള്‍ ചെയ്യാന്‍ അവസരങ്ങള്‍ കിട്ടാത്തവരും അധികാരങ്ങള്‍ ഒന്നുമില്ലാത്തവരുമായ പല ആളുകളും വലിയ സാത്വികന്മാരായിരിക്കും!
എറണാകുളത്തെ ഒരു ഹോട്ടലില്‍, മേശയ്ക്കു ചുറ്റുമിരുന്നു നാലുപേര്‍ ചായ കുടിക്കുകയാണ്. അവര്‍ സിറ്റിയിലെ കച്ചവടക്കാരാണ്. ചായയേക്കാള്‍ ചൂടു പിടിച്ച ഒരു ചര്‍ച്ചാ വിഷയം അവരുടെ മുന്നിലുണ്ട്. സൂര്യകിരണത്തില്‍നിന്നും വൈദ്യുതി കിട്ടുന്ന ഏതോ ഒരു പ്രൊജക്റ്റില്‍ അഴിമതിയെയും അതിലെ സ്ത്രീ കഥാപാത്രത്തെയും കുറിച്ച് അവര്‍ മോശമായി സംസാരിച്ചുകൊണ്ടിരുന്നു. കൂട്ടത്തില്‍ കൂടുതലായി അമര്‍ഷംകൊണ്ട ആള്‍ അവസാനം പറഞ്ഞ വാചകം ഇങ്ങനെ:
"എന്നാലും അവള്‍ക്ക് ഏറണാകുളത്തേക്കും വരാമായിരുന്നു"
അതിന്റെ 'കൊതികുത്ത്' ആയിരുന്നു അവരെ രോക്ഷം കൊള്ളിച്ചത്! അതുപോലെ, ഒരിക്കല്‍ കുറവിലങ്ങാട് മുതല്‍ കോട്ടയം വരെ ബസില്‍ യാത്ര ചെയ്യവേ എന്നോട്, തൊഴില്‍രഹിതനായിരുന്ന ആ യുവാവ് ദേഷ്യത്തോടെ പറഞ്ഞുകൊണ്ടിരുന്നത് സര്‍ക്കാര്‍ജോലിക്കാരുടെ കൈക്കൂലിയേപ്പറ്റിയായിരുന്നു. മൂന്നു വര്‍ഷത്തിനുശേഷം യുവാവിനും സര്‍ക്കാര്‍ജോലി കിട്ടി. ഇപ്പോള്‍, മാസം അയ്യായിരം രൂപയോളം കൈക്കൂലി അയാള്‍ വാങ്ങുന്നു!
സോഷ്യല്‍ മീഡിയയില്‍ സ്വര്‍ണം/സ്ത്രീധനത്തേക്കുറിച്ച് സാമൂഹിക തിന്മയാണെന്ന് ശക്തമായി വിമര്‍ശിച്ചുകൊണ്ട് ഒരു സുഹൃത്തിന്റെ പോസ്റ്റ് കണ്ടു. പത്തു വര്‍ഷത്തിനു മുന്‍പ്, അദ്ദേഹത്തിന്റെ വധു ചുവന്ന പട്ടുസാരി മറയത്തക്ക വിധം സ്വര്‍ണം കഴുത്തിലിട്ടു കൊണ്ടു മണ്ഡപത്തില്‍ പ്രവേശിച്ചത് ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. അന്ന്, അയാള്‍ ആദര്‍ശങ്ങള്‍ മറന്നുപോയിരുന്നുവോ?
മറ്റൊരു സുഹൃത്ത് 'പോസ്റ്റി'യത് വിവാഹത്തിന് ഭക്ഷണം മിച്ചം വരുന്നതിനാല്‍ ആളുകളെ വളരെ കുറച്ചു മാത്രമേ ക്ഷണിക്കാവൂ എന്നായിരുന്നു. ഏകദേശം പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്നേ അദ്ദേഹത്തിന്റെ വിവാഹ സല്‍ക്കാരത്തില്‍ ഞാന്‍ പങ്കെടുത്തപ്പോള്‍ ഏറ്റവും ചുരുങ്ങിയത് ആയിരം പേരെങ്കിലും ഉണ്ടായിരുന്നു!
ഞാന്‍ ആരെയും കുറ്റം പറഞ്ഞതല്ല. കുറച്ച് ആദര്‍ശങ്ങള്‍ സാധാരണക്കാരനായിരുന്ന എനിക്കും ഉണ്ടായിരുന്നു. അഞ്ഞൂറ് പേരുടെ വിവാഹ സല്‍ക്കാരം ഞാന്‍ ഇടപെട്ട് നാനൂറാക്കി കുറച്ചപ്പോള്‍ ആ നൂറുപേരില്‍ എന്റെ ചില കൂട്ടുകാരും പെട്ടു പോയി. കാരണം, നാട്ടുകാരെ വെട്ടിനിരത്താന്‍ വീട്ടുകാര്‍ സമ്മതിച്ചില്ല. എന്നിട്ടോ? കല്യാണത്തിന് 'ഓളം' കുറഞ്ഞെന്ന് ഞാന്‍ പഴിയും കേട്ടു.
നാം ഭൂരിഭാഗം മനുഷ്യഗണവും അങ്ങനെയാണ്. ചക്കരക്കുടം കണ്ടാല്‍ കയ്യിട്ടുനക്കും, അല്ലാത്തപ്പോള്‍ ചക്കരയില്‍ കുമ്മായം ചേരുന്നുണ്ടെന്നു പ്രസ്താവിക്കുകയും ചെയ്യും. അതുപോലെതന്നെ, സ്വന്തം കാര്യം സിന്ദാബാദ് അഥവാ സ്വാര്‍ഥത കൊണ്ടുനടക്കുന്നവരുണ്ട്. രൂപേഷ് പതിനാലു ലക്ഷം രൂപയുടെ കാര്‍ വാങ്ങി. സുഹൃത്ത് അവനെ കണ്ടപ്പോള്‍ ചോദിച്ചു:
“ഇതിന്റെ വിലകൊടുത്താല്‍ ഈ കമ്പനിക്കുതന്നെ eight seater suv ഉണ്ടായിരുന്നല്ലോ. എന്താ വേണ്ടെന്നു വച്ചത്?”
രൂപേഷിന്റെ മറുപടി വിചിത്രമായിരുന്നു:
“എടാ, അതെടുത്താല്‍ വഴിയില്‍ കണ്ടവനെയൊക്കെ കയറ്റേണ്ടിവരും, ഇതാണെങ്കില്‍ വലിയ ശല്യം ഒന്നുമില്ല”
സ്വാര്‍ഥതയുടെ മറ്റൊരു കഥ കേള്‍ക്കൂ:
തിരുവല്ലയിലുള്ള വിനീഷ് സാമ്പത്തിക ഞെരുക്കത്തില്‍ ഇരുന്ന സമയം. സ്വകാര്യ സ്ഥാപനത്തിലെ ജോലിയിലെ വരുമാനം കൊണ്ടു കാര്യങ്ങള്‍ നടക്കുന്നില്ല. ഭാര്യ പ്രസവിച്ച് ഒരുമാസം ആകുന്നു അതും സിസേറിയന്‍. അപ്പോഴായിരുന്നു സുഹൃത്ത് ബാബു വിദേശത്തുനിന്നും നാട്ടില്‍ വന്നിരിക്കുന്നത് അറിഞ്ഞത്. ബാബുവിന്റെയും ഭാര്യ കൊല്ലത്തെ ഒരു ആശുപത്രിയില്‍ പ്രസവിച്ചു കിടക്കുന്നു. കുഞ്ഞിനെ കാണാന്‍ തനിച്ചുപോകാമെന്നു പറഞ്ഞ വിനീഷിനോട് ഭാര്യ പറഞ്ഞു:
“അയാളിപ്പോള്‍ നല്ല നിലയിലാണല്ലോ. വിദേശത്തു വിനീഷിന‌് എന്തെങ്കിലും ജോലിക്കു സാധ്യതയുണ്ടോന്നു ചോദിക്ക്. നിങ്ങള്‍ അല്ലെങ്കിലും ആരോടും ഒന്നും ചോദിക്കുന്ന സ്വഭാവം പണ്ടേയില്ലല്ലോ. അതുകൊണ്ട് ഞാനുംകൂടി വരാം”
“എടീ, സിസേറിയന്‍ കഴിഞ്ഞിട്ട് ഇപ്പോള്‍ നിനക്ക് യാത്ര ചെയ്യാനാകുമോ?”
“എനിക്ക് ആകാമായിട്ടല്ല, പക്ഷേ, അതിലും വലുതാണു ജോലിക്കാര്യം. പിന്നെ, അവരെയൊക്കെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ലല്ലോ”
അങ്ങനെ കുഞ്ഞിനേയും കൂട്ടി അവര്‍ ആശുപത്രിയില്‍ ചെന്നു. ബാബു മര്യാദയോടെ ഇടപെട്ടെങ്കിലും അവന്റെ ഭാര്യ വിനീഷിന്റെ കുഞ്ഞിനെയും ഭാര്യയേയും ഒന്നു നോക്കിയതുപോലുമില്ല. ചിലപ്പോള്‍ അത് ഒരു സ്വഭാവ രീതിയായിരിക്കും എന്നു കരുതിയിരുന്നപ്പോഴാണ‌് മൊബൈല്‍ ഫോണില്‍ ഒരുപാട് സംസാരിക്കുന്നതു കണ്ടത്. ഇറങ്ങാന്‍നേരം ബാബുവിനോട് ജോലിക്കാര്യം പറഞ്ഞു. ബാബു പറഞ്ഞു:
“എന്റെ ബ്രദര്‍ അവിടെ വന്നത് HSMP വിസയിലാണ‌്. ഇപ്പോള്‍ അതു നിര്‍ത്തി. അവനിപ്പോള്‍ അവിടെയാ. ഇപ്പോള്‍ അങ്ങനെ ചാന്‍സ് ഒന്നുമില്ല”
നല്ല സുഹൃത്തുക്കളുടെ മനസ്സില്‍ മറ്റുള്ളവരുടെ അവസരത്തിനും മനസ്സില്‍ ഇടമുണ്ടാകും. അവിടെ സൗകര്യപ്രദമായ 'മറവി' ഉണ്ടാകുകയുമില്ല. എന്നാല്‍, ഇക്കാലത്തെ സൗഹൃദങ്ങള്‍ മിക്കവയും പൊള്ളയായിരിക്കും. സ്വാര്‍ത്ഥതയും അസൂയയും അതിനെ വിഴുങ്ങിയിരിക്കുന്നുവെന്നു മാത്രമല്ല, അതൊരു ബാധ്യത ആകുമോയെന്ന് പലരും ഇന്നു ഭയപ്പെടുന്നു.
5. തിന്മയ്ക്കുള്ള പിന്തുണ
തിന്മയെ പിന്തുണയ്ക്കാന്‍ എല്ലാവര്‍ക്കും വലിയ ആകാംഷയും ജാഗ്രതയും കരുതലും ധാരാളമായിരിക്കും. ചിലപ്പോള്‍, ജനങ്ങള്‍ പരോഷമായി പിന്തുണയ്ക്കുന്നതും സാധാരണം. അത്തരം ചില പിന്തുണയാണ് പീഡന വാര്‍ത്തകള്‍ക്കു മീഡിയയിലൂടെ കിട്ടുന്ന സ്വീകാര്യത. അതുപോലെ മദ്യപാനം ഒരു തമാശയായി സോഷ്യല്‍ മീഡിയയില്‍ പിന്തുണയ്ക്കുന്നു. ടി.വിയില്‍ നിലവാരം കുറഞ്ഞ വാഗ്വാദങ്ങളും ചര്‍ച്ചകളും വള്ളിപുള്ളി വിടാതെ കേള്‍ക്കാന്‍ എന്തൊരു ആവേശമാണ് മലയാളികള്‍ക്ക്! ദിവസവും ആളുകള്‍ ഇടിച്ചുകയറുന്ന അശ്ലീല സൈറ്റുകള്‍ മറ്റൊരു ഉദാഹരണം!
എന്നാലോ? യാതൊരു മുടക്കുമുതലും വേണ്ടാത്ത നന്മ ചെയ്യുന്ന ഒരു കൈചൂണ്ടിയാകാന്‍പോലും ആരും നിന്നുകൊടുക്കാറില്ല. ചുരുക്കം ചില കൈചൂണ്ടികളെ കാണാറുണ്ട്. അങ്ങനെ ഒരാളാണു മനോജിനു തുണയായത്. അവന്‍ ടി.വി വാങ്ങാന്‍ കോട്ടയത്തു വന്നപ്പോള്‍ അടുത്തുകണ്ട ഒരാളോട് :
“ചേട്ടാ, ഇവിടെയൊരു .....ടിവിയുടെ വലിയ കട....അത് എവിടെയാ?”
“ആ കടയില്‍ വില കൂടുതലാ, പരസ്യ ബഹളം മാത്രമേയുള്ളൂ. താങ്കളൊരു കാര്യം ചെയ്യൂ. വേണ്ട മോഡലിന്റെ ആ കടയിലെ വില കുറിച്ചെടുത്തിട്ടു ....കടയില്‍ ചെന്നുനോക്ക്. ഞാന്‍ അവിടുന്നാ മേടിച്ചത്. ഇവിടന്നു നാലഞ്ചു കിലോമീറ്റര്‍ മാറിയായതിനാല്‍ വിലക്കുറവാ”
മനോജ് അവിടെനിന്നു വാങ്ങി. രൂപ രണ്ടായിരത്തോളം കുറവു കിട്ടി. ചോദിച്ച കടയുടെ പേരുമാത്രം പറഞ്ഞ് അവസാനിപ്പിക്കാമായിരുന്നെങ്കിലും ഒരു കൈചൂണ്ടി ആകാന്‍ ആ വഴിപോക്കനു കഴിഞ്ഞു.
കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന സംഭവം. ഒരു ഇടവഴിയിലൂടെ യുവതി നടന്നുപോയപ്പോള്‍ കള്ളന്‍ പെട്ടെന്നു ചാടിവീണ‌് അവരുടെ തടിച്ച ‘സ്വര്‍ണ’മാല പൊട്ടിച്ചുകൊണ്ടോടി. അതുകണ്ട ഒരാള്‍ അവന്റെ പിറകേ ഓടി. ഏറ്റവും പിറകിലായിരുന്ന അവള്‍ വിളിച്ചുകൂവി:
“അതവന്‍ കൊണ്ടോക്കോട്ടെ...വരവുമാലയാ അത്...”
പക്ഷേ, അതു കള്ളനും അയാളും നിര്‍ഭാഗ്യവശാല്‍ കേട്ടില്ല. മല്‍പിടുത്തത്തിനിടയില്‍ പരാജയം മണത്ത കള്ളന്‍ അരയില്‍ ഒളിപ്പിച്ചിരുന്ന പിച്ചാത്തിയെടുത്ത് ആ രക്ഷകന്റെ വയറ്റില്‍ ആഞ്ഞുകുത്തി. ആശുപത്രിയില്‍ ചെല്ലുന്നതിനുമുന്‍പേ അയാള്‍ മരിച്ചു. ഇവിടെ കള്ളന്‍ മാത്രമല്ല കുറ്റവാളി. കുറ്റവാളികളെ പ്രോല്‍സാഹിപ്പിക്കുന്നവരും കുറ്റത്തിന്റെ പങ്കുപറ്റുന്നുണ്ട്. സ്വര്‍ണ നിറത്തിലുള്ള മാല വെറും 10 രൂപയുടെയാണെന്ന് കള്ളന്‍ എങ്ങനെ മനസ്സിലാക്കും? ഡല്‍ഹിയില്‍ ഒരു യുവതിയുടെ പീഡന കൊലപാതകം രാത്രിയില്‍ സിനിമാ കണ്ടുകഴിഞ്ഞു മടങ്ങവേ ആയിരുന്നു. ആ സിനിമാ പകല്‍ കാണാന്‍ പോയിരുന്നെങ്കിലോ? സഞ്ചാര സ്വാത(ന്ത്യവും വസ്ത്രധാരണ സ്വാത(ന്ത്യവുമൊക്കെ ഇന്ത്യയില്‍ വെറുതെ പറയാന്‍ കൊള്ളാം. ഇതൊന്നും മദ്യം, മയക്കുമരുന്ന്, മറ്റു മനോരോഗങ്ങള്‍ ഉള്ളവരൊന്നും കണക്കിലെടുക്കില്ല എന്നോര്‍ക്കണം.
ഒറ്റപ്പെട്ട വലിയ വീടുകളില്‍ പ്രായം വളരെയായ അമ്മച്ചിമാരുടെ കഴുത്തില്‍ കിടക്കുന്ന മാലയുടെ വലിപ്പം പട്ടിയെ പൂട്ടുന്ന തുടലിന്റെ അത്രയും വരും. വിദേശമലയാളികള്‍ നാട്ടില്‍ വരുമ്പോള്‍ ഗമ കാണിക്കാന്‍ മേടിച്ചുകൊടുത്തിട്ടു പോകുന്നതായിരിക്കും അവയില്‍ പലതും. ആ മാല കള്ളന്മാരോടു ഇപ്രകാരം പ്രഖ്യാപിക്കുന്നു:
“അമ്മച്ചിയും വേലക്കാരിയും മാത്രമുള്ള ഈ വലിയ വീട്ടിലെ പത്തുപവന്റെ ഉരുപ്പടിയാ ഞാന്‍. കള്ളന്മാര്‍ക്കുള്ള ഈ സുവര്‍ണാവസരം പാഴാക്കരുതേ! എന്നെ പറിച്ചുകൊണ്ടുപോകൂ!”
തിരുവനന്തപുരം നഗരത്തിലെ ഒരു കോളജ് കാമ്പസ്. കൂട്ടുകാരായ ജിഷയും നിമ്മിയും സ്കൂട്ടറുകള്‍ മരത്തണലില്‍ വച്ചിട്ടു പതിവുപോലെ വര്‍ത്തമാനം പറയുകയായിരുന്നു. അന്നേരം മറ്റൊരു കൂട്ടുകാരി അങ്ങോട്ടു വന്നു. സ്കൂട്ടറുകളെ ഒന്നു നോക്കിയിട്ട് അവള്‍ പറഞ്ഞു:
“നിങ്ങള്‍ രണ്ടുപേരും പല കാര്യത്തിലും മാച്ചാണല്ലോ. പിന്നെന്താ, സ്കൂട്ടര്‍ മാത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയിപ്പോയത്?”
നിമ്മിയുടെ മറുപടി ഉടന്‍ വന്നു: “ഞാനീ ജിഷയോടു പലതവണ പറഞ്ഞതാ, ബ്ലാക്ക് വേണ്ടെന്ന്, ചെളി പറ്റിയാല്‍ അറിയില്ല. തുരുമ്പുപിടിച്ചാലും അറിയില്ല”
“വെള്ള നിറമായാല്‍ പിന്നെ എപ്പോഴും തൂത്തുതുടയ‌്ക്കാനേ നേരം കാണൂ” ജിഷയും വിട്ടുകൊടുത്തില്ല.
തിന്മകളും ഇതുപോലെതന്നെ. നമ്മുടെ വ്യക്തിത്വത്തില്‍ ചെളിപിടിച്ചപോലെ തോന്നുന്ന ഇത് യഥാസമയം തുടച്ചുകളഞ്ഞില്ലെങ്കില്‍ ജീവിതം തുരുമ്പിക്കും, ദ്രവിച്ചില്ലാതാകും.
തെറ്റുകളും ദുശ്ശീലങ്ങളും പുറകോട്ടുപോയി തിരുത്താനാവില്ല. കാരണം, സമയചക്രം മുന്നോട്ടുമാത്രമേ ഉരുളുകയുള്ളൂ. പുഴയില്‍ ദിവസവും രാവിലെ കുളിക്കാന്‍ വരുമായിരുന്ന ഒരാള്‍, കുളികഴിഞ്ഞു വീട്ടില്‍ ചെന്നതിനുശേഷമാണ‌്, മോതിരം കളഞ്ഞുപോയെന്നു മനസ്സിലാക്കിയത്. ഉടന്‍തന്നെ പുഴയുടെ അടുക്കല്‍ ചെന്ന് പരാതിപ്പെട്ടു:
“എന്റെ മോതിരം നിന്റെ ശക്തമായ ഒഴുക്കിലാണു പോയത്. നീ എനിക്കു തിരിച്ചുതരണം, അതെവിടെയെന്നു കാട്ടിത്തരണം”
“ഹേ, മണ്ടനായ മനുഷ്യാ, നിന്റെ മോതിരത്തിനുവേണ്ടി വെള്ളത്തെ ഞാന്‍ തടഞ്ഞുനിര്‍ത്തിയാല്‍ ഇവിടെ വെള്ളപ്പൊക്കമുണ്ടാകും. ഈ ജലപ്രവാഹം കടലമ്മയിലാണു ലയിക്കുക. അതു നീരാവിയായി വീണ്ടും മഴയുണ്ടാക്കി ഇതിലേ ഒഴുകിവരേണ്ടതാണ‌്. അതു പ്രകൃതിനിയമം. അതെനിക്ക് പാലിച്ചേ മതിയാകൂ. ഇന്നലെ കുളിച്ച വെള്ളത്തില്‍ ഇന്നു കുളിക്കണമെന്നു വാശി പിടിക്കുന്നപോലുള്ള മണ്ടത്തരമാണത്”
പല തെറ്റുകളും തിരിച്ചുപോയി നേരെയാക്കാന്‍ പറ്റാത്തവയായിരിക്കും. മനസ്സിന്റെ ചില മുറിവുകള്‍ കാലത്തിനു ഉണക്കാന്‍ പറ്റിയെന്നു വരില്ല. അധര്‍മങ്ങള്‍ നടപ്പിലാക്കാന്‍ മനുഷ്യര്‍ ചില മുട്ടുന്യായങ്ങളുടെ കൂട്ടുപിടിക്കും. എന്നിട്ട്, അതിലൂടെ സന്തോഷിക്കുകയും ചെയ്യും.
No comments:
Post a Comment