നെല്‍ക്കതിരും ഗോപുരവും
പണ്ടുപണ്ട്, നാണു എന്നൊരു ആശാനും അയാളുടെ ശിഷ്യനും കൂടി സിൽബാരിപുരത്തുനിന്നും കോസലപുരക്ഷേത്രത്തിലേക്കു പോകുകയായിരുന്നു.
ആ
ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും
ഒരു കാലത്ത് നിലത്തെഴുത്ത്
പഠിച്ചത് ആശാന്റെ പക്കൽനിന്നായിരുന്നു.
ആ
വിദ്യാർഥികളിൽ ചിലർ പിന്നീട്
കൊട്ടാരത്തിൽ പണ്ഡിതന്മാരായി.
മറ്റുള്ളവർ
ന്യായാധിപന്മാർ,
ഗുരുജനങ്ങൾ,
സൈനിക
ഉദ്യോഗസ്ഥർ,
കർഷകർ
എന്നിങ്ങനെ പല മേഖലകളിലും
എത്തപ്പെട്ടു.
രണ്ടുപേരും
നടന്നുപോകവേ,
ചിലർ
ആശാനെ വഴിയിൽ കണ്ടപ്പോൾ
സ്നേഹത്തോടെ പെരുമാറി.
കുശലാന്വേഷണം
നടത്തി.
വേറെ
ഒരു കൂട്ടർ,
ചെറു
പുഞ്ചിരി മാത്രം സമ്മാനിച്ചപ്പോൾ,
ഉന്നത
വേതനമുള്ള കൊട്ടാര ജോലിയുള്ളവർ
ആശാനെ നോക്കിയതുപോലുമില്ല!
ഇതെല്ലാം ശിഷ്യൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൻ ചോദിച്ചു -
"ആശാന്റെ കർഷകരും കൂലിപ്പണിക്കാരും ഉൾപ്പടെ ചെറിയ പണിക്കാരെല്ലാം ന്യായമായും പഠിക്കാൻ പിറകോട്ടായിരിക്കുമല്ലോ. എന്നാൽ, പ്രിയപ്പെട്ട ശിഷ്യന്മാർ ഉന്നത സ്ഥാനങ്ങളിലും എത്തിയിരിക്കുന്നു. പക്ഷേ, അന്നത്തെ മോശം വിദ്യാർഥികൾ ആശാനെ ഇപ്പോഴും ബഹുമാനിക്കുന്നു. അതേസമയം, അന്നത്തെ പ്രിയപ്പെട്ടവർ ആശാനെ അറിയാത്ത മട്ടിൽ കടന്നുപോകുന്നു. അതെന്താണ്?''
ആശാൻ പുഞ്ചിരിച്ചു -
"ന്യായമായും, അറിവ് കൂടുമ്പോൾ അത് എളിമ കൂട്ടുകയാണു ചെയ്യേണ്ടത്. കാരണം, അറിവിലൂടെ യാത്ര ചെയ്യുമ്പോഴാണ് ഒരാൾ നേടിയ ജ്ഞാനം സമുദ്രത്തിൽ നിന്നും മുക്കിയെടുത്ത ഒരു പാത്രം വെള്ളംപോലെ നിസ്സാരമെന്ന് മനസ്സിലാക്കുന്നത്! "
ശിഷ്യനു സംശയമായി-
"പക്ഷേ, ഇതുവഴി പോയ കൊട്ടാര പണ്ഡിതന് അറിവില്ലെന്ന് അങ്ങേക്ക് തോന്നുന്നുണ്ടോ?"
"ഹേയ്, അയാൾക്ക് കൊട്ടാരത്തിലെ പണ്ഡിതനാകാനുള്ള അറിവു മാത്രമേയുള്ളൂ. പക്ഷേ, അയാൾ വിചാരിക്കുന്നത് അറിവിൽ തനിക്കു മുകളിൽ ആരുമില്ലെന്നാണ്. അങ്ങനെ വരുമ്പോൾ കൊച്ചുകുട്ടികളെ അക്ഷരം പഠിപ്പിക്കുന്ന എന്നെ എന്തിനു ബഹുമാനിക്കണം?"
അപ്പോഴും ശിഷ്യന്റെ മനസ്സിൽ പല സംശയങ്ങളും ഉരുണ്ടുകൂടുന്നത് ആശാനു മനസ്സിലായി. ആ സമയം, അവർ നടന്നുകൊണ്ടിരുന്നത് നെൽവയൽ വരമ്പിലൂടെയായിരുന്നു.
ആശാൻ വയലിലേക്കു വിരൽ ചൂണ്ടി-
"നീ ശ്രദ്ധിച്ചു നോക്കുക. നെൽക്കതിരാണോ കളച്ചെടികളാണോ ഉയർന്നു നിൽക്കുന്നത്?"
ഉടൻ , ഉത്തരം വന്നു-
"നെൽക്കതിർ വിളഞ്ഞ്, വളഞ്ഞു നിൽക്കുന്നു. കളകൾ ഉയർന്നും"
ആശാൻ തുടര്‍ന്നു -
"കുറച്ചു കാലം, നെൽച്ചെടിയും കളകളും ഒരേ പോലെ വളർന്നു പൊങ്ങും. പക്ഷേ, നെൽക്കതിരിൽ ധാന്യം വന്നു തുടങ്ങുമ്പോൾ ഭാരം കൂടി അവ വളഞ്ഞുതാഴും. അപ്പോഴും കളച്ചെടികൾ ഫലമില്ലാതെ മുകളിലേക്കു വളർന്നു കൊണ്ടേയിരിക്കും. ഇതിൽനിന്ന് നിനക്ക് എന്തെങ്കിലും മനസ്സിലായോ?"
ശിഷ്യൻ-
"അതു നോക്കി കള പറിച്ചു കളയാൻ എളുപ്പമുണ്ട്"
ആശാൻ -
" അതു ശരിതന്നെ. പക്ഷേ, മറ്റൊരു രീതിയിൽ ചിന്തിച്ചാൽ, യഥാർഥ ജ്ഞാനം ഉള്ളവന്റെ ശിരസ്സ് അറിവുകൊണ്ട് ഭാരം കൂടിവന്നു വിനയം അറിവിലേക്കുള്ള വാതിലാണെന്ന് അവനറിയാം. വിവേകിയും ജ്ഞാനിയും അങ്ങനെ തല കുനിക്കുന്നു. മറ്റുള്ളവർ കളച്ചെടിപോലെ തങ്ങൾക്കു കിട്ടിയ ചെറിയ അറിവുമായി ഞാൻ ഏറ്റവും ഉയരത്തിൽ എത്തിയെന്നു വിചാരിച്ച് അഹങ്കാരത്തിലും പൊങ്ങച്ചത്തിലും മുഴുകുന്നു"
അന്നേരം, ശിഷ്യൻ കാര്യം ഗ്രഹിച്ച് തല കുലുക്കി.
അവർ നടന്നുനടന്ന്, കോസലപുരക്ഷേത്രത്തിന്റെ പരിസരത്തെത്തി. അവിടെ, ഉയരമേറിയ ഒരു ഗോപുരം പണിയുന്നുണ്ടായിരുന്നു. അതിന്റെ ഏറ്റവും മുകളിൽ മകുടം പണിയുന്ന പണിക്കാരെ നോക്കി ശിഷ്യൻ പറഞ്ഞു-
"ആശാനെ, ഈ കോസലദേശക്കാരെല്ലാം കുള്ളന്മാരാണെന്നു തോന്നുന്നല്ലോ''
ആശാൻ പുഞ്ചിരിച്ചു -
"ആ പണിക്കാർ അത്രയും ഉയരത്തിലായതു കൊണ്ട്, അതു നിന്റെ വെറും തോന്നലാണ്. ഇവിടെയും നീ ചിന്തിക്കണം. യഥാർഥ ജ്ഞാനികളും ഈ വിധത്തിൽ കുള്ളന്മാരായി തോന്നിക്കും. കാരണം, അറിവ് ആവശ്യ സമയത്തു മാത്രമേ അവർ പ്രയോഗിക്കയുള്ളൂ. അങ്ങനെ, സാധാരണ മനുഷ്യർ അവരുടെ യഥാർഥ വലിപ്പം അറിയുന്നില്ല. അവിടെ പ്രശസ്തിയുടെയും പ്രകടനത്തിന്റെയും തിളക്കം കാണില്ല. സ്തുതിപാഠകരും ശിങ്കിടികളും കാണില്ല. എന്നാൽ, അവരുടെ കൃത്യമായ വലിപ്പം അറിയണമെങ്കിൽ ഒരുവൻ ജ്ഞാനം സമ്പാദിച്ച് ഈ ഗോപുരഗോവണിപ്പടികൾപോലെ ഓരോന്നായി ചവിട്ടിക്കയറണം. മുകളിലേക്കു ചെല്ലുമ്പോൾ അയാൾക്ക് ജ്ഞാനിയെ കൃത്യമായ വലിപ്പത്തിൽ കാണാൻ കഴിയും''
ശിഷ്യൻ പറഞ്ഞു -
" ഇതു തന്നെ മറിച്ചും സംഭവിക്കാമല്ലോ. ഉയരങ്ങളിൽ നിൽക്കുന്ന ജ്ഞാനിക്കും നമ്മൾ ചെറുതാണെന്നു തോന്നുമല്ലോ?"
ആശാനു സന്തോഷമായി-
"ആരും ചെറുതെന്നു ജ്ഞാനിയും വിചാരിക്കാൻ പാടില്ല. എനിക്കു സംതൃപ്തി തോന്നുന്നു മകനേ. നീ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു!"
ആശയം
-
ലോകമാകെ, ഒരു കളിക്കളം പോലെ ആയിരിക്കുന്നു. നന്നായി കളിയ്ക്കാന്‍ അറിയാവുന്നവര്‍ നേട്ടം കൊയ്യുന്നു. അതിനു പിന്‍ബലമായി സോഷ്യല്‍ മീഡിയയില്‍ അനുയായികളെ സൃഷ്ടിക്കുക, ആകര്‍ഷകമായ ഓഫര്‍ കൊടുക്കുക, പലയിടത്തും സംഭാവന കൊടുത്ത് പൊതുപ്രവര്‍ത്തകരുടെയും മതാനുയായികളുടെയും പിന്തുണ നേടുക, പ്രവചനങ്ങള്‍ നടത്തുക, ടിവി-റേഡിയോ ചാനല്‍ തുടങ്ങുക, പത്ര പരസ്യം ചെയ്യുക, അംഗബലം കൂട്ടാനായി വീടുകള്‍ തോറും ചാക്കിട്ടു പിടിക്കാന്‍ ശിങ്കിടികള്‍ കയറിയിറങ്ങുക ....
ചുരുക്കിപ്പറഞ്ഞാല്‍, ശിരസ്സില്‍ ശുദ്ധമായ ജ്ഞാനവും പേറി ആരാലും അറിയപ്പെടാതെ പാര്‍ശ്വവല്ക്കരിക്കപ്പെടുന്ന ഒട്ടേറെ ആളുകള്‍ നമുക്കു ചുറ്റുമുണ്ട്!
classmates, farmer, scholar, relation, humility, wisdom, knowledge, illiterate, literacy, satire online reading stories
Comments