Aparigraham yoga stories

 അപരിഗ്രഹം

സിൽബാരിപുരത്തെ സന്യാസിയായിരുന്നു വീരപാണി. അദ്ദേഹം നദിക്കരയിലൂടെ നടക്കവേ, ഒരാൾ മീൻ പിടിക്കാനായി ചൂണ്ടയിടുന്നതു കണ്ടു. അതിനിടയ്ക്ക് ആ മനുഷ്യൻ അശ്ലീലവും ശാപവാക്കുകളും ഉരുവിടുന്നുണ്ടായിരുന്നു.

സന്യാസി ചോദിച്ചു -

"മീൻ പിടിക്കുന്നതു രസകരമായ അനുഭവമല്ലേ? പിന്നെന്തിനാണ് താങ്കൾ ഇത്രയും ദേഷ്യപ്പെടുന്നത്?"

അയാള്‍ യാതൊരു കൂസലുമില്ലാതെ പറഞ്ഞു-

"ഏകനായി നടക്കുന്ന സന്യാസിക്ക് അങ്ങനെ പറയാം. എനിക്ക് ഭാര്യയും അഞ്ചുകുട്ടികളുമുള്ള ഒരു കുടുംബമുണ്ട്. രണ്ടു മണിക്കൂറായിട്ടും ഒരു ചെറിയ മീൻ പോലും കിട്ടിയില്ല. ചോറിന് കൂട്ടാൻ ഇന്ന് ഒന്നും കാണില്ല"

സന്യാസി പ്രതികരിച്ചു -

"താങ്കൾ തെറി വിളിച്ചു പ്രാകിക്കൊണ്ട് ശബ്ദമുണ്ടാക്കിയാൽ മീനെല്ലാം ഓടിയൊളിക്കും. പിന്നെ, വെളളത്തിലേക്ക് നിഴൽ വീഴാതെ മരത്തിന്റെ മറവിലേക്കു മാറി നിൽക്കണം"

പക്ഷേ, ആ മനുഷ്യൻ അതു സമ്മതിച്ചു കൊടുത്തില്ല-

"ഓ... അതിലൊന്നും കാര്യമില്ല. ഈ വകുപ്പ് പറയുന്ന സന്യാസി ഒരു മീൻ പിടിച്ചു കാണിക്ക് "

സന്യാസി ചൂണ്ടയും; മണ്ണിരയും മണ്ണും നിറഞ്ഞ ചിരട്ടയുമായി മറ്റൊരു ഭാഗത്തേക്കു പോയി. ചൂണ്ടയിട്ടയുടൻ വലിയൊരു മീൻ കുടുങ്ങി. ആ മനുഷ്യന്‍ മീനെ ചാടിപ്പിടിച്ചു കൂടയിലേക്ക് ബലമായി ഇറക്കിയിട്ട് സന്യാസിയോടു സന്തോഷത്തോടെ പറഞ്ഞു -

" അങ്ങ് ശരിക്കും ഒരു സന്യാസി തന്നെ. ഞാൻ രണ്ടു മണിക്കൂർ തോറ്റിടത്ത് രണ്ടു നിമിഷം കൊണ്ട് ജയിച്ചല്ലോ. എന്റെ അറിവില്ലായ്മ പൊറുക്കണം"

പിന്നെ, സന്യാസി ചിരട്ടയിലുണ്ടായിരുന്ന ഓരോ മണ്ണിരയെയും വെള്ളത്തിലേക്ക് എറിയാൻ തുടങ്ങി. അത് തട്ടിയെടുക്കാൻ അനേകം മീനുകൾ പുളച്ചു!

അനന്തരം സന്യാസി മൊഴിഞ്ഞു -

"താൻ അതു നോക്കുക. ഒരുപാടു മീനുകൾ ഒരുമിച്ചു മൽസരിക്കുന്നുണ്ടെങ്കിലും ഒരു തവണ ഒരുവനു മാത്രമാണ് കിട്ടുന്നത്. എന്നാൽ, ഞാൻ പിന്നെയും മണ്ണിര എറിയുമ്പോൾ പഴയപോലെതന്നെ അവറ്റകൾ പുളയ്ക്കുന്നു. ആരും തോറ്റു പിന്മാറുന്നില്ല. നീ തോൽവികളിൽ അക്ഷമനാകാതെ ഈ മീനുകളുടെ മാതൃക ഓർക്കണം"

അയാൾ ബഹുമാനത്തോടെ പറഞ്ഞു -

"അങ്ങ് പറഞ്ഞത് വലിയ കാര്യം തന്നെ, ഇനിമേൽ, ഞാൻ ശ്രദ്ധിച്ചു കൊള്ളാം. എനിക്കൊരു സംശയം- ഇത്രയും മണ്ണിര കൊണ്ട് വളരെയധികം മീനുകളെ പിടിക്കാൻ അങ്ങേക്കു സാധിക്കുമായിരുന്നു. അതെല്ലാം വെറുതെ തീറ്റിയായി കൊടുത്തത് എന്തിനാണ്?"

അപ്പോൾ സന്യാസി പ്രതിവചിച്ചു -

"നാം എപ്പോഴും ആവശ്യമുള്ളതുമാത്രമേ എവിടെ നിന്നും എടുക്കാവൂ. ആവശ്യത്തിലേറെ സംഭരിച്ചുകൂട്ടുന്ന അവസ്ഥയെ ചെറുക്കാന്‍ ശീലിക്കണം. അതാകുന്നു യോഗിവര്യന്മാര്‍ നിര്‍വചിക്കുന്ന അപരിഗ്രഹം. രണ്ടു മൂന്നു ദിവസത്തേക്കുള്ള മീൻകറിക്ക് ഈ കൂടയിലെ ഒരു മീൻതന്നെ ധാരാളമാണല്ലോ"

ആശയം -

ചെറിയ കാര്യങ്ങളിൽ ആശയടക്കം ശീലിക്കാൻ നമ്മുടെ മനസ്സിനു കഴിയുന്നുണ്ടെങ്കിൽ അതിലും വലുതിന്റെ പ്രേരണയെയും നമുക്കു ചെറുക്കാൻ കഴിയും. യോഗ എന്നാല്‍ എട്ടു ശാഖകള്‍ ഉള്ള അഷ്ടാംഗ യോഗമാണ്. അതില്‍ ഒന്നാമത്തെ ശാഖയായ 'യമം' എന്നാല്‍ ആത്മനിയന്ത്രണം, പിന്തിരിയുക എന്നൊക്കെ അര്‍ഥം. അതിനുള്ളില്‍ അഞ്ച് ഉള്‍പ്പിരിവുകള്‍ ഉള്ളതില്‍ അവസാനത്തെ 'അപരിഗ്രഹം' പറയുന്നത് ആവശ്യമില്ലാത്തത് ആര്‍ത്തിയോടെ മനുഷ്യന്‍ സംഭരിക്കരുത് എന്നാകുന്നു. ദുരാഗ്രഹത്തിന്റെ എതിര്‍ ചെയ്തിയായ അപരിഗ്രഹം പാലിക്കുമ്പോള്‍ ആവശ്യമില്ലാത്ത ദാനങ്ങളും സ്വീകരിക്കാതെ വര്‍ജ്ജിക്കണം. മറ്റുള്ളവരുടെ ഒന്നും ആഗ്രഹിക്കാനും പാടില്ല.

aparigraham, yoga stories, methods, theory, digital reading online Malayalam eBooks.

Comments