നാം അറിയാതെ പോലും എന്തിനെയെങ്കിലും പ്രണയിക്കുന്നു. എന്നാല്‍, പ്രേമം, പ്രണയം എന്ന വാക്കുകള്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ള പ്രണയത്തിലാകുന്നു. ഇങ്ങനെ ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ അല്ലെങ്കില്‍ മനസ്സില്‍ പ്രണയാരാധനയെങ്കിലും തോന്നാത്തവര്‍ ചുരുക്കമായിരിക്കും.
പ്രണയത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയല്ല ഈ പരമ്പര. പ്രണയത്തിലെ വിവേകശൂന്യമായ തീരുമാനങ്ങളും ചതിയും വഞ്ചനയും നഷ്ടപ്രണയങ്ങളും പ്രതികാരവുമൊക്കെ മനുഷ്യജീവിതങ്ങളെ വല്ലാതെ ഞെരുക്കുന്നുണ്ട്. അവരെയൊക്കെ കുറെച്ചെങ്കിലും ആശ്വസിപ്പിക്കുകയും നേര്‍വഴി കാട്ടുകയും ചെയ്യുകയെന്നതാണ് ഇവിടെ ലക്ഷ്യമാക്കുന്നത്. പ്രപഞ്ചത്തിന്റെ പ്രകാശമാകുന്നു പ്രണയം. അതൊരു പ്രഹേളികയാണ്. പലരും തലകുത്തിനിന്നു നിര്‍വചിച്ചിട്ടും ശരിയാകാത്ത എന്തോ ഒരു സംഗതി. മനുഷ്യന് പ്രണയം എന്തിനോടും തോന്നാം-പ്രകൃതി, വസ്ത്രം, പാര്‍പ്പിടം, വാഹനം, ഭക്ഷണം, പുസ്തകം..
എന്നാല്‍, പ്രണയം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നത് ആണും പെണ്ണും തമ്മിലുള്ള പ്രേമമായിരിക്കും. അനേകം മാനസിക-ശാരീരിക പ്രതിപ്രവർത്തനങ്ങളും പ്രത്യയശാസ്ത്രങ്ങളും ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അതായത്, പ്രേമത്തെ പ്രതിഫലിപ്പിച്ച്, നല്ല പ്രേമന്മാരെയും പ്രേമികളെയും കുടുംബമുണ്ടാക്കി പ്രിയതമനും പ്രിയതമയുമാക്കി മാറ്റുന്ന പ്രതിഭാസം.
എന്നാൽ, പ്രേമത്തിന് കണ്ണും കാതുമൊന്നുമില്ലെന്നു പലരും പ്രതിവചിച്ചാലും, ഇതിന്റെ പ്രിൻസിപ്പിൾസും പ്രോട്ടോക്കോളും പ്രോട്ടോടൈപ്പും മനസ്സിലാക്കാതെയും പ്രമാണങ്ങൾ നോക്കാതെയും നീങ്ങിയാലോ? ആ പ്രേമം പ്രമേഹംപോലെ പഞ്ചസാരയുടെ ആധിക്യമുള്ള ഒരു രോഗത്തിന്റെ പ്രതിരൂപമായി മാറും. മനസ്സിനെയും ശരീരത്തേയും പ്രതികൂലമായി ബാധിച്ച് ജീവിതം വെറും പ്രതിമകൾപോലെ നിശ്ചലമാകുന്നു. ചിലയിടങ്ങളിൽ, ക്ഷിപ്രകോപമുണ്ടായി പ്രകമ്പനം കൊള്ളിച്ച ശേഷം സകലതും തച്ചുടയ്ക്കുന്നുമുണ്ട്.
പ്രേമത്തിന് പ്രതിബന്ധങ്ങളും പ്രതിസന്ധികളും കൂടെപ്പിറപ്പാണ്. പ്രാരബ്ധവും പ്രാര്‍ത്ഥനകളും പ്രലോഭനവും പ്രദേശവും പ്രമാണവുമൊക്കെ ഒരു പ്രശ്നോത്തരിയില്‍ എന്ന കണക്കെ വീട്ടുകാര്‍ അന്യോന്യം പ്രയോഗിച്ചാല്‍ പ്രണയിതാക്കള്‍ പ്രജ്ഞ നശിച്ചു പല കോപ്രായങ്ങളും കാട്ടിയെന്നിരിക്കും. ചിലത് ആത്മഹത്യയിലേക്ക് പ്രവേശിക്കാറുണ്ട്.
ഇത്തരത്തിലുള്ള ഒട്ടും പ്രതീക്ഷിക്കാത്ത നഷ്ടപ്രണയങ്ങളെ പ്രതികാരത്തിനായി ഉപയോഗിച്ച് ആരും പ്രതിപ്പട്ടികയില്‍ പ്രതിഷ്ഠിച്ചു പത്രമാധ്യമങ്ങളില്‍ പ്രതിബിംബമുണ്ടാക്കരുത്. ഏതു രംഗത്തും കാണുന്ന പോലെ പ്രേമത്തിലും- ചതിയും വഞ്ചനയും ചൂഷണവും ഉണ്ട്. പ്രണയത്തില്‍ ദുര്‍വാശി അരുത്!
പകരം, വഞ്ചിച്ചവരുടെ മുന്നില്‍ വാശിയോടെ ജീവിച്ചു കാട്ടി മികച്ച നേട്ടം പ്രോജ്ജ്വലിക്കട്ടെ. പ്രണയത്തില്‍ പ്രതികാരം അരുത്!
പക്ഷേ, വീണുപോകാതിരിക്കാന്‍ മധുരപ്രതികാരം ആവശ്യമാണുതാനും.
പഴയകാലങ്ങളില്‍ പ്രണയപ്പരീക്ഷയില്‍ തോല്‍വി സംഭവിക്കുമ്പോള്‍ കുറച്ചു പേരെങ്കിലും സന്യാസികളും സന്യാസിനികളും ആകാന്‍ ആശ്രമങ്ങളില്‍ അഭയം പ്രാപിച്ചിരുന്നു.
പുരുഷന്മാരില്‍ ചിലര്‍ സര്‍വസംഗ പരിത്യാഗിയായി ചമഞ്ഞു പുറപ്പെട്ടുപോയി. അവര്‍ പിന്നീട് വിദൂര സംസ്ഥാനങ്ങളായ ഹിമാചല്‍-അരുണാചല്‍-ആന്ധ്രാ-ഉത്തര്‍-മധ്യ-പ്രദേശിലും മറ്റും പ്രേക്ഷിതരായി വിവിധ ആരാധനാലയങ്ങളുടെ പ്രാന്തപ്രദേശങ്ങളില്‍ പ്രശാന്തി കണ്ടെത്തി.
പ്രാചീനതയും പഴമയുടെ നന്മയും പ്രസരിപ്പും കാലപ്രവാഹം സമ്മാനിച്ച ലഹരിയുടെ പ്രളയത്തില്‍ യുവജനതയ്ക്ക് കൈമോശം വന്നിരിക്കുന്നു. സോഷ്യല്‍മീഡിയ വഴിയായി പ്രഛന്നവേഷങ്ങളിലൂടെ പ്രീതിപ്പെടുത്താന്‍ പ്രാവീണ്യമുള്ളവര്‍ പലതും കെട്ടിയാടി മസ്തിഷ്ക പ്രക്ഷാളനം നടത്തി പ്രാണന്‍വരെ കൊണ്ടുപോയെന്നിരിക്കും.
അതിനാല്‍ പ്രഥമദൃഷ്ട്യാ അനുരാഗങ്ങളൊക്കെ ഒഴിവാക്കി പ്രബുദ്ധരായ ഒരു യുവജനത ഇവിടെ വേണം. പ്രാപ്പിടിയന്‍സംഘങ്ങളുടെ പ്രേരണയില്‍ പ്രണയനിരാസങ്ങളും പീഡനങ്ങളും പ്രഭാതം മുതല്‍ പ്രദോഷം വരെ മാധ്യമങ്ങള്‍ ദുരന്തപ്രബന്ധങ്ങളായി പ്രസാധനം ചെയ്യാതിരിക്കട്ടെ.
പ്രണയപ്രേതങ്ങൾ നമ്മുടെ മലയാളപ്രദേശത്ത് അലയാതിരിക്കട്ടെ. പ്രണയത്തിൽ പ്രതിനായകരും പ്രതിയോഗികളും പ്രവാചകന്മാരും പ്രതിനിധികളും നല്ലതിനല്ല. നഷ്ടപ്രണയങ്ങൾ ഒന്നിന്റെയും അവസാനമല്ല. നാം പെന്‍സില്‍കൊണ്ട് ഒരു പേപ്പറില്‍ എഴുതിയത് തെറ്റിപ്പോയെന്നു കരുതുക.
അത് റബ്ബര്‍കൊണ്ട് മായ്ച്ചു കളഞ്ഞാലും അവിടെ പാടുകള്‍ അവശേഷിക്കുന്നതിനാല്‍ അത് മറയ്ക്കാന്‍ വേണ്ടി അതിനു മീതെ മഷിപ്പേനകൊണ്ട് കടുപ്പിച്ച് എഴുതും. പ്രണയനൈരാശ്യത്തിന്റെ മുറിപ്പാടുകള്‍ മനസ്സില്‍ പതിച്ചത് പ്രത്യക്ഷപ്പെടാതിരിക്കാന്‍ നല്ല നിറമുള്ള മഷികൊണ്ട് വീണ്ടും എഴുതുക!
അതായത്, മുള്ളിനെ മുള്ളു കൊണ്ടുതന്നെ എടുക്കുക. അങ്ങനെ ആ നഷ്ടം ഡെലീറ്റ് ചെയ്ത് പുതിയത് ഇൻസ്റ്റോൾ ചെയ്യുക. ബ്രെയിന്‍ സിസ്റ്റം റിഫ്രഷ് ആവുക. അല്ലെങ്കിലും ഏതു പ്രശ്നങ്ങൾക്കാണ് പ്രതിവിധിയില്ലാത്തത്? പ്രകൃതിയിലെ ആദ്യത്തെ സൈക്കോളജിസ്റ്റ് ആയ കുറുക്കന്‍ പ്രഖ്യാപിച്ചത് നിങ്ങള്‍ മറന്നിട്ടില്യാലോ?
“ഈ മുന്തിരിയ്ക്ക് വല്ലാത്ത പുളിയാണ്, ഞാന്‍ ഇതൊന്നും കഴിക്കില്ല. അല്ലെങ്കിലും ആര്‍ക്കുവേണം ഇത്?”
നിരവധി തവണ ചാടിയിട്ടും മുന്തിരി കിട്ടാതെ നിരാശനായപ്പോള്‍ മനസ്സിനെ പ്രശ്നങ്ങളില്‍നിന്നും പ്രത്യാഘാതങ്ങളില്‍നിന്നും രക്ഷിക്കാന്‍ കുറുക്കന്‍ കണ്ടുപിടിച്ച ഡിഫന്‍സീവ് പ്രോഗ്രാം!
ഇതേപോലെ പ്രത്യാശയോടെ മുന്നോട്ടുപോകുക. പ്രിസത്തിലൂടെ കടന്നുപോകുന്ന പ്രകാശ പ്രകീര്‍ണ്ണനംപോലെ പ്രതിഭകള്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു പഞ്ഞവുമില്ല. പ്രത്യുത, പ്രണയത്തിന്റെ വിശ്വാസ പ്രമാണങ്ങളിൽ വേരൂന്നി പ്രമാണികളാകാൻ ശ്രമിക്കുമല്ലോ.
ആദർശപ്രണയങ്ങൾ പ്രകൃതിയിൽ പ്രകീര്‍ത്തിക്കപ്പെടട്ടെ.. നല്ല ജീവിതത്തിന്റെ ഉൾപ്രേരകങ്ങളാകട്ടെ. സ്വാര്‍ത്ഥതയില്ലാത്തതും പ്രത്യുപകാരം ആവശ്യപ്പെടാത്തതുമായ പ്രണയം ഗുണത്തിലും മുന്നില്‍ നില്‍ക്കും.
പ്രണയബന്ധങ്ങള്‍ സഭ്യതയുടെ അതിരുവിടുമ്പോള്‍ പുതുപ്രതീക്ഷകള്‍ ഒന്നുമില്ലാതെ വിവാഹത്തില്‍ എത്താതിരിക്കാന്‍ സാധ്യത കൂടും. പണ്ട്, പ്രേമലേഖനങ്ങള്‍ കീറിക്കളഞ്ഞാല്‍ മതിയായിരുന്നു. എന്നാല്‍ ഇന്നോ? സകലതിനും സാങ്കേതിക തെളിവുകളുണ്ട്.
അത് ബ്ലാക്ക് മെയിലിംഗ്, കുടുംബം തകര്‍ക്കല്‍, ഭീക്ഷണി, പീഡനം, ആത്മഹത്യ, മനോരോഗങ്ങള്‍ എന്നിങ്ങനെ അനേകം പൊല്ലാപ്പുകള്‍ പ്രതിഫലങ്ങളായി തന്നേക്കാം. കാലത്തിന്റെ പ്രവാഹത്തില്‍ പ്രണയത്തിന്റെ പ്രഭയ്ക്കു മങ്ങലേറ്റിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചുരപ്രചാരവും പ്രചരണവും നല്ലതിനാകട്ടെ. അതൊക്കെ നല്ല പ്രമേയങ്ങളുമായി പ്രത്യക്ഷപ്പെട്ട് പ്രണയം സ്നേഹപ്രതീകമെന്ന പ്രതീതി പ്രോത്സാഹിപ്പിക്കട്ടെ.
പലതരം പ്രോമിസ് കൊടുത്ത് പ്രീണിപ്പിച്ചു പ്രകീര്‍ത്തിച്ചു പ്രണയിതാക്കളുടെ പ്രാരംഭ സ്നേഹപ്രകടനങ്ങൾ വിവാഹത്തിലെത്തുമ്പോള്‍ പ്രസരണനഷ്ടം വരുത്തരുത്. ചിലതൊക്കെ വിവാഹശേഷം പ്രാകൃത രൂപത്തിലേക്ക് മാറിയേക്കാം. അങ്ങനെ, പ്രഹസനമായി പ്രാകാനും പ്രാന്തെടുക്കാനുമല്ല ദാമ്പത്യജീവിതം. പ്രണയവിവാഹം വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അതേസമയം, പ്രണയവിവാഹം പരാജയമാണെന്നതും ശരിയല്ല.
എന്നാല്‍, ബുദ്ധിയും വിവേകവുമുള്ള ഒരു വ്യക്തിക്ക് തങ്ങളുടെ ജീവിത പങ്കാളിയെക്കുറിച്ച് ഏകദേശ ധാരണ വിവാഹത്തിനു മുന്‍പ് ലഭിക്കും എന്നൊരു മേന്മ പ്രണയ വിവാഹത്തിന്റെ നേട്ടമായിരിക്കും.
പങ്കാളികളുടെ സാമൂഹ്യ-സാമ്പത്തിക-മതപരങ്ങളായ വ്യത്യാസങ്ങള്‍ പ്രണയവിവാഹത്തില്‍ കൂടുതല്‍ കാണുമെന്ന പ്രശ്നം കോട്ടമായി വന്നേക്കാം. കാരണം, പറന്നുപോകുന്ന കാക്കയ്ക്കുവരെ കുറ്റം പറയുന്ന മലയാളിയുടെ സങ്കുചിത മനസ്സില്‍ ദുഷ്ട പ്രവചനങ്ങള്‍ക്ക് മുന്‍കാല പ്രാബല്യവുമുണ്ടായിരിക്കും. വിവാഹശേഷം പ്രണയം ആവശ്യമാണുതാനും. യഥാര്‍ഥ പ്രണയം ജീവിതാവസാനം വരെ പ്രകടിപ്പിക്കേണ്ട ഒന്നാണ്.
കുടുംബത്തിലെ പ്രതിപക്ഷ ബഹുമാനം പ്രഘോഷിക്കപ്പെടണം.
പ്രകൃതിയിലെ പ്രജനനത്തിനു സ്ത്രീവര്‍ഗ്ഗത്തെ തെരഞ്ഞെടുത്തതുകൊണ്ട് അവരെ പ്രത്യുല്പാദന ഉപകരണമായി ആരും കാണരുത്. ശരീരത്തിലെ പ്രോസ്റ്റേറ്റ്, പ്രോജെസ്ട്രോണ്‍, പ്രൊലാക്ടിന്‍, പ്രോസ്റ്റാഗ്ലാന്‍ഡിന്‍, പ്രോട്ടീന്‍ തുടങ്ങിയവയൊക്കെ വറ്റുന്ന കാലത്തും പ്രണയത്തിന്റെ പ്രബോധനമായ സ്നേഹം ഉണ്ടെകില്‍ ജീവിതമാകെ ഉത്സവ പ്രതീതിയായിരിക്കും.
പ്രായാധിക്യമൊന്നും ദമ്പതികളിലെ പ്രണയങ്ങള്‍ കോപ്രായമാക്കുന്നില്ല. ഉദാഹരണത്തിന്, മനോഹരമായ പച്ച നിറമുള്ള തേങ്ങയിലെ കരിക്കിന്‍വെള്ളം മധുരത്തോടെ കുടിച്ച് ഇളംപ്രായത്തില്‍ തേങ്ങ അപ്രത്യക്ഷമാകുന്നു.
അതില്‍നിന്ന് എണ്ണ കിട്ടില്ല. എന്നാല്‍, കുടിക്കാതെ കാത്തിരുന്നാലോ? മധുര വെള്ളം വറ്റി തൊലിനിറം മങ്ങി ചുക്കിച്ചുളിഞ്ഞ കാലത്തും കാമ്പിനു കട്ടികൂടി കൊപ്രയായി മാറി എണ്ണയെടുക്കാമല്ലോ(എണ്ണ എന്ന വാക്കിന് സ്നേഹം എന്നു പര്യായം).
പ്രൗഢമായ പ്രശോഭിതമായ ഓരോ പ്രണയ ജീവിതവും മലയാള മണ്ണിലെ പ്രേമ പ്രജകൾക്ക് മാതൃകയാകണം. ഓരോ ബന്ധവും പ്രക്ഷുബ്ധമാകാതെ സ്നേഹത്തിന്റെ പ്രതിധ്വനി പ്രകീര്‍ത്തിക്കുന്ന പ്രവൃത്തിയായി മാറണം. പ്രണയിതാക്കളുടെ കണ്ണീര്‍ ഈ മണ്ണിന്റെ പ്രതലത്തില്‍ വീഴാതിരിക്കാന്‍ കമിതാക്കള്‍ പ്രതിജ്ഞയെടുക്കണം. അങ്ങനെ പ്രണയത്തിന്റെ നഷ്ടപ്രതാപം നമുക്ക് വീണ്ടെടുക്കാം.
പ്രണയത്തെ വിശാലമായ കാഴ്ചപ്പാടില്‍ നോക്കിക്കണ്ടാല്‍ പലര്‍ക്കും പ്രണയനിഷേധങ്ങളെ അതിജീവിക്കാനാവും. അങ്ങനെ പ്രഗ്നന്‍സിയിലെ പ്രി-മച്വര്‍ ബേബിയുടെ തീവ്രപരിചരണം പോലെ വിഷമിക്കേണ്ടി വരില്ല. പ്രപഞ്ചം എന്ന വലിയ ക്യാന്‍വാസില്‍ നിങ്ങള്‍ വരച്ച പ്രണയം വളരെ ചെറുതെന്നു കാണാം. അവിടെയുള്ള അനേകം മനോഹര ചിത്രങ്ങളെ കാണാതെ പോകരുത്-
-നല്ല സ്വഭാവത്തെ പ്രണയിക്കാം,
-സംതൃപ്തിയുള്ള ജോലിയെ പ്രണയിക്കാം,
-മികച്ച ഹോബിയെ പ്രണയിക്കാം,
-തെളിഞ്ഞ മനസ്സിനെ പ്രണയിക്കാം,
-ലളിതമായ ജീവിതശൈലിയെ പ്രണയിക്കാം,
-സദ്‌ചിന്തകളെ പ്രണയിക്കാം,
-ദൈവവിശ്വാസത്തെ പ്രണയിക്കാം,
-പ്രകൃതിയെ പ്രണയിക്കാം..
എന്തിനും ഏതിനും വിദേശ സംസ്കാരത്തെ മാതൃകയാക്കരുത്. പാശ്ചാത്യരുടെ പ്രണയം ഭൂരിഭാഗവും മാംസനിബദ്ധമാകയാല്‍ കുടുംബ ജീവിതം വരെയെത്തുന്നുമില്ല. അതുകൊണ്ട്, ഇനി വരുന്ന ഫെബ്രുവരി 14 മലയാളത്തില്‍ത്തന്നെ 'പ്രണയദിനം' എന്നറിയപ്പെടട്ടെ. അങ്ങനെ മറ്റൊരു വാല്..ശ്ശൊ..അല്ല..പ്രണയദിനംകൂടി കടന്നുപോയിരിക്കുന്നു..അടുത്തതിനെ വരവേല്‍ക്കാന്‍!
Comments