18/09/20

muthassi kadhakal short stories

 മുത്തശ്ശിക്കഥകള്‍, ചെറുകഥകള്‍

മലയാളം ചെറുകഥകള്‍ നമ്മുടെ ഭാഷയുടെ ജീവനാഡികളാണ്. ഓരോ നാടിനും തനതായ സാഹിത്യ കാര്യങ്ങള്‍ പലതും നമ്മോടു പറയാനുണ്ടാകും. ഞാന്‍, വെറും ഇരുപതുകിലോമീറ്ററിനപ്പുറത്ത് താമസം മാറ്റിയപ്പോള്‍ കേട്ടത്, പുതിയ നാടന്‍പ്രമേയങ്ങള്‍!അങ്ങനെയെങ്കില്‍, ഇനിയും കേള്‍ക്കാത്ത എത്രമാത്രം ചൊല്ലുകള്‍ വാമൊഴിയായി കേരളത്തില്‍ ഒഴുകിനടക്കുന്നുണ്ടാവണം? അതെല്ലാം പഴയ മുത്തശ്ശിമാരുടെ രസകരങ്ങളായ മുത്തശ്ശിക്കഥകള്‍തന്നെ. nanny tales, muthassi kadhakal, അങ്ങനെ വരുമ്പോള്‍ ചെറുകഥകളുടെ പിറവി അവരിലൂടെയാണെന്ന് കരുതാം. ഇവ  കല്പിതകഥയുടെ (ഫിക്ഷന്‍) ഭാഗമാണ്‌. അവയില്‍ കെട്ടിച്ചമച്ചതും; മൃഗങ്ങള്‍, ഐതിഹ്യങ്ങള്‍, പഴഞ്ചൊല്‍-നാട്ടുകൃതികള്‍, നാടോടിസാഹിത്യം, കാടുകള്‍, കാവുകള്‍, മിത്തുകള്‍ എന്നിവയെല്ലാം കൂടിച്ചേര്‍ന്ന മനോഹരമായ ഭാവനയുടെ സൃഷ്ടികളായ ചെറിയവ വലിയ സാഹിത്യകൃതികള്‍ക്കും കാരണമായി.

ചെറിയൊരു ആശയത്തെ അധികം കഥാപാത്രങ്ങളും സംഭാഷണങ്ങളും ഇല്ലാതെ പൂര്‍ണമാക്കുന്ന സാഹിത്യ വിസ്മയം എന്നു ചെറുകഥയെ വിശേഷിപ്പിക്കാം. അവിടെ- നന്മ, എളിമ, സദുപദേശം, ജീവിതമാതൃക, സാന്ത്വനം എന്നിങ്ങനെയുള്ള മൂല്യങ്ങള്‍; വിറ്റമിന്‍ഗുളികപോലെ  വല്യമ്മച്ചിമാര്‍ കുഞ്ഞുങ്ങള്‍ക്കു പറഞ്ഞുകൊടുത്തിരുന്നത് അവരുടെ മികച്ച സ്വഭാവ രൂപീകരണത്തില്‍ നല്ലൊരു പങ്കു വഹിച്ചിരുന്നു. 

എന്നാല്‍, ഇന്ന് മലയാളിക്കുട്ടികള്‍ കാണുന്നതും കേള്‍ക്കുന്നതും ടിവിയും സോഷ്യല്‍ മീഡിയയും തരുന്നവയാകയാല്‍, അതില്‍, ചതിയും വഞ്ചനയും വികൃതികളും ദുഷിച്ച കാര്യങ്ങളും പഠിപ്പിക്കുന്ന കാര്യങ്ങള്‍ കണ്ടേക്കാം. അതിന്‍റെ ഫലമോ? കുട്ടികള്‍ മുത്തശ്ശിമാരോട് മിണ്ടുന്നതുതന്നെ കുറഞ്ഞിരിക്കുന്നു. മക്കളുടെ അവഗണന നിമിത്തം അവരുടെ കഥ പറച്ചില്‍ പരാതിയിലും പരിദേവനത്തിലും മാത്രമായി ചുരുങ്ങുന്നു. ഒടുവില്‍, മക്കള്‍ അവര്‍ക്ക് വൃദ്ധമന്ദിരങ്ങളിലും മറ്റും  അഡ്മിഷന്‍ വാങ്ങിക്കൊടുക്കുമ്പോള്‍ ആ കൂട്ടായ്മയില്‍ സമാന നാവുകള്‍ ദുഃഖങ്ങള്‍ പരസ്പരം പറഞ്ഞ് ആശ്വസിക്കുന്നു. ഇത്തരം കുടുംബചിത്രങ്ങള്‍ കണ്ടു വളരുന്ന കുഞ്ഞുങ്ങള്‍ ഇതുതന്നെ പിന്നെ ആവര്‍ത്തിക്കുന്നതും പതിവ്. ഇതൊന്നുമല്ലാതെ, പ്രായമായവരും കാലത്തിനൊപ്പം നീന്തി പഴമകളിലെ നന്മകളെ മന:പൂര്‍വം മറന്നിടത്തും പ്രശ്നങ്ങള്‍ തലപൊക്കിയിട്ടുണ്ട്.

ചെറുകഥകളുടെ തുടക്കം കണ്ടെത്താന്‍ ഒരിക്കലും പറ്റില്ല. വാമൊഴി, ശിലാലിഖിതം, മൃഗത്തോല്‍, മരത്തോല്‍, ചെപ്പേടുകള്‍, താളിയോലകള്‍ എന്നിവയൊക്കെ കഴിഞ്ഞ് നിലവിലുള്ള അച്ചടിച്ച താളുകള്‍ നല്ല വായനയിലേക്ക് നമ്മെ നയിച്ചു. അതും പിന്നിട്ടു ഡിജിറ്റല്‍ ഇ ബുക്കുകള്‍, ഓഡിയോ ബുക്സ്...ഇനി എന്തെല്ലാം വായനവിപ്ലവങ്ങള്‍ വരാനിരിക്കുന്നു? കുട്ടികളുടെ താങ്ങും തണലുമായി നിന്നിരുന്ന മുത്തശ്ശിമാരുടെ കഥകള്‍ക്ക് ലക്ഷണമൊത്ത ആദ്യത്തെ മലയാള ചെറുകഥയെന്നു മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തത് 1889-ല്‍ 'വിദ്യാവിനോദിനി'യില്‍ vidyavinodini പ്രസിദ്ധീകരിച്ച വേങ്ങയില്‍ കുഞ്ഞിരാമന്‍നായരുടെ 'വാസനാവികൃതി' ആയിരുന്നു. പിന്നീട്, നസ്രാണിദീപിക, മലയാള മനോരമ, ഭാഷാപോഷിണി, മാതൃഭൂമി എന്നിവയിലൂടെ മലയാളികള്‍ ഇത്തരം കൃതികള്‍ ധാരാളമായി  വായിച്ചറിഞ്ഞു. അതിനിടയില്‍,  അനേകം പുസ്തക പ്രസാധകര്‍ എത്തിയതോടെ നമ്മുടെ വായനാലോകം പരപ്പാര്‍ന്നതായി.

 നോവല്‍, യാത്രാവിവരണം, സ്ക്രിപ്റ്റ്  തുടങ്ങിയ സാഹിത്യ രൂപങ്ങളിലെല്ലാം വളര്‍ന്നു വലുതായിരിക്കുന്നത് എഴുത്തുകാരന്‍റെ മനസ്സില്‍ അങ്കുരിക്കുന്ന കൊച്ചു കഥാബീജംതന്നെയാണ്. കേരളത്തിന്‍റെ നന്മയും പൈതൃകവും പെരുമയും വിളിച്ചോതുന്ന മഹത്തരങ്ങളായ കൃതികളും എഴുത്തുകാരും വളരെയധികമാണ്. ഒട്ടും അറിയപ്പെടാത്ത ആളുകള്‍ എഴുതിയ മികച്ച പുസ്തകങ്ങളും കൃതികളും വന്‍എഴുത്തുവൃക്ഷങ്ങള്‍ പടര്‍ന്നുപന്തലിച്ചപ്പോള്‍ സ്വാഭാവികമായും ആ തണലില്‍, വെള്ളവും വെളിച്ചവും വളവും  കിട്ടാതെ മുരടിച്ചുപോയി. അവാര്‍ഡ്,  ബുക്ക്‌ റിലീസ്,  പരസ്യം, ബുക്ക് റിവ്യൂ, പ്രശസ്തരുടെ അവതാരിക, വിമര്‍ശനങ്ങള്‍, പരാമര്‍ശങ്ങള്‍ എന്നിവയൊക്കെ കിട്ടാതെ പലതും വിസ്മൃതിയിലായി. അതിന്‍റെ രാഷ്ട്രീയവും കളികളും ലോബിയുമൊക്കെ അവിടെ മത്സരിച്ച് അച്ചടിക്കട്ടെ.


ഒരു വായനക്കാരന്‍ മനസ്സില്‍ വിചാരിക്കുന്ന സമയത്ത് വായിക്കാന്‍ പാകത്തിലുള്ള മുത്തശ്ശിക്കഥകളും ചെറുകഥകളും മലയാളം ഡിജിറ്റല്‍ ഇ ബുക്സ് മാതൃകയില്‍ എന്‍റെ മലയാളംപ്ലസ് വെബ്‌സൈറ്റില്‍ പിഡിഎഫ് ഓണ്‍ലൈന്‍ബുക്ക് രൂപത്തില്‍ വായിക്കൂ...
Malayalam short stories, cherukadhakal digital books, pdf online free, muthassikathakal...

No comments:

Post a Comment