എന്താണ് മലയാളം നോവലുകള്‍? (Definition of Malayalam novels?)
The word origin of novels, novella
New trends of Malayalam novels
മലയാളത്തിലെ മുന്‍നിര നോവലിസ്റ്റുകളെ ശ്രദ്ധിച്ചാല്‍ പൊതുവായ ചില കാര്യങ്ങള്‍ അവരുടെ എഴുത്തിനെ ശക്തിപ്പെടുത്തുന്നുണ്ട് എന്നു കരുതണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉന്നത ഉദ്യോഗം, വിവിധ സാഹിത്യ പ്രസ്ഥാനങ്ങളുടെ ഭാരവാഹികള്‍, പ്രമുഖ പുസ്തക-പത്ര-മാധ്യമങ്ങളിലെ ജോലി എന്നിങ്ങനെ നല്ല പിന്തുണ അവര്‍ക്ക് ലഭിക്കുന്നു.
അതേക്കുറിച്ച് ഒരു നോവലിസ്റ്റ് പറഞ്ഞത്- "ജീവിതത്തിന്റെ പച്ചയായ ആവിഷ്കരണമാണിത്. യാതൊരു അതിശയോക്തിയും ഇതിലില്ലല്ലോ. യാഥാര്‍ഥ്യമെന്തിനു മറച്ചുപിടിക്കണം?" അങ്ങനെയെങ്കില്‍ ഞാനൊന്ന് ചോദിക്കട്ടെ-
Malayalam novel resources
digital online free Malayalam eBooks pdf novels is now available in my site.
മലയാളം നോവല്‍ ഇ-ബുക്സ് ഓണ്‍ലൈന്‍ രീതിയില്‍ ഒരു പരമ്പരയായി ഇവിടെ വായിക്കാം. നോവലിനെ കുറിച്ച് ചില കാര്യങ്ങള്‍ പറയട്ടെ. സാഹിത്യരചനകളില്‍ ഏറ്റവും മുന്തിയ സ്ഥാനം നോവലിനു തന്നെ- നോവലിസ്റ്റ് സാഹിത്യലോകത്തുള്ള പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ അലങ്കരിക്കുന്നതായി കാണാം.ചെറുകഥ-കവിതയെഴുത്തുകാരൊക്കെ പിന്നിലാവുന്ന കാഴ്ച ഒന്ന് ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എഴുത്തിന്റെ വലിയൊരു ലോകം നോവലില്‍ പ്രതിഫലിക്കുന്നുണ്ട്. സുദീര്‍ഘമായ ക്ഷമയോടെ അനേകം കഥാപാത്രങ്ങളെ മേയിച്ച് നിരവധി മാസങ്ങളും ചിലപ്പോള്‍ വര്‍ഷങ്ങളും നല്ലൊരു നോവലിനു വേണ്ടിവന്നേക്കാം. അവിടെ മനുഷ്യജീവിതങ്ങളുടെ വേറിട്ട ചിന്തകളും രസങ്ങളും അനുഭൂതികളും സംഭാഷണങ്ങളും വായനക്കാരനു മുന്നില്‍ ഒരു വെള്ളിത്തിരയിലെന്നപോലെ തെളിയുകയാണ്. നീണ്ടകഥ എന്ന വിഭാഗം നോവല്‍ അല്ലെന്നും ഓര്‍ക്കുക.
novus എന്ന ലത്തീന്‍പദത്തിന് പുതിയത് എന്നര്‍ത്ഥം. novella ഒരു ഇറ്റാലിയന്‍ പദമാണ്- പുതിയ വസ്തുക്കള്‍ എന്നൊക്കെ അര്‍ഥം. ഈ രണ്ടുവാക്കുകളും ചേര്‍ന്ന് നോവല്‍ ഉണ്ടായി. 'നോവല്ല' 'നോവലെറ്റ്' എന്നു മലയാളത്തില്‍ കണ്ടാല്‍ ചെറുനോവല്‍ എന്ന് കരുതുകയും ചെയ്യാം. മലയാള നോവലുകളുടെ കാര്യമെടുത്താല്‍, ആദ്യത്തെ നോവല്‍ 'കുന്ദലത' എഴുതിയത് അപ്പുനെടുങ്ങാടിയാണെങ്കിലും ലക്ഷണമൊത്ത ആദ്യത്തെ മലയാള നോവല്‍ ഒ.ചന്തുമേനോന്‍ രചിച്ച 'ഇന്ദുലേഖ' (1889) ആണെന്ന് കരുതപ്പെടുന്നു.
പിന്നീട്, സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ അതേപടി പകര്‍ത്തുന്ന കഥാതഥ സമ്പ്രദായം(റിയലിസം) നോവലില്‍ വന്നുകൂടി. കൂടാതെ, പാരമ്പര്യ വിരുദ്ധമായ 'ആധുനികത' രീതി 1960-ല്‍ തുടങ്ങിയെന്ന് പറയാം. ഇതിനിടയില്‍ 'ജനപ്രിയ'നോവലുകള്‍ക്ക് മുട്ടത്തു വര്‍ക്കി തുടക്കമിട്ടു. 'ഇക്കിളി'നോവലുകള്‍ എന്നു പഴിയൊക്കെ കേട്ടെങ്കിലും'മ'പ്രസിദ്ധീകരണങ്ങളിലൂടെ സാധാരണക്കാരില്‍ വായനയുടെ മുന്നേറ്റം നടത്താന്‍ ഇത്തരം നോവലുകള്‍ക്ക് കഴിഞ്ഞു. ഏതാണ്ട്, അതേ കാലത്തുതന്നെ 'ഉത്തരാധുനികത' രീതിയിലുള്ള കഥനം രംഗത്തു വന്നു.
അതൊക്കെ നോവല്‍പരിണാമത്തിന്റെ ഭാഗമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കും. പക്ഷേ, നോവലിസ്റ്റ് ഏതു രീതി അവലംബിച്ചാലും വായനക്കാരന് എളുപ്പം മനസ്സിലാകുന്ന വിധത്തിലായിരിക്കണം എന്നു മാത്രം. ചില എഴുത്തുകാര്‍, തങ്ങളുടെ പദസമ്പത്തും കേമത്തരവും കാട്ടി വായനക്കാരെ വെള്ളം കുടിപ്പിക്കും. ഉദാഹരണത്തിന്- അനേകം ഫ്ളാഷ് ബാക്ക്, ഇരട്ട ക്ലൈമാക്സ്, കീറാമുട്ടിയായ പദങ്ങള്‍, അന്യഭാഷകള്‍...എന്നിങ്ങനെ കുത്തിനിറച്ച് കസര്‍ത്തു കാട്ടുമ്പോള്‍ വായനയെ വഴിയില്‍ ഉപേക്ഷിച്ചു പോകുന്നവരെ സൃഷ്ടിച്ചേക്കാം.
അതെന്തായാലും നോവല്‍സാഹിത്യത്തിനു ദോഷമേ ചെയ്യൂ. മലയാള ഭാഷയുടെ കാര്യമോ? വിദേശജോലി ഉന്നമിട്ടുകൊണ്ട് ഇന്നത്തെ വിദ്യാഭ്യാസരംഗം മുന്നോട്ട് നീങ്ങുമ്പോള്‍ മലയാളം മെലിഞ്ഞുവരികയല്ലേ?
നല്ലൊരു പത്രത്തില്‍ പുസ്തകം ലിസ്റ്റ് ചെയ്യപ്പെടുമ്പോള്‍ വില്‍പനയില്‍ ഏറ്റവും ചുരുങ്ങിയത് ആയിരങ്ങളുടെ കോപ്പി വര്‍ധന ഉറപ്പാകും. അങ്ങനെ സാമ്പത്തികമായി മെച്ചപ്പെട്ട സാഹിത്യസസഞ്ചാരികള്‍ ദീര്‍ഘദൂരയാത്രകള്‍ ചെയ്യാനാകുന്നതിനാല്‍ ഒട്ടേറെ ജീവിതാനുഭവങ്ങള്‍ അടുത്തറിയാന്‍ സാധിക്കുന്നു. അവ മുന്നോട്ടുള്ള എഴുത്തിന്റെ അസംസ്കൃത വസ്തുക്കളായി പരിണമിക്കുന്നു.
ഇന്ത്യയിലെ നദികളും ക്ഷേത്രങ്ങളും ആശ്രമങ്ങളും കാവുകളും മറ്റും അനേകം കഥകളും സത്യങ്ങളും സങ്കല്പങ്ങളും ആചാരങ്ങളും മിത്തുകളും നമ്മോടു പറയുന്നുണ്ട്; എന്നാല്‍, അതൊക്കെ വേണ്ടവിധത്തില്‍ ഒപ്പിയെടുക്കുന്ന എഴുത്തുകാരനാവട്ടെ നല്ല കൃതികള്‍ക്ക് ജന്മം കൊടുക്കുന്നു. കേരളത്തിലെ ഭാരതപ്പുഴയും പെരിയാറും മറ്റുള്ള നദീതീരങ്ങളും അമ്പലങ്ങളും തറവാടുകളും ഇങ്ങനെ മികച്ച എഴുത്തുകാരെ സൃഷ്ടിച്ചിട്ടുണ്ട്. ഇതിവൃത്തങ്ങള്‍ വെള്ളത്തിലൂടെ പൊങ്ങുതടി കണക്കെ ഒഴുകിവന്നപ്പോള്‍ കയറുകെട്ടി വലിച്ച് കരയ്ക്കടുപ്പിച്ചു കൊത്തി മിനുക്കി സുന്ദരങ്ങളായ സാഹിത്യ ശില്പങ്ങള്‍ മലയാളിക്ക് സമ്മാനിച്ചു. വെയിലേറ്റ മണല്‍ത്തരികള്‍ക്കൊപ്പം അവരുടെ അക്ഷരങ്ങളും തിളങ്ങി.
ഇതിനിടയില്‍, രൂപ വാരിയെറിഞ്ഞു തിളക്കുന്ന പുസ്തക പ്രകാശനങ്ങളും ചിലയിടങ്ങളില്‍ നടക്കുന്നുണ്ട്. പ്രസാധകരും എഴുത്തുകാരനും രാഷ്ട്രീയവും അവാര്‍ഡ്കമ്മിറ്റിയും ചേര്‍ന്ന് പുതിയ സമവാക്യങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അര്‍ഹതയില്ലാത്ത പുസ്തകങ്ങളും സ്കൂള്‍-കോളജ് കുട്ടികളുടെ പാഠപുസ്തകമായി മാറിയേക്കാം. നാല്പതു ശതമാനത്തോളം റോയല്‍റ്റി ലഭിക്കുന്ന പാഠപുസ്തകങ്ങളിലൂടെ എഴുത്തുകാരന്‍ ലക്ഷങ്ങള്‍ കൊയ്യുന്നു!
ഇനി എന്റെ എഴുത്തിന്റെ ചെറിയ ലോകത്തേക്കുറിച്ച് പറയാം. എന്റെ മൂന്നു നോവലുകള്‍ പത്ര-വാരിക-ഓണ്‍ലൈന്‍മത്സരങ്ങളില്‍ പങ്കെടുത്തെങ്കിലും സമ്മാനത്തിനുള്ള യോഗ്യതയൊന്നും അതിനില്ലായിരുന്നു.
പക്ഷേ, സമ്മാനം കിട്ടിയ നോവലുകള്‍ ഞാന്‍ വായിച്ചപ്പോള്‍ മനസ്സിലായത് കച്ചവട സാധ്യത മുന്നില്‍ കണ്ടുകൊണ്ട് അശ്ലീല രംഗങ്ങളുടെ തീവ്രമായ വിവരണവും ആ കൃതികളെ പിന്തുണയ്ക്കുന്നുണ്ടെന്നാണ്.
നാം എന്തിനു വസ്ത്രം ധരിക്കണം? അതിനുള്ളില്‍ ഒരു നഗ്നശരീരം ഉണ്ടെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ!സര്‍ക്കുലേഷന്‍ കൂട്ടാനായി വിവാദവും വാഗ്വാദവും 'വിവസ്ത്ര'മാകുമ്പോള്‍ എഴുത്തുകാരന്റെ കീശയും വീര്‍ത്തുവരുമെന്ന് സാരം.
ഹൈന്ദവസംസ്കാരം ആചാരാനുഷ്ഠാനങ്ങള്‍കൊണ്ട് സാഹിത്യലോകത്തെ മഹത്തരമാക്കുന്നതിനാല്‍ ഭൂരിഭാഗം മലയാളി എഴുത്തുകാരും ആ ശ്രേണിയില്‍ വരുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.ദേവന്‍-ദേവി സങ്കല്പങ്ങളും അനേകം ആരാധനാമൂര്‍ത്തികള്‍, ക്ഷേത്രകലകള്‍, പുണ്യപുരാണകഥകള്‍, ഇതിഹാസങ്ങള്‍, വേദങ്ങള്‍, ഉപനിഷത്തുകള്‍, കാവുകള്‍, അമ്പലക്കുളം, വെളിച്ചപ്പാട്, പൂജാരി, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍...ഇങ്ങനെ എഴുതിയാല്‍ തീരാത്തത്ര വിഷയങ്ങള്‍ ഇവിടെയുണ്ട്. അതേസമയം, ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് വിഷയ ദാരിദ്ര്യം വരുന്നത് തീര്‍ത്തും സ്വാഭാവികം.
എന്റെ ഗ്രാമത്തിലാവട്ടെ ജലക്ഷാമം രൂക്ഷമായിരുന്നതുപോലെ കഥകളും വറ്റിവരണ്ടു. കുട്ടിക്കാലത്ത് കളിക്കാനും കുളിക്കാനുമായി പോയിരുന്ന പുലിയളക്കുളത്തില്‍ മുങ്ങിത്തപ്പിയെങ്കിലും കഥകളൊന്നും കിട്ടിയില്ല. കുറച്ചുമാറി മുതിരക്കാലാത്തോട്ടില്‍ മുട്ടറ്റംവെള്ളത്തില്‍ തോര്‍ത്തുവിരിച്ച് ഊപ്പപ്പരലുകളെ പിടിച്ചു ചെറിയ ചില്ലുകുപ്പികളിലാക്കി വീട്ടിലെത്തുമ്പോഴേക്കും അതിന്റെ 'കഥ'യും കഴിഞ്ഞിരിക്കും.
ഇങ്ങനെയൊക്കെ പരിമിതികളുണ്ടെങ്കിലും ഞാന്‍ വായിച്ചിട്ടുള്ള അനേകം പുസ്തകങ്ങളിലെ ആശയങ്ങളുടെ സമന്വയവും സങ്കലനവും മനസ്സില്‍ ഊറിയടിയുന്നതു കൂടാതെ പലയിടത്തുനിന്നും കണ്ടതും കേട്ടതുമൊക്കെ എന്റെ ചെറിയ ഭാവനയ്ക്ക് ഉണര്‍വേകുന്നു. സാഹിത്യരചനയെക്കാള്‍ എനിക്കിഷ്ടം മനുഷ്യനെ മെച്ചപ്പെടുത്തുന്ന എഴുത്തായതിനാല്‍ നോവലുകളില്‍ എളുപ്പം മനസ്സിലാവുന്ന രീതിയില്‍ നന്മയുടെ അംശവും ഉള്‍ക്കൊള്ളിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ട്. ഞാന്‍ പണം മുടക്കി വാങ്ങിയ ചില നോവലുകള്‍ പകുതിപോലും വായിക്കാതെ മടക്കിയ അസംതൃപ്തി ഇവിടെയും ആര്‍ക്കും തോന്നാതിരിക്കാന്‍ മുന്‍കൂര്‍ പണമെന്ന'ഷോപ്പിംഗ് കാര്‍ട്ട്' ഈ വെബ്‌സൈറ്റില്‍ ഒഴിവാക്കിയിരിക്കുന്നു.
പതയും പതക്കവും ആഗ്രഹിക്കാത്ത എഴുത്തായതിനാല്‍ അത്തരം കൃത്രിമ ചട്ടക്കൂടുകള്‍ എഴുത്തിനെ ബാധിക്കുന്നുമില്ല. എന്നാല്‍, മുഴുവന്‍സമയ എഴുത്തുകാരനല്ലാത്തത് കൃതികളെ ഞെരുക്കി ചെറുതാക്കുന്നുണ്ട്. പോരായ്മകള്‍ ക്ഷമിക്കുന്ന വായനക്കാരുടെ പിന്തുണ പ്രതീക്ഷിക്കുന്നു..
Comments