7-സൗഹൃദക്കൂട്ടം

Malayalam eBooks-379-souhrudam-7-souhrudakoottam
Author- Binoy Thomas, Price- FREE
പണ്ടുപണ്ട്, സിൽബാരിപുരംദേശത്ത് കുഞ്ചു എന്നൊരു സാധു മനുഷ്യൻ ജീവിച്ചിരുന്നു. കരിമ്പിൻകൃഷി ചെയ്തിരുന്നതിനാൽ പഞ്ചാരക്കുഞ്ചു എന്നായിരുന്നു വിളിപ്പേര്. നാട്ടുകാർക്കെല്ലാം കുഞ്ചുവിനെ വലിയ ഇഷ്ടമാകയാൽ സുഹൃത്തുക്കളെന്നു പറഞ്ഞാൽ കുഞ്ചുവിന് സ്വകാര്യ അഹങ്കാരമായി തോന്നിയിരുന്നു.

അങ്ങനെയിരിക്കെ, ആ ദേശത്ത് കരിമ്പിൻകൃഷിക്ക് ഏതോ അജ്ഞാതരോഗം പിടിപെട്ട് കുഞ്ചുവിന്റെ കൃഷിയാകെ നശിച്ചുപോയി. അയാൾ പട്ടിണിയിലായി. അതേ സമയം, അവന്റെ കൂട്ടുകാർ മറ്റു കൃഷികളിലും പണികളിലും ഏർപ്പെട്ടിരുന്നതിനാൽ അവരൊന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതുമില്ല.

ആ സമയത്ത്, കുഞ്ചു തന്റെ ഉറ്റ ചങ്ങാതിമാരോട് കുറച്ചു വെള്ളിനാണയങ്ങൾ കടം ചോദിച്ചു. എന്നാൽ മറുപടികൾ നിരാശാജനകമായിരുന്നു -
"കടം കൊടുക്കാനുള്ള പണമൊന്നും എന്റെ കയ്യിലില്ല"
"മകളുടെ വിവാഹ ആവശ്യത്തിനുള്ള പണം, നിനക്കു കടം തരാനാവില്ല"
"കുഞ്ചുവിന് പണം തന്നാലും എങ്ങനെ വീട്ടാനാണ്? ഇനി തന്റെ കരിമ്പു കൃഷിയൊന്നും ഈ ദേശത്ത് നടക്കില്ല"
"വേറെ ആരോടെങ്കിലും ചോദിക്ക് "

കുഞ്ചുവിന്റെ മനസ്സിൽ പഞ്ചാരമധുരമായി സൂക്ഷിച്ചിരുന്ന സൗഹൃദങ്ങൾ കാഞ്ഞിരത്തിൻകുരു പോലെ കയ്ച്ചു തുടങ്ങി.
കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുഞ്ചു ആ യാഥാർഥ്യവുമായി പൊരുത്തപ്പെട്ടു. പിന്നെ, അയാൾ കുറച്ചു സ്ഥലത്ത് നെൽകൃഷി നടത്തി. പാടം  കൊയ്യേണ്ട സമയത്ത് വീണ്ടും കൂട്ടുകാരെ സമീപിച്ചു പറഞ്ഞു-
"കൊയ്ത്തു കൂലി ഞാൻ പിന്നെ തന്നുകൊള്ളാം. ഇപ്പോൾ എന്റെ കയ്യിൽ നാണയമൊന്നും തരാൻ ഇല്ല. എന്നെ ദയവായി സഹായിക്കണം"
കൂട്ടുകാർ പറഞ്ഞു -
"സാധ്യമല്ല. ഞങ്ങൾക്ക് പണി കഴിഞ്ഞ് ഉടൻ കൂലി തരാൻ ഒരുപാടു പേര് ഈ നാട്ടിലുണ്ട്"

പക്ഷേ, കുഞ്ചു തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു.  കുഞ്ചു ഒറ്റയ്ക്ക് പാടം കൊയ്യാൻ തുടങ്ങി. ക്ഷീണം വകവയ്ക്കാതെ തുടർച്ചയായി പണി ചെയ്തപ്പോൾ അയാൾ കുഴഞ്ഞു വീണു. എതാണ്ട്, ആ സമയത്താണ് ഒരു കുതിരവണ്ടിക്കാരൻ അതുവഴി പോയത്. അയാൾ തന്റെ കയ്യിലുണ്ടായിരുന്ന വെള്ളവും ഭക്ഷണവും കൊടുത്തപ്പോൾ കുഞ്ചുവിന് വേച്ചു വേച്ച് നടക്കാമെന്നായി.
അയാള്‍ കുഞ്ചുവിനോട് ചോദിച്ചു-
“താങ്കളെ സഹായിക്കാന്‍ കൂട്ടുകാരോ നാട്ടുകാരോ ആരെയും കണ്ടില്ലല്ലോ. കയ്യിലിരുപ്പ് അത്ര മോശമായിരിക്കും?”

കുഞ്ചു പറഞ്ഞു-
“എന്റെ കയ്യില്‍ പണമില്ല അത്രതന്നെ. എന്റെ സ്വഭാവമല്ല, കയ്യില്‍ പണം നീക്കിയിരുപ്പ് ഇല്ലെന്നു പറഞ്ഞാല്‍ അതാവും കൂടുതല്‍ ശരി"
കുഞ്ചു മടിക്കാതെ തന്റെ സുഹൃത്തുക്കളുടെ പൊള്ളയായ സൗഹൃദങ്ങളെ അയാളുടെ മുന്നില്‍ അവതരിപ്പിച്ചു. 
“ഹൊ, അങ്ങനെയെങ്കില്‍ എന്റെ കൂടെ കോസലപുരത്തേക്കു പോരൂ.  എന്റെ  പ്രഭു നല്ലൊരു മനുഷ്യനാണ്. നാളെ ചന്തസാമാനങ്ങളുമായി കുതിരവണ്ടി യാത്രയാകും"
അടുത്തദിനം, അവര്‍ ഒരുമിച്ച് അയല്‍രാജ്യത്തേക്കു പോയി.

അവരുടെ കുതിരവണ്ടി പ്രഭുവിന്റെ അങ്കണത്തിലെത്തി. കുഞ്ചുവിന്റെ കാര്യങ്ങൾ പ്രഭുവിനെ അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു -
"ഇന്ന് താങ്കൾ വന്നതു നന്നായി. എന്റെ സുഹൃത്തുകൾക്കെല്ലാം സദ്യ കൊടുക്കുന്ന ദിവസമാണിത്. താങ്കള്‍ ജോലിക്കാരുടെ കൂടെ കഴിക്കാന്‍ ഇരുന്നോളൂ"
കുഞ്ചു: "അങ്ങ് , എന്നോടു ക്ഷമിക്കണം. ഒരു സുഹൃത്തെന്ന നിലയിൽ ഭക്ഷണം എനിക്കു വേണ്ട. ഒരു ഭൃത്യനായി ഞാൻ സദ്യ കഴിച്ചോളാം"
പ്രഭു: "എനിക്ക് അനേകം സുഹൃത്തുക്കൾ ഉണ്ട്. അവർ അകത്ത് ദർബാർഹാളിൽ ഇരിക്കുകയാണ്. താങ്കൾ കൂടി എന്റെ സൗഹൃദത്തില്‍ പങ്കു ചേരുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ"
കുഞ്ചു: ''പ്രഭോ, അങ്ങേയ്ക്കു തെറ്റി. അവിടെ യഥാർഥ സുഹൃത്തുക്കൾ ഒരാളെങ്കിലും ഉണ്ടാകുമോ?"
പ്രഭു: "ഉം ... അത് താങ്കൾക്കെങ്ങനെ അറിയാം? ഇതു തെളിയിച്ചാൽ തക്കതായ സമ്മാനം തനിക്കു ഞാൻ നൽകും. അല്ലാത്ത പക്ഷം, ഈ നാട്ടിൽ നിന്ന് ഇന്നു തന്നെ സ്ഥലം വിടണം"

ഉടൻതന്നെ, കുഞ്ചു പ്രഭുവിന്റെ അടുക്കലേക്കു നീങ്ങി രഹസ്യമായി ചില സംഗതികൾ ബോധിപ്പിച്ചു.
അനന്തരം, സദ്യ തുടങ്ങാനുള്ള സമയമായി. പ്രഭു ദർബാർഹാളിലേക്കു വന്ന് സദസ്സിനെ വണങ്ങി -
"പ്രിയ സുഹൃത്തുക്കളെ, നിങ്ങളോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം അറിയിക്കാനുണ്ട്. ഇനിമേൽ കോസലപുരത്തെ പ്രഭു ആയിരിക്കാനുള്ള യോഗ്യത എനിക്കില്ല. സിൽബാരിപുരംരാജാവിന്റെ പണം കടം വാങ്ങി ഇവിടെ കച്ചവടം ചെയ്തു പ്രഭുവായ ആൾ മാത്രമാണു ഞാൻ. പല വർഷങ്ങളായി ആ പണം ഞാൻ പലിശ സഹിതം തിരികെ കൊടുക്കാത്തതിനാൽ രാജാവിന്റെ പക്കൽ ചെന്ന് എന്തു ശിക്ഷയും ഏറ്റുവാങ്ങണം. മാത്രമല്ല, എന്റെ ആസ്തിയും സ്ഥാപനങ്ങളും കൃഷിയിടങ്ങളുമെല്ലാം രാജാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും. ഇതെന്റെ അവസാന സല്‍ക്കാരമായിരിക്കും"

അതുകേട്ട്, എല്ലാവരും ഞെട്ടി! ഒരുവന്‍ ചോദിച്ചു-
“പ്രഭോ, ഞങ്ങള്‍ക്കിത് വിശ്വസിക്കാനാവുന്നില്ല. ശിക്ഷ ഒഴിവാക്കാന്‍ വഴിയൊന്നുമില്ലേ?”
പ്രഭു: “ഒരു വഴിയുണ്ട്. നിങ്ങള്‍  ഓരോ സുഹൃത്തും ആയിരം സ്വര്‍ണനാണയം വീതം കടമായി എനിക്കു നല്‍കിയാല്‍ രാജാവിനു കൊടുക്കാന്‍ പറ്റും"
പെട്ടെന്ന്‍, അന്നാട്ടിലെ രണ്ടാമത്തെ ധനികന്‍ ചാടി എണീറ്റു-
“അങ്ങനെ ഒരുത്തനെയും സഹായിച്ച് പ്രഭു പദവിയില്‍ ഇരുത്തേണ്ട കാര്യം നമുക്കില്ല. എല്ലാവരും വരിക. നമുക്കു രാജാവിനെ കണ്ട് എനിക്ക് പ്രഭു പദവി നല്‍കാന്‍ ആവശ്യപ്പെടാം. ഇവന്റെ പദവി നീക്കം ചെയ്യുകയും വേണം!”

അത് കേട്ടയുടന്‍ എല്ലാവരും സദ്യ നിരസിച്ച് പുറത്തേക്ക് ഇറങ്ങി. പ്രഭു ഇങ്ങനത്തെ പ്രതികരണം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം അപേക്ഷിച്ചു-
“ദയവായി നിങ്ങളാരും പോകരുതേ...സദ്യ മുഴുവനും പാഴായിപ്പോകും"
അപ്പോള്‍, ഒരു സുഹൃത്ത് പരിഹസിച്ചു-
“അത് മുഴുവന്‍ താന്‍ ഒറ്റയ്ക്കു തിന്നോളൂ..."
എത്രയോ സല്‍ക്കാരങ്ങള്‍ സ്വീകരിച്ച തന്റെ സുഹൃത്തുക്കള്‍ ഒടുവില്‍ നിന്ദിച്ചു കടന്നുപോയതില്‍ പ്രഭു വല്ലാതെ വിഷമിച്ചു. കുഞ്ചു പറഞ്ഞത് എത്ര സത്യം!
“കുഞ്ചു, ഞാന്‍ ഒരിക്കലും ഇത്രയും പ്രതീക്ഷിച്ചില്ല. താന്‍ എന്റെ കണ്ണു തുറപ്പിച്ചു.  ഇനിമേല്‍, എന്റെ മാളികയിലെ ഒരു മുറി താങ്കളുടെതാണ്"

ആശയം-
എല്ലാം ഉള്ളപ്പോള്‍ എല്ലാവരും സുഹൃത്തുക്കളാണ്. ആപത്തിലും പ്രതിസന്ധികളിലും മറ്റുള്ള പ്രതികൂല കാലാവസ്ഥയിലും എത്ര പേര്‍ അവശേഷിക്കും എന്നുള്ളത് നമ്മെ അമ്പരിപ്പിക്കും. സാമ്പത്തികമായി ഒപ്പത്തിനൊപ്പം എന്നുള്ള ഫോര്‍മുല പലപ്പോഴും സൗഹൃദത്തിന്റെ ആഴം നിര്‍ണയിക്കാറില്ലേ? 
വിശുദ്ധ ചാവറയച്ചന്‍ ഒന്നര നൂറ്റാണ്ടിനു മുന്‍പേ പറഞ്ഞത് ഓര്‍ക്കുമല്ലോ- "ശരിയായ സുഹൃത്ത് ആയിരത്തില്‍ ഒരുവന്‍ പോലുമില്ല!" 
ഇക്കാലത്ത്, ആ കണക്ക് പതിനായിരത്തില്‍? പത്തു ലക്ഷത്തില്‍?..

Online browser reading →download →offline reading of this safe Google Drive PDF file-379 is free.  Click here-
https://drive.google.com/file/d/1UVyzgdcdqJs5gL2VYyrl3Oy2JIz3BTqO/view?usp=sharing