അറബിക്കഥകള്‍ -2

Malayalam eBooks-50-arabikathakal-2, Author- Binoy Thomas, Price-FREE.
Online browser reading or Download or offline reading of Google drive pdf file is free here-

https://drive.google.com/file/d/0Bx95kjma05ciZ3ctOTFUM0doSkk/view?usp=sharing&resourcekey=0-wFeouii2XU36xflGPqh2hQ

പേർഷ്യയിലെ രാജാവായി ഖുസ്രു ഭരിച്ചിരുന്ന കാലം. അദ്ദേഹം വലിയ മൽസ്യക്കൊതിയൻ ആയിരുന്നു. ഒരു ദിനം, ഭാര്യയായ ഷിരീനുമൊത്ത് കൊട്ടാര മുറ്റത്ത് അദ്ദേഹം വിശ്രമിക്കുമ്പോൾ ഒരു മുക്കുവൻ വലിയൊരു മീനുമായി അതുവഴി പോകുന്നത് ശ്രദ്ധയിൽപെട്ടു-
"ഏയ്, മുക്കുവൻ, നീ ഇവിടെ വരൂ''

ഭയഭക്തിബഹുമാനങ്ങളോടെ അവൻ രാജാവിനെ വണങ്ങി. ആ വലിയ മൽസ്യം രാജാവ് വാങ്ങിയ ശേഷം, നാലായിരം പണം കൊടുത്തു. എന്നാൽ, രാജാവിന്റെ വിശാലമായ ദാനത്തെ രാജ്ഞിക്ക് ഇഷ്ടമായില്ല.
" ഇത്രയും പണം അങ്ങ് അവനു കൊടുത്തത് ശരിയായില്ല. ഇത് മറ്റുള്ള മുക്കുവർ അറിഞ്ഞാൽ എല്ലാവരുംകൂടി സകല മീനുകളുമായി ഇങ്ങോട്ടു വരും. അതിനാൽ, പെട്ടെന്ന് അവനെ തിരികെ വിളിച്ച് പണം മടക്കി വാങ്ങണം"

പക്ഷേ, രാജ്ഞി പറഞ്ഞത് രാജാവിന് ഇഷ്ടമായില്ല.
"ഹേയ്, രാജാക്കൻമാർ കൊടുത്ത പണം തിരികെ മേടിക്കില്ലെന്ന് നിനക്കറിയില്ലേ?"

എന്നാൽ, രാജ്ഞി വിട്ടുകൊടുക്കാനുള്ള ഭാവമില്ലായിരുന്നു.
" പണം തിരികെ വാങ്ങാനുള്ള സൂത്രം ഞാൻ അങ്ങേയ്ക്ക് പറഞ്ഞു തരാം . മീൻ ആണോ പെണ്ണോ എന്ന് അങ്ങ് അവനോടു ചോദിക്കണം. ആൺമൽസ്യമെന്ന് പറഞ്ഞാൽ പെൺമീനാണ് എനിക്കു വേണ്ടിയിരുന്നത് എന്നു പറയണം. പെണ്ണെന്ന് പറഞ്ഞാൽ ആൺമീൻ ആയിരുന്നു വേണ്ടതെന്ന് പറഞ്ഞാൽ മതി"

പത്നിയെ പിണക്കാതിരിക്കാൻവേണ്ടി മുക്കുവനെ തിരികെ വിളിച്ച് അപ്രകാരം ചോദിച്ചു. അപകടം മണത്ത ബുദ്ധിമാനായ മുക്കുവൻ ഇപ്രകാരം മറുപടി പറഞ്ഞു:
"ഈ മീൻ ആണും പെണ്ണും ചേർന്നതാണ് രാജാവേ.."

ഇതു കേട്ട് രാജാവ് പൊട്ടിച്ചിരിച്ചു. എന്നിട്ട്, അവന് നാലായിരം പണം കൂടി സമ്മാനിച്ചു!

അവൻ അതും കൂടി സഞ്ചിയിൽ നിക്ഷേപിച്ച് താഴേയ്ക്ക് നടന്നു പോകുന്നതിനിടയിൽ ഒരു നാണയം നടപ്പാതയിൽ വീണു. ക്ഷമയോടെ കുറച്ചുനേരമെടുത്ത് നാണയം കണ്ടുപിടിച്ച് സഞ്ചിയിലേക്ക് ഇട്ടു. ഈ പ്രവൃത്തി ഇരുവരും മുകളിലിരുന്ന് കാണുന്നുണ്ടായിരുന്നു. 

ഇതുതന്നെ പറ്റിയ അവസരമെന്നു കരുതി രാജ്ഞി പറഞ്ഞു:
"ആ മുക്കുവന്റെ അത്യാഗ്രഹം നോക്കണേ. ഇത്രയുമധികം പണം കിട്ടിയിട്ടും നിലത്തു വീണ നാണയവും കൂടി സഞ്ചിയിലാക്കിയിട്ടാണ് അവനു തൃപ്തിയായത്. താഴെ വീണ നാണയം ഏതെങ്കിലും പാവപ്പെട്ടവർക്ക് കിട്ടട്ടെയെന്ന് അവൻ കരുതിയില്ലല്ലോ. ഇത്തരത്തിലുള്ള ഒരാളിനാണല്ലോ അങ്ങ്, ഈ പണമത്രയും ദാനം ചെയ്തത്?"

രാജ്ഞി പറഞ്ഞതിൽ കാര്യമുണ്ടെന്ന് മനസ്സിലാക്കിയ രാജാവ് മുക്കുവനെ തിരികെ വിളിച്ചു:
"നീയൊരു അത്യാഗ്രഹിയാണ്. ഇത്രയും പണം കിട്ടിയിട്ടും നിലത്തുവീണ നാണയം പാവപ്പെട്ടവർക്ക് കിട്ടുന്നതിൽ നീ ഇഷ്ടപ്പെടുന്നില്ല. എന്താ ശരിയല്ലേ?"

വീണ്ടും അപകടസൂചന ഗ്രഹിച്ച ബുദ്ധിമാനായ മുക്കുവൻ ഇങ്ങനെ മറുപടി പറഞ്ഞു:
"രാജാവേ, ആ നാണയത്തിന്റെ ഒരു വശത്ത് അങ്ങയുടെ ചിത്രവും മറുവശത്ത് അങ്ങയുടെ പേരും കൊത്തിയിരിക്കുന്നു. നിലത്ത് കിടക്കുന്ന അതിൽ ആരെങ്കിലും ചവിട്ടുന്നത് അടിയനു വളരെ സങ്കടമാണ്!"

മുക്കുവന്റെ മറുപടി കേട്ട് സന്തോഷിച്ച രാജാവ്, വീണ്ടും നാലായിരം പണം കൂടി സമ്മാനിച്ച് അയാളെ പറഞ്ഞു വിട്ടു!

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam