മുത്തശ്ശിക്കഥകള്‍ -1

This Malayalam 'eBook-17-muthassi-kathakal-1-kallam'. To download this safe Google drive pdf file, click here-https://drive.google.com/file/d/0Bx95kjma05ciMjV2NVdoYnR4SXc/view?usp=sharing

മുത്തശ്ശിക്കഥ-1-കള്ളം (Grandma stories online reading in Malayalam)

അന്നും പതിവുപോലെ നാണിയമ്മ അതിരാവിലെ എഴുന്നേറ്റു. മുറ്റമടിച്ചുകൊണ്ടിരുന്നപ്പോള്‍ പത്രം കാല്‍ച്ചുവട്ടിലേക്ക് പറന്നിറങ്ങി. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മുറ്റമാകെ മിനുങ്ങിയെന്ന് ഉറപ്പുവരുത്തിയ വൃദ്ധ കാലും കയ്യും മുഖവുമൊക്കെ കഴുകി തിണ്ണയില്‍ കിടന്ന തോര്‍ത്തെടുത്ത് തുടച്ചു. അടുക്കളയില്‍നിന്ന് രണ്ടു സ്റ്റീല്‍ കപ്പില്‍ ചായ ചെറുമേശമേല്‍ വച്ചിട്ട് അകത്തേ മുറിയിലേക്ക് നോക്കി വിളിച്ചു-."ഉണ്ണിക്കുട്ടന്‍ എണീറ്റില്ലേ? നേരമെത്രയായീന്നാ.."

"ഞാന്‍ കുറച്ചൂടെ കെടക്കട്ടെ..ഇന്ന് സ്കൂളില്ലാ.."

മുറിയില്‍നിന്ന് അശരീരി മുഴങ്ങി.

"ഈ ചെറുക്കന്റെയൊരു മടി..നിന്റെ ചായ തണുക്കണൂ.."

നാണിയമ്മ ഭിത്തിയില്‍ പുറം ചാരി രണ്ടുകാലും നീട്ടിവച്ച് പത്രപാരായണം തുടങ്ങി. അടുത്തു നില്‍ക്കുന്നവര്‍ക്കുംകൂടി കേള്‍ക്കാന്‍ പരുവത്തിനു ഗദ്യം പദ്യംപോലെ നീട്ടി വായിക്കുന്നത് പണ്ടെങ്ങോ തുടങ്ങിയ ശീലമാണ‌്.

ഉണ്ണിക്കുട്ടന്റെ അപ്പനും അമ്മയും അറബിനാടുകളില്‍ ജോലിയെടുക്കുന്നു. രണ്ടുപേര്‍ക്കും ഒന്നിച്ചു വരാന്‍ ഇതുവരെ പറ്റിയിട്ടില്ല, എങ്കിലും ഒന്നോ ഒന്നരയോ വര്ഷം കൂടുമ്പോള്‍ കൊച്ചിനെ കാണാന്‍ ഓടിവന്നിട്ട് കരഞ്ഞുകൊണ്ട്‌ മടങ്ങിപ്പോകും. അവര്‍ക്ക് ചെറിയ ജോലിയായതിനാല്‍ കൊച്ചിനെ കൊണ്ടുപോകാനുള്ള സാഹചര്യമില്ലതാനും. അങ്ങനെ, അത്തരം അധികച്ചുമതലയും നാണിയമ്മയുടെ ചുമലില്‍ വന്നുചേര്‍ന്നു. പ്രായത്തിന്റെ ചില്ലറ പ്രശ്നങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഒരു വല്യമ്മയുടെ മാത്രമല്ല, മാതാപിതാക്കളുടെ കടമയുംകൂടി പറ്റുന്നത്രയും നന്നായി നോക്കുന്നത് ഉണ്ണിക്കുട്ടന‌് വലിയൊരനുഗ്രഹമായി. രണ്ടുമൂന്നു പത്രത്താളുകള്‍ നിലത്തിട്ടു വായിച്ചുമറിച്ചപ്പോള്‍, ഉണ്ണിക്കുട്ടന്‍ ആടിത്തൂങ്ങി അങ്ങോട്ടു വന്നു.

"കുട്ടാ, ചായ തണുത്തൂച്ചിപ്പോയി, സമയത്തു വരണായിരുന്നു"

"വല്യമ്മച്ചീ, ഇന്നലത്തെ കഥ അവസാനം എന്തായിരുന്നു...ഞാന്‍ ഉറങ്ങിപ്പോയി, ഒന്നൂടെ പറയ‌്.."

"ദേ, ഉണ്ണിക്കുട്ടാ, കഴിഞ്ഞ മൂന്നു ദിവസായി ഞാനിത് തന്നേ പറയണത്. നീ ഉറങ്ങണത് എന്റെ കുറ്റാ?"

നാണിയമ്മ വീണ്ടും പത്രത്തിലേക്ക് തല കുമ്പിട്ടു. ആ താളില്‍, 'ചരിത്രത്തിലെ വലിയ കള്ളങ്ങള്‍' എന്ന പേരില്‍, പലതും അക്കമിട്ടു നിരത്തുന്ന ഒരു വിവരണം കൊടുത്തിട്ടുണ്ടായിരുന്നു:

'ച(ന്ദനില്‍ അമേരിക്കക്കാര്‍ ആദ്യം കാലുകുത്തിയെന്നു പറയുന്നത്'

'യഥാര്‍ത്ഥ ടൈറ്റാനിക് കപ്പല്‍ മുങ്ങിയെന്നു പറയുന്നത്'

'ഇറാക്കില്‍ രാസായുധം ഉണ്ടെന്നു ബുഷ്‌ പറഞ്ഞത്'

'പെരുമണ്‍ട്രെയിന്‍ ദുരന്തം കാറ്റ് മൂലമെന്ന് റെയില്‍വേ'

ഇതെല്ലാം പാട്ടിന്റെ ഈണത്തില്‍ അവിടെ കേട്ടപ്പോള്‍ അവന്‍ ചോദിച്ചു:

"എനിക്കിന്ന് ഇവിടുത്തെ നുണ പറയുന്ന കഥകള‌് കേട്ടാ മതി...ഇങ്ങോട്ട് നോക്ക്.."

"ഞാന്‍ കേട്ടടാ..ങാ..ഇന്ന് ചന്തയില്‍ പോകണ്ട ദിവസാ, ഇന്നു കുറെ നുണക്കഥകള്‍ നിന്നെ കാണിച്ചുതരാം. ന്താ, സമ്മതിച്ചോ?"

"ഹായ‌്! എനിക്ക് നാരങ്ങാമൊട്ടായീം തിന്നാം, ബസേലും കേറാം..."

സമയം ഒന്‍പതുമണി ആയപ്പോള്‍, നാണിയമ്മയും ഉണ്ണിക്കുട്ടനും ബസ് സ്റ്റോപ്പിലേക്ക് നടന്നു. അന്നേരം, മീന്‍കാരന്‍വാസു സൈക്കിളില്‍ വരുന്നതു കണ്ടു.

"നല്ല പെടയ‌്ക്കണ മീനേയ‌്"

അതിന്റെ അകമ്പടിയെന്നോണം,

"പൂ...പേ...." എന്നൊരു റബര്‍ഹോണ് മുരള്‍ച്ചയും.

നാണിയമ്മയെ കണ്ട്, അവന്‍ സൈക്കിള്‍ നിര്‍ത്തി.

"എടാ, വാസൂ, മീനല്ല ഈച്ചയാണല്ലോ ഇതിനകത്ത് പെടയ‌്ക്കണത്, കഴിഞ്ഞ ദിവസത്തെ മത്തി തീര്‍ന്നില്ല, നാളെ അതിലേ വാ"

ചമ്മിയ ചിരിയുമായി വാസു പതിവു വഴികളിലൂടെ സൈക്കിള്‍ ഉരുട്ടി നീങ്ങി. ബസ്‌ വരാന്‍ കാത്തുനിന്നപ്പോള്‍, അയല്‍വാസിയായ ചാക്കപ്പന്‍ ധൃതിയില്‍ അങ്ങോട്ടു വന്നു.

"നീ ഇന്നും കള്ളസാക്ഷി പറയാന്‍ കോടതീലോട്ടു പോകുവല്ലേ?"

"ജീവിച്ചുപോട്ടമ്മച്ചീ"

ദയനീയ ചിരിയോടെ അവന്‍ പറഞ്ഞു.

അല്‍പസമയത്തിനുള്ളില്‍ അവര്‍ ബസില്‍ കയറി. അതിനുള്ളില്‍ അധികം ആളുണ്ടായിരുന്നില്ല. തൊട്ടടുത്ത സീറ്റിലെ യാത്രക്കാരോട് കണ്ടക്ടര്‍ ദേഷ്യപ്പെടുന്നത് അവരുടെ ശ്രദ്ധയില്‍പെട്ടു.

"ഈ മോള്‍ക്ക് ഹാഫ് ടിക്കറ്റ്‌ അമ്മിഞ്ഞപ്രായമൊക്കെ കഴിഞ്ഞു. ഫുള്‍ടിക്കറ്റ് എടുക്കണം, പ്രായം കുറച്ചു പറഞ്ഞതുകൊണ്ടോ, നിങ്ങളുടെ മടിയില്‍ ഇരുത്തീന്നു വച്ചോ കാര്യമൊന്നുമില്ല"

പക്ഷേ, ആ കുടുംബം കുറച്ചു കള്ളങ്ങള്‍ നിരത്തി തര്‍ക്കിച്ചു വിജയം കണ്ടു. ഇതിനിടയില്‍, നാണിയമ്മ കുറെ വര്‍ഷങ്ങള്‍ പിറകോട്ടു സഞ്ചരിച്ച്, ഉണ്ണിക്കുട്ടന്റെ മുലകുടി നിര്‍ത്തിയ കാര്യം ഓര്‍ത്തുപോയി. അവന്റമ്മ ചെന്നിനായകം തേച്ച കയ‌്പുള്ള 'പാച്ചം' കൊടുത്ത് കള്ളം കാണിക്കാതെ വേറെ നിവൃത്തിയില്ലായിരുന്നു- അവധി നീട്ടിക്കിട്ടാതെ കണ്ണീരോടെ അവള്‍ക്ക് ഗള്‍ഫിലേക്ക് തിരികെ പോകേണ്ടിവന്നില്ലേ? ഒരുപക്ഷേ, അവന്‍ കണ്ട ആദ്യകള്ളവും ഇതായിരിക്കണം!

അങ്ങനെ, അവര്‍ ചന്തയില്‍ എത്തിച്ചേര്‍ന്നു. അവിടെയൊരു പ്രസംഗം തകര്‍ക്കുന്നുണ്ടായിരുന്നു- ഏതോ സ്ഥാനാര്‍ഥി കള്ള വാഗ്ദാനങ്ങള്‍ നിരത്തി മുന്കാലമെന്നപോലെ ആളുകളെ കഴുതയാക്കിക്കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍, പടക്കങ്ങളും പൊട്ടിച്ച് രംഗം കൊഴുപ്പിച്ചു.

ഇത് കണ്ടും കേട്ടും നാണിയമ്മ കുട്ടിയോടു പറഞ്ഞു:

"നീ ഇപ്പോള്‍ കേട്ടതാണു നുണപ്പടക്കം"

അവര്‍ പലയിടത്തുനിന്നും പച്ചക്കറിയും മറ്റും വാങ്ങി. ഒരിടത്തുനിന്ന്, നാരങ്ങ തൂക്കി മേടിച്ചപ്പോള്‍ ആ കടക്കാരന്‍ കപടവേഗത അഭിനയിച്ചു. കണ്ണടച്ചു തുറക്കും മുന്‍പ് കടലാസില്‍ പൊതിഞ്ഞെടുത്തു കഴിഞ്ഞിരിക്കുന്നു. ത്രാസിന്റെ താഴെ ചെറിയൊരു കല്ല് തട്ടിനില്‍ക്കാന്‍ പാകത്തില്‍ വച്ചിട്ടുണ്ടായിരുന്നത് നാണിയമ്മയുടെ തടിയന്‍കണ്ണടയില്‍ കുരുങ്ങി. പക്ഷേ, ഒന്നും മിണ്ടാതിരുന്ന വൃദ്ധ കുറച്ചങ്ങു നടക്കവേ ഉണ്ണിക്കുട്ടനോട് കാര്യം പറഞ്ഞു -

"...ഇതാണു മോനെ, കല്ലുവച്ച നുണ"

ഇരുകയ്യിലും സാധനങ്ങളുമായി തിരികെ ബസിറങ്ങി വീട്ടിലേക്കു നടന്നപ്പോള്‍, അതാ വരുന്നു പട്ടാളക്കാരന്‍ വാറുണ്ണി. അവന്റെ വായില്‍നിന്ന് എങ്ങനെ രക്ഷപെടും എന്നു ചിന്തിച്ചെങ്കിലും ഒന്നും നടന്നില്ല. പഴയ വീരചരിതം കുറച്ചെങ്കിലും കേള്‍ക്കാതെ അയാള്‍ അവരെ വിട്ടില്ല. എന്നാല്‍, ഉണ്ണിക്കുട്ടന്‍ വിചാരിച്ചത് അയാള്‍ യുദ്ധത്തില്‍ പങ്കെടുത്ത് ശത്രു സൈന്യത്തെ വക വരുത്തിയെന്ന്!

കുട്ടിയുടെ സംശയം മാറ്റാനായി നാണിയമ്മ പറഞ്ഞു:

"അവന്റെ മനസ്സിലെ നടക്കാതെ പോയ ആഗ്രഹങ്ങളാ ഇപ്പൊ മോന്‍ കേട്ടത്. ഇതെല്ലാം നുണകള്‍ ആണെങ്കിലും അതില്‍ നമുക്ക് അഭിമാനിക്കാവുന്ന ഒരു സത്യമുണ്ട്- നമ്മുടെ ഈ രാജ്യത്തെ കാത്തുരക്ഷിക്കുന്ന കരസേനയിലെ ഒരംഗം ആയിരുന്നു ഈ വാറുണ്ണിയും!"

മനുഷ്യര്‍ ആവശ്യമുള്ളതിനും ഇല്ലാത്തതിനും കള്ളം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സമൂഹജീവിയാണെന്ന് ഉണ്ണിക്കുട്ടനു നാണിയമ്മ പറഞ്ഞുകൊടുത്തു.

ഗുണപാഠം (moral of the bedtime stories):

പല കുട്ടികളും പഠനലോകത്തിനു പുറത്തുള്ളത് ഒന്നും മനസ്സിലാക്കാതെ വളരുന്നു. ഈ ലോകത്തില്‍ കള്ളവും ചതിയും വഞ്ചനയും മറ്റും ഉണ്ടെന്ന് അവര്‍ അറിഞ്ഞിരിക്കട്ടെ. മുന്നോട്ടുള്ള ജീവിതത്തില്‍ ജാഗ്രത പുലര്‍ത്താമല്ലോ.