(1269) പാലും വെള്ളവും!
ഒരിക്കൽ, സിൽബാരിപുരത്തെ ഒരു ആശ്രമത്തിലെ ഗുരുവിന് ഏതു നേരവും ഒരു ശിഷ്യൻ കൂടെയുണ്ടാവും. ഗുരുവിൻ്റെ ദൈവഭക്തിയിൽ ശിഷ്യന് ഒരുപാട് സംശയങ്ങൾ തോന്നി.
ഒരു ദിവസം, ശിഷ്യൻ ചോദിച്ചു: "ഗുരുവേ, ദൈവമില്ലെങ്കിൽ ഒരുപാടു സമയം വെറുതെയാവില്ലെ?"
ഗുരു പറഞ്ഞു: "അതു ശരിയാണ്. പക്ഷേ, ദൈവമുണ്ടെങ്കിലോ? നിൻ്റെ ജീവിതത്തിലെ മുഴുവൻ സമയവും വെറുതെയാകില്ലേ?"
പക്ഷേ, അപ്പോഴും ശിഷ്യന് നേരിട്ടു കാണാത്തത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്ന് ഗുരുവിന് മനസ്സിലായി. അന്നേരം ഗുരു പറഞ്ഞു: "നീ അടുക്കളയിൽ നിന്നും രണ്ട് കോപ്പയെടുക്കുക. അതിൽ ഒന്നിൽ പകുതി പാലും രണ്ടാമത്തേതിൽ പകുതി വെള്ളവും നിറച്ച് ഇവിടെ കൊണ്ടുവരണം"
പകുതി നിറഞ്ഞ രണ്ടു കോപ്പകളും അവൻ ഗുരുജിയുടെ മുന്നിലെത്തിച്ചു. പിന്നീട്, ഗുരു പറഞ്ഞു: "പകുതി പാൽ നിറച്ച കോപ്പയിലേക്ക് അടുത്ത കോപ്പയിലെ വെള്ളം മുഴുവൻ നിറയ്ക്കണം"
അന്നേരം, ഗുരു അവനോടു ചോദിച്ചു: "ഇപ്പോൾ നിനക്ക് അതിലൊഴിച്ച വെള്ളം കാണാൻ പറ്റുന്നുണ്ടോ?"
ശിഷ്യൻ പറഞ്ഞു: "വെള്ളം അതിലുണ്ടെന്ന് നമുക്ക് അറിയാമല്ലോ. പക്ഷേ, വെള്ളം വേർതിരിച്ച് അറിയാൻ പറ്റില്ല"
അപ്പോൾ, ഗുരു പറഞ്ഞു: "ഈ കാര്യം തന്നെയാണ് എനിക്ക് നിന്നോടും പറയാനുള്ളത്. ദൈവം സർവ്വവ്യാപിയാണ്. പക്ഷേ, വേർതിരിച്ച് കണ്ട് വിശ്വസിക്കാൻ ഇപ്പോൾ പറ്റുന്നില്ലന്നേയുള്ളൂ. കാലം മുന്നോട്ടു ചെല്ലുമ്പോൾ ഒരുപക്ഷേ, മനുഷ്യന് കഴിയുമായിരിക്കും"
അതോടെ, ഗുരുവിൻ്റെ തത്വചിന്തകൾ ശിഷ്യനെ സ്വാധീനിച്ചു തുടങ്ങി.
Written by Binoy Thomas, Malayalam eBooks: 1269: Faith in God: 37, PDF:https://drive.google.com/file/d/1kDa5RChsTSMx9B86hsocN6xeyb9-dJ-J/view?usp=drivesdk