This is a family story about the service of servants from inter-state. Based on my Malayalam ebooks, you can read here as direct easy online reading.
"എല്ലാംകൂടി ഞാൻ കൂട്ടിയാൽ കൂടില്ലാട്ടോ"
പ്രകാശന്റെ ഭാര്യ നിമ്മിയുടെ സ്ഥിരം പരാതിയാണ്. കാൽക്കുലേറ്ററിലെ കണക്കല്ല, അടുക്കളഭാരത്തിന്റെ കണക്കുകൂട്ടലുകളാണ് അവൾക്കു തെറ്റിപ്പോകുന്നത്. അതു പറയാൻ തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി.
ചെറുപ്പക്കാരികൾ ആരും വേണ്ടെന്ന് നിമ്മിയുടെ വക ആശങ്കകൾ അയാളെ സൂത്രത്തിൽ അറിയിക്കുകയും ചെയ്തു.
അവസാനം, പ്രകാശൻ ഒരു വേലക്കാരിയെ നിയമിക്കാൻ തീരുമാനിച്ചു.
ഇനിയിപ്പോൾ എന്താ ചെയ്ക?
സഹജോലിക്കാരോട് ആരാഞ്ഞപ്പോൾ അവർ ഒരു മറുചോദ്യം കൊണ്ട് പ്രകാശനെ നേരിട്ടു -
"പ്രകാശാ, ഞങ്ങളും ഒരാളെ അന്വേഷിക്കുകയാണ്. കാശെത്ര വേണേലും കൊടുക്കാമെന്ന് പറയ്"
പിന്നെ, മുക്കാൽ കിലോമീറ്റർ അകലത്തുള്ള ഫ്ലാറ്റിലേക്ക് പ്രകാശൻ എത്തി നോക്കി. അക്കൂട്ടർ, പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ മോഡുലാർ കിച്ചനിൽ വാച്ചിൽ നോക്കി മണിക്കൂർ അടിസ്ഥാനത്തിൽ സാലറി കൈപ്പറ്റുന്നവരാണ്!
"അവളുമാരൊന്നും നമ്മുടെ കിച്ചനിൽ ഒതുങ്ങില്ലടീ"
അങ്ങനെയിരിക്കെ, ഒരു ദിനം- തേടിയ വള്ളി കാലിൽ ചുറ്റി. അടുത്തുള്ള കോളനിയിൽ താമസിക്കുന്ന ഒരു തമിഴത്തി പണി അന്വേഷിച്ച് പ്രകാശന്റെ വീട്ടുമുറ്റത്ത്!
പ്രകാശനും ഭാര്യയും ആ സ്ത്രീയെ കണ്ണുകള്‍കൊണ്ട് എക്സ്-റെയും സ്കാനിങ്ങും എം.ആർ.ഐയും കഴിഞ്ഞ് പിന്നാമ്പുറ പണികൾക്ക് നിയോഗിച്ചു. വിറകു കീറൽ, തുണി കഴുകൽ, മുറ്റമടി, തറ തുടയ്ക്കൽ.....ഇത്യാദി പരീക്ഷകളൊക്കെ അമ്പത്തഞ്ചു വയസുകാരി എളുപ്പത്തില്‍ പാസായി.
അടുത്ത ആഴ്ച മുതൽ അടുക്കളപ്പണികൾ ചെയ്യാൻ അവർ അനുവദിച്ചു. വലിയ കൂലിക്കുള്ള കടുംപിടിത്തമില്ലാത്തത് പ്രകാശന് ആശ്വാസമായി.
എങ്കിലും നിമ്മി അല്പം ദീർഘവീഷണമുള്ളവളായി - "ഇതിനെ മുറിയിലൊക്കെ എങ്ങനെ വിശ്വസിച്ചു കയറ്റും?"
"എടീ, അതിന് എന്റെ കയ്യിലൊരു സൂത്രമുണ്ട് "
മുഷിഞ്ഞ ഒരു നൂറു രൂപ നോട്ട് കട്ടിലിന്റെ അടിയിലേക്ക് പ്രകാശൻ ചുരുട്ടിയെറിഞ്ഞു. അതിനു ശേഷം, എല്ലാ മുറിയും ഒന്നു വൃത്തിയാക്കാൻ തമിഴത്തിയോടു പറഞ്ഞു. എന്നിട്ട്, ദമ്പതികൾ വർത്തമാനം പറഞ്ഞ് തിണ്ണയിലിരുന്നു.
അവരുടെ റൂം വൃത്തിയാക്കിയിട്ട് തമിഴത്തി ഇറങ്ങിയിട്ടും യാതൊരു ഇളക്കവുമില്ലാതെ അടുത്ത മുറിയിലേക്ക് നീങ്ങിയപ്പോൾ പ്രകാശൻ പറഞ്ഞു -
"നോക്കടീ, നമ്മുടെ പരീക്ഷണം വിജയിച്ചിരിക്കുന്നു. രൂപ അവൾ എടുത്തുകാണും. അല്ലെങ്കിൽ നമ്മുടെ കയ്യിൽ എടുത്തു തരണ്ടേ?"
നിമ്മിയും തല കുലുക്കി. രണ്ടു പേരും കൂടി ഓടിച്ചെന്ന് കട്ടിലിനടിയിൽ നോക്കി. അവിടെ നൂറുരൂപയില്ല! പക്ഷേ, അവർ തിരിഞ്ഞ് മേശപ്പുറത്തേക്കു നോക്കിയപ്പോൾ ഗാന്ധിജിപ്പടം പേറുന്ന നൂറുരൂപ ചിരിച്ചു കൊണ്ട് നിവർന്നിരിക്കുന്നു!
"ഛെ! നമ്മൾ വെറുതെ അവളെ സംശയിച്ചു. ചുരുട്ടിയ നോട്ട് നിവർത്തി വച്ചിട്ടാണ് അവൾ അപ്പുറത്തേക്ക് പോയത്"
നിമ്മി പറഞ്ഞു - "ഉണ്ണിച്ചേട്ടന്റെ കടയിൽ സാധനങ്ങൾ വാങ്ങാൻ അഞ്ഞൂറു രൂപ കൊടുത്ത് ഇവളെ വിടാം. ബില്ല് കൊടുക്കേണ്ടെന്ന് ഒന്നു വിളിച്ചു പറഞ്ഞേക്ക്"
"ഹാ. അതു സൂപ്പർ ഐഡിയ"
പക്ഷേ, അതും ദയനീയമായി പരാജയപ്പെട്ടു. ചില്ലറ സഹിതം അമ്പതു പൈസ പോലും മാറ്റമില്ലാതെ തമിഴത്തി തിരികെ ഏൽപിച്ചിരിക്കുന്നു! അതോടെ ദമ്പതികൾ തമിഴത്തിക്ക് കോൺഡക്റ്റ് സർട്ടിഫിക്കറ്റും പവർ ഓഫ് അറ്റോർണിയും എൻ.ഓ.സിയും അനുവദിച്ചു.
മൂന്നു മാസം കടന്നു പോയി. ഒരു ബുധനാഴ്ച രാവിലെ പ്രകാശനും നിമ്മിയും ചായ കുടിക്കാൻ ഡൈനിങ് ടേബിളിൽ വന്നിരുന്നു. തമിഴത്തിയുടെ കടുപ്പത്തിലുള്ള പതിവു ചായ അവിടെ എത്തിയില്ല. വിളിച്ചിട്ട് അവളും ബാഗുമൊന്നും വിളി കേട്ടില്ല.
"അലമാരയിലെ പണവും സ്വർണവും കാണാനില്ല!''
പ്രകാശൻ അലറിയതിനൊപ്പിച്ച് നിമ്മി പൊട്ടിക്കരഞ്ഞു!
ഉടൻ പോലീസിൽ വിവരം അറിയിച്ചു. പാലക്കാട് അതിർത്തിയിൽ അവളെ പിടികൂടി തെളിവെടുപ്പിനായി ദമ്പതികളുടെ വീട്ടിലെത്തിച്ചു.
അപ്പോൾ പ്രകാശന് ഒരേ ഒരു ചോദ്യമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ - "ആദ്യമൊക്കെ ഒരു രൂപ പോലും എടുക്കാത്ത നിനക്ക് പണത്തിന് പെട്ടെന്ന് ആവശ്യം വന്നതാണോ?"
മറുപടി പറഞ്ഞത് പോലീസുകാരനായിരുന്നു - "കഷ്ടം! സാറിത്ര മണ്ടനായിപ്പോയല്ലോ. ഇവളുമാർക്ക് ട്രെയിനിങ് കൊടുത്താണ് കേരളത്തിലേക്ക് വിടുന്നത്. വീട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റി കൊള്ളയടിക്കുന്നതാണ് ഇവറ്റകളുടെ ഒരു രീതി!"
ആശയം -കൂലി കുറവെന്നു കരുതി മലയാളികളെ ഒഴിവാക്കി മറുനാട്ടുകാരെ നിയമിക്കുന്നത് വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന തീരുമാനമായിരിക്കും. തുടക്കത്തില്‍ വീട്ടുകാരുടെയും മുതലാളിമാരുടെയും വിശ്വാസം പിടിച്ചുപറ്റി ലാഭമെന്നു തോന്നുന്ന അന്യഭാഷക്കാര്‍ പലരും, ഒടുവില്‍ കനത്ത നഷ്ടം വിതയ്ക്കുകയാണ് പതിവ്. അതിനാല്‍, മാന്യമായ കൂലി കൊടുത്ത് മലയാളിയെ നിയമിക്കുക. കാരണം, അവര്‍ക്കും പോറ്റേണ്ട കുടുംബങ്ങളും ജീവിതച്ചെലവുകളും ഉണ്ടെന്നു കരുതി പെരുമാറുക!
Comments