പുതിയ സൗഹൃദം
ഒരു കാലത്ത്, സിൽബാരിപുരവും കോസലപുരവും മനുഷ്യവാസം തീരെ കുറവുള്ള കൊടുംകാടായിരുന്നു.
ഒരിക്കൽ, കോസലപുരംകാട്ടിൽ കറുമ്പൻകാട്ടാന കൂട്ടുകാരുമൊന്നിച്ച് തിന്നു മദിച്ച് കൂത്താടി നടക്കുകയായിരുന്നു. പക്ഷേ, ഇടയ്ക്ക് അവനു വഴിതെറ്റി. ആനത്താരകൾ കണ്ടുപിടിക്കാൻ പിന്നെ കഴിഞ്ഞില്ല. കറുമ്പൻ ഒരുപാടു ദൂരം അലഞ്ഞു തിരിഞ്ഞ് സിൽബാരിപുരംകാട്ടിലെത്തി. പലയിടത്തും തേടിയിട്ടും ആനകളെയൊന്നും കണ്ടില്ല.
മുൻപ്, കൂട്ടമായി നടന്നു ശീലമുള്ള കറുമ്പന് കൂട്ടില്ലാതെ പറ്റില്ലെന്നായി.
അപ്പോൾ അതുവഴി ഒരു കുറുക്കൻ വന്നു. കറുമ്പൻ ചോദിച്ചു -
"ഹേയ്... കുറുക്കാ എന്നെ നിന്റെ ചങ്ങാതിയാക്കാമോ? ഞാനിവിടെ പുതിയതായി വന്നതാണ് "
കുറുക്കൻ പരിഹസിച്ചു -
"ഞങ്ങൾ ആനകളേക്കാൾ ബുദ്ധിശാലികളും മഹാസൂത്രക്കാരുമാണ്. നിന്റെ കൂട്ട് എനിക്കു വേണ്ട"
കറുമ്പൻ മുന്നോട്ടു നടന്നപ്പോൾ ഒരു കുരങ്ങൻ മരത്തിലൂടെ തൂങ്ങിയാടുന്നതു കണ്ടു. കറുമ്പൻ ചോദ്യം ആവർത്തിച്ചു.
കുരങ്ങൻ പല്ലിളിച്ചു ഗോഷ്ഠി കാട്ടി ചോദിച്ചു -
"എന്റെ കൂടെ മരത്തിൽ ചാടി നടക്കാൻ നിനക്കു പറ്റുമോ?"
പിന്നെ, കറുമ്പന്‍ മുന്നോട്ടു പോയി ഒരു കാക്കയോടു ചോദിച്ചു. അതു പറഞ്ഞു -
"നിനക്ക് ഈ പൊണ്ണത്തടി മാത്രമേ ഉള്ളോ? ബുദ്ധിയില്ലേ? ഈ കാടു മുഴുവൻ പറന്നു നടക്കുന്ന എനിക്ക് നിന്റെ കൂട്ടു ശരിയാകില്ല"
അതോടെ കറുമ്പൻ നിരാശനായി. അവൻ കുറച്ചു പനയോല തിന്നിട്ട് മരച്ചുവട്ടിൽ കിടന്നുറങ്ങി.
വലിയൊരു ബഹളം കേട്ടാണ് അവൻ ഞെട്ടിയുണർന്നത്. പല തരം മൃഗങ്ങൾ കരഞ്ഞുകൊണ്ട് നാലുപാടും ചിതറിയോടുന്നു!
കറുമ്പൻ എണീറ്റ് കണ്ണു മിഴിച്ചു. മരത്തിലൂടെ വെപ്രാളം പിടിച്ച് ചാടി വന്ന കുരങ്ങനോട് പ്രശ്നമെന്താണെന്ന് ചോദിച്ചു.
അത് പറഞ്ഞു -
"ഈ കാട്ടിൽ ഇതുവരെയും സിംഹമില്ലായിരുന്നു. വേറേ ഏതോ ദിക്കിലെ കാട്ടിൽ നിന്നും വഴക്കുണ്ടാക്കി തെറ്റിപ്പിരിഞ്ഞ് ഒരു ദുഷ്ടനായ സിംഹം ഇര തേടിയിറങ്ങിയിരിക്കുന്നു. അതിന്റെ ബഹളമാണിത്!"
ഉടൻ, അകലെ നിന്ന് മാൻ കൂട്ടങ്ങളുടെ പിറകേ സിംഹം പാഞ്ഞു വരുന്നത് കറുമ്പന്റെ കണ്ണിൽപ്പെട്ടു. അവൻ മരത്തിനു മറവിൽ പതുങ്ങി നിന്നു.
സിംഹം അടുത്തെത്തിയതും -
കറുമ്പനാന സർവ്വശക്തിയുമെടുത്ത് ആഞ്ഞു തൊഴിച്ചു!
സിംഹം പന്തുകണക്കെ തെറിച്ച് അടുത്തുള്ള ആഴമേറിയ ചതുപ്പിലേക്കു വീണു. സിംഹം അലറിയെങ്കിലും ചെളിയിൽ പുതഞ്ഞ് ആഴങ്ങളിലേക്ക് താണുപോയി.
ഉടൻ, കുറുക്കൻ വിജയത്തിന്റെ ഓരിയിട്ടു. കാക്കകൾ സന്തോഷത്തിന്റെ ശബ്ദം പുറപ്പെടുവിച്ചു. കുരങ്ങന്മാർ വള്ളിയിൽ ഊഞ്ഞാലാടി. പിന്നെ, കാട്ടിലെ മൃഗങ്ങളെല്ലാം ഒത്തുകൂടി കറുമ്പനു ചുറ്റും നിരന്നു. അവർ പറഞ്ഞു -
"ഇന്നു മുതൽ കറുമ്പൻകൊമ്പനാന ഞങ്ങളുടെ ചങ്ങാതി മാത്രമല്ല, ഈ കാടിന്റെ രാജാവായി ഞങ്ങൾ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു!"
കറുമ്പന് സന്തോഷമായി. മൃഗങ്ങളെല്ലാം വിജയഭേരി മുഴക്കിക്കൊണ്ടിരുന്നു.
ആശയം -
ചങ്ങാത്തം വരാനും പോകാനും ഏറേ നേരമൊന്നും വേണ്ട. എത്ര കാലം പഴകിയ സൗഹൃദവും പൊള്ളയാണെന്നു തെളിയാൻ നിമിഷങ്ങൾ മതിയാകും.
എന്നാലോ? പ്രത്യേകിച്ച് യാതൊരു അടുപ്പവുമില്ലാത്ത താൽക്കാലിക സൗഹൃദം കനത്ത ഉപകാരങ്ങൾ ചെയ്തന്നും വരാം. ചുരുക്കത്തിൽ, ചങ്ങാത്തത്തിന്റെ കാര്യത്തിൽ യാതൊരു ഗ്യാരണ്ടിയുമില്ല.
Comments