സൗഹൃദം ഒരു ആപേക്ഷിക സിദ്ധാന്തം
ഒരു ദിവസം ബിജുക്കുട്ടനെ തേടി അകന്ന ബന്ധത്തിലുള്ള അങ്കിളും ആന്റിയും വന്നു. അങ്കിൾ വലിയ വെപ്രാളത്തോടെ ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു -
"എന്റെ ബിജുക്കുട്ടാ, നീയെന്നെയൊന്ന് സഹായിക്കണം. എന്റെ മകൾക്ക് IELTS എല്ലാത്തിനും 7 സ്കോർ കിട്ടി. ഓസ്ട്രേലിയയ്ക്കു സ്റ്റുഡന്റ് വിസയിൽ പോകാനാണു പ്ലാൻ. അവിടത്തെ യൂണിവേഴ്സിറ്റിയിൽ ആദ്യ വർഷത്തെ മുഴുവൻ ഫീസും അടച്ചാൽ മാത്രമേ വിസ പാസ്സാകൂ. ഞങ്ങൾ പകുതി നാലര ലക്ഷം അടച്ചിട്ടുണ്ട്. ഇനിയൊരു നാലര കൂടി വേണം. ഇല്ലെങ്കിൽ ആകെ കുഴപ്പത്തിലാകും"
ഇതു കേട്ട് ബിജുക്കുട്ടന്റെ കണ്ണു തള്ളി!
"അല്ലാ... നിങ്ങളെന്താ ഒരു പ്ലാനിങ്ങുമില്ലാതെ ഇതിലേക്ക് എടുത്തു ചാടിയത്?"
"മോനേ, ഒരാള് ഇന്നലെ വരെ തരാമെന്നു പറഞ്ഞിരുന്നതാ. ഇന്നു രാവിലെ നടക്കില്ലെന്നു പറഞ്ഞ് ഉഴപ്പി"
"എനിക്ക് സഹായിക്കണമെന്നുണ്ട്. പക്ഷേ, ഞാൻ ഉള്ള സത്യം പറയാലോ, എന്നേക്കൊണ്ട് പറ്റുന്ന കാര്യമല്ല. കയ്യിൽ വച്ചിട്ട് തരാത്തതല്ല"
അന്നേരം, ആന്റി കരച്ചിലിന്റെ വക്കോളമെത്തി. അങ്കിൾ മറ്റൊരു നിർദ്ദേശം വച്ചു-
"മോൻ ഒരു കാര്യം ചെയ്യ്. ചോദിച്ചാൽ കിട്ടാവുന്ന വിദേശത്തുള്ള ഒരാൾ എന്റെ മനസ്സിലുണ്ട്. ഞാൻ ചോദിച്ചാൽ കിട്ടില്ല, വിസ കിട്ടിയാൽ അത് ബാങ്കുകാരെ കാണിക്കുമ്പോൾ അവർ ഫീസിന്റെ ഒൻപതു ലക്ഷവും ആദ്യ ഗഡുവായി ലോൺ തരും. പരമാവധി മൂന്നു മാസം സമയത്തിനുള്ളിൽ തിരികെ തരാമെന്ന് പറയ്"
അവർ രണ്ടു പേരുടെയും നിർബന്ധത്തിനു വഴങ്ങി ബിജുക്കുട്ടൻ പറഞ്ഞു -
"ഞാൻ അവരോട് ഒന്നു ചോദിച്ചു നോക്കാം. വലിയ പ്രതീക്ഷ വേണ്ട. കാരണം, അവിടെ വീടു പണി കഴിഞ്ഞിരിക്കുന്ന സമയമാ"
അവർ രണ്ടു പേരും പോയിക്കഴിഞ്ഞപ്പോൾ ബിജുക്കുട്ടൻ സ്കൈപ്പിൽ ആ കുടുംബത്തെ വിളിച്ചു.
അവർ പറഞ്ഞു -
"ബിജുക്കുട്ടന് ഉറപ്പുണ്ടെങ്കിൽ ഞങ്ങൾ തരാം. പക്ഷേ, കൃത്യം മൂന്നു മാസത്തിനുള്ളിൽ രൂപ തിരികെ അക്കൗണ്ടിൽ കയറണം"
ചുരുക്കിപ്പറഞ്ഞാൽ, വെറും മൂന്നുദിവസത്തിനുള്ളിൽ പണം ആവശ്യക്കാർക്കു കിട്ടി. പിന്നെയുള്ള മൂന്നു മാസക്കാലം ബിജുക്കുട്ടനും കുടുംബവും കുറച്ചൊക്കെ ടെൻഷനടിച്ചു കൊണ്ടിരുന്നു.
കൃത്യം മൂന്നു മാസം കഴിയുന്ന ആഴ്ചയിൽ അവൻ ആന്റിയെ വിളിച്ചു. ഉടൻ, ആന്റി പറയുന്നു -
"ഞങ്ങൾ ഉദ്ദേശിച്ച തുക ബാങ്കുകാര് തരില്ലെന്നാ പറഞ്ഞത്. ആദ്യം പകുതിയേ തരൂളളൂ. അത് ടിക്കറ്റെടുക്കാനും സാധനങ്ങൾ മേടിക്കാനും മാത്രമേ തികയൂ. അടുത്ത ഗഡുവിന് പിന്നെ കുറച്ചു കൂടി വെയിറ്റ് ചെയ്യണമെന്നു തോന്നുന്നു''
ബിജുക്കുട്ടൻ പഴം വിഴുങ്ങിയ മാതിരി വിഷമിച്ചു. എന്തിനും പരിഹാരമുണ്ടല്ലോ. ലോൺ കൊടുക്കുന്ന ബാങ്കിലെ ഒരു സ്റ്റാഫിനെ ബിജുവിനു പരിചയമുണ്ടായിരുന്നു. തിരക്കിയപ്പോൾ സംഗതി അറിഞ്ഞു -
"അവരുടെ 9 ലക്ഷം ലോൺ സാങ്ഷനായല്ലോ. കഴിഞ്ഞ ആഴ്ച എമൗണ്ട് ട്രാൻസ്ഫറായി"
ബിജുക്കുട്ടനും കുടുംബവും ഒന്നടങ്കം വിയർത്തു. രൂപ പറഞ്ഞ സമയത്ത് കൊടുത്തില്ലെങ്കിൽ?
അപ്പോഴാണ് ബിജുക്കുട്ടൻ ഒരു പുസ്തകത്തിൽ വായിച്ച വാക്യം ഉരുവിട്ടത് - "യോഗ: കർമ്മസു കൗശലം "
എന്തെങ്കിലും ട്രിക്ക് പ്രയോഗിച്ച് അവരുടെ കയ്യിൽ നിന്ന് പണം തിരികെ മേടിക്കണം. ബിജുവും ഭാര്യയും ഒരു സൂത്രം പ്രയോഗിച്ചു -
"ആന്റീ... നമ്മൾ പറഞ്ഞ സമയത്ത് അവരുടെ നാലരലക്ഷം തിരികെ കൊടുത്താൽ ഒരു ഗുണമുണ്ട്. ഒരു വിശ്വാസം ആയാൽ, പിന്നെയായാലും ഇളയ കൊച്ചിനൊക്കെ ഇതുപോലെ ഒരാവശ്യം വന്നാൽ നമുക്ക് കടം ചോദിക്കാമല്ലോ, അവര് ധൈര്യമായിട്ട് എത്ര വേണമെങ്കിലും തരികയും ചെയ്യും"
ആ പഴത്തൊലിയിൽ ചവിട്ടി അങ്കിളും ആന്റിയും വീണു. അടുത്ത ദിവസം ഉച്ചയായപ്പോൾ പണം തിരികെ കൈമാറി.
അവരുടെ മകൾ വിദേശത്തു പോയതും സഹായിച്ചതുമൊക്കെ അറിഞ്ഞപ്പോൾ മറ്റൊരു ബന്ധു ബിജുക്കുട്ടനെ ഫോണിൽ വിളിച്ചു - ചെന്നൈയിൽ പഠിക്കുന്ന മകന് ജോലിയിൽ കയറാൻ ഡെപ്പോസിറ്റ് കൊടുക്കാൻ രണ്ടു ലക്ഷം!
ഒന്നു ടെൻഷനടിച്ചതിന്റെ ക്ഷീണം മാറി വരുന്നേയുള്ളൂ. അതിനാൽ, ഒന്നും നടക്കില്ലെന്ന് ബിജുക്കുട്ടൻ തീർത്തു പറഞ്ഞു.
ഇപ്പോൾ, ആദ്യത്തെ വീട്ടുകാർക്ക് ബിജുക്കുട്ടനും കുടുംബവും വലിയ മിത്രമാണ്! മകൾ വിദേശത്ത് സുഖമായി പഠിക്കുന്നു. പാർട്ട് ടൈം ജോലി വഴി മാസം അരലക്ഷം രൂപയോളം വരുമാനമുണ്ട്.
എന്നാലോ? രണ്ടാമത്തെ വീട്ടുകാർ ബിജുക്കുട്ടന്റെ ജോലിയെ പരിഹസിച്ചു പറഞ്ഞതിങ്ങനെ-
"പത്താം ക്ലാസ്സു പോലും പാസാകാത്തവര് പോകുന്ന പണിക്കാണ് അവൻ ഇപ്പോൾ പോകുന്നത്. ഇവൻ കോളേജിലൊക്കെ വലിയ പഠിത്തക്കാരനായിരുന്നല്ലോ"
ആശയം -
ശത്രുവും മിത്രവുമൊക്കെ ആപേക്ഷികമാണ്. ഒരാൾ നമ്മെ സഹായിച്ചില്ലെന്നു കരുതി അയാൾ വേറെ ആരെയും സഹായിക്കുന്നില്ലെന്നു കരുതിയാൽ തെറ്റി.
അതേസമയം, നമുക്കു സഹായം കിട്ടിയെന്നു കരുതി മറ്റെല്ലാവർക്കും അയാൾ ചെയ്യുന്നുവെന്നും ചിന്തിക്കരുത്. ചില നന്മകളിൽ നിന്ന് ഓടിയൊളിക്കുന്നവര്‍ മറ്റു നന്മകളിൽ ചെന്നു തലയിടുന്നുണ്ടാകാം.
ശത്രുവും മിത്രവും സുഗുണനും നിർഗുണനും അരസികനും തുരുമ്പനും ധൂർത്തനുമൊക്കെ പല സാഹചര്യങ്ങളിൽ മാറിമറിയുന്ന ആപേക്ഷിക പ്രതിഭാസമാകുന്നു. ആയതിനാൽ, നാം മറ്റുള്ളവർക്കു നിശ്ചയിക്കുന്ന വിലനിലവാരസൂചികയിലെ മാർക്കുകൾ പലപ്പോഴും തെറ്റിപ്പോകാം!
Comments