സിൽബാരിപുരംദേശത്ത് ആഴമേറിയ ഒരു കുളം ഉണ്ടായിരുന്നു. അതിനുള്ളിൽ പലതരം മീനുകളും തവളകളും മറ്റുള്ള ജലജീവികളുമൊക്കെയുണ്ട്.
എങ്കിലും, കുളത്തിലെ പ്രധാന ആകർഷണം ഏതാനും സ്വർണമീനുകളായിരുന്നു. അവ സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുമ്പോൾ സ്വർണാഭരണങ്ങൾ ആണെന്നേ തോന്നുകയുള്ളൂ.
അവിടെ, ഒരു ചെറിയ തവളക്കുട്ടനും സ്വർണമീനും തമ്മിൽ വലിയ കൂട്ടായി. അവർ വെള്ളത്തിൽ നീന്തിക്കളിച്ചു നടക്കുക പതിവാണ്.
ഒരു ദിവസം, ആമയാശാൻ അതു വഴി വന്നു. നൂറു വയസിനുമേൽ പ്രായമുള്ള അത്, കുളത്തിലെ വെള്ളം കുടിക്കുന്ന വേളയിൽ, മീനും തവളയും ഒരുമിച്ചു നീന്തുന്നതു കണ്ടു.
ആമ പറഞ്ഞു -
"എടാ, തവളക്കുട്ടാ, നിന്റെ തരപ്പടിക്കാരുടെ കൂടെ പോയി കളിക്കാൻ നോക്ക്. അവന്റെ തിളക്കം നിനക്കു നല്ലതിനല്ല "
അപ്പോൾ, തവളക്കുട്ടൻ പിറുപിറുത്തു -
"നമ്മളേപ്പോലെ ഓടിച്ചാടി കുത്തിമറിഞ്ഞു നടക്കാൻ പറ്റാത്ത ആമയാശാന് മുഴുത്ത കണ്ണുകടിയാണ്"
കുറച്ചു നേരം കഴിഞ്ഞപ്പോൾ വലിയൊരു നീർക്കാക്ക അതുവഴി പറന്നു പോയി. ദൂരദേശത്തേക്ക് പോകുകയായിരുന്നുവെങ്കിലും വെള്ളത്തിലെ സ്വർണനിറം കണ്ടപ്പോൾ തിരികെ പറന്നുവന്ന് അത് കണ്ണു മിഴിച്ചു. മിന്നൽ വേഗത്തിൽ താഴേക്കു വന്ന് സ്വർണ മീനെ കൊത്തിയെടുത്തു -
"പ്ളും"
എന്നാൽ, മീനൊപ്പം ചേർന്നു നീന്തിയ തവളക്കുട്ടനും പക്ഷിയുടെ ചുണ്ടിലകപ്പെട്ടു!
ആ നിമിഷത്തിൽത്തന്നെ കൂട്ടുകാർ രണ്ടും ഒന്നിച്ച് നീർക്കാക്കയുടെ വയറിനുള്ളിൽ ഒടുങ്ങി.
ആശയം -
ചില മനുഷ്യരുടെ രീതിയും ഏതാണ്ട് ഇതുപോലെയാണ്. ആരെങ്കിലും തിളങ്ങി നിൽക്കുന്നതു കണ്ടാൽ അവരുടെ പിറകേ പോകും. അന്ധമായ ആരാധനയിലൂടെ സ്വന്തം ആശയങ്ങളും ദർശനങ്ങളും അവർക്കു മുന്നിൽ അടിയറ വയ്ക്കും.
'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന പഴമൊഴിയും ഇത്തരുണത്തിൽ ഓർമിക്കാം.
പല തട്ടിലുള്ള ദൃശ്യങ്ങൾ കണ്ണിനു മുന്നിൽ കാണാമെങ്കിലും വേണ്ടതു കുളിർമയേകുന്ന കാഴ്ചകളാവണം!
എല്ലാത്തരം അലർച്ചകളും മുരൾച്ചകളും കേൾക്കാമെങ്കിലും ജീവിതത്തിന്റെ ശുദ്ധ സംഗീതത്തിനായി കാതോർക്കണം!
മൂക്കിലേക്ക് എല്ലാ മണങ്ങളും ഇരച്ചു കയറിയാലും സുഗന്ധം ശ്വസിക്കണം!
എല്ലാം തിന്നാമെങ്കിലും കലർപ്പില്ലാത്ത ഭക്ഷണത്തിനു മുന്നിലേ വായ തുറക്കാവൂ!
എങ്ങോട്ടു നടക്കണമെന്നു മനസ്സു പറഞ്ഞാലും കാലുകള്‍ അതനുസരിക്കുമെങ്കിലും ദുര്‍ന്നടപ്പിന്റെ ചെളിയില്‍ ചവിട്ടരുത്!
ചുരുക്കിപ്പറഞ്ഞാൽ, ആവശ്യമില്ലാത്തതിന്റെ മുന്നിൽ മനസ്സിന്റെ ഷട്ടർ അടയ്ക്കുക!
Comments