ശബ്ദതാരാവലി (Shabdatharavali)

This is a great story  and profile of Sreekandeshwaram G. Padmanabha Pillai. He was an eminent author, writer in Malayalam literature. Famous work includes first Malayalam full dictionary- Shabdatharavali. ശബ്ദതാരാവലി എന്ന ആദ്യത്തെ സമ്പൂര്‍ണ്ണ മലയാളം നിഘണ്ടു മിക്കവരുടെയും വീട്ടില്‍ കാണും. പക്ഷേ, അതിന്റെ രചയിതാവിനെ അറിയുമോ?

ശ്രീകണ്‌ഠേശ്വരം ജി. പദ്മനാഭപിള്ള എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ പേര്‍. എങ്കിലും 'ശ്രീകണ്‌ഠേശ്വരം' എന്നറിയപ്പെട്ടു. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം സ്വദേശി. 

മെട്രിക്കുലേഷന്‍ പരീക്ഷ തോറ്റപ്പോള്‍ അദ്ദേഹം പഠനം നിര്‍ത്തി. പിന്നെ, സ്കൂൾ ഫീസിനുള്ള പണമില്ലാതെ സ്കൂൾ പഠനം ഉപേക്ഷിക്കേണ്ടി വന്നയാളാണു പത്മനാഭപിള്ള.

കണ്ടെഴുത്ത്‌ വകുപ്പില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചു. എഴുത്തിനായി വക്കീല്‍ജോലി ഉപേക്ഷിച്ചപ്പോള്‍ മുതല്‍ വല്ലാത്ത ദാരിദ്ര്യം അനുഭവിച്ചു തുടങ്ങി.  അക്കാലത്ത്, പലരും അദ്ദേഹത്തെ പരിഹസിച്ചിട്ടുണ്ട്. പിന്നെ, എഴുത്തു മാത്രമായിരുന്നു വരുമാനം. തിരുവാതിരപ്പാട്ടു മുതൽ കവിതയും നാടകവും ജീവചരിത്രവും വരെ വിവിധ ശ്രേണികളിലായി  ഒട്ടേറെ പുസ്തകങ്ങളെഴുതി. 

കണ്ടത്തിൽ വറുഗീസ് മാപ്പിള Kandathil Varghese Mappillai 1891-ൽ കേരളവർമ വലിയകോയിത്തമ്പുരാന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഭാഷാപോഷിണി സഭ Bhashaposhini sabha നിഘണ്ടുനിർമാണ പ്രമേയം പാസാക്കിയതോടെയാണ് മലയാള നിഘണ്ടു സംബന്ധിച്ച ചർച്ചകൾ സജീവമായത് ഭാരിച്ച ആ ദൗത്യം ഏറ്റെടുക്കാൻ ആളില്ലാതിരുന്നതിനെ തുടർന്നാണ് ശ്രീകണ്ഠേശ്വരം ചുമതലയേൽക്കുന്നത്. 

1895-ൽ ആണ് അദ്ദേഹം നിഘണ്ടുനിർമ്മാണത്തിനായി വായന തുടങ്ങിയത്. 1897-ൽ എഴുത്ത് തുടങ്ങി. ദീർഘവർഷങ്ങളുടെ പ്രയത്നഫലമായി 1917-ൽ ശബ്ദതാരാവലിയുടെ കൈയ്യെഴുത്തുപ്രതി പൂർത്തിയായി. അങ്ങനെ, 20 വർഷത്തെ കഠിനപ്രയത്നത്തിനുശേഷം  ശബ്ദതാരാവലി  പിറന്നു.

'പദങ്ങളാകുന്ന നക്ഷത്രങ്ങളുടെ കൂട്ടം' എന്നാകുന്നു ശബ്ദതാരാവലി എന്നതിന്റെ അര്‍ഥം. ഉള്ളടക്കത്തിന്റെ കൂടുതല്‍ മൂലം വലിയൊരു പുസ്തകം അച്ചടിക്കാൻ അക്കാലത്തെ അച്ചടിക്കാര്‍ തയ്യാറായില്ല. അതിനാൽ, ശബ്ദതാരാവലി ചെറിയ ഭാഗങ്ങളായി മാസിക പോലെ തുടർച്ചയായി പ്രസിദ്ധപ്പെടുത്താൻ അദ്ദേഹം തീരുമാനിച്ചു. 

ചാലക്കമ്പോളത്തിലെ പുസ്തകവ്യാപാരിയായ ജെ.കേപ്പയുമായി J. Keppa ചേർന്ന് 1917 -ല്‍ പദ്മനാഭപിള്ള ‘ശബ്ദതാരാവലി’യുടെ ആദ്യലക്കം മാസികാരൂപത്തിൽ പുറത്തിറക്കി. തുടർന്നുള്ള വർഷങ്ങളിൽ അത്ര ക്രമമല്ലാതെ ഓരോരോ ലക്കങ്ങളായി ശബ്ദതാരാവലിയുടെ ഒന്നാം പതിപ്പ് പുറത്ത് വന്നുകൊണ്ടിരുന്നു. 1923 മാർച്ച് 16 ന് അവസാനത്തേതായ 22-മത് ലക്കം പുറത്തുവന്നതോടെ ഒന്നാം പതിപ്പ് പൂർത്തിയായി. ഈ 22 ലക്കങ്ങളിലും കൂടെ മൊത്തം 1584 താളുകൾ ആയിരുന്നു ഉണ്ടായിരുന്നത്.

രണ്ടാം പതിപ്പിനു 2 വാല്യങ്ങൾ ആണുള്ളത്. ഓരോ വാല്യത്തിലും ആയിരത്തിലധികം താളുകൾ. അങ്ങനെ 2 വാല്യത്തിലും കൂടെ ഏകദേശം 2250 താളുകൾ1930ൽ പ്രസിദ്ധീകരിച്ചു.

 സംസാരത്തിനിടെ വീണു കിട്ടുന്ന ഓരോ പുതിയ വാക്കും അദ്ദേഹം കുറിച്ചു വയ്ക്കും. കവികളും എഴുത്തുകാരും സാധാരണക്കാരുമൊക്കെയായി വലിയ സുഹൃദ്‌വലയമുണ്ടായിരുന്നു. അവരുമായുള്ള കൂടിക്കാഴ്ചകളിൽ വീണു കിട്ടുന്ന വാക്കുകൾ നിധി പോലെ സൂക്ഷിക്കും. ഓരോ വാക്കും രൂപപ്പെട്ടതിന്റെ ചരിത്രവും ഉപയോഗിക്കുന്ന മേഖലയുമെല്ലാം കുറിപ്പുകളാക്കിയിരുന്നു.

പുതിയ കാലത്തെ ഓരോ വാക്കും കൂട്ടിച്ചേർത്തു തന്റെ മരണശേഷവും ശബ്ദതാരാവലി പരിഷ്കരിക്കണമെന്നായിരുന്നു പത്മനാഭപിള്ളയുടെ നിർദേശം.  മകനായ ദാമോദരൻനായർ ശബ്ദതാരാവലി പരിഷ്കരിക്കുന്ന ദൗത്യം ഏറ്റെടുത്തത് അങ്ങനെ.

ശ്രീകണ്ഠേശ്വരത്തിന്റെ മൂത്ത മകൻ ചന്ദ്രശേഖരൻനായരുടെ മകളായ സുശീലാദേവിയും മകള്‍ മാലിനിദേവിയും ഭര്‍ത്താവ് ഡോ. രവിയും ‘ശബ്ദതാരാവലി.’ എന്നു വീട്ടുപേരുള്ള ആ വീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നു. 

ആദ്യം നാഷണല്‍ ബുക്ക് സ്റ്റാള്‍, National Book Stall NBS, DC Books, പിന്നെ ഡിസിയിലും അദ്ദേഹത്തിന്റെ പൂര്‍ണമായ നിഘണ്ടു അച്ചടിച്ചു. എഴുത്തുകാരന്‍ മരിച്ചു കഴിഞ്ഞ് അറുപതു വര്‍ഷം പിന്നിട്ടപ്പോള്‍ മുതല്‍ പകര്‍പ്പകവകാശമില്ലാത്തതിനാല്‍ പലരും അച്ചടിച്ചുവന്നു. ഓരോ വര്‍ഷവും അയ്യായിരം എണ്ണം എങ്കിലും ഇപ്പോഴും വിറ്റുപോകുന്നുണ്ട്. 

ഇന്നത്തെപ്പോലെ കമ്പ്യൂട്ടര്‍, ഫോണ്‍, സാങ്കേതിക വിദ്യ ഒന്നുമില്ലാതിരുന്ന കാലത്ത് എല്ലാം സ്വന്തം കൈപ്പടയില്‍ എഴുതി വെട്ടിത്തിരുത്തി കഠിനാധ്വാനവും പട്ടിണിയും നേരിട്ട് ആ ജീവിതം മലയാളക്കരയില്‍ ഒരു മാതൃകയായി. അദ്ദേഹം, മരണസമയത്ത്- സാഹിത്യാഭരണം, ഇംഗ്ലിഷ് -മലയാളം ഡിക്ഷണറി എന്നിവയുടെ പണിപ്പുരയിലായിരുന്നു.

 ശ്രീമൂലം തിരുനാള്‍ രാജാവ് വീരശൃംഖല അദ്ദേഹത്തിനു സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പേരില്‍ സ്മാരകം, ചെയര്‍, പ്രതിമ, അവാര്‍ഡ്‌, ലൈബ്രറി എന്നിങ്ങനെ യാതൊന്നും  കേരളം ഇനിയും  ഏര്‍പ്പെടുത്തിയിട്ടില്ല. അര്‍ഹിക്കുന്ന അംഗീകാരം ഇപ്പോഴും നല്‍കാതെ നന്ദികേടു കാട്ടിയിരിക്കുന്നു.

രണ്ടാം പതിപ്പിന്റെ മുഖവുരയില്‍ അദ്ദേഹം ഇങ്ങനെ എഴുതി- 'സുഖം എന്ന പദത്തിന്റെ അര്‍ഥം എന്റെ നിഘണ്ടുവില്‍ കൊടുത്തിട്ടുണ്ടെന്നു വരികിലും പരമാര്‍ഥത്തില്‍ അതെങ്ങനെ ആയിരിക്കുമെന്നു ഞാന്‍ ഇതുവരെ അറിഞ്ഞിട്ടുള്ളവനല്ല. എന്റെ കുടുംബക്കാരും ബന്ധുക്കളും സ്നേഹിതരും അതിനു സാക്ഷികളാകുന്നു'

ഭൂരിപക്ഷം വീടുകളിലും ശബ്ദതാരാവലി ഉണ്ടെങ്കിലും അദ്ദേഹത്തെ അറിയില്ല എന്നുള്ളതാണു സത്യം. പണ്ടൊരിക്കല്‍, ശബ്ദതാരാവലി എന്തെന്ന് മലയാളപരീക്ഷ ചോദ്യമായി വന്നപ്പോള്‍ ഒരു വിരുതനായ വിദ്യാര്‍ഥി ഇങ്ങനെ എഴുതിയത്രേ- 'വടംവലി മത്സരം നടക്കുമ്പോള്‍ ഞാന്‍ എന്റെ കൂട്ടുകാരിയായ ശബ്ദതാരയോടു വിളിച്ചുകൂവി- ശബ്ദതാരാ....വലി...”

ശ്രീകണ്‌ഠേശ്വരം  ജി. പദ്മനാഭപിള്ള എന്ന മഹാനായ മലയാളഭാഷാ  സ്നേഹിയോടു  മലയാളക്കര മുഴുവന്‍ കടപ്പെട്ടിരിക്കുന്നു! ഇനി നിങ്ങള്‍ മലയാള പദങ്ങളുടെ അര്‍ഥം ശബ്ദതാരാവലിയില്‍ നോക്കുമ്പോള്‍ അദ്ദേഹത്തെ സ്മരിക്കുമല്ലോ.

Comments