സൗഹൃദത്തിലെ പങ്കാളികള്‍
This is a sharing and sacrifice mind of friendship.
ഒരിക്കൽ, സിൽബാരിപ്പുഴയുടെ തീരത്ത് കുറച്ചു മനുഷ്യർ എത്തിച്ചേർന്നു. മറുകരയിലുള്ള ക്ഷേത്രത്തിലേക്കു പോകുകയായിരുന്നു അവരുടെ ലക്ഷ്യം.
ഓരോ ആളിന്റെയും പ്രകൃതം അനുസരിച്ച്
ത്യാഗി, പ്രേമൻ, കരുണൻ, ഭക്തൻ, ശക്തി, സമ്പത്ത് എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ.
വള്ളം അക്കരെ കടക്കാൻ ഇവർ നോക്കിയപ്പോൾ ഒരു വള്ളം മാത്രമേയുള്ളൂ. കടത്തുകാരൻ അവിടെയില്ല! അയാൾ എവിടെ പോയെന്ന് ആർക്കും അറിയില്ല.
ഉടൻ സമ്പത്ത് പറഞ്ഞു -
"എനിക്കു യാത്ര ചെയ്യാനായി ഞാൻ ഈ വള്ളം വാങ്ങാൻ തീരുമാനിച്ചു"
ഉടൻ, അയാൾ തന്റെ പണക്കിഴി തുറന്ന് പത്തു സ്വർണനാണയമെടുത്ത് വള്ളത്തിന്റെ ഉടമസ്ഥനായ അടുത്ത കടയിലെ വ്യാപാരിക്കു നൽകി. അങ്ങനെ വള്ളം സമ്പത്ത് സ്വന്തമാക്കി. പക്ഷേ, ഒരു കുഴപ്പം- നല്ല ഒഴുക്കുള്ള പുഴ വെള്ളത്തിൽ തുഴയാനുള്ള കഴിവ് അയാൾക്കില്ലായിരുന്നു. അന്നേരം, ശക്തി എന്നു പേരുള്ള ഒരാൾ പറഞ്ഞു -
"ഞാൻ തുഴഞ്ഞു കൊള്ളാം. എനിക്ക് അതിനുള്ള ശക്തിയുണ്ട്''
അപ്പോൾ, പ്രേമൻ പറഞ്ഞു-
"ആ വള്ളത്തിൽ ഇരിക്കാൻ കുറച്ചു പേർക്കു കൂടി പറ്റുമല്ലോ"
ഉടൻ, പ്രേമനും ത്യാഗിയും വള്ളത്തിലേക്കു കയറി. അമ്പലത്തിന്റെ പൂജാ കാര്യങ്ങളിൽ അറിവുള്ള ആളായ ഭക്തനെയും അവർ കൂടെ കൂട്ടി. കരുണൻ എന്ന മനുഷ്യൻ വള്ളത്തിലേക്കു ദയനീയമായി നോക്കിയപ്പോൾ ത്യാഗി പറഞ്ഞു-
"ഈ വള്ളത്തില്‍ ഇടയില്ല. എങ്കിലും, എന്റെ മടിയിൽ ഇരിക്കാമെങ്കിൽ പ്രായമായ ആ നിൽക്കുന്ന മനുഷ്യനും പോരട്ടെ"
അപ്പോൾ കരുണൻ എന്നു പേരായ മെലിഞ്ഞ മനുഷ്യനും വളളത്തിൽ കയറി. അങ്ങനെ, ഇവര്‍ എല്ലാവരും കൂടി വള്ളത്തിലൂടെ നീങ്ങവേ, ചെറുതും വലുതുമായ അനേകം മീനുകൾ പുഴയിൽ പുളച്ചു നടക്കുന്നതു കാണാമായിരുന്നു. അപ്പോള്‍, കരുണൻ തന്റെ മടിശ്ശീലയിൽ ഉണ്ടായിരുന്ന ധാന്യമണികൾ മീനുകൾക്ക് എറിഞ്ഞു കൊണ്ടിരുന്നു. അവറ്റകൾ ഒരു സംഘം വള്ളത്തിനു പിറകെയും!
കുറച്ചു കഴിഞ്ഞപ്പോൾ വള്ളം ഒരു ചുഴിയിലകപ്പെട്ടു. വീഴാതിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ശക്തിയുടെ കയ്യിൽ നിന്ന് തുഴ തെറിച്ചു വെള്ളത്തിൽ ഒഴുകിപ്പോയി.
ഉടൻ, ത്യാഗി പറഞ്ഞു -
"ഒഴുക്കിനൊത്തു വള്ളം പോയാൽ നമ്മൾ കായലിലായിരിക്കും എത്തിച്ചേരുന്നത്"
പെട്ടെന്ന്, പ്രേമൻ പറഞ്ഞു-
"അയ്യോ! കായലിനു മുൻപ്, ഒരു വെള്ളച്ചാട്ടമുണ്ട്!"
അപ്പോള്‍, ത്യാഗി പറഞ്ഞു-
"എനിക്കു നീന്തൽ അറിയാം. പക്ഷേ, നിങ്ങളെ ഉപേക്ഷിച്ചു ഞാൻ മാത്രമായി രക്ഷപ്പെടുന്നില്ല"
ഉടൻ, ഭക്തൻ ആകാശത്തേക്കു നോക്കി നിലവിളിച്ചു പ്രാർഥിച്ചു -
".....ന്റെ ഭഗവതീ! ഞങ്ങളെ രക്ഷിക്കണേ!"
പൊടുന്നനെ, മീനുകൾക്കിടയിലേക്ക് ഭീമാകാരനായ ഒരു മീൻ വന്നടുത്തു. അത്, വള്ളത്തിന്റെ പിറകിൽ ശക്തിയായി ഇടിച്ചു കൊണ്ടിരുന്നു. വള്ളം മറിയുമെന്ന് അവർ വിചാരിച്ചെങ്കിലും അത്ഭുതകരമായി അക്കരെയെത്തിച്ചിട്ടു മൽസ്യം വെള്ളത്തിനടിയിലേക്കു മറഞ്ഞു!
ഇതിനോടകം, അവർ അഞ്ചു പേരും ക്ഷീണിതരായിരുന്നു.
അതിനാൽ, അടുത്തു കണ്ട ആൽമരത്തിന്റെ ചുവട്ടിൽ അവരെല്ലാം കുറച്ചുനേരം വിശ്രമിച്ചു. പരസ്പരം പരിചയപ്പെട്ടു.
ശക്തി പറഞ്ഞു -
"ഈ വള്ളം വാങ്ങിയ സമ്പത്തിനോടു ഞങ്ങള്‍ നന്ദി പറയട്ടെ"
സമ്പത്ത് മറുപടിയായി പറഞ്ഞത് -
"എനിക്കു തുഴക്കാരനായി വന്ന ശക്തിയോടു ഞങ്ങൾ കടപ്പെട്ടിരിക്കുന്നു''
അപ്പോൾ ത്യാഗി ഇടപെട്ടു -
"പ്രേമൻ നമ്മെ സ്നേഹിച്ചതു കൊണ്ടാണ് എനിക്കും മറ്റും വള്ളത്തിൽ കയറാൻ പറ്റിയത്"
അതു കേട്ട് കരുണന്‍ മറ്റൊരു കാര്യം പറഞ്ഞു-
"ത്യാഗിയുടെ മടിയില്‍ എന്നെ ഇരിക്കാന്‍ അനുവദിച്ചതിനാലാണ് എനിക്ക് ഈ അമ്പലത്തില്‍ വരാന്‍ പറ്റിയത്"
അന്നേരം, ഭക്തന്‍ മൊഴിഞ്ഞു-
"കരുണൻ മീനു തീറ്റി കൊടുത്തതു കാരണമാണ് നമ്മുടെ തുഴ പോയപ്പോൾ വലിയൊരു മീൻ വന്ന് പ്രത്യുപകാരമായി വള്ളം ഉന്തി കരയ്ക്കെത്തിച്ചത്"
സമ്പത്ത് മറ്റൊരു കാര്യം ഉന്നയിച്ചു -
"ആ നേരത്ത്, ചെറുമീനുകള്‍ക്ക് വള്ളം ഉന്താന്‍ പറ്റുമായിരുന്നില്ല. ഭക്തൻ പ്രാർഥിച്ച ശേഷമാണ് ആ വലിയ മീൻ അങ്ങോട്ടു വന്നത്"
ഈ വിധത്തിലുള്ള സംസാരങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് ഒരു സന്യാസി അവര്‍ക്കു സമീപം ആല്‍ത്തറയില്‍ ഇരിപ്പുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു-
“നിങ്ങള്‍ ഓരോ ആളും പറഞ്ഞതു ശരിതന്നെ. എന്നാലോ? നിങ്ങളുടെ നിസ്വാര്‍ഥമായ ഒത്തൊരുമയാണ് കയത്തില്‍ നിന്നും രക്ഷിച്ചത്. ആ വള്ളത്തില്‍ ആരെങ്കിലും ഒരാള്‍ കുറവായാലും അല്ലെങ്കില്‍ നിഷ്ക്രിയമായാലും ആപത്തു പിണയുമായിരുന്നു!”
ആശയം -
നൂറു സ്വർണതൂമ്പയുള്ളവനും ഒരു ഇരുമ്പുതൂമ്പയുടെ ആവശ്യം വരുമെന്ന് പ്രശസ്തമായ ഒരു ചൊല്ലുണ്ടല്ലോ. പരസ്പരം സഹായിച്ച് സഹവർത്തിത്വത്തോടെ ജീവിക്കേണ്ട സമൂഹജീവിയാകുന്നു മനുഷ്യർ. എന്നാൽ, മറ്റുള്ളവരെ സഹായിക്കാതെയും സഹായം സ്വീകരിക്കുന്നതിൽ മടി കാണിച്ചും സങ്കുചിതമായ ജീവിതശൈലി സ്വീകരിക്കുന്ന അനേകം ആളുകളെ നമുക്കിടയിൽ കാണാം. നിങ്ങൾ അങ്ങനെയോ? ഒരു നിമിഷം ചിന്തിക്കുക.
Comments