19/02/21

വ്യക്തിത്വ വികസനം

പണ്ടുപണ്ട്, സിൽബാരിപുരംദേശത്ത് സത്യവ്രതൻ എന്നൊരു യോഗിവര്യൻ ജീവിച്ചിരുന്നു. അക്കാലത്ത്- ആ ദേശത്ത്, അക്രമവും അരാജകത്വവും ദുർന്നടപ്പും അഴിമതിയുമെല്ലാം കൊടികുത്തി വാഴുകയായിരുന്നു. അദ്ദേഹം, യോഗയുടെയും മികച്ച ജീവിത മൂല്യങ്ങളുടെയും സനാതന ധർമ്മത്തിന്റെയും പാഠങ്ങൾ കൊണ്ട്, അന്നാട്ടിലെ ജനങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ഒടുവിൽ, അദ്ദേഹം ദേശത്തിന്റെ കിഴക്കുവശത്തുള്ള വനത്തിനുള്ളിൽ പ്രവേശിച്ചു. ഒരു ഗുഹ കണ്ടെത്തി.

സത്യവ്രതൻ ആരോടെന്നില്ലാതെ പറഞ്ഞു -

"ദേശത്തെ ആളുകളുടെ കഠിന മനസ്സിനെ അല്പം പോലും എനിക്കു മാറ്റാനായില്ല. ഇനി ഈ ജന്മത്തിൽ യോഗലക്ഷ്യമായി ഒന്നും ചെയ്യാനില്ല"

അതിനു ശേഷം, ഗുഹയ്ക്കുള്ളിൽ ധ്യാനത്തിലിരുന്നു. ധ്യാനത്തിലൂടെ പ്രവേശിച്ച് സമാധിയടയാനായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ധ്യാനം രണ്ടാം ദിനത്തിലേക്കു പ്രവേശിക്കവേ, ഒരു ചാക്കുമായി അന്യദേശത്തെ കള്ളൻ ഗുഹയിൽ ഒളിത്താവളം തേടി അങ്ങോട്ടു പ്രവേശിച്ചു. ശബ്ദം കേട്ട്, സത്യവ്രതൻ കണ്ണു തുറന്നു.

അദ്ദേഹം ചോദിച്ചു -

"നീ ആരാണ്?"

യാതൊരു പേടിയുമില്ലാതെ അവൻ പറഞ്ഞു -

"ഞാനൊരു കള്ളനാണ്. കോസലപുരത്തുനിന്നും വരികയാണ്. കർശന നിയമമുള്ള അവിടെ നിന്നും പിടിയിലാകാതെ ഭാഗ്യത്തിനു രക്ഷപ്പെട്ടു. ഈ ദേശത്ത് മൊത്തം അലമ്പാണെന്നു കേട്ടു"

സത്യവ്രതൻ ചോദിച്ചു -

"നിന്റെ ചാക്കിൽ കള്ള മുതലാണോ?"

"ഏയ്, കുറച്ചു കയറും ഒരു കമ്പിപ്പാരയും പിച്ചാത്തിയും മാത്രമേയുള്ളൂ. ഇന്നു രാത്രി മുതൽ പണിക്കു പോയിത്തുടങ്ങണം"

അടുത്ത പ്രഭാതത്തിൽ സത്യവ്രതൻ ചോദിച്ചു -

"താങ്കൾക്ക് കഴിഞ്ഞ രാത്രി എന്താണു കിട്ടിയത് ?"

കള്ളൻ പറഞ്ഞു -

"ഒന്നും കിട്ടിയില്ല. ഒരു പട്ടി എന്റെ പിന്നാലെ കുരച്ചുകൊണ്ടുവന്നതാണു പ്രശ്നമായത്. നാളെ വേറെ വഴിയിലൂടെ പോകണം"

അടുത്ത ദിനം രാവിലെ സത്യവ്രതൻ ഇതേ കാര്യം തിരക്കി. അപ്പോൾ കിട്ടിയ മറുപടി ഇതായിരുന്നു -

"പോയ വഴിയിലും ദേശത്തും ഏതോ ഉൽസവം പ്രമാണിച്ച് വഴിവിളക്കുകളും പന്തങ്ങളും കൂടുതലാകയാൽ പകൽപോലത്തെ വെളിച്ചത്തിൽ കവർച്ച നടന്നില്ല, നാളെ മറ്റൊരു പാതയാകട്ടെ"

അടുത്ത ദിവസവും സത്യവ്രതൻ ഇതേ കാര്യം ചോദിച്ചപ്പോൾ കള്ളൻ പറഞ്ഞു -

"ഞാൻ കഴിഞ്ഞ രാത്രിയിൽ പോയ വഴിയരികിൽ അനേകം മാളിക വീടുകൾ ഉണ്ടായിരുന്നു. പക്ഷേ, ഒരു കുഴപ്പമുണ്ടായിരുന്നു. അവിടത്തെ വീടുകളുടെ നിർമ്മിതി എന്നെ തളർത്തി. വാതിലുകൾ വളരെ കനമുള്ളതായിരുന്നു. ശക്തമായ മേൽക്കൂരയും. അകത്തു കയറാൻ പറ്റിയില്ല, അടുത്ത ദിവസം പടിഞ്ഞാറുദിക്കിലേക്കു പോകണം"

അടുത്ത രാവിലെയും ചോദിച്ചപ്പോള്‍ അയാൾക്കൊന്നും കിട്ടിയിട്ടില്ല. കാരണം പറഞ്ഞത് -

"ഞാൻ ഒരുപാടു നേരം കൊണ്ട് മേൽക്കൂര പൊളിച്ച് അകത്തു കയറിയപ്പോൾ മുറിയിൽ ശ്വാസംമുട്ടലു കാരണം ചുമച്ചുകുരച്ചുകൊണ്ട് ഒരു തടിയൻ ഉറങ്ങാതിരിക്കുന്നു. ഒന്നും എടുക്കാൻ പറ്റിയില്ല''

അടുത്ത ദിവസം രാവിലെയും മറ്റൊരു ന്യായം പറഞ്ഞു-

"ആ വീടിന്റെ മുറ്റത്തു ചുറ്റിനും നല്ല കട്ടിയിൽ പുഴയിലെ ചെറിയ ഉരുളൻ കല്ലുകൾ നിരത്തിയിരുന്നതിനാൽ കാലെടുത്തു വച്ചപ്പോൾ കാലുകൾ കുഴഞ്ഞ് വലിയ ശബ്ദമുണ്ടായി. ആ പ്രദേശത്തെ മുറ്റങ്ങളൊക്കെ മണൽ വിരിച്ചിരിക്കുന്നു. പിന്നെ, തിരികെപ്പോന്നു"

തുടർച്ചയായി ഇരുപതു രാത്രിയിലും കള്ളന് യാതൊന്നും കിട്ടിയില്ല. ഇരുപത്തിയൊന്നാം ദിവസം രാത്രിയിൽ കള്ളൻ ചാക്കുമായി പോകുന്നതു കണ്ട് സത്യവ്രതൻ അടക്കം പറഞ്ഞു-

"ഈ കള്ളൻ ഒരു കഴിവില്ലാത്തവനാണ്. ഓരോ ഒഴികഴിവു പറയുന്നത് വെറും സാങ്കൽപികമാണെന്നു തോന്നുന്നു. ഇവന് കൂലിപ്പണിക്കു പോകാൻ വയ്യേ?"

അടുത്ത ദിവസം രാവിലെ സത്യവ്രതൻ പതിവു ചോദ്യം ചോദിച്ചില്ല. എന്നാൽ, കള്ളൻ യാത്ര ചോദിക്കാനായി മുന്നിലേക്കു വന്നു-

"ഞാൻ ഇവിടം വിടുകയാണ്. വെളിച്ചം വരാതെ കാട്ടിലൂടെ നടന്ന് പോകാൻ കഴിയില്ല. ദൂരെ ദേശത്ത് എവിടെയെങ്കിലും ഇനിയുള്ള കാലം പ്രഭുവായി ജീവിക്കണം"

ഇതു കേട്ട് സത്യവ്രതനു ചിരി വന്നു -

"തനിക്ക് ഇനിയെങ്കിലും ഇത്തരം മണ്ടത്തരങ്ങൾ പറഞ്ഞു നടക്കാതെ വിറകുവെട്ടാനോ, ചന്തയിൽ ചുമട് എടുക്കാനോ വീട്ടുപണിക്കോ പോയിക്കൂടെ? താൻ ഏതു ദേശത്തേയ്ക്കാണു പോകുന്നത്?"

അപ്പോൾ കള്ളൻ പറഞ്ഞു -

"ഒരു കള്ളൻ എവിടേയ്ക്കാണു കൊള്ള മുതലുമായി പോകുന്നതെന്ന് ആരോടും സത്യം പറയാറില്ല"

അയാൾ നിറഞ്ഞ ചാക്കുമായി നടന്നു നീങ്ങവേ, സത്യവ്രതൻ പെട്ടെന്നു ചാക്കിൽ നോക്കി പൊട്ടിച്ചിരിച്ചു. കാരണം, അതിനു മുകളിൽ മഞ്ഞ നിറത്തിൽ മുഴച്ചു നിൽക്കുന്ന അനേകം ചെറുനാരങ്ങകള്‍!

സത്യവ്രതൻ പറഞ്ഞു -

"എടോ, നാരങ്ങയ്ക്കു മഞ്ഞനിറം മാത്രമേയുള്ളൂ. താങ്കള്‍ പ്രഭുവാകാന്‍ വേണ്ടി അത് സ്വർണനാരങ്ങയല്ലല്ലോ!''

"നാരങ്ങായൊക്കെ  ചാക്കിന്റെ മുകളിൽ മാത്രമേയുള്ളൂ. ആളുകളെ പറ്റിക്കാൻ വച്ചതാണ്. പ്രഭുവിന്റെ നിലവറയിലെ മുഴുവൻ സ്വർണ്ണവും ഇതിനടിയിലുണ്ട്"

അയാൾ നാരങ്ങയുടെ അടിയിൽ നിന്ന് സ്വർണ നാണയം ഒരെണ്ണമെടുത്ത് അദ്ദേഹത്തെ കാട്ടി അലറിച്ചിരിച്ചു!

സത്യവ്രതൻ മിണ്ടാമഠത്തിൽ മൗനവ്രതം എടുത്ത പോലെ നിന്നു! കള്ളൻ അപ്പോഴേയ്ക്കും കാടിനുള്ളിലേക്കു പോയി മറഞ്ഞിരുന്നു.

പിന്നെ, സത്യവ്രതൻ ഗുഹയിൽ നിന്നില്ല. തിരികെ ഗ്രാമത്തിലേക്ക് എത്തിച്ചേർന്നു. യാതൊരു മടുപ്പും കൂടാതെ സന്മാർഗജീവിതം പ്രചരിപ്പിച്ചു വീടുകൾ കയറിയിറങ്ങി. ഒന്നര വർഷം കഴിഞ്ഞപ്പോൾ നാടുവാഴിയുടെ മകൻ സത്യവ്രതന്റെ ശിഷ്യനായതോടെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങി. അഞ്ചു വർഷങ്ങൾ പിന്നിട്ടു. ഒട്ടേറെ അനുയായികൾ അദ്ദേഹത്തിന്റെ ആശയങ്ങളെ പിന്തുടർന്ന് ആ ദേശത്തിന്റെ ദുഷിച്ച രീതികൾക്കു ഗണ്യമായ കുറവു വന്നു.

ഒരിക്കൽ, ആശ്രമത്തിലെ പ്രഭാഷണത്തിനിടയിൽ ഒരാൾ ചോദിച്ചു -

"അങ്ങയുടെ ഗുരു ആരാണ്?"

യാതൊരു മടിയുമില്ലാതെ സത്യവ്രതൻ പറഞ്ഞു -

"ഒരു കള്ളനാണ് എന്റെ ഗുരു!"

ആളുകൾ അതുകേട്ടു ഞെട്ടിത്തരിച്ചു! അനന്തരം ആ കഥ അവർക്കു പറഞ്ഞു കൊടുക്കുകയും ചെയ്തു.

ആശയം - 

ജീവിതം ഒരു നാടകശാലയെന്ന് പറഞ്ഞു പഴകിയ പരമസത്യമായ പ്രയോഗമാണ്. പലതരം വേഷങ്ങൾ കെട്ടിയാടുന്ന രംഗപടം. ചിലർ നായകനാകുന്നു. നായികയാകുന്നു. സഹനടൻ, സഹനടി, ഹാസ്യ കഥാപാത്രങ്ങൾ, ശിങ്കിടികൾ, കൊള്ളക്കാരൻ, വില്ലൻമാർ, അടിമകൾ.... എന്നിങ്ങനെ ഒരാൾക്കു തന്നെ പല രംഗങ്ങളിലും വിവിധ വേഷങ്ങളിലേക്കു ഭാവപ്പകർച്ചയുണ്ടാവാം.

നിരാശപ്പെടാതെ ഓരോ വേദികൾക്കായി കാത്തിരുന്നേ മതിയാവൂ! ഇവിടെ വായനയിലൂടെ നിങ്ങൾക്കു കിട്ടുന്നത് പല ജീവിതനാടകങ്ങളുടെയും കഥയാണ്. അതായത്, ദുരന്തനാടകങ്ങളിലും ശുഭനാടകങ്ങളിലും നേരിട്ട് അഭിനയിക്കാതെ, അനുഭവമാകാതെ ദൂരെ നിന്ന് നോക്കിക്കാണുന്ന പ്രതീതി. അങ്ങനെ, തുടർച്ചയായ പരിശ്രമം വഴി നിങ്ങളുടെ കരിഞ്ഞുണങ്ങി അവസാനിച്ചെന്നു കരുതിയ ജീവിത വഴിത്താരകളിൽ പച്ചപ്പുല്ലു വീണ്ടും കിളിർത്തു പൊങ്ങട്ടെ!

No comments:

Post a Comment