കപ്പല്‍ ചങ്ങാതി

ബിജേഷിന്റെ വിവാഹം കഴിഞ്ഞ് ഏകദേശം ഒരു മാസം പിന്നിട്ടിരിക്കുന്നു.

ഒരു ദിവസം, അവനും ഭാര്യയും കുറവിലങ്ങാട് പള്ളിയിൽ പോകാനായി ബസിൽ പള്ളിക്കവലയിൽ ഇറങ്ങി.

അപ്പോൾ, പിറകിൽനിന്ന് ഒരു വിളി കേട്ടു-

"നിങ്ങള് പള്ളീലോട്ടാണോ?"

ജോമി എന്ന പഴഞ്ചൻകൂട്ടുകാരനാണു വിളിച്ചത്.

"ഓ... ജോമി എന്തൊക്കെയുണ്ട് വിശേഷം? എത്ര നാളായി നിന്നെ കണ്ടിട്ട്?"

അതിനു ശേഷം പറയാതെ അവൻ അല്പനേരം എന്തോ ഓർത്തതുപോലെ നിന്നു.

പിന്നെ, കുറച്ചു ചിലമ്പിച്ച ശബ്ദത്തിൽ മുഖത്തേക്കു നോക്കാതെ പറഞ്ഞൊപ്പിച്ചു -

"എടാ, നമ്മളെത്ര കളിച്ചു നടന്നതാ. എന്നാലും, നീയെന്നെ കല്യാണം വിളിച്ചില്ലല്ലോ. എനിക്കു കുറെ ദെണ്ണമുണ്ടടാ"

അന്നേരം, ബിജേഷിന്റെ നാവിറങ്ങിപ്പോയി! ഭാര്യ കൂടി കേട്ടതിനാൽ ബിജേഷ് ചൂളിപ്പോയി. ബിജേഷ് എന്തോ ന്യായം പറയാൻ വാ തുറന്നെങ്കിലും അതു കേൾക്കാൻ നിൽക്കാതെ ജോമി ഒരുതരം നിസംഗതയോടെ നടന്നു നീങ്ങി.

പള്ളിയിലേക്കുള്ള റോഡിലൂടെ നടന്നപ്പോൾ ഭാര്യ ചോദിച്ചു -

"അതെന്താ, ആ ഫ്രണ്ട് അങ്ങനെ പറഞ്ഞത്? പുള്ളിക്കാരന്റെ കണ്ണു നിറഞ്ഞായിരുന്നു. എന്തായാലും അയാളെ വിളിക്കാതിരുന്നത് മോശമായിപ്പോയി"

"എടീ, അവൻ മന:പൂർവ്വം കല്യാണത്തിനു വന്നില്ലെന്നാണ് ഞാൻ കരുതിയിരുന്നത്. ഹാ, അതുപോട്ടെ. ഞാൻ പിന്നെ പറയാം. അല്ലെങ്കിൽ പള്ളിയിൽ കയറുമ്പോൾ മൂഡും പോകും, ശ്രദ്ധയും പോകും"

അവർ മറ്റു ചില ബന്ധുവീടുകളിൽ നിരങ്ങിയ ശേഷം, വീട്ടിലെത്തിയതു രാത്രിയായിട്ടാണ്. ബിജേഷ് ലൈറ്റണച്ച് ഉറങ്ങാൻ കിടന്നപ്പോഴും അന്നു വൈകുന്നേരം കേട്ട കൂട്ടുകാരന്റെ വാക്കുകൾ ചെവിയിൽ അലമുറയിട്ടു കൊണ്ടിരുന്നു. അതിനൊപ്പം, പഴയ കാല ഓർമ്മകൾ തലയിൽനിന്ന് വായ വരെ അരിച്ചിറങ്ങാൻ ശ്രമിച്ചു.

പക്ഷേ, ബിജേഷിന്റെ പതിവു രാത്രിസംസാരങ്ങൾ ഇല്ലാതെ വന്നപ്പോൾ അവൾ ചോദിച്ചു -

"എന്താ, ഇയാള് ഇത്ര ഗൗരവത്തിൽ ആലോചിക്കുന്നത്?"

"ഏയ്... ഞാൻ.... നമ്മളിന്നു കണ്ട ഷിപ്പിന്റെ കാര്യം ഓരോന്ന് ആലോചിച്ചു കിടക്കുകയായിരുന്നു"

"ശ്ശെടാ, കിടന്നയുടൻ ഉറക്കപ്പിച്ചു പറയാൻ തുടങ്ങിയോ? നമ്മൾ ഇതുവരെ കൊച്ചിയിലൊന്നും പോയില്ലല്ലോ! വല്ലാര്‍പാടം പള്ളിയില്‍ നമ്മള്‍ പോകുമെന്ന് പറഞ്ഞതല്ലേയുള്ളൂ"

അതിനുള്ള ബിജേഷിന്റെ മറുപടി പൊട്ടിച്ചിരിയായിരുന്നു.

"എടീ, ഇന്ന് കല്യാണം വിളിക്കാഞ്ഞ കാര്യം പറഞ്ഞ കക്ഷിയുടെ പേരാണ് ഷിപ് ലുക്ക്! ചിലപ്പോൾ ഷിപ്പെന്നും വിളിക്കും!"

വിചിത്രമായ പേരുകേട്ട് അവൾ അന്തം വിട്ടു!

"ഓ...അക്കാര്യം പിന്നെപ്പറയാമെന്നു ബിജേഷ് പറഞ്ഞില്ലായിരുന്നോ?"

ബിജേഷ് പഴയ കാല സൗഹൃദത്തിന്റെ പുസ്തകത്താളുകൾ അവൾക്കു മുന്നിൽ മറിച്ചു തുടങ്ങി....

ബിജേഷിന്റെ വീടിന്റെ അര കിലോമീറ്റർ അപ്പുറത്തായിരുന്നു ജോമിയുടെ വീട്. അവന്റെ പേര് കപ്പലോളം വലുതാകാൻ ചില കാര്യമുണ്ട്. ഒന്നാമതായി അവനു ലേശം വിക്കുണ്ട്. പിന്നെ, തല ഒരു വശത്തേയ്ക്കു ചരിച്ചുപിടിച്ചാണ് നടക്കുന്നതും സംസാരിക്കുന്നതുമെല്ലാം.

"എടാ, വടക്കുനോക്കീ...ഷിപ്പേ... ഷിപ് ലുക്കേ...."

 -എന്നിങ്ങനെയുള്ള ചെല്ലപ്പേരുകൾ ആരാണ് ആദ്യം വിളിച്ചതെന്ന് ആർക്കും നിശ്ചയമില്ല.

നാടൻപന്തുകളി, സാറ്റുകളി, ക്രിക്കറ്റ്, കുട്ടീം കോലും, വട്ടുകളി, അക്കുകളി, തലപ്പന്തുകളി എന്നിങ്ങനെ ഒട്ടേറെ കളികളിൽ സജീവ സാന്നിധ്യമായിരുന്നു അവൻ. മടക്കുളത്തിൽ അവന്റെ കൂടെ ബിജേഷ് ചൂണ്ടയിടാൻ പോയതും തിലാപ്പിയ പിടിച്ചതുമൊക്കെ കുട്ടിക്കാലത്തെ നല്ല സൗഹൃദ നിമിഷങ്ങളായിരുന്നു. സ്നേഹമുള്ളവനും നിഷ്കളങ്കനുമായിരുന്നുവെങ്കിലും, ജോമി പഠിക്കാൻ തീരെ പിറകിലായിരുന്നു. അതിനാൽത്തന്നെ, എൽ.പി. സ്കൂളിൽത്തന്നെ തോറ്റിട്ട് പഴയ ക്ലാസിൽത്തന്നെ വീണ്ടും പഠിക്കേണ്ട ഗതികേട് അവനിൽ ദുരഭിമാനമുണ്ടാക്കി. ഒടുവിൽ, ഹൈസ്കൂൾക്ലാസുകൾ ഇറങ്ങിക്കയറി പൂർത്തിയാക്കാതെ അവന്റെ അപ്പന്റെ കൂടെ തടിപ്പണികൾക്കും അമ്മയുടെ കൂടെ പാറമടയിൽ മെറ്റലടിക്കാനും പോയിത്തുടങ്ങി.

ക്രമേണ, ചങ്ങാത്തത്തിന്റെ ഊഷ്മളതയൊക്കെ മങ്ങിത്തുടങ്ങി. അക്കാലത്ത്, പഠിക്കുന്നതിന്റെ പേരിലുള്ള അഹങ്കാരവും പൊങ്ങച്ച ഗീർവാണങ്ങളും ഇത്രമേൽ വന്നിട്ടില്ലായിരുന്നു. എങ്കിലും, മന:പൂർവ്വമല്ലാത്ത ഒരുതരം അകൽച്ച പ്രകടമായിരുന്നുതാനും.

അന്നൊക്കെ, കൂലിപ്പണിക്കാരുടെ വിവാഹമാണ് ആദ്യം നടക്കുക. കാരണം, സ്ത്രീധനം കിട്ടുമ്പോൾ രൂപ കാരണവന്മാരുടെ കയ്യിലേക്കാണു പോകുന്നത്. അങ്ങനെ, കുറച്ചു മാസത്തേക്ക് അവരുടെ ഷാപ്പിലെയും ഇറച്ചിക്കടയിലെയും ഷോപ്പിങ് കുശാലാണ്.

കാലം മുന്നോട്ടു കുതിച്ചപ്പോൾ ജോമിയും കുടുംബവും അതിനൊപ്പം കിതച്ചു. കടങ്ങൾ കരിമ്പടം പുതച്ചപ്പോൾ ആ കുടുംബം അവിടുന്നു വിറ്റിട്ട് അഞ്ചു കിലോമീറ്റർ അപ്പുറത്തേക്കു ദേശാടനം നടത്തി. ജോമിയും ഭാര്യയും നാനാതരം പണികൾക്കു പോയിത്തുടങ്ങി.

ബിജേഷിനും വിവാഹമായി. വധു ഗൾഫിൽനിന്നും കുറച്ചു ദിവസത്തെ അവധിക്കു വന്നതാകയാൽ രൂപതയിലെ കൗൺസലിങ്ങ് കോഴ്സും ആ സമയത്ത്, വന്ന പനിയുമെല്ലാം വിവാഹത്തീയതി നിശ്ചയിക്കാൻ താമസം നേരിട്ടു.

അവസാനം, സമയക്കുറവിന്റെ പിരിമുറക്കത്തിലായി വിവാഹക്ഷണങ്ങൾ.

ജോമിയുടെ വീട് എവിടെയാണെന്ന് ബിജേഷിന് അറിയില്ല. അതിനാൽ, ബിജേഷിന്റെ അപ്പൻ ചിലരോടു ചോദിച്ച് ഒരു ഉൾഗ്രാമത്തിലെ ചെറുവീടിനു മുന്നിലെത്തി. ആ സമയത്ത് വീട്ടിൽ ആരുമില്ലാത്തതിനാൽ കല്യാണക്കുറി വാതിലിന്റെ ഇടയിൽ കയറ്റിവച്ചിട്ട് അദ്ദേഹം പോരികയും ചെയ്തു.

കല്യാണ സമയത്ത്, ബിജേഷ് ടാർജറ്റും ഇൻസന്റീവും ഉള്ള കമ്പനി ജോലിയിൽ ആകയാൽ വർക്ക് ലോഡ് മറുവശത്ത്. മെലിഞ്ഞുണങ്ങിയ ബിജേഷ് കഴിവതും യാത്ര കുറച്ചുവെന്നതും മറ്റൊരു സത്യമായിരുന്നു.

കല്യാണ വിസിഡിയിൽ നോക്കി വന്നയാളുകളുടെ ഹാജർ എടുത്തപ്പോൾ ജോമിയും മറ്റു ചിലരും ഇല്ലെന്നു ബിജേഷിനു മനസ്സിലായി. നേരിട്ടു കണ്ടു വിളിക്കാത്തതിനാല്‍ വന്നില്ലെന്നു കരുതി. പിന്നെ, അവനെ കാണുന്നത് ഇപ്പോഴാണ്.

ബിജേഷ് ഈ വിധം പറഞ്ഞു നിർത്തിയപ്പോൾ ഭാര്യ പറഞ്ഞു -

"ചിലപ്പോൾ വാതിലിനിടയിൽ വച്ച കല്യാണക്കുറി ജോമി കണ്ടുകാണില്ല"

ബിജേഷ് നെടുവീർപ്പിട്ടു -

"മൊബൈൽ ഫോൺ അവനുണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായിരുന്നേനെ. സത്യം അറിയാതെ, അവനെ കല്യാണം വിളിച്ചില്ലെന്നു കരുതി മനസ്സു വേദനിച്ചാൽ അതും ന്യായം"

"ബിജേഷ്, ആ സുഹൃത്തിനെ അല്പം റിസ്കെടുത്താൽ നേരിട്ടു തന്നെ വിളിക്കാമായിരുന്നു. മനസ്സിൽ പ്രാധാന്യം കൊടുത്തില്ലെന്ന് ഒരു കുറ്റബോധം നല്ലതാ''

"ഉം...ശരിയാ...മനസ്സു വച്ചാൽ നടക്കാത്തതായി എന്താ ഉള്ളത് ?"

ആശയം - friendship misunderstanding.

പല സൗഹൃദങ്ങളിലും കൃത്യമായ നിയമവും ചിട്ടയുമൊക്കെ സന്ദർഭവും സാഹചര്യവുമനുസരിച്ച് മാറുന്ന പ്രതിഭാസമായിരിക്കും. തെറ്റിദ്ധാരണകൾ പലപ്പോഴും കണ്ണിനെയും കാതിനെയും നാവിനെയും പറ്റിച്ച് സൗഹൃദങ്ങളുടെ അന്തകനാകാറുണ്ട്. എന്നിരുന്നാലും, ഒപ്പത്തിനൊപ്പം വരാത്ത സൗഹൃദങ്ങളിൽ കമ്യൂണിക്കേഷൻ ഗ്യാപ് സ്വാഭാവികമായി കടന്നു വരാം. ചിലപ്പോൾ മനസ്സിനുള്ളിലെ സ്നേഹം യഥാസമയം പ്രകടിപ്പിക്കാനായെന്നു വരില്ല.

Comments