Bed time stories in Malayalam online reading free
1. കള്ളം
അന്നും പതിവുപോലെ നാണിയമ്മ അതിരാവിലെ എഴുന്നേറ്റു. മുറ്റമടിച്ചുകൊണ്ടിരുന്നപ്പോള്‍ പത്രം കാല്ച്ചുവട്ടിലേക്ക് പറന്നിറങ്ങി. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മുറ്റമാകെ മിനുങ്ങിയെന്ന് ഉറപ്പുവരുത്തിയ വൃദ്ധ കാലും കയ്യും മുഖവുമൊക്കെ കഴുകി തിണ്ണയില്‍ കിടന്ന തോര്‍ത്തെടുത്ത് തുടച്ചു. അടുക്കളയില്‍നിന്ന് രണ്ടു സ്റ്റീല്‍ കപ്പില്‍ ചായ ചെറുമേശമേല്‍ വച്ചിട്ട് അകത്തേ മുറിയിലേക്ക് നോക്കി വിളിച്ചു-.
"ഉണ്ണിക്കുട്ടന് എണീറ്റില്ലേ? നേരമെത്രയായീന്നാ..."
"ഞാന്‍ കുറച്ചൂടെ കെടക്കട്ടെ...ഇന്ന് സ്കൂളില്ലാ..."
മുറിയില്‍നിന്ന് അശരീരി മുഴങ്ങി.
"ഈ ചെറുക്കന്റെയൊരു മടി...നിന്റെ ചായ തണുക്കണൂ..." നാണിയമ്മ ഭിത്തിയില്‍ പുറം ചാരി രണ്ടുകാലും നീട്ടിവച്ച് പത്രപാരായണം തുടങ്ങി. അടുത്തു നില്ക്കുന്നവര്ക്കുംകൂടി കേള്‍ക്കാന്‍ പരുവത്തിനു ഗദ്യം പദ്യംപോലെ നീട്ടി വായിക്കുന്നത് പണ്ടെങ്ങോ തുടങ്ങിയ ശീലമാണ്.
ഉണ്ണിക്കുട്ടന്റെ അപ്പനും അമ്മയും അറബിനാടുകളില്‍ ജോലിയെടുക്കുന്നു. രണ്ടുപേര്‍ക്കും ഒന്നിച്ചു വരാന്‍ ഇതുവരെ പറ്റിയിട്ടില്ല, എങ്കിലും ഒന്നോ ഒന്നരയോ വര്‍ഷം കൂടുമ്പോള്‍ കൊച്ചിനെ കാണാന്‍ ഓടിവന്നിട്ട് കരഞ്ഞുകൊണ്ട് മടങ്ങിപ്പോകും. അവര്‍ക്ക് ചെറിയ ജോലിയായതിനാല്‍ കൊച്ചിനെ കൊണ്ടുപോകാനുള്ള സാഹചര്യമില്ലതാനും. അങ്ങനെ, അത്തരം അധികച്ചുമതലയും നാണിയമ്മയുടെ ചുമലില്‍ വന്നുചേര്‍ന്നു. പ്രായത്തിന്റെ ചില്ലറ പ്രശ്നങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഒരു വല്യമ്മയുടെ മാത്രമല്ല, മാതാപിതാക്കളുടെ കടമയുംകൂടി പറ്റുന്നത്രയും നന്നായി നോക്കുന്നത് ഉണ്ണിക്കുട്ടന് വലിയൊരനുഗ്രഹമായി.
രണ്ടുമൂന്നു പത്രത്താളുകള്‍ നിലത്തിട്ടു വായിച്ചുമറിച്ചപ്പോള്, ഉണ്ണിക്കുട്ടന് ആടിത്തൂങ്ങി അങ്ങോട്ടു വന്നു.
"കുട്ടാ, ചായ തണുത്തൂച്ചിപ്പോയി, സമയത്തു വരണായിരുന്നു"
"വല്യമ്മച്ചീ, ഇന്നലത്തെ കഥ അവസാനം എന്തായിരുന്നു...ഞാന്‍ ഉറങ്ങിപ്പോയി, ഒന്നൂടെ പറയ്..."
"ദേ, ഉണ്ണിക്കുട്ടാ, കഴിഞ്ഞ മൂന്നു ദിവസായി ഞാനിത് തന്നേ പറയണത്. നീ ഉറങ്ങണത് എന്റെ കുറ്റാ?"
നാണിയമ്മ വീണ്ടും പത്രത്തിലേക്ക് തല കുമ്പിട്ടു. ആ താളില്‍, 'ചരിത്രത്തിലെ വലിയ കള്ളങ്ങള്‍' എന്ന പേരില്‍, പലതും അക്കമിട്ടു നിരത്തുന്ന ഒരു വിവരണം കൊടുത്തിട്ടുണ്ടായിരുന്നു:
'ച(ന്ദനില് അമേരിക്കക്കാര്‍ ആദ്യം കാലുകുത്തിയെന്നു പറയുന്നത്'
'യഥാര്‍ത്ഥ ടൈറ്റാനിക് കപ്പല്‍ മുങ്ങിയെന്നു പറയുന്നത്'
'ഇറാക്കില്‍ രാസായുധം ഉണ്ടെന്നു ബുഷ് പറഞ്ഞത്'
'പെരുമണ്ട്രെയിന് ദുരന്തം കാറ്റ് മൂലമെന്ന് റെയില്‍വേ'
ഇതെല്ലാം പാട്ടിന്റെ ഈണത്തില്‍ അവിടെ കേട്ടപ്പോള്‍ അവന് ചോദിച്ചു:
"എനിക്കിന്ന് ഇവിടുത്തെ നുണ പറയുന്ന കഥകള്‍ കേട്ടാ മതി...ഇങ്ങോട്ട് നോക്ക്..."
"ഞാന്‍ കേട്ടടാ...ങാ...ഇന്ന് ചന്തയില്‍ പോകണ്ട ദിവസാ, ഇന്നു കുറെ നുണക്കഥകള്‍ നിന്നെ കാണിച്ചുതരാം. ന്താ, സമ്മതിച്ചോ?"
"ഹായ്! എനിക്ക് നാരങ്ങാമൊട്ടായീം തിന്നാം, ബസേലും കേറാം..."
സമയം ഒന്പതുമണി ആയപ്പോള്‍, നാണിയമ്മയും ഉണ്ണിക്കുട്ടനും ബസ് സ്റ്റോപ്പിലേക്ക് നടന്നു. അന്നേരം, മീന്കാരന്വാസു സൈക്കിളില്‍ വരുന്നതു കണ്ടു.
"നല്ല പെടയ്ക്കണ മീനേയ്" അതിന്റെ അകമ്പടിയെന്നോണം,
"പൂ...പേ...." എന്നൊരു റബര്ഹോണ് മുരള്‍ച്ചയും.
നാണിയമ്മയെ കണ്ട്, അവന് സൈക്കിള്‍ നിര്‍ത്തി.
"എടാ, വാസൂ, മീനല്ല ഈച്ചയാണല്ലോ ഇതിനകത്ത് പെടയ്ക്കണത്, കഴിഞ്ഞ ദിവസത്തെ മത്തി തീര്‍ന്നില്ല, നാളെ അതിലേ വാ"
ചമ്മിയ ചിരിയുമായി വാസു പതിവു വഴികളിലൂടെ സൈക്കിള്‍ ഉരുട്ടി നീങ്ങി. ബസ് വരാന്‍ കാത്തുനിന്നപ്പോള്‍, അയല്‍വാസിയായ ചാക്കപ്പന് ധൃതിയില്‍ അങ്ങോട്ടു വന്നു.
"നീ ഇന്നും കള്ളസാക്ഷി പറയാന്‍ കോടതീലോട്ടു പോകുവല്ലേ?"
"ജീവിച്ചുപോട്ടമ്മച്ചീ" ദയനീയ ചിരിയോടെ അവന് പറഞ്ഞു.
അല്പസമയത്തിനുള്ളില് അവര്‍ ബസില്‍ കയറി. അതിനുള്ളില്‍ അധികം ആളുണ്ടായിരുന്നില്ല. തൊട്ടടുത്ത സീറ്റിലെ യാത്രക്കാരോട് കണ്ടക്ടര്‍ ദേഷ്യപ്പെടുന്നത് അവരുടെ ശ്രദ്ധയില്‍പെട്ടു.
"ഈ മോള്‍ക്ക് ഹാഫ് ടിക്കറ്റ് അമ്മിഞ്ഞപ്രായമൊക്കെ കഴിഞ്ഞു. ഫുള്‍ടിക്കറ്റ് എടുക്കണം, പ്രായം കുറച്ചു പറഞ്ഞതുകൊണ്ടോ, നിങ്ങളുടെ മടിയില്‍ ഇരുത്തീന്നു വച്ചോ കാര്യമൊന്നുമില്ല"
പക്ഷേ, ആ കുടുംബം കുറച്ചു കള്ളങ്ങള്‍ നിരത്തി തര്‍ക്കിച്ചു വിജയം കണ്ടു. ഇതിനിടയില്‍, നാണിയമ്മ കുറെ വര്‍ഷങ്ങള്‍ പിറകോട്ടു സഞ്ചരിച്ച്, ഉണ്ണിക്കുട്ടന്റെ മുലകുടി നിര്‍ത്തിയ കാര്യം ഓര്‍ത്തുപോയി. അവന്റമ്മ ചെന്നിനായകം തേച്ച കയ്പുള്ള 'പാച്ചം' കൊടുത്ത് കള്ളം കാണിക്കാതെ വേറെ നിവൃത്തിയില്ലായിരുന്നു- അവധി നീട്ടിക്കിട്ടാതെ കണ്ണീരോടെ അവള്‍ക്ക് ഗള്‍ഫിലേക്ക് തിരികെ പോകേണ്ടിവന്നില്ലേ? ഒരുപക്ഷേ, അവന് കണ്ട ആദ്യകള്ളവും ഇതായിരിക്കണം!
അങ്ങനെ, അവര്‍ ചന്തയില്‍ എത്തിച്ചേര്‍ന്നു. അവിടെയൊരു പ്രസംഗം തകര്‍ക്കുന്നുണ്ടായിരുന്നു- ഏതോ സ്ഥാനാര്‍ഥി കള്ള വാഗ്ദാനങ്ങള്‍ നിരത്തി മുന്കാലമെന്നപോലെ ആളുകളെ കഴുതയാക്കിക്കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍, പടക്കങ്ങളും പൊട്ടിച്ച് രംഗം കൊഴുപ്പിച്ചു.
ഇത് കണ്ടും കേട്ടും നാണിയമ്മ കുട്ടിയോടു പറഞ്ഞു:
"നീ ഇപ്പോള്‍ കേട്ടതാണു നുണപ്പടക്കം"
അവര്‍ പലയിടത്തുനിന്നും പച്ചക്കറിയും മറ്റും വാങ്ങി. ഒരിടത്തുനിന്ന്, നാരങ്ങ തൂക്കി മേടിച്ചപ്പോള്‍ ആ കടക്കാരന് കപടവേഗത അഭിനയിച്ചു. കണ്ണടച്ചു തുറക്കും മുന്‍പ് കടലാസില്‍ പൊതിഞ്ഞെടുത്തു കഴിഞ്ഞിരിക്കുന്നു. ത്രാസിന്റെ താഴെ ചെറിയൊരു കല്ല് തട്ടിനില്‍ക്കാന്‍ പാകത്തില്‍ വച്ചിട്ടുണ്ടായിരുന്നത് നാണിയമ്മയുടെ തടിയന്കണ്ണടയില് കുരുങ്ങി. പക്ഷേ, ഒന്നും മിണ്ടാതിരുന്ന വൃദ്ധ കുറച്ചങ്ങു നടക്കവേ ഉണ്ണിക്കുട്ടനോട് കാര്യം പറഞ്ഞു -
"...ഇതാണു മോനെ, കല്ലുവച്ച നുണ"
ഇരുകയ്യിലും സാധനങ്ങളുമായി തിരികെ ബസിറങ്ങി വീട്ടിലേക്കു നടന്നപ്പോള്‍, അതാ വരുന്നു പട്ടാളക്കാരന് വാറുണ്ണി. അവന്റെ വായില്‍നിന്ന് എങ്ങനെ രക്ഷപെടും എന്നു ചിന്തിച്ചെങ്കിലും ഒന്നും നടന്നില്ല. പഴയ വീരചരിതം കുറച്ചെങ്കിലും കേള്‍ക്കാതെ അയാള്‍ അവരെ വിട്ടില്ല. എന്നാല്‍, ഉണ്ണിക്കുട്ടന് വിചാരിച്ചത് അയാള്‍ യുദ്ധത്തില്‍ പങ്കെടുത്ത് ശത്രു സൈന്യത്തെ വക വരുത്തിയെന്ന്!
കുട്ടിയുടെ സംശയം മാറ്റാനായി നാണിയമ്മ പറഞ്ഞു:
"അവന്റെ മനസ്സിലെ നടക്കാതെ പോയ ആഗ്രഹങ്ങളാ ഇപ്പൊ മോന് കേട്ടത്. ഇതെല്ലാം നുണകള്‍ ആണെങ്കിലും അതില്‍ നമുക്ക് അഭിമാനിക്കാവുന്ന ഒരു സത്യമുണ്ട്- നമ്മുടെ ഈ രാജ്യത്തെ കാത്തുരക്ഷിക്കുന്ന കരസേനയിലെ ഒരംഗം ആയിരുന്നു ഈ വാറുണ്ണിയും!"
മനുഷ്യര്‍ ആവശ്യമുള്ളതിനും ഇല്ലാത്തതിനും കള്ളം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സമൂഹജീവിയാണെന്ന് ഉണ്ണിക്കുട്ടനു നാണിയമ്മ പറഞ്ഞുകൊടുത്തു.
ഗുണപാഠം : പല കുട്ടികളും പഠനലോകത്തിനു പുറത്തുള്ളത് ഒന്നും മനസ്സിലാക്കാതെ വളരുന്നു. ഈ ലോകത്തില്‍ കള്ളവും ചതിയും വഞ്ചനയും മറ്റും ഉണ്ടെന്ന് അവര്‍ അറിഞ്ഞിരിക്കട്ടെ. മുന്നോട്ടുള്ള ജീവിതത്തില്‍ ജാഗ്രത പുലര്‍ത്താമല്ലോ.
2. പുല്ലും മരവും
അന്ന്, വൈകുന്നേരം സ്കൂൾ കഴിഞ്ഞെത്തിയ ഉണ്ണിക്കുട്ടൻ ചിരിയും കളിയുമൊന്നുമില്ലാതെ വീട്ടിലേക്ക് കയറിയപ്പോൾതന്നെ നാണിയമ്മയ്ക്ക് സംഗതി പിടികിട്ടി - ടീച്ചറിന്റെ കയ്യീന്ന് അടി കിട്ടിക്കാണും; അല്ലെങ്കിൽ ക്ലാസ്സിൽ തല്ലുകൂടിക്കാണണം.
"എന്താ ഉണ്ണിക്കുട്ടാ... കൂട്ടുകാരുമായി വഴക്കിനു പോയോ നീയ്?"
"അമ്മൂമ്മേ...ഞാനല്ലാ വഴക്കിട്ടത്. മോങ്കുട്ടനാ. അവനെന്നെ 'പോടാ... പന്നപ്പുല്ലേ'ന്ന് വിളിച്ചു"
"ഹി...ഹി... അവൻ വെറുതെ, സിനിമായിലെ കളിതമാശ പറഞ്ഞതിന് ..ന്റെ ഉണ്ണിക്കുട്ടനെന്തിനാ വെഷമിക്കണത്?"
"പുല്ലെന്ന് വച്ചാൽ ഞാനും മുറ്റത്തെ പുല്ലും ഒരുപോലാന്നാണോ?"
"ന്റെ... കുട്ടനെ വല്ലോരും പുല്ലെന്ന് പറഞ്ഞാൽ അങ്ങനാകുമോ"
ഉണ്ണിക്കുട്ടന് ദേഷ്യം വന്നു തുടങ്ങി.
"ങാ... എങ്കിപ്പിന്നെ പുല്ലേന്ന് വിളിച്ചോണ്ട് എന്താ ഗുണം?"
"വില കുറഞ്ഞ നിസ്സാരനാന്ന് കാണിക്കാൻവേണ്ടി പറേണതാ. എന്നുവച്ച്, പുല്ലിനുമില്ലേ അതിന്റെതായ ശക്തിയും വിലയുമൊക്കെ... അവരുടെ ഒരു കഥ ഞാൻ നിനക്കു കിടക്കാന്നേരം പറഞ്ഞു തരാം"
"ഇപ്പോത്തന്നെ വേണം"
ഉണ്ണിക്കുട്ടൻ ചിണുങ്ങിത്തുടങ്ങി.
"ഇപ്പോ.. എനിക്കു വേറെ നൂറുകൂട്ടം പണി അടുക്കളേല് കെടക്കണ്... ഉറങ്ങാൻ നേരം പറയാം"
തര്‍ക്കിക്കാന്‍ നില്‍ക്കാതെ അവൻ കളിക്കാനായി അയലത്തെ വീട്ടിലേക്ക് ഓടി.
അത്താഴം കഴിഞ്ഞ് കിടന്നപ്പോൾ കഥ കേൾക്കാനായി അവന്റെ കുഞ്ഞു കാതുകൾ ചെവിയോർത്തു. നാണിയമ്മൂമ്മ പറഞ്ഞുതുടങ്ങി:
ഒരിടത്തൊരിടത്ത്, ഒരു പറമ്പിന്റെ നടുക്കായി വലിയൊരു മരം നിന്നിരുന്നു. ധാരാളം കിളിക്കൂടുകൾ അതിലുണ്ടായിരുന്നു. ആ കിളികൾ പലതരം പാട്ടുകൾ പാടി. കായ്കൾ തിന്നാൻ മൽസരിച്ചു. മറ്റു ദേശങ്ങളിലെ പക്ഷികളും പറക്കലിനിടയില്‍ വിശ്രമിക്കാന്‍ ഇടം തേടിയിരുന്നത് ആ മരക്കൊമ്പുകളില്‍ ആയിരുന്നു. പക്ഷികളുടെ നേതാവായിരുന്ന ചെമ്പന്പരുന്തും എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് ഏറ്റവും ഉയര്‍ന്ന കൊമ്പില്‍ തലയെടുപ്പോടെ സ്ഥാനംപിടിക്കും. അതല്ലാതെ, വേറെയും ജീവികള്‍ അവിടെയുണ്ടായിരുന്നു. അണ്ണാനും മറ്റും അതിന്റെ ശിഖരങ്ങളിലൂടെ കുത്തിമറിഞ്ഞു. ചിലന്തികൾ പലയിടത്തും വലകൾ നെയ്ത് ഇരകളെ പിടിച്ചുകൊണ്ടിരുന്നു. മരത്തിന്റെ പൂവുകളിൽ തേനുണ്ണാൻ ഈച്ചകൾ പറന്നിറങ്ങി. നാനാതരത്തിലുള്ള ഉറുമ്പുകൾ വരിവരിയായി മരത്തിലൂടെ കയറിയിറങ്ങുന്നുണ്ടായിരുന്നു. ഇതേ സമയത്ത്, മരച്ചുവട്ടിലെ പൊത്തുകളിൽ എലികളും പാമ്പുകളും വീടുണ്ടാക്കി.
ആദ്യമൊക്കെ ആ വൃക്ഷം അതില്‍ സന്തോഷിച്ചു. എന്നാല്‍, പിന്നീട് ഇതെല്ലാം കണ്ടുകണ്ട് മരം ക്രമേണ അഹങ്കാരിയായിത്തീർന്നു. ചുറ്റുവട്ടത്തുണ്ടായിരുന്ന ചെറു മരങ്ങളെയും ചെടികളെയും അത് കളിയാക്കാൻ തുടങ്ങി. ശക്തനായ മരത്തിനു മുന്നിൽ മറ്റുള്ളവ നാണിച്ചു തലതാഴ്ത്തി.
അങ്ങനെയിരിക്കെ, ഒരു വേനൽക്കാലം. ഒരു ദിവസം, മരം തന്റെ കാൽച്ചുവട്ടിലേക്ക് നോക്കിയപ്പോൾ അവിടെ ചെറിയ പുൽകൂട്ടങ്ങൾ വളർന്നു നിൽക്കുന്നതായി കണ്ടു. അത് പുല്ലുകളെ നോക്കി അട്ടഹസിച്ചു.
"ഹേയ്... പുൽകൂട്ടമേ.. നിങ്ങളുടെ ഒരു ദുർഗതി നോക്കൂ... ആരെങ്കിലും വന്ന് ചവിട്ടിമെതിച്ച് പോകാതിരുന്നാൽ നിങ്ങളുടെ ഭാഗ്യം. ഏതെങ്കിലും കന്നുകാലികൾ വന്നാലോ? നിങ്ങൾ അവരുടെ വയറ്റിലേക്ക് പോകും. നിങ്ങളുടെ കഥയും അതോടെ കഴിഞ്ഞു"
ഇതു കേട്ട് പുൽക്കൊടികൾ പേടിച്ചു വിറച്ചു. അതുകൊണ്ടും ആ വൃക്ഷം അതിന്റെ വീരകഥകൾ നിർത്താൻ കൂട്ടാക്കിയില്ല.
"എത്രയധികം ജീവികളാണ് എന്നെ ആശ്രയിച്ച് കഴിയുന്നതെന്നു നോക്കൂ! എന്നാൽ നിങ്ങളോ? എല്ലാം വിധിയെന്ന് കരുതി സമാധാനിക്കൂ..."
അപ്പോഴും
പുൽകൂട്ടങ്ങൾ ഒന്നും മിണ്ടാതെ
വിഷമിച്ച് നിന്നതേയുള്ളൂ.
അവരുടെ
നേതാവായ പുൽരാജൻപോലും നട്ടെല്ലു
വളച്ചു നിലത്തു മുഖം പൂഴ്ത്തി.
രാവും
പകലും ഓരോന്നായി കൊഴിഞ്ഞുവീണുകൊണ്ടിരുന്നു.
ആ
വേനലിനുശേഷം,
മഴക്കാലം
ആരംഭിച്ചു.
ശക്തമായ മഴയ്ക്കിടയിൽ ഒരു ദിനം. ജീവികള്‍ ആരുംതന്നെ ഇര തേടാന്‍ പുറത്തുപോയില്ല.
ചെമ്പന്‍പരുന്ത് ധൃതിയില്‍ അവിടെ പറന്നിറങ്ങി. അത് എല്ലാവരോടുമായി പറഞ്ഞു:
"കൂട്ടരേ, നമ്മുടെ കിഴക്കന്‍നാട്ടില്‍ ശക്തമായ കാറ്റു വീശി കനത്ത നാശം വിതച്ചിരിക്കുന്നു. ഇങ്ങോട്ടും ഇന്നു രാത്രിയില്‍ കാറ്റടിച്ചേക്കാന് സാധ്യതയുണ്ട്. ഇവിടെനിന്നും രക്ഷപ്പെടുകയാണു ബുദ്ധി. എന്റെ മരവും കൂടും പടിഞ്ഞാറുദേശത്താണ്. നിങ്ങളും അങ്ങോട്ടു പോന്നോളൂ..."
ഉടന്‍തന്നെ ചെമ്പന്‍പരുന്ത് പറന്നുപോയി. എല്ലാവരും ഇതുകേട്ട് പേടിച്ചുവിറച്ചു. കിളികൾ വീടൊഴിഞ്ഞു നേതാവിന്റെ പിറകേ പറന്നു. പേടിച്ച് പൂക്കളും കായ്കളും കൊഴിഞ്ഞു വീണു. ഈച്ചകളും വണ്ടുകളും പടിഞ്ഞാറുള്ള നല്ല സ്ഥലങ്ങളിലേക്ക് പറന്നകന്നു. മാളങ്ങളിൽ വെള്ളം കയറിയതിനാൽ എലികളും പാമ്പുകളും അതൊഴിഞ്ഞ് അപ്പുറത്തെ ഉയർന്ന പറമ്പിലേക്ക് ഓടി.
രാത്രിയായപ്പോള്‍ കിഴക്കുനിന്ന് കാറ്റിന്റെ ഭയങ്കര ശബ്ദം കേട്ടുതുടങ്ങി. അതിനു മുന്നോടിയായി സാമാന്യം ശക്തമായ കാറ്റു വീശി. എന്നാല്‍, പുല്‍കൂട്ടങ്ങള്‍ കാറ്റിനോട് ഗുസ്തി പിടിക്കാതെ അതിനൊപ്പിച്ച് നൃത്തം ചവിട്ടി. അപ്പോഴും ആ മരം ഇതൊക്കെ നിസ്സാരമെന്ന മട്ടിൽ തലയുയര്‍ത്തി കാറ്റിനോട് വിളിച്ചുപറഞ്ഞു:
"കഴിഞ്ഞ നൂറ്റമ്പത് വര്‍ഷമായി ഇവിടെ നില്ക്കുന്ന ഞാന്‍, എത്രതരം കാറ്റിനെ കണ്ടിരിക്കുന്നു! നിന്റെ പരാക്രമം എന്നോടു വേണ്ടാ..."
അതിനു പിറകേ കൊടുങ്കാറ്റ് വീശി. അതിന്റെ ഹുങ്കാരത്തിനു മുന്നിൽ വൃക്ഷത്തിന്റെ അഹങ്കാരം ഒന്നുമല്ലാതായി. മരം തന്റെ ശിഖരങ്ങൾകൊണ്ട് കാറ്റിനോട് ഏറ്റുമുട്ടി. തോൽവി ഉറപ്പായപ്പോൾ ചില്ലകൾ ഒതുക്കിപ്പിടിച്ച് രക്ഷപ്പെടാനായിയിരുന്നു മരത്തിന്റെ പിന്നത്തെ നീക്കം. എന്നാൽ, ഉഗ്രപ്രതാപിയായ കൊടുങ്കാറ്റ് ആ മരത്തെ പിഴുതെറിഞ്ഞു.
അടുത്ത
പ്രഭാതത്തിൽ പറമ്പിനോട്
ചേർന്ന്
ഒരു ലോറി വന്നു നിന്നു.
അതിൽ
നിന്നും തടിമാടന്മാരായ കുറച്ചു
പേർ ചാടിയിറങ്ങി.
അവർ
കടപുഴകിയ മരത്തെ നിർദ്ദയം
വെട്ടിമുറിച്ച് ലോറിയിൽ
കയറ്റി തടിമില്ലിലേക്കു
പോയി.
ചുവന്ന
മരക്കറ അവിടമാകെ
കെട്ടിക്കിടന്ന് അസഹ്യമായ
ഗന്ധവും ഉണ്ടാക്കുന്നുണ്ടായിരുന്നു.
ഇതെല്ലാം
ഒരു അത്ഭുതം കണക്കെ
പുൽകൂട്ടം
കാണുന്നുണ്ടായിരുന്നു.
അപ്പോൾ
പുൽരാജൻ പറഞ്ഞു:
"കൊടുങ്കാറ്റിനു മുന്നിൽ പിടിച്ചുനിൽക്കാൻ ആകാശം മുട്ടെ നിന്ന മരത്തിനു കഴിഞ്ഞില്ല. എന്നാൽ, ആ കഴിവ് ദുർബലരായ നമുക്ക് ദൈവം തന്നിരിക്കുന്നു! മരം പണ്ട് പറഞ്ഞപോലെ എല്ലാം വിധിയാണ്!"
കഥ മനസ്സിലായെന്ന മട്ടില്‍, ഉണ്ണിക്കുട്ടന് തലയാട്ടിക്കൊണ്ട് മെല്ലെ ഉറക്കത്തിലേക്ക് ചാഞ്ഞു.
ഗുണപാഠം :
ഈ ലോകത്തിന്റെ പൂര്‍ണതയ്ക്ക് ചെറിയവരും വേണ്ടതാണെന്ന് വലിയവര്‍ ഓര്‍ക്കുക. നൂറു സ്വര്ണത്തൂമ്പ കൈവശം ഉള്ളവനും കഠിനമായ ജോലിക്ക് ഒരു ഇരുമ്പുതൂമ്പയുടെ ആവശ്യം വന്നേക്കാം. അതിനാല്‍ ചെറിയവരെ ആരും കളിയാക്കാതിരിക്കട്ടെ.
3. അറിവിന്റെ വില
ഉണ്ണിക്കുട്ടന്റെ ഓണപ്പരീക്ഷ തീർന്ന ദിവസം.
അവൻ വീട്ടിലെത്തിയതും തോളിലെ ബാഗ് എടുത്ത് കട്ടിലിലേക്ക് ഒരേറ്!
ശബ്ദം കേട്ട് നാണിയമ്മ വന്നു ചോദിച്ചു:
"ന്താ, ഉണ്ണീ ... നീ ഈ ചെയ്തത്? പഠിക്കണ പുസ്തകം എറിഞ്ഞാല്‍ ദോഷാന്ന് ഞാൻ പണ്ടേ പറഞ്ഞിട്ടുള്ളതല്യേ"
"ഞാനിനി പഠിക്കാൻ പോണില്ല. ഇന്നത്തെ പരീക്ഷ ഭയങ്കര പാടായിരുന്നു"
"അങ്ങനെ പറഞ്ഞാൽ എങ്ങനെയാ? പഠിച്ചില്ലേ അറിവുണ്ടാകുമോ, നല്ല ജോലി കിട്ടുവോ?"
അവൻ പകൽ മുഴുവനും മുഖം വീർപ്പിച്ചു നടന്നു. ഇക്കാര്യം നാണിയമ്മയുടെ മനസ്സിലുണ്ടായിരുന്നു. ഉറങ്ങാൻ നേരം ഉണ്ണിക്കുട്ടനോട് അതിനു പറ്റിയ കഥ പറഞ്ഞു തുടങ്ങി -
പണ്ടുപണ്ട്... സിൽബാരിപുരം രാജ്യത്തിലെ ഒരു ഗ്രാമം. അവിടെ കേശു എന്നു പേരുള്ള മരം വെട്ടുകാരനുണ്ടായിരുന്നു. അയാൾ നാട്ടിലെയും കാട്ടിലെയും വൻമരങ്ങൾപോലും ഒറ്റയ്ക്ക് വെട്ടിയിടും. പിന്നെ മുറിക്കുന്നതും ആന വലിച്ചുകൊണ്ടു പോകുന്നതുമൊക്കെ വേറെ ആളുകൾ മുഖേന ചെയ്തു കൊള്ളും.
ഒരു ദിവസം, അവൻ പതിവുപോലെ മരംവെട്ടാനായി പോയി. ലക്ഷണമൊത്ത തേക്കിൻതടി കിട്ടാൻ വേണ്ടി കാടിനുള്ളിലേക്കു കയറി. കുറെ ദൂരം നടന്നപ്പോൾ ജന്മി പറഞ്ഞ പ്രകാരം വണ്ണമുള്ള തേക്ക് കണ്ടു പിടിച്ചു. അതിന്റെ ചുവട്ടിലെ വേര് തെളിയാനായി മണ്ണും പള്ളയുമൊക്കെ മാറ്റിയപ്പോൾ ഒരു പോട് കണ്ണിൽപ്പെട്ടു. തടിക്കു കേടുണ്ടെങ്കിൽ വേറെ മരം നോക്കാമെന്ന് അയാൾ വിചാരിച്ചു. ആ മരപ്പൊത്തിലേക്ക് കയ്യിട്ടപ്പോൾ എന്തോ ഒന്ന് കയ്യിൽ തടഞ്ഞു. ചെറിയൊരു പെട്ടിയായിരുന്നു അത്.
പണ്ടുകാലത്തെ യുദ്ധസമയത്ത്, നാടുവിടുമ്പോൾ ആളുകൾ സ്വർണവും വൈരക്കല്ലുകളും മറ്റും ഇങ്ങനെ ഒളിച്ചു വച്ചിട്ട് ഓടി രക്ഷപ്പെടുന്ന കാര്യം കേശുവിന്റെ തലയിൽ മിന്നി!
ഉടനെ, പണിയായുധങ്ങൾ കൊണ്ടുവന്ന ചാക്കിലേക്ക് പെട്ടിയെടുത്തിട്ടു. വേഗം അയാൾ തിരികെ വീട്ടിലെത്തി. കേശുവും ഭാര്യയും കൂടി പെട്ടിയുടെ പൂട്ട് പൊളിച്ചു നോക്കിയപ്പോൾ ഞെട്ടിപ്പോയി!
കനമുള്ള പെട്ടിയായിരുന്നുവെങ്കിലും അകത്ത് നിധിയൊന്നുമില്ല. ഒരു പനയോലയിൽ എന്തൊക്കെയോ കുറിച്ചിരിക്കുന്നു. എഴുതാനും വായിക്കാനും അറിയില്ലാത്ത അവർ പരസ്പരം നോക്കി കണ്ണുമിഴിച്ചു. അവരുടെ പ്രതീക്ഷ മങ്ങി.
നിരാശയോടെ, എഴുത്തോലയുമായി അവർ അടുത്തുള്ള വീട്ടിൽ ചെന്ന് വായിപ്പിക്കാൻ ശ്രമിച്ചു. ആ വീട്ടുകാരും കൈമലർത്തിയെങ്കിലും സംസ്കൃത ഭാഷയാണ് ഇതെന്ന് അവർ സംശയം പ്രകടിപ്പിച്ചു.
പിന്നീട്, കേശു അടുത്തുള്ള ആശ്രമത്തിലെത്തി ഗുരുവിനെ കാണിച്ചു. അദ്ദേഹം അതു വായിച്ചിട്ട് ഇങ്ങനെ പറഞ്ഞു:
"ഈ പനയോല ആരെയും കാണിക്കാതെ പെട്ടിയിൽ അടച്ച് വീട്ടിൽ ഭദ്രമായി സൂക്ഷിക്കുക. വലിയ സ്വര്‍ണനിധി നിന്റെ കുടുംബത്തിനു വന്നു ചേരും എന്നാണ് ഇതിൽ എഴുതിയിരിക്കുന്നത്"
കേശുവിന്
സന്തോഷമായി.
അയാൾ
പെട്ടി പത്തായത്തിൽ
പൂഴ്ത്തിവച്ചു.
ഒരു
മാസം കഴിഞ്ഞിട്ടും കഷ്ടപ്പാടുകൾ
കൂടിയതല്ലാതെ യാതൊരു ഐശ്വര്യവും
കേശുവിന്റെ കുടുംബത്തിനു
വന്നില്ല!
അയാളും
ഭാര്യയും വീണ്ടും നിരാശയിലാണ്ടു.
"എന്തായാലും ഗുരുവിനോട് ഒന്നുകൂടി ചോദിച്ചു നോക്കാം"
കേശു വീണ്ടും ആശ്രമത്തിലെത്തിയപ്പോൾ അവിടം അടഞ്ഞുകിടക്കുകയായിരുന്നു. അവിടെ കണ്ട ഒരാളോടു ഗുരുവിനെപ്പറ്റി അന്വേഷിച്ചു-
"ഗുരുവിന് പകർച്ചവ്യാധിയാണെന്ന് പറഞ്ഞു ഇവിടം വിട്ടുപോയി. പാവം! ഞങ്ങളെ രക്ഷിക്കാനായി ഓടിയതാണ് !"
കേശു നടന്നുനടന്ന്, മറ്റൊരു ഗ്രാമത്തിലെ സന്യാസിയെ കണ്ട് മുൻപുണ്ടായ കാര്യങ്ങൾ ബോധിപ്പിച്ചു. എഴുത്തോല കാട്ടിയപ്പോൾ അയാൾ പറഞ്ഞു:
"മുൻപ് പറഞ്ഞതു തന്നെയാണ് ഇതിൽ എഴുതിയിരിക്കുന്നത്. ഭദ്രമായി ഇത് ആരും കാണാതെ സൂക്ഷിച്ചോളൂ"
ഇത്തവണ
കേശു തട്ടിൻപുറത്ത് പെട്ടി
ഒളിച്ചു വച്ചു.
പക്ഷേ,
ഒരു
മാസം കഴിഞ്ഞിട്ടും കാര്യങ്ങൾ
പഴയതുപോലെ.
രണ്ടാമത്തെ
ആശ്രമത്തിലേക്ക് കേശു
ചെന്നെങ്കിലും ആ സന്യാസിയുടെ
സഹോദരൻ മരിച്ചതിനാൽ ആ
നാട്ടുരാജ്യത്തിലേക്ക്
അദ്ദേഹം പോയതായി അറിവുകിട്ടി.
അതോടെ
കേശുവിന് വല്ലാത്ത വിഷമമായി.
ഈ
ഐശ്വര്യം കെട്ട പെട്ടിയും
അതിലെ വിവരങ്ങളും വായിക്കുന്നവർക്ക്
കൂടി കഷ്ടകാലം വന്നു ചേരുന്നതിനാൽ
ഇത് അടുത്തുള്ള നദിയിലെ
ഒഴുക്കുവെള്ളത്തിലേക്ക്
എറിഞ്ഞു കളയാമെന്ന് കേശു
പിറുപിറുത്തു:
"ഈ നശിച്ച പെട്ടി ഇനി ആരും തുറക്കാതെ കടലിൽ ചെന്നു ചേരട്ടെ"
അയാൾ നദിയിലേക്കുള്ള കൽപടവുകൾ ഇറങ്ങിച്ചെന്നപ്പോൾ ഒരു വ്യദ്ധൻ അവിടെ കുളിക്കുന്നുണ്ടായിരുന്നു.
"ഞാൻ മാറിത്തരാം. ചിതാഭസ്മം ഇവിടെ ഒഴുക്കിക്കൊള്ളൂ..."
ആ വൃദ്ധന്റെ തെറ്റിദ്ധാരണയും വിനയവും കണ്ട് കേശു അതുവരെയുള്ള കഥ പറഞ്ഞു. അപ്പോൾ, വൃദ്ധൻ പറഞ്ഞു -
"എനിക്ക് അന്ധവിശ്വാസങ്ങളെ ഒട്ടും പേടിയില്ല. മാത്രമല്ല, എന്റെ ഗുരുകുല പഠനത്തിനിടയിൽ, സംസ്കൃതം വായിക്കാൻ പഠിച്ചിട്ടുമുണ്ട്. പെട്ടിയിലെ വിവരങ്ങൾ ഞാൻ ഒന്നു വായിക്കട്ടെ"
പനയോലയിലെ വിവരങ്ങൾ അദ്ദേഹം ഇപ്രകാരം വായിച്ചു-
"കിഴക്കൻമലയിലെ ഒന്നാമത്തെ ഗുഹയിൽ ഒന്നാമത്തെ കല്ല് ഉന്തി മാറ്റിയാൽ ഒരു സഞ്ചി നിറയെ സ്വർണനാണയങ്ങൾ ലഭിക്കും. തെക്കൻമലയിലെ രണ്ടാമത്തെ ഗുഹയിലെ രണ്ടാമത്തെ കല്ല് ഉന്തി മാറ്റിയാൽ ഒരു സഞ്ചി നിറയെ രത്നക്കല്ലുകൾ കിട്ടും"
ഇതുകേട്ട് കേശു കൽപടവിൽ തളർന്നിരുന്നു പോയി!
പനയോല
വായിച്ച ആദ്യത്തെയാൾ ദുർഘടമായ
വഴിയിലൂടെ കിഴക്കൻമലയിലെ
സ്വർണം എടുത്തപ്പോൾത്തന്നെ
ക്ഷീണിച്ചതിനാൽ തെക്കൻമലയിലേക്ക്
പോകാൻ പറ്റിയില്ല.
സ്വർണം
നിറഞ്ഞ സഞ്ചിയുമായി
അയാൾ ദൂരദേശത്തേക്ക്
രക്ഷപ്പെട്ടു.
രണ്ടാമൻ
ഇതറിയാതെ കിഴക്കൻമലയിൽ
ചെന്നെങ്കിലും നിരാശനായി.
അയാള്‍
തെക്കൻമലയിലെത്തി വൈരക്കല്ലുകളുടെ
സഞ്ചിയുമായി
നാടുവിട്ടു.
ഇപ്രകാരം,
നിധിയുടെ
വിവരം മറച്ചുവച്ച് രണ്ടുപേരും
കേശുവിനെ ചതിച്ച്
നാടുവിടുകയായിരുന്നെന്ന്
വൃദ്ധൻ പറഞ്ഞു മനസ്സിലാക്കി.
കേശു
ദുഃഖത്തോടെ വീട്ടിലേക്ക്
മടങ്ങി.
അയാൾ
തന്റെ ആയുസ്സു മുഴുവനും മരം
വെട്ടുകാരനായി ജീവിച്ചു.
പട്ടിണിയും
കഷ്ടപ്പാടുമെല്ലാം ഒരിക്കലും
അയാളെ വിട്ടുപോയില്ല.
ഗുണപാഠം
വിദ്യ
സർവധനാൽ പ്രധാനംതന്നെ.
അറിവ്
എപ്പോഴാണ് ഒരാളുടെ സഹായത്തിന്
എത്തുകയെന്ന് ആർക്കും
പറയാനാകില്ല.
എവിടെയും
അറിവില്ലാത്തവർ കബളിപ്പിക്കപ്പെടും.
മാത്രമോ?
അറിവുള്ളവരെപ്പോലും
പറ്റിക്കാൻ അറിവുള്ള മറ്റുള്ളവര്‍
സകല വിദ്യയും ദുരുപയോഗപ്പെടുത്തുന്ന
കാലമാണിത്.
അവിടെ,
മുന്നറിവ്
ജാഗ്രത നൽകി നമ്മെ രക്ഷിച്ചേക്കാം.
4. കിളിക്കൂട്
പകലിന്റെ പ്രകാശം മങ്ങിത്തുടങ്ങി. കുറെക്കഴിഞ്ഞ് സൂര്യൻ അസ്തമിച്ചതോടെ കിളികളും മറ്റു ജന്തുക്കളും മരങ്ങളിലും കൂടുകളിലും പൊത്തുകളിലും മാളങ്ങളിലും ചേക്കേറി. കന്നുകാലികൾ തനിയെ കാലിത്തൊഴുത്തിലേക്ക് വന്നുകയറി. അന്നേരം, ഉണ്ണിക്കുട്ടൻ വീടിന്റെ വരാന്തയിലിരുന്ന് കഥപുസ്തകം വായിക്കുകയായിരുന്നു. അപ്പോഴാണ് മാവിന്റെ ചില്ലയിൽ ഞാന്നുകിടന്നിരുന്ന കൂട്ടിലേക്ക് ചെറിയ ചൂളംവിളിയോടെ ഒരു കുരുവി കൂടണഞ്ഞത്.
"ഹായ്, നാളെയാവട്ടെ. നിന്റെ കൂടു പറിച്ചെടുത്ത് ഞാൻ സ്കൂളിൽ കൊണ്ടുപോയി കൂട്ടുകാരെ കാണിക്കുന്നുണ്ട് "
ഇതുകേട്ട്, നാണിയമ്മ അകത്തേ മുറിയിൽ നിന്ന് ശകാരിച്ചു.
"എന്താ ഉണ്ണീ... നിന്റെ കഥപുസ്തകത്തില് കിളിക്കൂട് നശിപ്പിക്കാൻ പഠിപ്പിക്കുന്നുണ്ടോ? "
ഉണ്ണിക്കുട്ടൻ ഇതു കേട്ട് മുഖം വീർപ്പിച്ചു. നാണിയമ്മയോടു പിണങ്ങിയാണ് ഉറങ്ങാൻ കിടന്നത്. പതിവുപോലെ അന്നും ഒരു കഥ അവർ ഉണ്ണിയോടു പറഞ്ഞു തുടങ്ങി-
ഒരിക്കൽ,
സിൽബാരിപുരംകൊട്ടാരം
ധർമ്മപാലരാജാവ്
ഭരിച്ചു വന്നിരുന്ന സമയം.
പേരുപോലെതന്നെ
ധർമ്മം പാലിക്കാൻ കഴിവതും
അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
ഒരിക്കൽ,
പണ്ഡിത
സദസ്സ് കൂടിയപ്പോൾ ഒരു നിർദ്ദേശം
ഉണ്ടായി-
"കൊട്ടാരത്തിനു മുന്നിലെ പടർന്നു പന്തലിച്ചു നിൽക്കുന്ന വൻമരം കാരണം അകലെ പ്രധാന വീഥിയിലൂടെ പോകുന്നവർക്ക് കൊട്ടാരപ്രൗഢി കാണാൻ സാധിക്കുന്നില്ല. അതു വെട്ടിക്കളഞ്ഞ് പകരമായി രാജ്യത്തെ ഏറ്റവും വലിയ കൊടിമരം സ്ഥാപിക്കണം"
അവർ
ഈ തീരുമാനം രാജാവിനെ അറിയിച്ചപ്പോൾ
അദ്ദേഹത്തിനും സമ്മതമായി.
പണ്ട്,
ആ
മരത്തിനു ചുറ്റും
ഓടിക്കളിച്ചിരുന്നുവെന്ന്
മുത്തച്ഛൻപോലും പറഞ്ഞിരുന്നത്
രാജാവിന്റെ ഓർമയിൽ വന്നു.
വെട്ടാൻ
പോകുന്ന വൃക്ഷത്തെ ഒന്നുകൂടി
വീക്ഷിച്ച് രാജാവ് അതിന്റെ
ചുവട്ടിലെത്തി.
അപ്പോൾ,
ഒരു
കുരുവി രാജാവിനെ നോക്കി
തുടർച്ചയായി ചിലയ്ക്കാൻ
തുടങ്ങി.
അങ്ങോട്ടു
നോക്കിയപ്പോൾ അതിനടുത്തായി
കുരുവിക്കൂടും അദ്ദേഹം കണ്ടു.
"എന്തായിരിക്കും കുരുവി എന്നെ നോക്കി പറയുന്നത്? എന്തെങ്കിലും ആപൽസൂചനയായിരിക്കുമോ?"
രാജാവ് ആശങ്കയോടെ കൊട്ടാരജ്യോതിഷപണ്ഡിതനോടു ചോദിച്ചെങ്കിലും അയാൾ പറഞ്ഞു-
"അല്ലയോ, മഹാരാജൻ, മനുഷ്യർക്ക് കിളികളുടെ ഭാഷ അറിയില്ലല്ലോ. അതിനാൽ എന്നോടു ദയവായി പൊറുത്താലും"
രാജാവ്
നിരാശനായി.
ഇതിനിടയിൽ,
രാജ്യത്തെ
ഏതോ ആശ്രമത്തിലുള്ള ഒരു
യോഗിവര്യൻ കിളികളോട്
സംസാരിക്കുന്നതായി അറിവു
ലഭിച്ചു.
ഉടൻതന്നെ
യോഗിയെ കൊട്ടാരത്തിലേക്ക്
വിളിച്ചു വരുത്തി.
യോഗിവര്യൻ അടുത്ത പ്രഭാതത്തിൽ തനിയെ ആ വൃക്ഷത്തിന്റെ ചുവട്ടിൽ ചെന്നപ്പോൾത്തന്നെ കിളി വീണ്ടും ചിലയ്ക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ജ്ഞാനദൃഷ്ടിയില്‍ അതെല്ലാം ഗ്രഹിച്ച ശേഷം രാജാവിനെ കാര്യങ്ങൾ ബോധിപ്പിച്ചു -
"തിരുമനസ്സേ, ആ കിളിയുടെ കൂട്ടിലുള്ള നാലു മുട്ടകളും വിരിയാറായിരിക്കുന്നു. മരം ഇപ്പോൾ വെട്ടിയാൽ കുഞ്ഞുങ്ങളെ നഷ്ടപ്പെടുമെന്നാണ് കുരുവി പറഞ്ഞത് "
"ഓ...ഹോ...അതിനെന്താ, കുരുവിക്ക് വേറെ ദൂരെപ്പോയി കൂടു വച്ചു താമസിക്കരുതോ? എന്തായാലും മുട്ട വിരിഞ്ഞ് അവറ്റകൾ പറന്നു പോയിക്കഴിഞ്ഞ് മരം വെട്ടാൻ കൽപനയാകാം. ഇതാണോ ഇത്ര വലിയ കാര്യം?"
രാജാവ് ആശ്വസിച്ചു.
"മറ്റൊരു വ്യവസ്ഥ കൂടിയുണ്ട് തിരുമനസ്സേ... കുരുവികളുടെ പൂർവികർ പറഞ്ഞ ഒരു സംഭവം കിളി എന്നോടു പറഞ്ഞു. പണ്ട്, ഈ രാജ്യത്ത് കുരുവികൾ ഏറ്റവും കൂടുതൽ വസിച്ചിരുന്നത് ഇവിടെയായിരുന്നു. കൊട്ടാരം പണിതപ്പോൾ അനേകം വന്മരങ്ങള് മനുഷ്യർ നശിപ്പിച്ചു. അതിനാൽ, പഴയ പോലെ കൊട്ടാരത്തിന്റെ പിറകുവശത്തുള്ള സ്ഥലത്ത് നൂറ് മരങ്ങൾ രാജാവ് വളർത്തണം. കാലക്രമേണ, അതിന്മേല് അനേകം കൂടുകളും കിളികള്‍ വച്ചാല്‍ മാത്രമേ അന്നത്തെ ശാപത്തിൽനിന്ന് വിടുതൽ കിട്ടുകയുള്ളൂ. രാജാവിന് കൊട്ടാരംപോലെതന്നെയാകുന്നു അവര്‍ക്ക് കിളിക്കൂട്. അവരുടെ മുട്ടകള്‍ രാജാവിന്റെ സന്തതികളെപ്പോലെയും വലുതാണെന്ന് ആ കിളി പറഞ്ഞു! "
യാതൊരു മടിയും കൂടാതെ ആ വ്യവസ്ഥ രാജാവ് അംഗീകരിച്ചു. വരും തലമുറയിൽ പോലും തോട്ടം നശിക്കാതിരിക്കാൻ അദ്ദേഹം ഈ കൽപന തോൽച്ചുരുളിൽ എഴുതി വച്ചു.
ആശയത്തിലേക്ക്....
ഇപ്പോൾ
വികസനമെന്ന പേരിൽ മരങ്ങൾ
എവിടെയും വെട്ടി നീക്കുന്നു.
വീടുകൾ
വസിക്കാനുള്ളത് എന്ന സങ്കൽപം
മാറി കെട്ടിടം,
കൊട്ടാരം,
സൗധം,
മാളിക
എന്നൊക്കെയുള്ള രൂപകല്പനയിലൂടെ
വെറും പൊങ്ങച്ചമായി
മാറി.
വഴിയിലൂടെ
പോകുന്നവർക്ക് പ്രൗഢി നന്നായി
ആസ്വദിക്കാനായി മുറ്റത്തെയും
പറമ്പിലെയും മരങ്ങൾ
മുറിച്ചുനീക്കുന്നു.
അവിടമാകെ
തറയോട് നിരത്തി ഒരു കൂട്ടം
ജീവജാലങ്ങളുടെ വാസസ്ഥലം
നഷ്ടപ്പെടുന്നു.
ഇതിനെതിരായി
കുട്ടികളും
മുതിർന്നവരും ഒരേ പോലെ പ്രകൃതി
സ്നേഹം പ്രകടമാക്കട്ടെ.
അതൊക്കെ
ഉൽകൃഷ്ട ജീവിതത്തിനുള്ള
പിന്തുണയായി നാം അറിയാതെതന്നെ
പ്രകൃതി
രൂപാന്തരപ്പെടുത്തും!
"തനിക്കുണ്ടാവുന്ന സുഖ ദുഃഖങ്ങള്പോലെ തന്നെയാണ് മറ്റുള്ള പ്രാണികള്‍ക്കും എന്നറിയുന്നവന് അത്യന്തം ശ്രേഷ്ഠനാകുന്നു" (ഭഗവദ്ഗീത)
Labels: Malayalam eBooks, free online reading, muthassikkathakal, bedtime stories in Malayalam, naniyamma, unnikkuttan, nanny tales digital series.
No comments:
Post a comment