സാന്ത്വനം-കൗണ്‍സലിംഗ്-1

eBooks-74-santhwanam-counselling-1-thadayana
Author-Binoy Thomas, price-FREE.

ഇന്ത്യയിലെ ഒരു മലയോര ഗ്രാമം. അവിടെ ഏകദേശം രണ്ടായിരത്തോളം ആളുകൾ ഒത്തൊരുമയോടെ പാർത്തിരുന്നു. എന്നാൽ, ഇപ്പോൾ അവർ ഒരു പ്രശ്നത്തിലാണ്. പട്ടണത്തിലേക്കുള്ള കുടിവെളള പദ്ധതിക്കും അന്യദേശങ്ങളിലെ കൃഷികൾക്കുള്ള ജലസേചനത്തിനുമായി ഗ്രാമത്തിനു മുകളിലായി കുറച്ചകലെ പണികഴിച്ചിരുന്ന എരിപൊരിയണ എന്ന ജലാശയത്തിന്റെ നിർമ്മിതിക്ക് ചോർച്ച സംഭവിച്ചിരിക്കുന്നു. 999 വർഷം എന്ന സാങ്കല്പിക ആയുസ്സ് കല്പിച്ചിരിക്കുന്ന ഈ അണയാകട്ടെ, 99 വർഷം പോലും തികയുന്നതിനു മുൻപുതന്നെ ഭിത്തികളിൽ ചോർച്ച കാണിച്ചു തുടങ്ങിയിരിക്കുന്നു!

സിമന്റ് ഉപയോഗിച്ചുള്ള നിർമാണം പ്രയോഗത്തിൽ വരുന്നതിനും മുന്നേയുള്ള ഇതിന്റെ നിർമാണത്തിൽ ചുണ്ണാമ്പ്-സുർക്കിയും മറ്റുമായിരുന്നു ഉപയോഗിച്ചത്. കാലപ്പഴക്കത്താൽ അത് കുറച്ചൊക്കെ വെള്ളത്തിനൊപ്പം ഒലിച്ചുപോയിരിക്കുന്നു!

ഗ്രാമവാസികൾ ഇതിനെതിരെ സമരവും തുടങ്ങിയെങ്കിലും പുതിയ അണ നിർമിക്കാനുള്ള സാധ്യതയും വിരളമായിരുന്നു. അവിടെയുള്ള ജനങ്ങളുടെ ജീവിതത്തിന്റെ സമസ്ത മേഖലയിലും ഭീതി പടർന്നുതുടങ്ങി.

ഈ ഗ്രാമത്തിലെ പെൺകുട്ടികൾ ദൂരദേശങ്ങളിലേക്ക് കടക്കാൻ വിവാഹം ഒരു രക്ഷാമാർഗമായപ്പോൾ അവിടത്തെ ആണുങ്ങൾ മൂത്തു നരച്ചു! കാരണം, സ്വദേശത്തുള്ള വധുവിനെ കിട്ടിയില്ലെന്നു മാത്രമല്ല, മറ്റു ഗ്രാമങ്ങളിൽനിന്ന് ഇവിടേക്ക് ആരും വരില്ലെന്നുമുള്ള സത്യം അവരെ ഞെട്ടിച്ചു.

അതേസമയം, സർക്കാർ ഇവരുടെ സമരങ്ങൾ കണ്ടില്ലെന്നു നടിച്ച് പുതിയ പദ്ധതിയിൽ താൽപര്യമില്ലാതെ കുറച്ചു മുടന്തൻ ന്യായങ്ങൾ നിരത്തിപ്പരത്തി.

എന്നാൽ, വിദഗ്ധരുടെ ചർച്ചകൾക്കും സംവാദങ്ങൾക്കും സന്ദർശനങ്ങൾക്കും ആരും മുടക്കം വരുത്തിയയതുമില്ല. അങ്ങനെയും സർക്കാരിന് ലക്ഷക്കണക്കിനു രൂപ ചോർന്നൊലിച്ചു.

അങ്ങനെയിരിക്കെ, ഒരു ദിനം -താടിയും മുടിയും നീട്ടി വളർത്തിയ മെലിഞ്ഞുണങ്ങിയ ഒരാൾ ഗ്രാമത്തിലൂടെ നടന്ന് ഒരു വീടിനു മുന്നിലെത്തി യാചിച്ചു -

"ഇവിടാരുമില്ലേ? ലേശം കഞ്ഞി വെള്ളം കിട്ടിയാൽ വല്യുപകാരാർന്ന്..."

അന്നേരം, രമേശൻ എന്നു പേരുള്ള ഗൃഹനാഥൻ മറുപടി നൽകാതെ തൂങ്ങിയ മുഖവുമായി തിണ്ണയിലെ കസേരയിൽ വന്നിരുന്നു.

"എന്താ?"

"വല്ലാത്ത പരവേശം.."

നിർവികാരമായ ഒരു നോട്ടത്തിനു ശേഷം പതിയെ രമേശൻ അകത്തേക്കു പോയി ഒരു ഗ്ലാസ് പച്ചവെള്ളം എടുത്തു നീട്ടിയ ശേഷം പറഞ്ഞു:

"എന്റെ കെട്ട്യോൾക്ക് നല്ല സുഖമില്ലാത്തോണ്ട്.."

"അതു സാരല്യ.. വെള്ളായാലും മതി..ആട്ടെ.. ഭാര്യയ്ക്ക് എന്തു പിണഞ്ഞു?"

"ങാ.. അതുശരി.. തനിക്ക് ഈ നാട്ടിലെ കാര്യമൊന്നുമറിയില്ലേ? അണയുടെ കാര്യം അറിയാത്തവർ ഈ ലോകത്ത്, ആരെങ്കിലുമുണ്ടാകുമോ?"

"അണ അപകടത്തിലാണെന്ന് അറിയാം. പക്ഷേ, അസുഖമെന്താണെന്ന് പറഞ്ഞില്ല?"

"അവൾക്ക് രാത്രി ഒറക്കമില്ല. അണ പൊട്ടുമോന്ന് പേടിയാ കാര്യം. രാവിലെയാകുമ്പോ കൊറച്ച്‌ ഒറങ്ങും"

വെള്ളം കുടിച്ചുകൊണ്ട് അപരിചിതന്‍ ഒന്നു തലയാട്ടി. രമേശൻ പോക്കറ്റിൽനിന്ന് പത്തു രൂപ തപ്പിയെടുത്ത് അയാൾക്കു നേരേ നീട്ടിയെങ്കിലും വാങ്ങാൻ കൂട്ടാക്കിയില്ല.

"ഇയാള് വെള്ളം മാത്രം കുടിച്ച് പട്ടിണി കിടക്കണ്ട, അവള് എണീറ്റ് വല്ലതും ഒണ്ടാക്കണേങ്കില് ഉച്ചയാകും"

"രൂപാ വേണ്ടാ.. ഭക്ഷണം ഭിക്ഷയായി എവിടുന്നെങ്കിലും മേടിച്ചു കൊള്ളാം''

"താൻ ആളു കൊള്ളാമല്ലോ. രൂപാ കൊടുത്താലും ഭക്ഷണം കിട്ടും. ഇങ്ങനെ ആദ്യം കാണുകയാ..''

അതിനിടയിൽ അയാൾ നടയിൽ കാലു നിവർത്തിയിരുന്ന് പറഞ്ഞു:

"അതിനൊരു കാരണമുണ്ട്. ഞാൻ കഴിഞ്ഞ ജന്മത്തിൽ ആഡംബര ജീവിതം നയിച്ച ഒരു ജന്മിയായിരുന്നു. ആ കടം തീർക്കാനാണ് ആഹാരം ഭിക്ഷയായി സ്വീകരിക്കുന്നത്''

ഇതുകേട്ട് രമേശൻ പൊട്ടിച്ചിരിച്ചു.

"ഇതൊക്കെ ഏതെങ്കിലും മണ്ടന്മാരോടു പറഞ്ഞാൽ വിശ്വസിക്കും"

"ഇതു ഞാൻ പറഞ്ഞതല്ലാ. ഞങ്ങളുടെ ആശ്രമത്തിലെ സ്വാമിജി എന്റെ തലയിൽ പിടിച്ച് പറഞ്ഞതാണ് "

അങ്ങനെ ആ സംസാരം കുറച്ചു നേരംകൂടി നീണ്ടു.

രമേശന്റെ ഭാര്യയുടെ ഭയം ചിലപ്പോൾ അപകടകരമായ അവസ്ഥയിലേക്കാവുമെന്ന് പരദേശിക്ക് തോന്നിയതിനാൽ അയാൾ ഒരു ഉപാധി മുന്നോട്ടുവച്ചു:

"എന്തായാലും അണ മാറ്റാനുള്ള ശക്തിയൊന്നും നാട്ടുകാര്‍ക്കുമില്ല, നിങ്ങൾക്കുമില്ല. എങ്കിലും, ഈ കുടുംബത്തെ മാറ്റി പാർപ്പിക്കാനുള്ള ശക്തിയൊക്കെ രമേശനുണ്ട്"

"എനിക്കിത് പുതിയ അറിവൊന്നുമല്ല. എങ്കിൽപിന്നെ ഈ ബുദ്ധി നാട്ടുകാർക്കൊന്നും ഇല്ലെന്നാണോ? നിസ്സാര വിലയ്ക്ക് എല്ലാം വിറ്റുതുലയ്ക്കേണ്ടി വരും!"

"രമേശൻ നന്നായിട്ട് ഒന്നാലോചിക്ക്. സമ്പത്തൊക്കെ ഭഗവാൻ കനിഞ്ഞാൽ എപ്പോൾ വേണമെങ്കിലും കിട്ടും. പക്ഷേ, ഭാര്യയോ? മകന്റെ കല്യാണമോ? അതുകൊണ്ട്..ഞങ്ങളുടെ ആശ്രമമുള്ള ഗ്രാമത്തിൽ കുറച്ചു മണ്ണ് വാങ്ങി അവിടെ അധ്വാനിച്ചാൽ... "

കൂടുതലായി ഒന്നും പറയാതെ അയാൾ അവിടെ നിന്ന് ഇറങ്ങി നടന്നു.

അഞ്ചുവർഷങ്ങൾ അങ്ങനെ കടന്നു പോയി. ഇപ്പോൾ രമേശന്റെ ഭാര്യയ്ക്ക് ഉറക്കമുണ്ട്! അണയെ ലവലേശം പേടിയില്ല! മകന്റെ കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുമായി കുടുംബത്തിൽ സന്തോഷവും സമാധാനവുമാണ് അണപൊട്ടിയൊഴുകുന്നത്!

എന്താണു കാര്യം? എരിപൊരിയണ പുതുക്കിപ്പണിതോ? ഇല്ല..പുതിയ അണ നിർമ്മിച്ചോ? ഇല്ലേയില്ല. പിന്നെ?

അന്ന്, യാചകനായ ആശ്രമവാസി പറഞ്ഞ അകലെയുള്ള ഗ്രാമത്തിലേക്ക് രമേശനും കുടുംബവും കുടിയേറി. അവിടെ, ചെറിയൊരു വീടും പണിതു കൃഷിയിടത്തില്‍ നല്ലവണ്ണം അധ്വാനിച്ചു സുഖമായി താമസിക്കുന്നു.

പഴയ ഗ്രാമത്തിലെ ഒരു 'പുരോഗതി' കണ്ടില്ലെന്നു നടിക്കരുത്. പണ്ടത്തെ ചെറിയ ക്ലിനിക് ഇപ്പോള്‍ വികസിച്ച് ആശുപത്രിയായി നന്നായി പ്രവർത്തിക്കുന്നുണ്ട്. അതായത്, അറിഞ്ഞും അറിയാതെയും അണയെ പേടിച്ച ഗ്രാമവാസികളിൽ പുതിയ രോഗങ്ങൾ വരുകയും ഉണ്ടായിരുന്ന രോഗങ്ങൾ മൂർഛിക്കുകയും ചെയ്തിരിക്കുന്നു!

ആശയം- ചില സാഹചര്യങ്ങൾ ഒഴിവാക്കി നോക്കുക. നമ്മെ ഗ്രസിച്ചിരിക്കുന്ന വിപത്തുകൾ എന്നന്നേക്കുമായി മാറിപ്പോയെന്നിരിക്കും. ഇതിനിടയിൽ ചില നഷ്ടങ്ങളും ത്യാഗങ്ങളും സഹിക്കേണ്ടി വന്നേക്കാം. ഏതാണ് വലിയ നഷ്ടം അല്ലെങ്കിൽ ദുരവസ്ഥ എന്നൊക്കെ തീരുമാനിക്കുന്നത് നമ്മിലെ അറിവല്ല, തിരിച്ചറിവും വിവേക ബുദ്ധിയുമായിരിക്കും.

To download this safe google drive pdf ebook-file-74, click here-

https://drive.google.com/file/d/0Bx95kjma05ciZ1puSjB2cXE1cjA/view?usp=sharing&resourcekey=0-TwXgAC9gCSKrntyRs-YPWQ

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam